
ഫാ. ഡോ. തോമസ് കറുകക്കളം
മാർതോമാശ്ലീഹായുടെ ഭാരതപ്രേഷിതത്വംചരിത്രവും പാരമ്പര്യവും
ഭാരതത്തിലെ ക്രൈസ്തവർ മാർത്തോമ്മാക്രിസ്ത്യാനികൾ എന്ന പേരിലാണ് ആരംഭം
മുതൽ അറിയപ്പെട്ടിരുന്നത്. കാരണം വിശ്വാസത്തിൽ നമുക്കു ജന്മം നൽകിയത് ഈശോയുടെ പന്ത്രണ്ടു അപ്പസ്‌തോലന്മാരിൽ ഒരുവനായ തോമാശ്ലീഹയായിരുന്നു. ചുരുക്കത്തിൽ, നസ്രാണിസഭയ്ക്ക് ക്രിസ്തുമതത്തോളം തന്നെ പഴക്കമുണ്ട്. 20 നൂറ്റാണ്ടു പഴക്കമുള്ള നമ്മുടെ സഭയുടെ ശരിയായ ചരിത്രത്തെക്കുറിച്ച് സഭാമക്കൾക്കുതന്നെ അറിവില്ലാത്തതാണ് ഈ കാലഘട്ടത്തിലെ സഭയുടെ ഏറ്റവും വലിയ പ്രതിസന്ധി. മാർതോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ ജൂബിലി ആഘോഷിക്കുന്ന ഈ അവസരത്തിൽ നമ്മുടെ സഭയെക്കുറിച്ചും അവളുടെ ചരിത്രത്തെക്കുറിച്ചും കൂടുതൽ അറിയാനും അങ്ങനെ സഭയെ അമ്മയായി സ്‌നേഹിക്കാനും ഈ പഠന പരമ്പര നമ്മെ സഹായിക്കും എന്ന് പ്രത്യാശിക്കാം.
തോമാശ്ലീഹാ കേരളത്തിൽ വന്നോ?
ഈ ചോദ്യം നാം ചോദിക്കുമ്പോൾ ആദ്യം മനസിലാക്കേണ്ട യാഥാർഥ്യം നൂറ്റാണ്ടുകൾക്കുമുമ്പേ, പ്രത്യേകിച്ചു ശാസ്ത്രസാങ്കേതികവിദ്യ ഒട്ടും വളർന്നിട്ടില്ലാത്ത ഒരു കാലത്ത് സംഭവിച്ചുകഴിഞ്ഞ ഒരു ചരിത്രസംഭവം അതേ രീതിയിൽ പുനരവതരിപ്പിക്കാനോ അതേ തീവ്രതയിൽ അനുഭവവേദ്യമാക്കാനോ, അതിനോട്
ബന്ധംപുലർത്താനോ ഇന്ന് സാധ്യമല്ല. ഇവിടെയാണ് ചരിത്രവും ശാസ്ത്രവും തമ്മിലുള്ള വ്യത്യാസം. ശാസ്ത്രത്തിന്റെ കണ്ടെത്തലുകൾ വീണ്ടും പിൽക്കാലത്ത് അതേ പോലെ ആവർത്തിച്ചു അനുഭവവേദ്യമാക്കാവുന്ന ഒന്നാണ്. സാങ്കേതികമായി പറഞ്ഞാൽ, ഒന്നാംനൂറ്റാണ്ടിൽ സംഭവിച്ച ഒരുചരിത്രസംഭവത്തെയും
– തോമാശ്ലീഹായുടെ വരവുമാത്രമല്ല – സംശയാതീതമായി തെളിയിക്കാൻ നമുക്കാവില്ല. അപ്പോൾ എങ്ങനെ ഒന്നാംനൂറ്റാണ്ടിൽ നടന്ന ഒരു സംഭവത്തെ നമുക്കു മനസിലാക്കാൻ സാധിക്കും എന്ന ചോദ്യം ഇവിടെ പ്രസക്തമാണ്.
ഒന്നാംനൂറ്റാണ്ടിൽ നടന്ന ആ ചരിത്രസംഭവത്തോട് ഏറ്റവും അടുത്തുള്ള വിവിധ രേഖകൾ, ഇന്നും അവശേഷിക്കുന്ന സാഹചര്യ തെളിവുകൾ, ഭൂഗർഭഗവേഷണങ്ങളിൽനിന്നും ലഭിച്ച തെളിവുകൾ, അവശിഷ്ടങ്ങൾ എന്നിവയുടെ
സഹായത്താൽ ഒന്നാം നൂറ്റാണ്ടിൽ നടന്ന ചരിത്രസത്യത്തെ നമുക്ക് ഇന്ന് മനസിലാക്കാൻ സാധിക്കും. ഈ പൊതുതത്വം മനസിൽവച്ചു കൊണ്ടുവേണം നാം ഒന്നാംനൂറ്റാണ്ടിൽ നടന്ന ഒരു ചരിത്രസംഭവത്തെക്കുറിച്ചു ചർച്ചചെയ്യുവാൻ
തോമാശ്ലീഹായുടെ ഭാരതാഗമനത്തെ നിഷേധിക്കുന്ന ചരിത്രകാരന്മാരുടെ വാദമുഖങ്ങൾ പ്രധാനമായും നാലെണ്ണമാണ്.
* ഒന്നാം നൂറ്റാണ്ടിന്റെ ആരംഭത്തിൽത്തന്നെ പാലസ്തീനായിൽനിന്ന് തോമാശ്ലീഹാ കേരളത്തിലെത്തി ഇവിടെ സുവിശേഷം പ്രസംഗിച്ചു എന്നുപറയുന്നത് ചരിത്ര വസ്തുതയായി അംഗീകരിക്കാൻ പ്രയാസമാണ്. കാരണം കേരളതീരത്ത് എ.ഡി. ഒന്നാം
നൂറ്റാണ്ടിൽ മനുഷ്യവാസംതന്നെ ഇല്ലായിരുന്നു.
* തോമാശ്ലീഹായുടെ ഭാരത പ്രേഷിതത്വത്തിന് 15-ാം നൂറ്റാണ്ടിനു മുമ്പുള്ള ചരിത്രപരമായ തെളിവുകളില്ല.
* മലബാർ തീരത്ത് ഒന്നാം നൂറ്റാണ്ടിൽ നമ്പൂതിരിമാർ (ബ്രാഹ്മണർ) ഉണ്ടായിരുന്നില്ല. ബ്രാഹ്മണ കുടിയേറ്റം ക്രിസ്തുവർഷം ഏഴാം നൂറ്റാണ്ടോടുകൂടിയാണ് കേരളത്തിൽ സംഭവിക്കുന്നത് (തോമാചരിത്രം പോർട്ടുഗീസുകാരുടെ സൃഷ്ടിയാണ് എന്ന വാദം)
* തോമാശ്ലീഹായുടെ പേരുമായി ബന്ധപ്പെട്ട് പറയപ്പെടുന്ന ഗുണ്ടഫർ രാജാവ് അഫ്ഗാൻ പ്രദേശത്തെ രാജാവായിരുന്നു.
മുകളിൽ പറഞ്ഞ വാദഗതികൾ ചരിത്രപരമായി നിലനിൽക്കുന്നതാണോ?
ഇതിന് ഉപോൽബലകമായ ചില ചരിത്രരേഖകൾ വിലയിരുത്താം.
ഒന്നാം നൂറ്റാണ്ടിനു മുമ്പുതന്നെ ഇന്ത്യയിലേക്ക് പാലസ്തീനായിൽനിന്ന് കപ്പൽ
മാർഗ്ഗം സ്ഥിരയാത്രാസംവിധാനം ഉണ്ടായിരുന്നു. പ്രതിവർഷം ശരാശരി 120 കപ്പലു
കൾ ഈ മാർഗ്ഗത്തിലൂടെ ഇന്ത്യൻ തീരത്തേക്ക് പുറപ്പെട്ടിരുന്നതായി കേംബ്രിഡ്ജ്
ഗവേഷകർ റോമൻ ചരിത്രകാരനായ പ്ലീനിയുടെയും (61-113) ഗ്രീക്ക് ചരിത്രകാരനായ സ്ട്രാബോയുടെയും (BC 63 – AD 24) രചനകളെ ആധാരമാക്കി സമർത്ഥിക്കുന്നുണ്ട്
(J. O. Thomson, History of Asian Geography, p. 174 എ. ശ്രീധരമേനോൻ, കേരളചരിത്രം.
57-62)
കൊടുങ്ങല്ലൂർ എന്നറിയപ്പെടുന്ന മുസീരിസിലേക്ക് മധ്യപൂർവദേശത്തുനിന്നും കപ്പലു
കൾ വന്നിരുന്നതായി ഇന്ന് ഗവേഷകർ സമർത്ഥിക്കുന്നുണ്ട്. ചരിത്രകാരനായ ടോളമി
യുടെ (ജനനം 100-170) ചരിത്ര ഗ്രന്ഥങ്ങളിലും റോമൻ കപ്പലുകൾ ക്രിസ്തുവർഷം ഒന്നാം നൂറ്റാണ്ടിൽ മുസീരിസിലേക്ക് വന്നതായി സാക്ഷ്യപ്പെടുത്തുന്നുണ്ട്.
ഒന്നാം നൂറ്റാണ്ടിൽ എഴുതപ്പെട്ടു എന്ന് കരുതുന്ന പെരിപ്ലസ് മാരിസ് എറിത്രൈ (The Perripius Maris Erythrei) എന്ന ആദ്യകാല ഗ്രീക്ക് കപ്പൽ യാത്രാ മാനുവൽ ഇന്ത്യയിലേക്കുള്ള കപ്പൽയാത്രയെക്കുറിച്ച് വിവരിക്കുകയും മുസീരിസ് (കൊടുങ്ങല്ലൂർ) തുറമുഖത്തിന്റെ വ്യാവസായിക പ്രാധാന്യം സമർത്ഥിക്കുകയും ചെയ്യുന്നു.
BC അവസാന വർഷങ്ങളിൽ ഇഞ്ചി, മഞ്ഞൾ, കുരുമുളക് എന്നിവയുടെ വാണിജ്യത്തിനായി ഗ്രീക്കുകാരും റോമാക്കാരും കേരളത്തിൽ ധാരാളമായി എത്തിയിരുന്നു.
AD. 4090 കാലഘട്ടത്തിൽ ജീവിച്ചിരുന്ന ഗ്രീക്ക് ഭിഷഗ്വരനായ ദിയോസ്‌കോർഡീസ്
തന്റെ ‘മെറ്റീരിയ മെഡിക്ക’ എന്ന ഗ്രന്ഥത്തിൽ കേരളത്തിൽ മാത്രം സുലഭമായിരുന്ന ഏലം, കറുവപ്പട്ട, ഇഞ്ചി, മഞ്ഞൾ ഇവയെക്കുറിച്ച് പ്രതിപാദിക്കുന്നു. ഇത് കേരളവുമായി ഗ്രീസിനുണ്ടായിരുന്ന വാണിജ്യബന്ധം സൂചിപ്പിക്കുന്നു.
മുസീരിസിന്റെ (കൊടുങ്ങല്ലൂർ) ഈ വാണിജ്യ പ്രാധാന്യമാണ് യഹൂദന്മാരേയും
ആര്യന്മാരെയും കേരളത്തിലേക്ക് ആകർഷിച്ചത്. സംഘകാലകൃതികളിലെ മുചീരിയും വാത്മീകി രാമായണത്തിലെ മുരചീപത്തനവും കാളിദാസകാവ്യമായ രഘുവംശത്തിലെ മുരചീമാരുതവും മുസീരിസ് തന്നെയാണെന്ന് കരുതപ്പെടുന്നു. (എ.
ശ്രീധരമേനോൻ, കേരളചരിത്രം, P. 58)
ഇന്ത്യാ ഗവൺമെന്റ് മുസിരിസ് പൈതൃക ഗവേഷണ പദ്ധതിയുടെ അവിഭാജ്യ ഘടക
മാണ് ജൂത കുടിയേറ്റങ്ങളെക്കുറിച്ചുള്ള പഠനം. ഇസ്രായേലുമായുള്ള ആദ്യകാല വാണിജ്യ ബന്ധത്തിന്റെ നേരിട്ടുള്ള ഫലമായി ഏകദേശം എ.ഡി. 687 മുതൽ 10,000 യഹൂദന്മാർ മതപീഡനത്തിൽ നിന്ന് രക്ഷപ്പെടാൻ കേരളതീരത്തേയ്ക്കു ജൂത കുടിയേറ്റം നടന്നു എന്ന് കരുതപ്പെടുന്നു.
ഇന്ത്യാ ഗവൺമെന്റ് അടുത്തകാലത്തു നടത്തിയ ‘പട്ടണം’ എന്ന പ്രദേശത്ത് നടത്തിയ
ഗവേഷണങ്ങളിൽ കൊടുങ്ങല്ലൂരിൽനിന്നും കണ്ടെത്തിയ റോമൻ നാണയങ്ങൾ ഈ
ചരിത്ര വസ്തുത ശരിവയ്ക്കുന്നതാണ്. കൊടുങ്ങല്ലൂരും പരിസരങ്ങളിലും നടത്തുന്ന ഭൂഗർഭ ഗവേഷണങ്ങൾ തോമാശ്ശീഹയുടെ ഭാരതാഗമനത്തിന് കൂടുതൽ ശക്തമായ തെളിവുകൾ നൽകുന്നു.
കേരളത്തിലെ യഹൂദർ പരമ്പരാഗതമായി സൂക്ഷിച്ചുപോരുന്ന രേഖകളനുസരിച്ച്
എ.ഡി. 68 ൽ കേരളത്തിലെത്തിയ യഹൂദർ ഇവിടെ ക്രിസ്ത്യാനികളെ കണ്ടതായുള്ള
സാക്ഷ്യം ശ്രീധരമേനോൻ കേരളചരിത്രത്തിൽ നൽകുന്നുണ്ട് (p. 134). അതിനാൽ എ.ഡി ഒന്നാം നൂറ്റാണ്ടിൽ കേരളതീരത്ത് മനുഷ്യവാസമില്ലായിരുന്നെന്നോ ഉണ്ടായിരുന്നവർ ഭാഷ വശമില്ലാത്ത കാട്ടുജാതികളായിരുന്നെന്നോ വാദിച്ച് തോമാശ്ലീഹായുടെ കേരളപ്രേഷിതത്വം നിഷേധിക്കാൻ സാധിക്കില്ല.
ഒന്നാംനൂറ്റാണ്ടിൽ തമിഴകം എന്ന പൊതുപ്പേരിൽ അറിയപ്പെട്ടിരുന്ന തെക്കേ ഇന്ത്യ
ചേരം, ചോളം, പാണ്ഡ്യം എന്നീ മൂന്നു രാജ്യങ്ങൾ ചേർന്നതായിരുന്നു. ഇതിൽ കേരളം
ചേര രാജ്യത്തിന്റെ ഭാഗമായിരുന്നു എന്ന് ചരിത്രകാരനായ പത്ഭനാഭമേനോൻ പറയുന്നു. ഒന്നാം നൂറ്റാണ്ടിലെ ഇന്ത്യയിൽ ‘ആര്യാവർത്തം എന്നറിയപ്പെടുന്ന ഉത്തരേ
ന്ത്യയും, ചേരനാട് എന്നറിയപ്പെടുന്ന കേരളവും, ദക്ഷിണപഥം എന്നറിയപ്പെടുന്ന ഡെക്കാനും’ ഉൾപ്പെട്ടിരുന്നു. ആര്യാവർത്തനത്തിൽ തക്ഷശിലയും ഡക്കാനിൽ ബറൂച്ചും ചേരനാട്ടിൽ മുസീരിസും (കൊടുങ്ങല്ലൂർ) ആയിരുന്നു വാണിജ്യകേന്ദ്രങ്ങൾ. (കെ. പി. പത്ഭനാഭമേനോന്റെ കേരളചരിത്രം, വാല്യം
1, p.100) പറയുന്നു.
സംഘകാല സാഹിത്യം ദക്ഷിണേന്ത്യയിലെ ഏറ്റവും പുരാതനമായ സാഹിത്യമാണ്.
ചരിത്രപരമായ സംഘസാഹിത്യ കാലഘട്ടം ഏകദേശം 300 BC മുതൽ 300 AD വരെ എന്ന് പണ്ഡിതന്മാർ കരുതുന്നു. സംഘകാല രചനകളായ എട്ടുതൊകൈ, പുറനാനൂർ, അകനാനൂർ എന്നീ കൃതികൾ ഈ കാലഘട്ടത്തിലെ കേരള സാമൂഹികതയുടെ ഏകദേശ ചിത്രം വരച്ചുകാട്ടുന്നു. ഈ കൃതികളിൽ നിന്നും കേരളത്തിന്റെ വാണിജ്യബന്ധത്തെയും, ഇവിടെ ഉണ്ടായിരുന്ന ക്രൈസ്തവരെയുംകുറിച്ചുള്ള ധാരാളം സൂചനകൾ ലഭ്യമാണ്.
ബി.സി. ഇരുപതാം നൂറ്റാണ്ടോടെ ഇന്ത്യയിലെത്തിയ ആര്യന്മാർ സിന്ധുനദീതടത്തിലാണ് പ്രധാനമായും അധിവസിച്ചിരുന്നത്. ബി.സി. അഞ്ചാം നൂറ്റാണ്ടു മുതൽ തമിഴകത്ത് (കേരളമുൾപ്പടെ) ആര്യന്മാരുടെ (ബ്രാഹ്മണരുടെ) സ്വാധീനമുണ്ടായിരുന്നു.
ബി.സി. ആറാം നൂറ്റാണ്ടു മുതലെങ്കിലും യഹൂദകച്ചവടക്കാർ ദക്ഷിണേന്ത്യയിലെത്തിയിരുന്നതായി കരുതപ്പെടുന്നു. യഹൂദർ ഒന്നാം നൂറ്റാണ്ടിൽ തന്നെ കേരളത്തിൽ ഉണ്ടായിരുന്നതായി കരുതപ്പെടുന്നു. എ ഡി 70 -ൽ ജെറുസലേം ദേവാലയം തകർക്കപ്പെട്ടതിനെ തുടർന്ന് അവർ വൻതോതിൽ കേരളത്തിൽ എത്തിയതായും എ ഡി 68 ൽ പതിനായിരം ജൂതന്മാരും സ്ത്രീകളും മലബാറിൽ വന്നതായും കൊടുങ്ങല്ലൂർ, പാള്ളൂർ, മഹതം, പത്തുതു എന്നീ സ്ഥലങ്ങളിൽ അധിവസിച്ചതായും രേഖകൾ ഉണ്ട് (കേരളചരിത്രം, കേരള ഹിസ്റ്ററി അസോസിയേഷൻ, vol. 1, 1973 p 862)
യഹൂദമതം കേരളത്തിൽ
യഹൂദരുടെ രാജാവായ സോളമന്റെ കപ്പലുകൾ വാണിജ്യകാര്യങ്ങൾക്കായി കേരള
ത്തിൽ വന്നിട്ടുള്ളതുകൊണ്ട് ആഇ 1000ാം ആണ്ടിനുമുമ്പേ കേരളത്തെക്കുറിച്ച് യഹൂദർക്ക് അറിയാമെന്ന് എ. ശ്രീധരമേനോൻ തറപ്പിച്ചു പറയുന്നു. അതിനാൽ യഹൂദർ മതപീഡനകാലത്ത് കേരളത്തിലേക്ക് കുടിയേറി എന്നുപറയുന്നതിൽ അത്ഭുതപ്പെടാനില്ല. ആയതിനാൽ അവർ ഒന്നാം നൂറ്റാണ്ടിനു മുമ്പുതന്നെ കേരളത്തിൽ താവളം ഉറപ്പിച്ചിരിക്കണം. കൊടുങ്ങല്ലൂർ, പാലയൂർ, മാള, പുല്ലൂറ്റ് എന്നിവിടങ്ങളിൽ മാത്രമല്ല. കൊല്ലം, മാടായി, പന്തലായിനിക്കൊല്ലം, ചാവക്കാട് തുടങ്ങിയ പ്രദേശങ്ങളിലും യഹൂദർ വസിച്ചിരുന്നതായി സഞ്ചാരികളുടെ വിവരണങ്ങളിൽ നിന്നും പ്രാദേശിക കഥകളിൽനിന്നും മനസിലാക്കാം. (എ. ശ്രീധര
മേനോൻ, കേരളചരിത്രം. 9293) ഈ പ്രദേശങ്ങളിൽ മിക്കവയും പിൽക്കാലത്ത് ക്രിസ്ത്യൻ പ്രദേശങ്ങൾ ആയിത്തീർന്നു എന്നത് എടുത്തു പറയേണ്ട ഒന്നാണ്.
എ.ഡി. ഒന്നാം നൂറ്റാണ്ടിൽ യഹൂദരും ബ്രാഹ്മണരും തദ്ദേശീയരുമായി ഇടകലർന്ന് ജീവിച്ചിരുന്ന സാമൂഹിക ക്രമമാണ് കേരളത്തിൽ നിലനിന്നിരുന്നത്. (അച്ചുതമേനോൻ കൊച്ചിൻ സ്റ്റേറ്റ് മാനുവൽ) അതിനാൽ എ.ഡി. 52 ലെ തോമാശ്ലീഹായുടെ കേരളാഗമനം ചരിത്രവസ്തുതകളുമായി തികച്ചും ഒത്തുപോകുന്നതാണ് എന്ന് ഈ കൃതികൾ സാക്ഷ്യപ്പെടുത്തുന്നു.
തോമാശ്ലീഹായുടെ ഭാരത പ്രേഷിതത്വം പോർച്ചുഗീസുകാരുടെ കണ്ടുപിടുത്തമാണോ?
ഇതിനാധാരമായി ഈ വാദത്തെ പിന്താങ്ങുന്നവർ പറയുന്നത് തോമാശ്ലീഹാ പോർച്ചു
ഗൽ രാജ്യത്തിന്റെ മധ്യസ്ഥനായിരുന്നു എന്നതാണ്. എന്നാൽ ചരിത്രവസ്തുത പോർച്ചു
ഗലിന്റെ മധ്യസ്ഥ ആരംഭം മുതലേ പരിശുദ്ധമറിയമായിരുന്നു എന്നതാണ്. ആദ്യ നൂറ്റാണ്ടുകളിലെ സഭാപിതാക്കന്മാരുടെയും വെനീഷ്യൻ സഞ്ചാരിയായ മാർക്കോപോളൊയുടെയും (1254-1324) സാക്ഷ്യങ്ങളിൽ നിന്ന് തോമാശ്ലീഹാ ഭാരതത്തിൽ വന്നു എന്ന സത്യം നിഷേധിക്കാനാവില്ല. തമിഴ്‌നാടിന്റെ കിഴക്കേ തീരത്ത് ക്രിസ്തുശിഷ്യനായ തോമാശ്ലീഹായുടെ കബറിടം കണ്ടതായും ശ്ലീഹാ മരിച്ചുവീണ സ്ഥലത്തെ ചുവന്ന മണ്ണ് വിശ്വാസികൾ രോഗശാന്തിക്കായി ഉപയോഗിച്ചിരുന്നതായും മാർക്കോപോളോ സാക്ഷ്യപ്പെടുത്തുന്നുണ്ട് (Travells of Marcopolo, p. 284).
വാസ്‌കോഡിഗാമ കേരളത്തിലെത്തിയപ്പോൾ ജൂലൈ മൂന്ന് തോമാശ്ലീഹായുടെ ദുക്
റാന തിരുനാളായി തദ്ദേശീയ ക്രൈസ്തവർ ആഘോഷിച്ചിരുന്നതായി മനസ്സിലാക്കി എന്നതിന് ചരിത്ര സാക്ഷ്യങ്ങളുണ്ട് (Bernard Thoma: Brief Sketch of St. Thomas Christians, p. 138). തോമാശ്ലീഹായുടെ ഭാരത പ്രേഷിതത്വത്തിന് പതിനഞ്ചാം നൂറ്റാണ്ടിനു മുൻപുള്ള തെളിവുകൾ.
ക്രിസ്തുവർഷം 200-ൽ രചിക്കപ്പെട്ട ‘ശ്ലീഹന്മാരുടെ പ്രബോധനം’ എന്ന ഗ്രന്ഥത്തിൽ തോമാശ്ലീഹായുടെ ഇന്ത്യയിലെ പ്രേഷിത പ്രവർത്തനം പരാമർശിക്കുന്നുണ്ട്.
എദേസായിലെ മാർ അപ്രേമിന്റെ (എ.ഡി. 306-378) രചനകളിൽ തോമാശ്ലീഹായുടെ ഇന്ത്യയിലെ പ്രേഷിത പ്രവർത്തനവും രക്തസാക്ഷിത്വവും വിവരിക്കുന്നതോടൊപ്പം ശ്ലീഹായുടെ തിരുശേഷിപ്പുകളെക്കുറിച്ചും പറയുന്നുണ്ട് (Sancti Eporaem Syri Hymni, IV. col. 693-708).
വി. ഗ്രിഗറി നസിയാൻസന്റെ (324-390) ആര്യന്മാർക്കെതിരെയുള്ള പ്രഭാഷണ ഗ്രന്ഥത്തിലും (23:11) ശ്ലീഹായുടെ ഭാരതാഗമനം പരാമർശിക്കുന്നു.
ഒരു അജ്ഞാത ഗ്രന്ഥകാരന്റെ De Moribus Brahmanorum എന്ന ഗ്രീക്ക് ഗ്രന്ഥം ലത്തീ
നിലേക്ക് വിവർത്തനം ചെയ്ത വി. അംബ്രോസ് (ഏ.ഡി 333-397) പ്രസ്തുത ഗ്രന്ഥ
ത്തിന്റെ അടിസ്ഥാനത്തിൽ വി. തോമാശ്ലീഹാ തെക്കെ ഇന്ത്യയിലെ മുസ്സീരീസ് തുറമുഖത്ത് വന്ന് സുവിശേഷമറിയിച്ചതായി വ്യക്തമാക്കുന്നുണ്ട് (ലത്തീൻ സഭാപിതാക്കന്മാർ 17. 1169).
വിഖ്യാത പണ്ഡിതനായ വിശുദ്ധ ജറോമിന്റെ രചനകളിൽ ആദ്യം ഉത്തരേന്ത്യയിലും പിന്നീട് ദക്ഷിണേന്ത്യയിലും തോമാശ്ലീഹാ നടത്തുന്ന പ്രേഷിത പ്രവൃത്തികൾ വിവരി
ക്കുന്നുണ്ട് (Epist. 125, ലത്തീൻ സഭാപിതാക്കന്മാർ 22, 1073-1074).
സഭാചരിത്രകാരനായ യൗസേബിയൂസിന്റെ രചനകളിൽ രണ്ടാംനൂറ്റാണ്ടിന്റെ മധ്യത്തോടെ ഭാരതത്തിൽ പര്യടനം നടത്തിയ പന്തേനൂസിന്റെ (ഏകദേശം 180-ൽ അലക്സാണ്ട്രിയയിലെ മതബോധന പാഠശാലയുടെ തലവനായിരുന്നു പന്തേനുസ്, അദ്ദേഹത്തിന്റെ മരണം ഏകദേശം 200 എന്നു കരുതുന്നു.) നിരീക്ഷണങ്ങൾ ഉൾപ്പെടുത്തുന്നു (എവുസേബിയൂസ്, സഭാചരിത്രം, V, x . 2-3). എ.ഡി. 325 ൽ നടന്ന നിഖ്യാ സൂനഹദോസിൽ ഇന്ത്യയിൽ നിന്നുള്ള ഒരു യോഹന്നാൻ മെത്രാൻ പങ്കെടുത്തതായുള്ള സാക്ഷ്യവും ഇതിനോട് ചേർത്തുവായിക്കേണ്ടതാണ്.
ഭൗമശാസ്ത്രജ്ഞനായിരുന്ന സെവിലിയിലെ ഇസിഡോര് എ.ഡി. 638-ൽ രചിച്ച ഗ്രന്ഥത്തിൽ (De Ortu et Obitu Patrum) തോമാശ്ലീഹാ പാർത്തിയായിലും പേർഷ്യയിലുംതുടർന്ന് ഇന്ത്യയിലും സുവിശേഷം പ്രസംഗിച്ചതായും ഇന്ത്യയിലെ കലാമിനാ (മദ്രാസ്) നഗരത്തിൽവെച്ച് കുന്തത്താൽ കുത്തിക്കൊല്ലപ്പെട്ടതായും രേഖപ്പെടുത്തുന്നുണ്ട് (ലത്തീൻ സഭാപിതാക്കന്മാർ 83,152). ഈ അദ്ധ്യായത്തെ ആസ്പദമാക്കിയുള്ള ചോദ്യങ്ങൾ ഇതിന്റെ ബാക്കി ഭാഗങ്ങൾകൂടി പ്രസിദ്ധീകരിച്ചശേഷം അടുത്തലക്കത്തിൽ നൽകുന്നതായിരിക്കും.