ഭാരതസഭയുടെ ശ്ലൈഹികപാരമ്പര്യം 1

കഴിഞ്ഞ കാലത്തെക്കുറിച്ചുള്ള ഓര്‍മയാണ് ചരിത്രം. ഓര്‍മ നഷ്ടപ്പെടുന്നവര്‍ക്ക് തങ്ങളുടെ പ്രിയപ്പെട്ടവരെ തിരിച്ചറിയാന്‍ കഴിയാതെ വരും. ഭാരതത്തിലെ മാര്‍ത്തോമ്മാ നസ്രാണി സമൂഹത്തെ സംബന്ധിച്ചിടത്തോളം അതിന്റെ ചരിത്രം ആരംഭിക്കുന്നത് ഒന്നാം നൂറ്റാണ്ടിലുള്ള മാര്‍ത്തോമ്മാ ശ്ലീഹായുടെ ഭാരതത്തിലേയ്ക്കുള്ള ആഗമനത്തോടെയാണ്. ഭാരത ക്രൈസ്തവസഭയുടെ അപ്പസ്‌തോലനായ മാര്‍ത്തോമ്മാ ശ്ലീഹായുടെ ഭാരത പ്രവേശനത്തെയും പ്രേഷിത പ്രവര്‍ത്തനത്തെയും ചോദ്യം ചെയ്യുകയും സംശയിക്കുകയും ചെയ്യുന്ന പ്രവണത എക്കാലത്തുമുണ്ടായിട്ടുണ്ട്. എന്നാല്‍ ഒരു ക്രിസ്തു ശിഷ്യന്റെ പേരില്‍ അറിയപ്പെടുന്ന ഒരേ ഒരു സഭയേ ചരിത്രത്തില്‍ ഉണ്ടായിട്ടുള്ളു, അത് മാര്‍ത്തോമ്മാ നസ്രാണിസഭയാണ്.

ഭാരത കത്തോലിക്കാസഭയുടെ ശ്ലൈഹിക ഉദ്ഭവം

തീക്ഷ്ണമായ വിശ്വാസംകൊണ്ടുനിറഞ്ഞ് ‘എന്റെ കര്‍ത്താവും എന്റെ ദൈവവും’ (യോഹ 20: 28) എന്ന് ഉദ്‌ഘോഷിച്ച തോമ്മാശ്ലീഹാ എ. ഡി 52-ല്‍ മുസിരിസ് (കൊടുങ്ങല്ലൂര്‍) തുറമുഖത്ത് കപ്പലിറങ്ങി. ഏഴു ക്രൈസ്തവ സമൂഹങ്ങള്‍ സ്ഥാപിച്ചുവെന്നാണ് മാര്‍ത്തോമ്മാ നസാണികളുടെ ശക്തമായ പാരമ്പര്യം. ക്രൈസ്തവരും അക്രൈസ്തവരുമായ ചരിത്രപണ്ഡിതന്മാര്‍ മാര്‍ത്തോമ്മാ ശ്ലീഹാ തന്നെയാണ് ഭാരതസഭയുടെ സ്ഥാപകന്‍ എന്ന് വ്യക്തമായ നിഗമനത്തിലെത്തിയിട്ടുണ്ട്.

ഇന്ത്യാചരിത്രത്തില്‍ പ്രത്യേകവിധം ഗവേഷണം നടത്തിയ ഡോ. മിന്‍ഗാന പറയുന്നു: തോമ്മാശ്ലീഹ ഇന്ത്യയില്‍ സുവിശേഷം പ്രസംഗിച്ചു എന്നത് പൗരസ്ത്യ സഭയുടെ നിരന്തരമായ പാരമ്പര്യമാണ്. വിശുദ്ധ തോമ്മായെ പരാമര്‍ശിക്കുന്ന ചരിത്രകാരനോ, കവിയോ, മറ്റേതെങ്കിലും ഗ്രന്ഥകര്‍ത്താവോ, യാമപ്രാര്‍ഥനകളോ, ആരാധനക്രമമോ ഇന്ത്യയുമായി വിശുദ്ധന്റെ പേര് ബന്ധപ്പെടുത്തുവാന്‍ മറന്നിട്ടില്ല. അദ്ദേഹം സുവിശേഷം പ്രസംഗിച്ച രാജ്യങ്ങളുടെ കൂടെ പാര്‍ത്യയും പേര്‍ഷ്യയും ചില ഗ്രന്ഥകാരന്മാര്‍ പരാമര്‍ശിക്കാറുണ്ട്. എന്നാല്‍ ഇന്ത്യയുടെ കാര്യത്തില്‍ അവരെല്ലാം ഏകാഭിപ്രായക്കാരാണ്.

തോമ്മാശ്ലീഹായുടെ ഭാരതപ്രവേശന സാധ്യത

ക്രിസ്ത്വബ്ദം ഒന്നാം നൂറ്റാണ്ടില്‍ ഗ്രീക്ക്-റോമന്‍ ജനതയ്ക്ക് എത്താന്‍ പറ്റാത്ത ഒരു പ്രദേശമായിരുന്നു ഇന്ത്യയെങ്കില്‍ തോമ്മാശ്ലീഹായുടെ ഭാരതത്തിലെ പ്രേഷിതപ്രവര്‍ത്തനം യാഥാര്‍ഥ്യമല്ലെന്നു വരുമായിരുന്നു. എന്നാല്‍ സത്യം അതല്ല. മിശിഹായുടെ ജനനത്തിനും വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ പ്രാചീന റോമന്‍ ജനതയും ദക്ഷിണേന്ത്യയുമായി സമുദ്രമാര്‍ഗമുള്ള സുദൃഢമായ കച്ചവട ബന്ധം നിലവിലിരുന്നു എന്ന തിനു ചരിത്രപരമായ തെളിവുകള്‍ ധാരാളമാണ്. മലബാറിലെ മുസിരിസ് ലോകത്തെ പ്രധാനപ്പെട്ട തുറമുഖങ്ങളിലൊന്നും കച്ചവടകേന്ദ്രവുമായിരുന്നു. ദക്ഷിണേന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍നിന്ന് ഖനനത്തിലൂടെ ലഭ്യമായ റോമന്‍ സ്വര്‍ണനാണയങ്ങള്‍ ഈ കച്ചവട ബന്ധത്തിന്റെ ശക്തമായ തെളിവാണ്. ചുരുക്കത്തില്‍ ക്രിസ്തുവര്‍ഷം ആദ്യ നൂറ്റാണ്ടിന്റെ മധ്യകാലത്ത് തോമ്മാ ശ്ലീഹായ്ക്കു ഭാരതത്തിലെത്തുക ദുഷ്‌കരമായിരുന്നില്ല എന്നതു വ്യക്തമാണ്.

ഈജിപ്തിന്റെ തലസ്ഥാനവും മെഡിറ്ററേനിയന്‍ തീരത്തുള്ള തുറമുഖപട്ടണവുമായ അലക്‌സാണ്‍ഡ്രിയായില്‍നിന്ന് മുസിരിസിലെത്തുന്നതിനുള്ള വഴി മധ്യപൗരസ്ത്യ രാജ്യങ്ങളിലും മെഡിറ്ററേനിയന്‍ തീരത്തുള്ള ഇതര രാജ്യങ്ങളിലുള്ളവര്‍ക്കും സുപരിചിതമായിരുന്നു എന്ന് വിവിധ തലങ്ങളിലുള്ള ഗവേഷണപഠനങ്ങള്‍ സംശയലേശമെന്യേ തെളിയിക്കുന്നു.

സഭാപിതാക്കന്മാരുടെ സാക്ഷ്യം

പാശ്ചാത്യപൗരസ്ത്യ സഭാപിതാക്കന്മാരായ ഒരിജന്‍ (186255), മാര്‍ അപ്രേം (306373), വിശുദ്ധ ഗ്രിഗറി നസിയാന്‍ സൈന്‍ (329390), സിറിലോണിയ (396), മിലാനിലെ വിശുദ്ധ അംബ്രോസ് (333397), വിശുദ്ധ ജോണ്‍ ക്രിസോസ്‌തോം (347407), വിശുദ്ധ ജറോം (342420), നോളയിലെ വിശുദ്ധ പൗളിനോസ് (353431), സാരഗിലെ ജേക്കബ് (457521), വിശുദ്ധ ബീഡ് (673735), ടൂര്‍സിലെ വിശുദ്ധ ഗ്രിഗറി (538-593), മഹാനായ ഗ്രിഗറി പാപ്പ (590-604), സെവില്ലിലെ വിശുദ്ധ ഇസിദോര്‍ (560 636) എന്നിവര്‍ നേരിട്ടോ അല്ലാതെയോ മാര്‍ത്തോമ്മാശ്ലീഹായുടെ ഭാരതപ്രേഷിതത്വത്തെയും രക്തസാക്ഷിത്വ ത്തെയും സാക്ഷ്യപ്പെടുത്തുന്നു.

മാര്‍ തോമ്മാശ്ലീഹായുടെ പ്രേഷിതത്വം മതങ്ങളുടെ പിള്ളത്തൊട്ടിലും പ്രാചീനസാംസ്‌കാരിക കേന്ദ്രവുമായ ഭാരതത്തിലാണെന്നത് സംശയരഹിതമായ വസ്തുതയായി സഭാപിതാക്കന്മാര്‍ കരുതിയിരുന്നു. അതുകൊണ്ടുതന്നെ ആ പ്രേഷിതകേന്ദ്രത്തെപ്പറ്റിയുളള വിശദമായ വിവരങ്ങളോ അതിന്റെ പ്രത്യേകമായ പാരിസ്ഥിതിക പഠനമോ നടത്താന്‍ സഭാ പിതാക്കന്മാര്‍ തുനിഞ്ഞില്ല.

പ്രാചീന കൃതികളായ യൂദാതോമ്മായുടെനടപടികള്‍ (മൂന്നാം ശതകാരംഭം) ശ്ലീഹന്മാരുടെ പ്രബോധനം (മൂന്നാം ശതകം), തോമ്മായുടെ പീഡാസഹനം (നാലാം
ശതകം), തുടങ്ങിയവ തോമ്മാശ്ലീഹായുടെ ഭാരത പ്രേഷിതത്വവും രക്തസാക്ഷി ത്വവും പ്രതിപാദിക്കുന്ന കൃതികളാണ്. മൂന്നാം ശതകത്തില്‍ സുറിയാനി ഭാഷയില്‍ എഴുതപ്പെട്ടതെന്ന് കരുതപ്പെടുന്ന യൂദാതോമ്മായുടെ നടപടികള്‍ എന്ന കൃതിക്കു ലഭിച്ച പ്രാധാന്യം സവിശേഷമായി കണക്കിലെടുക്കേണ്ടിയിരിക്കുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനംവരെ യൂദാ തോമ്മായുടെ നടപടികള്‍ ഒരു കെട്ടുകഥയാണെന്ന് കരുതിപ്പോന്നു. ഗ്രന്ഥത്തില്‍ പറയുന്ന ഗുണ്ടഫര്‍ രാജാവിനെ സംബന്ധിക്കുന്ന യാതൊരു ചരിത്ര രേഖയും ഉണ്ടായിരുന്നില്ല എന്നതുതന്നെ പ്രധാന കാരണം.

എന്നാല്‍ 20-ാം നൂറ്റാണ്ടില്‍ പഞ്ചാബ്, സിന്‍ഡ്, അഫ്ഗാനിസ്ഥാന്‍ എന്നീ പ്രദേശ ങ്ങളില്‍നിന്നു ലഭിച്ച പുരാതന നാണയങ്ങളുടെ വെളിച്ചത്തില്‍ നടത്തിയ ചരിത്ര
പഠനം ഈ വീക്ഷണം തിരുത്തി. ഗുണ്ടഫറസ് എന്ന രാജാവിന്റെ മുദ്രയോടും നാമത്തോടും കൂടിയ നാണയങ്ങളായിരുന്നു അവിടെനിന്നു കണ്ടെത്തിയത്. ക്രിസ്തുവര്‍ഷം മൂന്നാം നൂറ്റാണ്ടില്‍ വിരചിതമായ ‘ശ്ലീഹന്മാരുടെ പ്രബോധനം’ എന്ന കൃതിയുടെ രചയിതാവ് ആരാണെന്ന് കൃത്യമായി അറിയില്ലെങ്കിലും ചരിത്രപരമായി വിലപ്പെട്ട ഒരു രേഖയാണിത്. സിറിയയില്‍ രൂപംകൊണ്ട ഈ കൃതിയുടെ മൂലരൂപം സുറിയാനി തര്‍ജമയിലൂടെ നമുക്ക് ലഭ്യമാണ്. ഇരുപത്തിയാറ് അധ്യായങ്ങളുള്ള ഈ കൃതി ആദിമസഭയുടെ ഭരണക്രമത്തെയും പാരമ്പര്യത്തെയും പറ്റി വ്യക്തമായ അറിവു നല്കുന്നു. ചരിത്രപ്രാധാന്യമുള്ള ഈ കൃതിയില്‍ തോമ്മാശ്ലീഹായുടെ ഭാരതപ്രേഷിതത്വത്തെ പറ്റി ഇപ്രകാരം രേഖപ്പെ ടുത്തിയിരിക്കുന്നു: ”ഇന്ത്യയും അതിലെ രാജ്യങ്ങളും അതില്‍ വസിക്കുന്നവരും അങ്ങകലെ കടല്‍ക്കരയുള്ളവര്‍പോലും താന്‍ സ്ഥാപിച്ച യൂദാസ് തോമസില്‍നിന്നു കൈവയ്പ്പുവഴി പൗരോഹിത്യം സ്വീകരിച്ചു. മാര്‍ത്തോമ്മാശ്ലീഹായുടെ ഭാരതപ്രേഷിത പ്രവര്‍ത്തനം ആദ്യ നൂറ്റാണ്ടില്‍ത്തന്നെ വിദേശത്തും അംഗീകരിക്കപ്പെട്ടതിന്റെ ഒരു തെളിവായി ഇതിനെ കണക്കാക്കാവുന്നതാണ്.

പ്രാദേശിക പാരമ്പര്യങ്ങള്‍

തോമ്മാശ്ലീഹായുടെ ആഗമനവും പ്രേഷിത പ്രവര്‍ത്തനവും ഏഴരപ്പള്ളികളുടെ (ക്രിസ്ത്യന്‍ സമൂഹങ്ങളുടെ) സ്ഥാപനവും സംബന്ധിച്ച സുവ്യക്തമായ ഓര്‍മകള്‍ പ്രസ്തുത പ്രദേശവാസികളുടെ മനസില്‍ പച്ചപിടിച്ചു നില്‍ക്കുന്നുണ്ട്. അദ്ദേഹത്തിന്റെ പ്രേഷിത പ്രവര്‍ത്തനവും രക്തസാക്ഷിത്വവും കബറടക്കത്തിന്റെ വിവരണവുമൊക്കെ നാടന്‍ പാട്ടുകളുടെയും അനുഷ്ഠാന കലകളുടെയും രൂപത്തില്‍ പ്രാചീനകാലം മുതലേ ഇവിടെ പ്രചരിച്ചിരുന്നു. ഇവ പിന്നീട് ലിഖിത രൂപത്തിലാവുകയും ഇന്നും നിലനില്‍ക്കുകയും ചെയ്യുന്നു. പ്രശസ്തമായ മാര്‍ഗംകളിപ്പാട്ട് (തോമ്മാശ്ലീഹായുടെ മാര്‍ഗസ്ഥാപനത്തെപ്പറ്റി പ്രതിപാദിക്കുന്ന നൃത്തകലാരൂപം), റമ്പാന്‍ പാട്ട് (തോമ്മാപര്‍വം), വീരടിയാന്‍ പാട്ട് (ഹിന്ദു മതാനു യായികളായ വീരടിയാന്മാര്‍ എന്ന വിഭാഗം പാടിയിരുന്നത്) തുടങ്ങിയ കഥാ ഗാനങ്ങളൊക്കെ ക്രിസ്ത്യന്‍ ഭവനങ്ങളില്‍ വിവാഹാവസരങ്ങളിലും മറ്റ് ആഘോഷദിനങ്ങളിലും പാട്ടുകളായും അനുഷ്ഠാനകലകളായും അവതരിപ്പിക്കുകയും ചെയ്തിരുന്നു. തോമ്മാശ്ലീഹാ കൊടുങ്ങല്ലൂരില്‍ കപ്പലിറങ്ങിയതും തുടര്‍ന്നുള്ള വിവിധ പ്രവര്‍ത്തനങ്ങളും മറ്റുമാണ് ഇവയുടെ ഉള്ളടക്കം.

മാര്‍ത്തോമ്മാ നസ്രാണികള്‍ ഈ പൈതൃകങ്ങള്‍ വിശ്വസ്തതാപൂര്‍വം കാത്തുസൂക്ഷിക്കുകയും തലമുറകളായി ഇടമുറിയാതെ കൈമാറുകയും ചെയ്തുപോന്നു. തോമ്മാശ്ലീഹായുടെ ഭാരതപ്രേഷിതത്വത്തെക്കുറിച്ചുള്ള ശക്തമായ ഒരു പാരമ്പര്യമായി നൂറ്റാണ്ടുകളായി ലക്ഷോപലക്ഷം മനുഷ്യ മനസുകളില്‍ പതിഞ്ഞുകഴിഞ്ഞ ഇത് ചരിത്രത്തിന്റെ കുത്തൊഴുക്കില്‍ ഇനിയും ഒലിച്ചു പോയിട്ടില്ല. (തുടരും)