ദനഹായിലെ തിരുനാളുകള്‍

0
28

നമ്മുടെ കര്‍ത്താവിന്റെ മാമ്മോദീസായുടെ അനുസ്മരണമാണ് ദനഹാത്തിരുനാള്‍. ഈ തിരുനാളോടെ ആരംഭിക്കുന്ന ദനഹാക്കാലം തിരുനാളുകളുടെ കാലമാണ്. ഈ കാലത്തെ തിരുനാളുകളെയൊന്നു പരിചയപ്പെടാം.

പൗരസ്ത്യ കാനന്‍ നിയമമനുസരിച്ച് ദനഹാത്തിരുനാള്‍ കടമുള്ള ദിവസമാണ് (പൗരസ്ത്യ കാനന്‍ നിയമം, 880).

ജനുവരി 6-ാം തീയതി ആഘോഷിക്കുന്ന കര്‍ത്താവിന്റെ ദനഹാത്തിരുനാള്‍ കേരളത്തിന്റെ വടക്കന്‍ ഭാഗങ്ങളില്‍ പിണ്ടികുത്തിപ്പെരുനാളെന്നും തെക്കന്‍ ഭാഗങ്ങളില്‍ രാക്കുളി പെരുനാളെന്നും അറിയപ്പെടുന്നു. ലോകത്തിന്റെ പ്രകാശമായ മിശിഹായെ (യോഹ 8:12) ബഹുമാനിക്കുന്നതിനും സ്തുതിക്കുന്നതിനും വാഴപ്പിണ്ടിയില്‍ പന്തം കൊളുത്തി അതിനുചുറ്റും പ്രദക്ഷിണം വെച്ചുകൊണ്ട് ദൈവം പ്രകാശമാകുന്നു (ഏല്‍പയ്യ) എന്ന് ആര്‍ത്തുവിളിച്ചിരുന്ന പതിവില്‍നിന്നാണ് പിണ്ടികുത്തിപ്പെരുന്നാള്‍ രൂപപ്പെട്ടത്. ഈശോയുടെ മാമ്മോദീസായെ സ്മരിച്ചുകൊണ്ട് ഈ തിരുനാളിന്റെ തലേ ദിവസം അടുത്തുള്ള നദിയിലോ, കുളത്തിലോ പോയി നമ്മുടെ പൂര്‍വ്വികര്‍ നടത്തിയിരുന്ന ആചാരക്കുളിയില്‍ നിന്നാണ് രാക്കുളി എന്നപേര് ഈ തിരുനാളിന് ലഭിച്ചത്.

ദനഹാത്തിരുനാളിനുശേഷം വരുന്ന ഞായറാഴ്ചയാണ് ദനഹാക്കാലത്തെ ഒന്നാമത്തെ ഞായറാഴ്ചയായി കണക്കുകൂട്ടുന്നത്. സാധാരണയായി ദനഹാക്കാലത്തിന് ഏഴ് ഞായറാഴ്ചകളാണുള്ളതെങ്കിലും, ഈസ്റ്ററിന്റെ തീയതിയില്‍ വരുന്ന വ്യത്യാസമനുസരിച്ച് ദനഹാക്കാലത്തെ ആഴ്ചകള്‍ കൂടിയും കുറഞ്ഞും വരാവുന്നതാണ്. വെളിപ്പെടുത്തപ്പെട്ട മിശിഹാരഹസ്യത്തെ തങ്ങളുടെ ജീവിതത്തില്‍ പകര്‍ത്തിയവരും സാക്ഷ്യപ്പെടുത്തിയവരുമായ വിശുദ്ധാത്മാക്കളെയാണ് ദനഹാക്കാലത്തെ വെള്ളിയാഴ്ചകളില്‍ സഭ മുഖ്യമായും അനുസ്മരിക്കുന്നത്. ലോകത്തിന്റെ പാപങ്ങള്‍ നീക്കുന്ന കുഞ്ഞാടായ മിശിഹായുടെ (യോഹ 1:29) മുന്നോടിയും വഴികാട്ടിയുമായിരുന്ന യോഹന്നാന്‍ മാംദാനയുടെ ഓര്‍മ്മയാണ് ദനഹാക്കാലത്തെ ഒന്നാമത്തെ വെള്ളിയാഴ്ചയില്‍ ആചരിക്കുന്നത്.

അപ്പസ്തോലന്മാരുടെ തലവനും സഭയുടെ നെടുംതൂണുമായ വിശുദ്ധ പത്രോസിന്റെയും വിജാതീയരുടെ അപ്പസ്തോലനും സഭയുടെ ശില്പിയുമായ വിശുദ്ധ പൗലോസിന്റെയും ഓര്‍മ്മയാണ് ദനഹാക്കാലത്തെ രണ്ടാമത്തെ വെള്ളിയാഴ്ചയില്‍ വരുന്നത്. ഈശോയുടെ ജനനത്തിനും, പ്രത്യക്ഷവത്ക്കരണത്തിനും മാമ്മോദീസായ്ക്കും ലിഖിതരൂപം നല്കിയ നാല് സുവിശേഷകന്മാരെയാണ് മൂന്നാമത്തെ വെള്ളിയാഴ്ചയില്‍ അനുസ്മരിക്കുന്നത്. പ്രഥമരക്തസാക്ഷിയും രക്തസാക്ഷികളുടെ തലവനുമായ വിശുദ്ധ എസ്തപ്പാനോസിന്റെ ദുക്റാനയാണ് നാലാമത്തെ വെള്ളിയാഴ്ചയില്‍ സഭ ആഘോഷിക്കുന്നത്.

ഗ്രീക്കു സഭാപിതാക്കന്മാരുടെ ഓര്‍മ്മയാണ് അഞ്ചാമത്തെ വെള്ളിയാഴ്ചയില്‍ ആഘോഷിക്കുന്നത്. ആറാമത്തെ വെള്ളിയാഴ്ചയിലാകട്ടെ പൗരസ്ത്യ സുറിയാനി പിതാക്കന്മാരെയാണ് സഭ ഓര്‍ക്കുന്നത്. കാരണം, വെളിപ്പെടുത്തപ്പെട്ട മിശിഹാരഹസ്യങ്ങളെ ലളിതമായ ഭാഷയില്‍ വ്യാഖ്യാനിച്ച് പ്രസംഗങ്ങളിലൂടെയും കവിതകളിലൂടെയും സഭാതനയരെ പഠിപ്പിച്ചത് അവരാണ്.

ഇടവകമദ്ധ്യസ്ഥന്റെ തിരുനാളാണ് ഏറ്റവും അവസാനത്തെ വെള്ളിയാഴ്ചയ്ക്ക് മുമ്പുവരുന്ന വെള്ളിയാഴ്ചയില്‍ ആഘോഷിക്കുന്നത്. ഇടവക മദ്ധ്യസ്ഥനാണ് ഇടവകസമൂഹത്തിന് എപ്പോഴും താങ്ങും തണലുമായി വര്‍ത്തിച്ച്, അവരെ വിശ്വാസത്തില്‍ വളരുവാനും ജീവിക്കുവാനും സഹായിക്കുന്ന പ്രേരകശക്തി. സാധാരണയായി, ദനഹാക്കാലത്തെ അവസാനത്തെ വെള്ളിയാഴ്ചയിലാണ് മരിച്ചവരെ അനുസ്മരിക്കുന്നത്. കാരണം അവര്‍ ഈശോയുടെ പ്രത്യക്ഷീകരണത്തിന്, സ്വന്തം ജീവിതത്തിലൂടെ സാക്ഷ്യം വഹിച്ച് മുമ്പേ കടന്നുപോയവരാണ്. അവരെ, ഓര്‍ക്കുവാനും അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവാനും സഭ ഒന്നടങ്കം കടപ്പെട്ടിരിക്കുന്നു.

ദനഹാക്കാലത്തിന്റെ അവസാനത്തെ ആഴ്ചയില്‍ നിന്ന് പുറകോട്ട് എണ്ണി മൂന്നാമത്തെ ആഴ്ചയിലെ തിങ്കള്‍, ചൊവ്വ, ബുധന്‍ എന്നീ ദിവസങ്ങളില്‍ ആചരിക്കുന്നതാണ് മൂന്നു നോമ്പ്. നിനവെക്കാരുടെ പ്രാര്‍ത്ഥന എന്നും ഇത് അറിയപ്പെടുന്നു. സീറോമലബാര്‍ പാരമ്പര്യപ്രകാരം പതിനെട്ടാമിട നോമ്പ് എന്നും ഇതിനെ വിളിക്കാറുണ്ട്. കാരണം വലിയ നോമ്പ് ആരംഭിക്കുന്നതിന് പതിനെട്ടു ദിവസം മുമ്പാണ് ഇതവസാനിക്കുന്നത്. മൂന്നു നോമ്പ് എന്നത് അമ്പതുനോമ്പിനുള്ള മുന്നൊരുക്കവും പരിശീലനഘട്ടവുമായി മനസ്സിലാക്കാം. പഴയനിയമത്തെ ആധാരമാക്കി ഇപ്പോഴും നമ്മള്‍ പിന്‍തുടരുന്ന ഒന്നാണ് മൂന്നുനോമ്പ്. യോനാപ്രവാചകന്‍ മൂന്നുരാവും മൂന്നുപകലും മത്സ്യത്തിന്റെ ഉദരത്തിലായിരുന്നുവല്ലോ. മത്സ്യം വഴി യോനാ നിനവേ ദേശത്ത് എത്തിച്ചേരുകയും
നിനവേക്കാരോട് അനുതപിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. പ്രവാചകന്റെ വാക്കുകള്‍ വിശ്വസിച്ച് നിനവേയിലുള്ള എല്ലാവരും തങ്ങളുടെ പാപങ്ങളോര്‍ത്ത് പശ്ചാത്തപിക്കുകയും മാനസാന്തരപ്പെടുകയും ചെയ്തു. പില്‍ക്കാലത്ത് നിനവെക്കാരുടെ നോമ്പാചരണത്തിന്റെ (യോനാ 3: 4-10) അനുകരണമായി മൂന്നു നോമ്പ് പരിഗണിക്കുവാന്‍ തുടങ്ങി. യോനാപ്രവാചകന്‍ മൂന്നുരാവും മൂന്നുപകലും മത്സ്യത്തിന്റെ ഉദരത്തിലായിരുന്നതുപോലെ ഈശോയും മൂന്നുദിവസങ്ങള്‍ ഭൂമിക്കടിലായിരുന്നുവല്ലോ. മൂന്നാം ദിവസം അവിടുന്ന് മരണത്തെ പരാജയപ്പെടുത്തി ഉത്ഥാനം ചെയ്തതിനെയും ഈ നോമ്പ് അനുസ്മരിപ്പിക്കുന്നു.

ദനഹാത്തിരുനാളില്‍ മുഖ്യമായും ഈശോയുടെ മാമ്മോദീസായെയാണ് നമ്മള്‍ അനുസ്മരിക്കുന്നത്. യോഹന്നാനില്‍ നിന്നും ഈശോ മാമ്മോദീസ സ്വീകരിച്ച വേളയില്‍ സ്വര്‍ഗ്ഗം തുറക്കപ്പെടുകയും പിതാവും പരിശുദ്ധാത്മാവും മാനവകുലത്തിന് വെളിപ്പെടുകയും ചെയ്തു. ക്രിസ്തീയ മമ്മോദീസായെന്നത് ഈശോയുടെ മരണത്തിലും ഉത്ഥാനത്തിലുമുള്ള പങ്കുചേരലാണെന്ന് (റോമ 6:3) ദനഹാത്തിരുനാള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. തന്മൂലം പാപത്തിനു മരിച്ച് മിശിഹായില്‍ ഉയിര്‍ക്കുവാനും, നവസൃഷ്ടികളായിത്തീരുവാനും ദനഹാക്കാലത്തില്‍ എല്ലാവരും പരിശ്രമിക്കണം.