മനുഷ്യാവതാര രഹസ്യം മാര്‍ അപ്രേമിന്റെ മധുമൊഴികളില്‍

മനുഷ്യചരിത്രത്തില്‍ നടന്ന ഏറ്റവും വലിയ ഒരു അത്ഭുതമാണ് ദൈവപുത്രനായ
ഈശോയുടെ മനുഷ്യാവതാരം. ആ അത്ഭുതത്തിന്റെ രംഗവേദിയായ ബേദ്‌ലഹേമിലെ പുല്‍ക്കൂട് നൂറ്റാണ്ടുകള്‍ക്കിപ്പുറം ഇന്നും നമുക്ക് ഒരു വിസ്മയമാണ്. സര്‍വ്വശക്തനായദൈവം ബലഹീന ശിശുവായി പിറന്നത് അവിടെയാണ്. ചരിത്രാതീതന്‍ ചരിത്രത്തിന്റെ ഭാഗമായതും, സര്‍വ്വവ്യാപി ഒരു കന്യകയുടെ ഉദര
ത്തിന്റെ പരിമിതിയിലൊതുങ്ങിയതും സ്രഷ്ടാവ് സ്യഷ്ടിയായതും , പരിപാലകന്‍ പരിലാളനനുകര്‍ന്നതും കര്‍ത്താവ് ദാസനായതും അവിടെ വച്ചാണ്.

ദൈവം മനുഷ്യനായിയെന്ന മഹാരഹസ്യത്തിന്റെ പൊരുളറിയാന്‍ തങ്ങളുടെ ബുദ്ധി
കൊണ്ടു ശ്രമിച്ച അനേകം ദൈവശാസ്ത്രജ്ഞര്‍ക്കിടയില്‍ ‘റൂഹാദ്ക്കുദ്ശായുടെ
കിന്നരം’ എന്ന അപരനാമത്തില്‍ വിഖ്യാതനായ സുറിയാനി പിതാവായ മാര്‍ അപ്രേം വേറിട്ടു നില്‍ക്കുന്നു. കണ്ണില്‍ വിസ്മയം നിറച്ച് കൂപ്പുകരങ്ങളോടെ, നമ്രശിരസ്‌ക്ക നായി പുല്‍ക്കൂട്ടിലെ ഉണ്ണിയെ തന്റെ ഹൃദയത്തില്‍ ദര്‍ശിച്ച് മാര്‍ അപ്രേം രചിച്ച മനുഷ്യാവതാര ഗീതങ്ങള്‍ (HNat) ദൈവം മനുഷ്യനായ ദുര്‍ഗ്രഹ രഹസ്യത്തെ ഹൃദ്യമായി അവതരിപ്പിക്കുന്നു. ദൈവശാസ്ത്രജ്ഞന്മാര്‍ക്കിടയിലെ കവിയായ മാര്‍ അപ്രേമിന്റെ ഭാഷയില്‍ബുദ്ധിക്ക് കൈയ്ക്കുന്ന എന്നാല്‍ ഹൃത്തിന് മധുരിക്കുന്ന മനുഷ്യാവതാരം രഹസ്യം മധുപോലെനുണയാന്‍ നമുക്ക് ശ്രമിക്കാം

1. മനുഷ്യാവതാരം: പ്രവചനങ്ങളുടെ പൂര്‍ത്തീകരണം

‘പ്രതീകങ്ങളുടെ തമ്പുരാന്‍’ എന്ന് കര്‍ത്താവിനെ വിളിക്കുന്ന മാര്‍ അപ്രേം വിശുദ്ധ
ലിഖിതങ്ങളിലും സൃഷ്ട പ്രപഞ്ചത്തിലും നിറഞ്ഞു നില്‍ക്കുന്ന കര്‍ത്തൃപ്രതീകങ്ങളെ
ക്കുറിച്ച് വാചാലനാകുന്നുണ്ട്. ആകാശത്തു ചിറകുവിരിച്ചു പറക്കുന്ന പക്ഷിയും കൈകള്‍ വിരിച്ചു നിന്നു പ്രാര്‍ത്ഥിക്കുന്ന മനുഷ്യനും വെള്ളത്തില്‍ നീന്തിത്തുടിക്കുന്ന മത്സ്യവുമെല്ലാം മാര്‍ അപ്രേമിനു കര്‍ത്താവിന്റെ സ്ലീവാകളാണ്. പഴയനിയമത്തില്‍ ഉടനീളം കര്‍ത്താവിന്റെ പ്രതിരൂപങ്ങള്‍ ദര്‍ശിക്കുന്ന അപ്രേം
പിതാവ് പഴയനിയമ പ്രവചനങ്ങളുടെ പൂര്‍ത്തികരണമായി ഈശോയുടെ മനുഷ്യാവതാരത്തെ അവതരിപ്പിക്കുന്നു. അദ്ദേഹം പാടുന്നു:

കന്യക ബേദ്‌ലഹേമില്‍ അമ്മനുവേലിനെ പ്രസവിച്ചതിനാല്‍ ഏശയ്യ സംസാരിച്ച വചനം പൂര്‍ത്തീകരിക്കപ്പെട്ടു. ജനതകളുടെ പേരെഴുതുന്നവന്‍ അവിടെ ഭൂജാതനായപ്പോള്‍ ദാവീദ് പാടിയ സങ്കീര്‍ത്തനം പൂര്‍ത്തീകരിക്കപ്പെട്ടു. മിക്കാ സംസാരിച്ച വചനം യാഥാര്‍ത്ഥ്യമായി. എഫ്രാത്തായില്‍ നിന്ന് ഒരു ഇടയന്‍
പുറപ്പെട്ടു. ബാലാം പ്രവചിച്ച പ്രവചനം അര്‍ത്ഥം കണ്ടെത്തി. ഇതാ യാക്കോബില്‍ നിന്ന് ഒരു നക്ഷത്രം ഉദിച്ചു. സ്‌കറിയ സംസാരിച്ച ഉഷസ് ഇന്ന് ബേദ്‌ലഹേമിനെ പ്രകാശിപ്പിച്ചു . ഇന്ന് ഒരു ശിശു ജാതനായി. അവന്‍ ‘അത്ഭുതം’ എന്ന് വിളിക്കപ്പെട്ടു. എന്തെന്നാല്‍ ദൈവം ഒരു ശിശുവായി സ്വയം വെളിപ്പെടുത്തുക അത്ഭുതം തന്നെ (HNat 1:2-10).

ഉണ്ണീശോയെ ‘അത്ഭുതം’ എന്ന് വിളിക്കുന്ന, മനുഷ്യാവതാര രഹസ്യത്തിന്റെ
മഹാഉപാസകനായ അപ്രേം ഈ രഹസ്യത്തിന്റെ പൊരുളറിയാന്‍ തനിക്ക് ശക്തി നല്‍കണമേയെന്ന് കര്‍ത്താവിനോട് തന്നെ ആവശ്യപ്പെടുന്നുണ്ട് :

‘എന്റെ കര്‍ത്താവേ ഞങ്ങള്‍ക്കുവേണ്ടി ഒരു കന്യകയുടെ ഉദരത്തില്‍ നിന്ന് ജനിക്കു
ന്നത് എന്തുകൊണ്ട് ഉചിതമായിരുന്നുവെന്ന് എന്നെ പഠിപ്പിച്ചാലും’ (HNat 2:12)

2. കന്യകയായ അമ്മ

ദൈവം മനുഷ്യനായ മഹാത്ഭുതത്തിന്റെ പാര്‍ശ്വഫലവും മറ്റൊരാത്ഭുതമാണ്; ‘കന്യക അമ്മയായി’. കന്യകയായ അമ്മയെ ദര്‍ശിച്ച മാര്‍ അപ്രേം ഇപ്രകാരം പാടി :
ഞങ്ങളുടെ കര്‍ത്താവേ നിന്റെ മാതാവിനെ ഞങ്ങള്‍ എങ്ങനെ വിളിക്കും. കന്യക
യെന്നു വിളിച്ചാല്‍ ശിശുവായി നീ നില്‍ക്കുന്നു. ‘വിവാഹിത’ എന്ന് വിളിച്ചാല്‍ അവളെ ആരും അറിഞ്ഞിട്ടില്ല. അവള്‍ നിനക്ക് അമ്മയായി രുന്നു. അവള്‍ നിനക്ക് സഹോദരിയായിരുന്നു. ഒപ്പം അവള്‍ നിന്റെ മണവാട്ടിയുമാണ്. നിന്റെ
മാതാവ് ഒരു അത്ഭുതമാണ് (HNat 11:2-6).

മറിയത്തിന് ലഭിച്ച ഈ മഹാ കൃപയെക്കുറിച്ച് മാര്‍ അപ്രേം തുടര്‍ന്ന് വര്‍ത്തിക്കുന്നു

‘തന്നെ വഹിക്കുന്നവളെക്കാള്‍ പുരാതനായ ശിശുവിനെ യഥാര്‍ത്ഥത്തില്‍ ആരു കണ്ടിട്ടുണ്ട്. പുരാതന്‍ അവളില്‍ പ്രവേശിച്ച് ചെറുപ്പമായി തീര്‍ന്നു ശിശുവായി പുറത്തു വന്നു പാല്‍ കുടിച്ചു വളര്‍ന്നു. അവന്‍ പ്രവേശിച്ച് അവളില്‍ ചെറുതായി. അവന്‍ പുറത്തുവന്നു അവളിലൂടെ വളര്‍ന്നു. മഹാത്ഭുതം!!!’ (HNat 12:1)

3. ‘ഈശോ’ നാമത്തിന്റെ ശക്തി

‘ഈശോ’ എന്ന ഹൃദ്യനാമം മനുഷ്യാവതാരത്തിന്റെ സദ്ഫലങ്ങള്‍ ലോകത്തിനു സമ്മാനിച്ചുവെന്ന് മാര്‍ അപ്രേം പഠിപ്പിക്കുന്നു. മനുഷ്യാവതാരത്തില്‍ തന്റെയൊപ്പം നിലകൊണ്ട അമ്മയായ മറിയത്തെയും വളര്‍ത്തു പിതാവായ യൗസേപ്പിനെയും തന്റെ നാമം ശക്തിപ്പെടുത്തിയത് എങ്ങനെയെന്ന് മാര്‍ അപ്രേം പഠിപ്പിക്കുന്നത് ശ്രദ്ധേയമാണ്: ഈശോയുടെ ഭാഷയായ സുറിയാനിയില്‍ ഈശോ എന്ന പേര് ആരംഭിക്കുന്നത്. ‘യോദ്’ എന്ന അക്ഷരത്തിലാണ്. യൗസേപ്പിന്റെ
പേരും യോദ്-ല്‍ തുടങ്ങുന്നു മാര്‍ അപ്രേം ഈശോയോടൊപ്പം പറയുന്നു. ‘നിന്റെ നാമം അവന്റെ നാമത്തിന് യോദ് എന്ന അക്ഷരം നല്‍കി. നിനക്ക് പിതാവായിരിക്കാന്‍ നിന്റെ നാമം യൗസേപ്പിന്റെ നാമത്തില്‍ ശക്തിപ്പെടുത്തി.’ ഈശോ പിതാവിന്റെ അഭിഷിക്തനായതിനാല്‍ അവര്‍ മിശിഹായാണ്. അതും
അവന്റെ പേരായി ത്തീര്‍ന്നു. ഈ പേര് ആരംഭിക്കുന്നത് സുറിയാനിയില്‍ ‘മീം’ എന്ന അക്ഷരത്തിലാണ്. മാര്‍ അപ്രേം പറയുന്നു: ‘മറിയത്തിന്റെ പേരിന്റെ ആദ്യാക്ഷരം മിശിഹായുടേതാണ് അവന്റെ ശക്തി അവളുടെ ശരീരത്തെ വഹിച്ചതുപോലെ അവള്‍ അവന്റെ നാമം പേറി’ തന്നെ നയിച്ച തന്റെ മാതാപിതാക്കള്‍ക്ക് അവിടുന്ന് തന്നെ പേരിന്റെ ആദ്യാക്ഷരം നല്‍കി അവരുടെ ശരീരത്തെ അവിടുന്ന് അലങ്കരിച്ചതുപോലെ തന്റെ നാമം കൊണ്ട് അവരുടെ നാമങ്ങളെയും അലങ്കരിച്ചു. (HNat 27: 4-3)

4. മനുഷ്യാവതാരത്തിന്റെ സത്ഫലങ്ങള്‍

മനുഷ്യാവതാരം ചെയ്ത ദൈവപുത്രന്‍ ആപാദചൂഢം മനുഷ്യവംശത്തിന് അനുഗ്രഹമായി തീര്‍ന്നുവെന്ന സത്യം മാര്‍ അപ്രേം അതിസുന്ദരമായി വര്‍ണിക്കുന്നുണ്ട്:

ആരെങ്കിലും നിനക്ക് നേരെ കല്ലെറിഞ്ഞാല്‍ അത് മുത്തായി തീരും. യോഗ്യരായ
വര്‍ക്ക് നിന്റെ വിയര്‍പ്പുപോലും സ്‌നാനമാണ്. രോഗികള്‍ക്ക് നിന്റെ വസ്ത്രത്തിലെ പൊടി എല്ലാ സഹായങ്ങളുടെയും ഉറവിടമാണ്. നിന്റെ തുപ്പല്‍ മുഖത്തേറ്റാല്‍ അത് നയനങ്ങളെ പ്രകാശിപ്പിക്കും. ഒരു കല്ലില്‍ നീ തല ചായ്ച്ചു വിശ്രമിച്ചാല്‍ ജനങ്ങള്‍ അത് പിളര്‍ന്നു പകുത്തു കൊണ്ടുപോകും നീ ഒരു ചാണകക്കൂനയ്ക്ക് മുകളില്‍ കിടന്നാല്‍ അത് പ്രാര്‍ത്ഥനയുള്ള ഭവനം ആകും. നീ സാധാരണ അപ്പം മുറിച്ചാല്‍ അത് ഞങ്ങള്‍ക്ക് ജീവന്റെ ഔഷധമായി തീരും. നിന്നെ ആര് നിന്ദിക്കും. കാരണം നിന്നെ ദുഷിക്കുന്നതുപോലും ജനതകള്‍ക്ക് ഒരു അനുഗ്രഹമാണ്. നിന്നെ ആര് വധിക്കും? കാരണം നിന്റെ മരണം പോലും ജീവന്റെ വചനമാണ് (HNta 19:13-17)

ഉപസംഹാരം

കര്‍ത്താവിന്റെ മനുഷ്യാവതാരത്തിന്റെ വിസ്മയ കാഴ്ചകള്‍ ഇന്നും തുടരുന്നു.
പുല്‍കൂട്ടിലേക്ക് നമുക്കും ആദരവും വിസ്മയവും കലര്‍ന്ന കണ്ണുകളോടെ നോക്കാം
തന്റെ കരുണാര്‍ദ്രമായ സ്‌നേഹത്താല്‍ ഉന്നതങ്ങളില്‍ നിന്നുള്ള ഉദയസൂര്യനായി നമ്മെ സന്ദര്‍ശിച്ച ‘അമ്മനുവേലിനെ’ അവന്റെ ആഗമനവാര്‍ത്ത ഭൂമിയില്‍ എത്തിച്ച മാലാഖമാരോടും അവന്റെ ജനനത്തില്‍ അത്ഭുതംപൂണ്ട മാര്‍ യൗസേപ്പിനോടും, അവന്റെ സന്ദര്‍ശനത്താല്‍ അനുഗ്രഹീതനായ യോഹന്നാന്‍ മാംദാനയോടും വലിയ സ്‌നേഹത്താല്‍ അവനെ സ്വീകരിച്ച പരിശുദ്ധ കന്യാമറിയത്തോടും ചേര്‍ന്ന് നമുക്കും പാടി സ്തുതിക്കാം. അവന്റെ പിറവിത്തിരുന്നാള്‍ നമ്മുടെ ജീവിത
ത്തിന്റെ ആഘോഷമാക്കാം. മാര്‍ അപ്രേം ആഹ്വാനം ചെയ്യുന്നതുപോലെ പിറവിത്തിരുന്നാള്‍ നമ്മുടെ ജീവിതങ്ങളെ സ്പര്‍ശിക്കട്ടെ, നമ്മെ രൂപാന്തരപ്പെടുത്തട്ടെ!
രക്ഷയുടെ ഈ ദിവസം നമുക്ക് അര്‍ത്ഥപൂര്‍ണ്ണമല്ലാത്ത പൊള്ളയായ വാക്കുകള്‍ ഉച്ചരിക്കാതിരിക്കാം. ഇതാണ് അനുരഞ്ജനത്തിന്റെ രാത്രി. സമാധാനം നിറഞ്ഞ ഈ രാത്രിയില്‍ ശല്യപ്പെടുത്തുന്നവരോ ഒച്ചപ്പാടുണ്ടാക്കുന്നവരോ ആകാതിരിക്കാം.
വിനീതന്റെ ഈ രാത്രിയില്‍ നമുക്ക് അഹങ്കാരികളോ ഗര്‍വിഷ്ഠരോ ആകാതിരിക്കാം.
ശാന്തത നിറഞ്ഞ ഈ ദിവസം നമുക്ക് ക്ഷിപ്രകോപികള്‍ ആകാതിരിക്കാം.
പാപികളുടെ മധ്യത്തിലേക്ക് ദൈവം കടന്നുവരുന്ന ഈ ദിവസം നീതിമാന്‍ പാപി
യുടെമേല്‍ മനസ്സില്‍ സ്വയം ഉയര്‍ത്താതിരിക്കട്ടെ. എല്ലാറ്റിന്റെയും നാഥന്‍ ദാസന്മാരുടെ മധ്യത്തിലേക്ക് എഴുന്നള്ളി ഈ ദിവസം യജമാനന്മാരും സ്‌നേഹപൂര്‍വ്വം തങ്ങളുടെ ദാസരുടെ പക്കലേക്ക് താഴ്ന്നിറങ്ങട്ടെ. ധനവാന്‍ നമ്മെ പ്രതി ദാസനായി തീര്‍ന്ന ഈ ദിവസം ധനവാന്‍ ദരിദ്രനെയും തന്റെ മേശയില്‍ പങ്കുകാരാക്കാന്‍ ഇടയാകട്ടെ. നമ്മോട് അപേക്ഷിക്കുന്നവര്‍ക്ക് ദാനധര്‍മ്മങ്ങള്‍ കൊടുക്കാം. മനു
ഷ്യത്വം ദൈവത്തിന്റെ മുദ്രയില്‍ പങ്കുചേരാനായി ഇത് ദൈവത്വം മനുഷ്യത്വത്തിന്റെമേല്‍ മുദ്രകുത്തി (Nat 1: 87-99).