പാറേൽ മരിയൻ തീർത്ഥാടന കേന്ദ്രം അമലോൽഭവ തിരുനാൾ ഡിസംബർ 8-ന്

ജോൺ ജെ. പുതുച്ചിറ

‘ഇപ്പോൾ മുതൽ സകല തലമുറകളും എന്നെ ഭാഗ്യവതി എന്ന് പ്രകീർത്തിക്കും.’
(ലൂക്കാ: 1:48) എന്ന പരിശുദ്ധ കന്യകാമറിയത്തിന്റെ വചസ്സുകൾ അതിന്റെ പൂർണ്ണതയിൽ നിറവേറ്റുന്നത് മരിയഭക്തർക്ക് ആനന്ദദായകവും അനുഗ്രഹപ്രദവുമാണ്. ഭൂസ്വർഗ്ഗങ്ങളുടെ രാജ്ഞിയായി വിരാജിക്കുന്ന അവളുടെ അമലോൽഭവത്തിന്റെ തിരുനാൾ ആഘോഷിക്കുവാൻ എല്ലാ വിശ്വാസികളോടു മൊപ്പം പ്രശസ്ത മരിയൻ തീർത്ഥാടനകേന്ദ്രമായ പാറേൽ പള്ളിയും സജ്ജമായി കഴിഞ്ഞു.

പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവം വിശ്വാസ സത്യമായി പ്രഖ്യാപിച്ചതിന്റെ സുവർണ്ണ ജൂബിലി സ്മാരകമായി 1904-ൽ ചങ്ങനാശ്ശേരി പാറേൽ ദേശത്ത് നിർമ്മിച്ച ചെറിയ കപ്പേളയാണ് ഇന്ന് വളർന്ന് അനേക ലക്ഷങ്ങൾക്ക് ആശ്വാസത്തിന്റെ കേന്ദ്രമായി പ്രശോഭിക്കുന്നത്. ജാതിമതഭേദമന്യേ എല്ലാവരെയും മാടിവിളിക്കുന്ന, തന്റെ മക്കൾക്കായി അനുഗ്രഹ പൂമഴ പെയ്യിക്കുവാൻ സ്വപുത്രന്റെ പക്കൽ മാധ്യസ്ഥം പ്രാർത്ഥിക്കുന്ന, പരിശുദ്ധ കന്യകാമറിയത്തിന്റെ സവിധത്തിലേക്ക്, തിരുനാൾ ദിനങ്ങൾ സമീപിക്കുംതോറും എത്തുന്നവരുടെ വിശ്വാസതീഷ്ണത വിസ്മയാവഹമാണ്. കർമ്മലീത്ത സഭാംഗമായ എസ്തപ്പാനോസ് അച്ചൻ
ഫ്രാൻസിൽ നിന്നും കൊണ്ടുവന്ന പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുസ്വരൂപം പാറേൽ കപ്പേളയിൽ പ്രതിഷ്ഠിച്ചുകൊണ്ട് അന്നത്തെ വികാരി അപ്പസ്‌തോലിക് ആയിരുന്ന മാർമാക്കിൽ പിതാവ് മദ്ധ്യ തിരുവിതാംകൂറിലെ ഏറ്റവും വലിയ മരിയൻ തീർത്ഥാടന കേന്ദ്രത്തിന്റെ പ്രാരംഭം കുറിച്ചു. പാറേൽ കപ്പേള നിർമ്മിക്കുവാനുള്ള മോൺ. സിറിയക് കണ്ടങ്കരിയുടെ ദീർഘവീക്ഷണവും എടുത്തു പറയേണ്ടതാണ്.

വരുംകാലങ്ങളിലും മരിയ ഭക്തിയുടെയും അതുവഴി യഥാർത്ഥ ദൈവഭക്തിയുടെയും വഴികളിൽ അനേകലക്ഷങ്ങൾക്ക് ഉത്തമമാർഗദർശിയായും അഭയകേന്ദ്രമായും പാറേൽ മരിയൻ തീർത്ഥാടന കേന്ദ്രം നിലകൊള്ളേണ്ടതുണ്ട്. ഇതിനായുള്ള നവീകരണ പ്രവർത്തനങ്ങളുടെ ഔദ്യോഗിക ആരംഭം 2015 ആഗസ്റ്റ് 15-ന് മാതാവിന്റെ സ്വർഗ്ഗാരോപണ തിരുനാൾ ദിനത്തിൽ ശിലാസ്ഥാപനം വഴി അതിരൂപതാദ്ധ്യക്ഷനായ മാർ ജോസഫ് പെരുന്തോട്ടം നിർവഹിച്ചു.

ചങ്ങനാശ്ശേരിയുടെ വിദ്യാഭ്യാസ സാമ്പത്തിക സംസ്‌കാരിക പുരോഗതിക്കും പാറേൽ
പള്ളിയും പരിസരങ്ങളും കാരണമായിട്ടുണ്ട്. പരി. അമ്മയുടെ മാധ്യസ്ഥത്താലുള്ള അനുഗ്രഹത്തിന്റെ അനർഗളമായ പ്രവാഹമാണ് ഒരു നാട് അനുഭവിക്കുന്നത് എന്ന് വിശ്വസിക്കുന്നവർ ഏറെ. എസ് ബി ഹൈസ്‌കൂൾ, എസ്.ബി. കോളേജ്, സെന്റ് ആൻസ് സ്‌കൂൾ, അതിരൂപത ട്രെയിനിംഗ് സ്‌കൂൾ, അതിരൂപതമൈനർ സെമിനാരി, യുവദീപ്തി കോളജ് അമല തിയോളജിക്കൽ കോളജ്, എംസിബിഎസ് സ്ഥാപകാംഗങ്ങളുടെ ആദ്യവസതി തുടങ്ങിയവയെല്ലാം പാറേൽ പള്ളിക്ക് ചുറ്റും
ആരംഭം കുറിച്ച മഹത്‌സംരംഭങ്ങളാണ്.

പുതിയ ദേവാലയം
2004 ജനുവരി മാസത്തിൽ പാറേൽ പള്ളിയുടെ ശതാബ്ദി ആഘോഷങ്ങൾ നടന്ന അവസരത്തിൽത്തന്നെ കാലാനുസൃതമായ സൗകര്യങ്ങളോടെ ഒരു പുതിയ തീർത്ഥാടനകേന്ദ്രം നിർമിക്കണമെന്ന ആശയത്തിന്റെ പ്രസക്തി വ്യാപകമായി ചർച്ച ചെയ്യപ്പെട്ടു.

മാറിയ കാലത്തിനനുസരിച്ച് തീർത്ഥാടനകേന്ദ്രവും അനുബന്ധ സൗകര്യങ്ങളും ക്രമീകരിക്കുകയെന്നത് ചരിത്രത്തോടുള്ള നീതി തന്നെയാണ്. അഭിവന്ദ്യ പിതാക്കന്മാരും അതിരൂപത അംഗങ്ങൾ മുഴുവനും ഈ ആശയത്തിന് അംഗീകാരം നൽകിയതിന്റെ ഫലമായാണ് പുതിയ തീർത്ഥാടനകേന്ദ്ര നിർമ്മാണം എന്ന ആശയം പ്രായോഗികതലത്തിലേക്ക് വരുന്നത്. അനന്തമായ ദൈവീകപരിപാലനയും മാതാവിന്റെ ശക്തമായ മാധ്യസ്ഥവും പുതിയ പള്ളി നിർമാണത്തിന്റെ ഇതുവരെയുള്ള പ്രവർത്തനങ്ങളിൽ നിറഞ്ഞുനിൽക്കുന്നു.

റോമിലെ വത്തിക്കാൻ സെന്റ് പീറ്റേഴ്‌സ് ചത്വരത്തിൽ വി. ചാവറയച്ചന്റെയും വി. ഏവുപ്രാസ്യമ്മയുടെയും വിശുദ്ധ പദവി പ്രഖ്യാപനം നടക്കുന്ന അവസരത്തിൽത്തന്നെ പരി. പിതാവ് ഫ്രാൻസിസ് പാപ്പ ദേവാലയത്തിന്റെ അടിസ്ഥാന ശില ആശീർവദിച്ച് അഭി. പെരുന്തോട്ടം പിതാവിന് കൈമാറിയ ചടങ്ങ് പരി. അമ്മയുടെ പ്രത്യേകാനുഗ്രഹത്തിന്റെ സൂചനയാണ്. 2014 ഡിസംബർ എട്ടിന് ഈ ശില ആഘോഷപൂർവ്വം അൾത്താരയിൽ പ്രതിഷ്ഠിച്ചതോടെ പുതിയ ദേവാലയ ശിലാസ്ഥാപനത്തിനുള്ള ഒരുക്കങ്ങളുടെ ആരംഭമായി. ജീവിത പ്രശ്‌നങ്ങളിൽ ആശ്വാസം തേടാനും വി. കുമ്പസാരം നടത്തി കുർബാന സ്വീകരിക്കുവാനും അനേകം വിശ്വാസികൾ എത്തിച്ചേരുന്ന ദേവാലയം എന്ന നിലയിൽ കുമ്പസാരത്തിനും കൗൺസലിങ്ങിനുമായി വിപുലമായ സൗകര്യങ്ങളാണ് പുതിയ തീർത്ഥാടന കേന്ദ്രത്തോടനുബന്ധിച്ച് വിഭാവനം ചെയ്തിരിക്കുന്നത്.

വിശ്വാസികൾ മാത്രമല്ല നാനാതരം ജാതിമത വിഭാഗത്തിൽ പെട്ടവരും പാറേൽ പള്ളിയിൽ വന്ന് നേർച്ചകൾ അർപ്പിക്കാറുണ്ട്. അവർക്കെല്ലാം വേണ്ട സ്ഥലസൗകര്യങ്ങളും പ്രത്യേകമായി ക്രമീകരിക്കേണ്ടതുണ്ട്. മാത്രമല്ല ഔദ്യോഗിക മരിയൻ തീർത്ഥാടന കേന്ദ്രമെന്നനിലയിൽ സഭയുടെ അംഗീകൃത മരിയ വണക്കത്തിനും ഭക്തിപ്രകാശനത്തിനും മരിയൻ ധ്യാന, പഠന, നവീകരണങ്ങൾക്കും വേണ്ടിയുള്ള മികച്ച സൗകര്യങ്ങളും പുതിയ ദേവാലയത്തിന്റെ ഭാഗമായി സജ്ജീകരിക്കുന്നുണ്ട്. പ്രദക്ഷിണത്തിനുള്ള വഴിത്താരകൾ, പാർക്കിംഗ് സൗകര്യം, തീർത്ഥാടകർക്കുള്ള വിശ്രമ സൗകര്യം എന്നിവയെല്ലാം ഇതിന്റെ ഭാഗമായി ഒരുക്കുന്നുണ്ട്. പാറേൽ ഇടവക സമൂഹത്തിന്റെ ആത്മീയാവശ്യങ്ങളും കുറവ് കൂടാതെ നിറവേറ്റപ്പെടാനുള്ള സൗകര്യങ്ങളുമുണ്ട്.

കേരളീയ വാസ്തുശില്പ ശൈലിയിൽ പൗരസ്ത്യ പാശ്ചാത്യ ദേവാലയ ശില്പകലാ സങ്കേതങ്ങളെ സമന്വയിപ്പിക്കുന്ന മനോഹരദേവാലയത്തിന്റെ ശിലാസ്ഥാപനം 2015 ആഗസ്റ്റ് 15 ന് നടത്തപ്പെട്ടു തുടർന്നുള്ള നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിച്ചു കൊണ്ടിരിക്കുന്നു. ദൈവമഹത്വത്തിനായി വരുംതലമുറകൾക്കായി നിർമ്മിക്കുന്ന ഈ ആലയത്തിന്റെ നിർമാണം എത്രയും വേഗം പൂർണതയിലെത്താൻ വിശ്വാസിസമൂഹം കാത്തിരിക്കുന്നു.