പഞ്ചവത്സര അജപാലന പദ്ധതി അഞ്ചാം വര്‍ഷം ? 11 ആഗോളവത്കരണവും പുത്തന്‍ സാഹചര്യങ്ങളും സാഹോദര്യസമീപനവും

‘മനുഷ്യന്‍ ഏകനായിരിക്കുന്നത് നന്നല്ല” (ഉല്‍പ 2:18) എന്ന തിരുവചനം വിവാഹ ജീവിതത്തെക്കുറിച്ചു മാത്രമുള്ളതാണെന്നു കരുതുന്നില്ല. പ്രത്യുത അത് മനുഷ്യകുലത്തിന് മുഴുവനായും ബാധകമാകുന്ന ദിവ്യ പ്രബോധനമാണ്. നാം ദൈവത്തെ മഹത്വപ്പെടുത്തേണ്ടത് നമ്മുടെ മാനുഷിക ബന്ധങ്ങളിലാണ്. അതിനു മാര്‍ഗദര്‍ശകവും പ്രേരക മാകുന്നതുമായിരിക്കണം നമ്മള്‍ ആര്‍ജ്ജിച്ചെടുക്കുന്ന വിശ്വാസബോദ്ധ്യവും ജീവിതാഭിമുഖ്യവും. ഇന്നിന്റെ ലോകസാഹചര്യങ്ങളും
ഭൗതികചിന്തകളും ഓരോ മനുഷ്യനും ഓരോ കുടുംബവും ഒരു ദ്വീപാകുവാന്‍ (island) പ്രേരിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍, ലോകത്തിന് നമ്മള്‍ ദീപ (light)മാകേണ്ടിയിരിക്കുന്നു. ബോധപൂര്‍വമായ അവബോധസ്വീകരണത്തിന്റെയും അതിന്‍പ്രകാരമുള്ള ആത്മീയ സമരത്തിന്റെയും പാതയാണത്. ആഗോളവത്കരണത്തിന്റെയും സാമ്പത്തിക സ്വാര്‍ത്ഥതയുടെയും വര്‍ഗീയതയുടെയും ജീവിത സാഹചര്യങ്ങളില്‍ ലോകത്തെ കുടുംബാരൂപിയില്‍
കാണുവാനും, സഹകരണത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും അന്തരീക്ഷം വളര്‍ത്തുവാനും നമ്മള്‍ പ്രതിജ്ഞാബദ്ധരായിരിക്കുന്നു. ദൈവത്തോടും, നമ്മോടുതന്നെയും സഹജരോടും പ്രകൃതിയോടുമുള്ള ബന്ധങ്ങളില്‍ വന്നുഭവിച്ചുകൊണ്ടിരിക്കുന്ന വിള്ളലുകള്‍ തിരിച്ചറിഞ്ഞ് ശ്രദ്ധാപൂര്‍വ്വം ജീവിതത്തെയും സാമൂഹിക ബന്ധങ്ങളെയും പുനഃ ക്രമീകരിക്കുവാന്‍ നമ്മള്‍ ബദ്ധശ്രദ്ധരാകേണ്ടിയിരിക്കുന്നു. പൊതുനന്മയോടുള്ള സഭയുടെ ആഭിമുഖ്യം നമ്മുടെ ജീവിതത്തില്‍ പാലിക്കേണ്ടിയിരിക്കുന്നു. അത്തരമൊരു ആത്മീയതയാണ് ഫലമണിയുക; അതുമൂലമാണ് ദൈവം നമ്മില്‍ മഹത്വീകൃതനാകുക.

സഭയുടെ സത്താപരമായ ആഭിമുഖ്യം

‘ദൈവം സ്‌നേഹമാണ്. സ്‌നേഹത്തില്‍ വസിക്കുന്നവര്‍ ദൈവത്തിലും വസിക്കുന്നു” (1 യോഹ 4:16). പൊതുവില്‍ ക്രൈസ്തവാഭിമുഖ്യത്തെ നിര്‍വചിക്കുന്ന ദൈവവചന
മാണിത്. ലോകത്തിന്റെ ആരംഭവും ഉത്ഭവവും ദൈവസ്‌നേഹത്തില്‍ നിന്നുതന്നെ.
ദൈവം തന്നെത്തന്നെ വെളിപ്പെടുത്തിയതും സ്വയം ജീവത്യാഗമായി മനുഷ്യകുലത്തെ പാപക്കെണിയില്‍നിന്നും രക്ഷപ്പെടുത്തി ദൈവോന്മുഖനാക്കിയതും ഈ ദിവ്യസ്‌നേഹത്താല്‍ തന്നെയാണ്. ദൈവം കല്‍പിച്ചു തന്ന അടിസ്ഥാന മനുഷ്യമഹത്വത്തില്‍ വേരൂന്നിയിട്ടുള്ള സഭയുടെ സമീപനത്തിന്റെ
പ്രാധാന്യവും പ്രസക്തിയും നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്നു. വിരുദ്ധ സാഹചര്യങ്ങള്‍
ഈ പ്രാധാന്യത്തെ കൂടുതല്‍ വര്‍ദ്ധിതമാക്കുന്നു. സാഹോദര്യത്തിന്റെ സാര്‍വത്രികത
യെക്കുറിച്ചും അതില്‍ ഓരോ മനുഷ്യവ്യക്തിയും തന്നോടുതന്നെയും സഹജരോടും പ്രകൃതിയോടുമുള്ള ബന്ധത്തില്‍ പുലര്‍ത്തേണ്ടതുറവിയുടെ പ്രാധാന്യത്തെക്കുറിച്ചും
സഭ നിരന്തരം പഠിപ്പിച്ചുകൊണ്ടാണിരിക്കുന്നത്. ‘വഴിമദ്ധ്യേ വീണുപോയവനെ സഹായിക്കുവാനായി കണ്ണുകള്‍ തുറക്കുവാന്‍” നമ്മള്‍ അഭ്യസിപ്പിക്കപ്പെടുന്നു. സഭയുടെ അടിസ്ഥാന ദൈവശാസ്ത്രസമീപനം നിരന്തരമായി ഇതിന് അടിവരയിടുന്നു. ഓരോ മനുഷ്യവ്യക്തിയുടെയും അന്തസ് അംഗീകരിക്കുന്നതുവഴി സാഹോദര്യത്തിനുള്ള ഒരു സാര്‍വത്രിക അഭിലാഷത്തിന്റെ പുനര്‍ജന്മത്തിന്
സംഭാവന നല്‍കുവാന്‍ നമുക്കു കഴിയുമെന്നുള്ള പ്രതീക്ഷ പരിശുദ്ധ ഫ്രാന്‍സിസ് മാര്‍
പാപ്പ പങ്കിടുന്നു (നാം സോദരര്‍ 8).

സഭ ആധുനികയുഗത്തില്‍ (GS) എന്ന അജപാലന മൗലികരേഖ (Pastoral Constitution) രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ഉപസംഹരിക്കുന്നത് ഇത്തരമൊരു ആഹ്വാനത്തോടെയാണ് എന്നത് ഇവിടെ ഏറെ ശ്രദ്ധേയമാണ്. ലോകത്തെ പടുത്തുയര്‍ത്തുവാനുള്ള പ്രസ്തുത ചുമതല എപ്രകാരം നിര്‍വഹിക്കണമെന്ന് സഭ ഇതിലൂടെ പഠിപ്പിച്ചിരിക്കുന്നു.

‘നിങ്ങള്‍ക്കു പരസ്പരം സ്‌നേഹമുണ്ടെങ്കില്‍ നിങ്ങള്‍ എന്റെ ശിഷ്യന്മാരാണെന്ന് അതുമൂലം എല്ലാവരും അറിയും’ (യോഹ 13:35) എന്ന കര്‍ത്താവിന്റെ വാക്കുകള്‍
അനുസ്മരിച്ചുകൊണ്ട്, ക്രിസ്ത്യാനികള്‍ക്ക് ലോകത്തിലെ ഇന്നത്തെ മനുഷ്യര്‍ക്ക് നിരന്തരം കൂടുതല്‍ ഉദാരമായും കൂടുതല്‍ ഫലപ്രദമായും സേവനമനുഷ്ഠിക്കുക എന്നതിനെക്കാള്‍ ഉപരിയായ മറ്റൊന്നും തീവ്രമായി അഭിലഷിക്കാനില്ല. അതുകൊണ്ട്, സുവിശേഷത്തോടു വിശ്വസ്തതയോടെ ആഭിമുഖ്യം പുലര്‍ത്തി, അതിന്റെ നന്മകള്‍ ഉള്‍ക്കൊണ്ടുകൊണ്ട്, നീതിയെ സ്‌നേഹിക്കുകയും പാലിക്കുകയും ചെയ്യുന്ന എല്ലാ
വരോടും ചേര്‍ന്നുകൊണ്ട്, ഈ ഭൂമിയില്‍ ബൃഹത്തായ ജോലിചെയ്യാന്‍ അവര്‍
ഭരമേറ്റിരിക്കുകയാണ്. അതിനെപ്പറ്റി അന്തിമദിവസം എല്ലാവരെയും വിധിക്കുന്നവനായ അവിടുത്തെ മുമ്പില്‍ കണക്കുബോധിപ്പിക്കേണ്ടിവരും. ‘കര്‍ത്താവേ, കര്‍ത്താവേ എന്നു വിളിക്കുന്നവരെല്ലാം ദൈവരാജ്യത്തില്‍ പ്രവേശിക്കുകയില്ല; പ്രത്യുത, പിതാവിന്റെ ഇഷ്ടം നിര്‍വഹിക്കുന്നവനാണ്’ (മത്താ 7:21) ശക്തമായ കരങ്ങളാല്‍ അദ്ധ്വാനിക്കുന്നവനുമാണ്.

നാം എല്ലാ മനുഷ്യരിലും സഹോദരനായ മിശിഹായെ കാണുകയും വാക്കാലും
പ്രവൃത്തിയാലും ക്രിയാത്മകമായി സ്‌നേഹിക്കുകയും അങ്ങനെ സത്യത്തിനു സാക്ഷ്യം വഹിച്ചുകൊണ്ടു മറ്റുള്ളവരുമായി സ്വര്‍ഗീയ പിതാവിന്റെ സ്‌നേഹത്തിന്റെ രഹസ്യം പങ്കുവയ്ക്കുകയും ചെയ്യണമെന്ന് പിതാവ് ആഗ്രഹിക്കുന്നു. ഈ വിധത്തില്‍ മനുഷ്യര്‍ ലോകം മുഴുവനിലും പരിശുദ്ധാത്മാവിന്റെ ദാനമായ സജീവമായ പ്രത്യാശയിലേക്ക്, അവസാനം ഒരിക്കല്‍ കര്‍ത്താവിന്റെ മഹത്വം പ്രകാശിക്കുന്ന ഉന്നതമായ ശാന്തിയിലും സൗഭാഗ്യത്തിലും സ്വീകരിക്കപ്പെടുമെന്ന പ്രത്യാശയിലേക്ക്, ഉണര്‍ത്തപ്പെടും. ‘നമ്മില്‍ പ്രവര്‍ത്തിക്കുന്ന ശക്തിയില്‍ നാം ചോദിക്കുകയോ ചിന്തിക്കുകയോ ചെയ്യുന്ന എല്ലാറ്റിനേയുംകാള്‍ വളരെയേറെ ചെയ്യാന്‍ എന്നും കഴിയുന്ന അവിടുത്തേയ്ക്ക് സഭയിലും ഈശോമിശിഹായിലും എല്ലാ തലമുറകളോടും എന്നും എന്നേക്കും മഹത്വം. ആമ്മേന്‍’ (എഫേ 3:20-21) (GS 93). (തുടരും)