ലോകത്തിൽ ഏറ്റവും അധികം ആളുകൾ മരിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങൾ മൂലമാണ്. 2019 ൽ ഇപ്രകാരം 18.56 മില്യൺ ആളുകൾ മരണമടഞ്ഞു. രണ്ടാമത്തെ കാരണം ക്യാൻസർ ആണ്. 10 മില്യൺ ആളുകളാണ് 2019 ൽ ക്യാൻസർ മൂലം മരണമടഞ്ഞത്. അപകടങ്ങൾ, യുദ്ധങ്ങൾ, തീവ്രവാദ ആക്രമണങ്ങൾ എന്നിവ മൂലം മരിക്കുന്ന ആളുകളുടെ എണ്ണം ഇതുവച്ചുനോക്കുമ്പോൾ തുലോം തുച്ഛമാണ്. അതായത് അസുഖങ്ങൾ അഥവാ ശരീരത്തിന്റെ ആന്തരികപ്രശ്‌നങ്ങൾ കാരണമാണ് ബാഹ്യകാരണങ്ങളെക്കാൾ കൂടുതൽ ആളുകൾ മരണമടയുന്നത്. ബാഹ്യമായവയെ നമുക്ക് ഒരു പരിധിവരെ തിരിച്ചറിയാനും പ്രതിരോധിക്കാനും ഒഴിഞ്ഞുമാറാനും ഒക്കെ സാധിക്കും. എന്നാൽ ആന്തരികമായവയെ പലപ്പോഴും അവസാന ഘട്ടങ്ങളിൽ മാത്രമാണ് തിരിച്ചറിയുന്നത്. അവയെ പ്രതിരോധിക്കാനോ ഒഴിഞ്ഞു മാറാനോ എപ്പോഴും സാധിക്കാറുമില്ല.
കേരളത്തിലെ സഭയെ സംബന്ധിച്ചും ഇതു വളരെ പ്രസക്തമാണ്. സഭയുടെ ബാഹ്യശത്രുക്കളെക്കുറിച്ച് നമുക്ക് പലപ്പോഴും വ്യക്തമായ ധാരണയുണ്ട്. കമ്യൂണിസം, നിരീശ്വരവാദം, പൊളിറ്റിക്കൽ ഇസ്ലാം, തീവ്രഹിന്ദുത്വ നിലപാടുകൾ, പെന്തക്കോസ്തുകാരുടെയും മറ്റും അബദ്ധപ്രബോധനങ്ങൾ എന്നിവയെക്കുറിച്ച് നമ്മൾ കാര്യമായി മനസിലാക്കുകയും പ്രതിരോധിക്കാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ ഈ ബാഹ്യ ശത്രുക്കളെക്കാൾ കൂടുതലായി സഭയെ തളർത്തുന്നതും നമ്മൾ പലപ്പോഴും തിരിച്ചറിയാതെ പോകുന്നതും തിരിച്ചറിഞ്ഞാൽ തന്നെ പ്രതിരോധിക്കാൻ സാധിക്കാതെ പോകുന്നതുമായ ഒരു ആന്തരിക ശത്രുവുണ്ട്-അതാണ് ലിബറലിസം.
ലിബറലിസം സഭയ്ക്കുള്ളിലേക്ക് കടന്നുവന്നിരിക്കുന്നത് ഒരു ശത്രുവിന്റെ രൂപത്തിലല്ല ഒരു മിത്രത്തിന്റെ രൂപത്തിലാണ്. അത് കാര്യങ്ങളെ അവതരിപ്പിക്കുന്നത് നെഗറ്റീവായിട്ടല്ല പോസിറ്റീവായിട്ടാണ്. അത് ഒന്നിനെയും നിഷേധിക്കുന്നില്ല പകരം ഇതുകൂടി ആയാലെന്താണ് എന്ന സമീപനമാണ് സ്വീകരിക്കുന്നത്. അത് ആരോടും ക്രൂരതയോ വിദ്വേഷമോ ഒന്നും പ്രകടിപ്പിക്കുന്നില്ല. പകരം ക്രിസ്തീയ മൂല്യങ്ങളായ സ്‌നേഹം, ക്ഷമ, കാരുണ്യം തുടങ്ങിയവ എടുത്തണിയുകയാണ് ചെയ്യുന്നത്.
അത്, വിവാഹത്തിന് തുല്യമായി ലിവിംഗ് ടുഗതറിനെ അവതരിപ്പിക്കും; സ്ത്രീപുരുഷ വിവാഹത്തിന് സമാനമായി സ്വവർഗ വിവാഹത്തെ മുമ്പോട്ടു വയ്ക്കും; വനിതാ പൗരോഹിത്യത്തെ സ്ത്രീ സ്വാതന്ത്ര്യത്തിന്റെ ഉന്നതതലമായി ചൂണ്ടിക്കാണിക്കും; ക്രിസ്തീയമത ചിഹ്നങ്ങളെ വികൃതമായി ചിത്രീകരിച്ചിട്ട് ആവിഷ്‌കാര സ്വാതന്ത്ര്യം എന്നു പേരുവിളിക്കും; കൂദാശകൾ പോലും തമാശയാക്കും; ഫ്രീ ലൈഫ്, ഫ്രീ സെക്‌സ്, മോഡേണിസം, അൾട്രാഫെമിനിസം, മിശ്രവിവാഹം തുടങ്ങിയ ആശയങ്ങൾ നമ്മുടെ മുമ്പിൽ മനോഹരമായി അവതരിപ്പിക്കും. ഇവയെയൊക്കെ അനുകൂലിക്കുന്നവർ മാത്രം സ്‌നേഹം, കരുണ, ക്ഷമ, സഹിഷ്ണുത തുടങ്ങിയ ക്രിസ്തീയ മൂല്യങ്ങൾ പുലർത്തുന്നവരും എതിർക്കുന്നവർ ഫ്യൂഡലിസത്തിന്റെ പ്രേതങ്ങളും വിക്ടോറിയൻ കാലഘട്ടത്തിന്റെ അവശിഷ്ടങ്ങളുമായി മാറുകയും ചെയ്യും.
ഈശോയാണ് ഏറ്റവും വലിയ ലിബറൽ എന്നുവാദിക്കുകയും അത് സ്ഥാപിക്കാനായി
ചില ബൈബിൾ വാക്യങ്ങളും കൊണ്ടുവരുകയും ചെയ്യും. ഈശോയുടെ ദൈവത്വത്തേക്കാൾ ഹ്യൂമനിസമാണ് പ്രധാനപ്പെട്ടതെന്ന് ഇവർ പ്രചരിപ്പിക്കുന്നു. ഇത്തരത്തിൽ, കുടുംബ സംവിധാനത്തെയും ക്രിസ്തീയ മൂല്യങ്ങളെയും സഭയെത്തന്നെയും കടക്കാൻ കഴിവുള്ള ലിബറലിസം സഭയ്ക്കുള്ളിൽ കടന്നുകൂടിയിട്ട് കാലങ്ങളായി. അത് ഒരു ക്യാൻസർ എന്നപോലെ സഭയുടെ മജ്ജയും മാംസവും കാർന്നുതിന്നുകൊണ്ടിരിക്കുന്നു. കുറെയധികം വൈദികരെയും സന്ന്യസ്തരെയും അത്മായ നേതാക്കളെയുമൊക്കെ അറിഞ്ഞോ അറിയാതെയോ ലിബറലിസം ബാധിച്ചു കഴിഞ്ഞിരിക്കുന്നു. ഇക്കൂട്ടർ സോഷ്യൽ മീഡിയയും മാധ്യമങ്ങളും സമർത്ഥമായി ഉപയോഗിക്കുന്നു.
ഈ ലിബറൽ സ്വാധീനം യഥാസമയം തിരിച്ചറിയാനോ പ്രതിരോധിക്കാനോ നേതൃത്വ
ത്തിൽ ഉള്ളവർക്കുപോലും സാധിക്കുന്നില്ല. ഇന്ന് സാത്താൻ സേവയുടെ ഭാഗമായി മാറിയിരിക്കുന്ന ഹാലോവിൻ ആഘോഷങ്ങൾ സഭയുടെ തന്നെ കലാലയങ്ങളിൽ അരങ്ങേറിയത് അതിന്റെ പ്രകടമായ തെളിവാണ്. ഇവിടെ സന്യാസത്തെയും ക്രൈസ്തവ പ്രതീകങ്ങളെയും അപമാനിക്കാനുള്ള ശ്രമങ്ങൾ തിരിച്ചറിയാൻ സാധിച്ചില്ല എന്നത് നമ്മുടെ കണ്ണുതുറപ്പിക്കണം. നമ്മുടെ ജാഗ്രത പുറമേ നിന്നുള്ള ആക്രമണങ്ങളെക്കുറിച്ച് മാത്രം പോരെന്നും ഉള്ളിൽനിന്നും ദുർബലമാക്കുന്ന ചിന്താപദ്ധതികളെ തിരിച്ചറിയാനും അവയുടെ സ്വാധീനത്തെക്കുറിച്ച് ശക്തമായ മുൻകരുതൽ എടുക്കേണ്ടത് അത്യാവശ്യമാണെന്നും ഇത്തരം സംഭവങ്ങൾ തെളിയിക്കുന്നു.