തിയത്തീറായിലെ സഭയ്ക്ക് (2,18-29)
പെര്‍ഗാമോസില്‍നിന്ന് ഏകദേശം 70 കിലോമീറ്റര്‍ ദൂരെ തെക്കു കിഴക്കായി സ്ഥിതിചെയ്യുന്ന സ്ഥലമാണ് തിയത്തീറാ. വിവിധങ്ങളായ കൈത്തൊഴിലുകള്‍ക്ക് പ്രസിദ്ധിയാര്‍ജ്ജിച്ച ഒരു പട്ടണമായിരുന്നു തിയത്തീറാ. ‘അഗ്നിനാളങ്ങള്‍പോലെ മിഴികളും പിച്ചളപോലെ പാദങ്ങളുമുള്ള ദൈവപുത്രന്‍’ (2,18) എന്നാണ് ഇവിടെ മിശിഹായെ വിശേഷിപ്പിക്കുന്നത്. മനുഷ്യന്റെ വികാരവിചാരങ്ങളെ കൃത്യമായി കാണാന്‍ കഴിയുന്നവയാണ് അഗ്നിനാളം പോലുള്ള കണ്ണുകള്‍. മിശിഹായെ ‘ദൈവപുത്രന്‍’ എന്ന് ഇവിടെമാത്രമേ വിശേഷിപ്പിക്കുന്നുള്ളു. മിശിഹാ എല്ലാം കാണുന്നവനാണ് എന്ന സൂചനയാണ് ഇതു നല്കുന്നത്.
പ്രശംസയും കുറ്റപ്പെടുത്തലും: വലിയ പ്രശംസ നല്കിക്കൊണ്ടാണ് കത്ത് ആരംഭിക്കുന്നത്. സഭാംഗങ്ങളുടെ വിശ്വാസവും സ്‌നേഹവും ദീര്‍ഘമായ സഹനവും ഈശോയുടെ പ്രശംസയ്ക്കു വിഷയമാകുന്നു (2,19). എങ്കിലും സഭയ്‌ക്കെതിരായി കുറ്റാരോപണവും നടത്തുന്നുണ്ട്: ‘പ്രവാചികയെന്ന് അവകാശപ്പെടുകയും വ്യഭിചാരം ചെയ്യാനും വിഗ്രഹങ്ങള്‍ക്കര്‍പ്പിച്ചവ ഭക്ഷിക്കാനും എന്റെ ദാസരെ പഠിപ്പിക്കുകയും വശീകരിക്കുകയും ചെയ്യുന്ന ജസെബല്‍ എന്ന സ്ത്രീയോട് നീ സഹിഷ്ണുത കാണിക്കുന്നു’ (2,20). ഇസ്രായേല്‍ജനത്തെ വിഗ്രഹാരാധനയ്ക്കു പ്രേരിപ്പിച്ച കുപ്രസിദ്ധയായ രാജ്ഞിയാണ് ആഹാബിന്റെ ഭാര്യയായ ജസെബല്‍ (1 രാജാ 16,31-32; 18,1-19,3). ദൈവജനം വിഗ്രഹാരാധനയിലേക്കും അധാര്‍മ്മികതയിലേക്കും നീങ്ങുന്ന പ്രത്യേക സാഹചര്യമാണ് ഇവിടെ സൂചിപ്പിക്കുന്നത്. അനുതപിക്കാന്‍ അവസരം നല്കിയിട്ടും അതു കൂട്ടാക്കാതെ അവരുടെ നിലപാടില്‍ തുടരുന്നതിനെയാണ് ഈശോ ശാസിക്കുന്നത് (2,21). മാനസാന്തരത്തിനുള്ള ആഹ്വാനങ്ങളെ അവഗണിച്ച് മുന്നോട്ടുപോകുന്നത് ശിക്ഷാവിധിക്കു കാരണമായിത്തീരും. വലിയ ഞെരുക്കവും അവസാനം മരണവുമാണ് ഇവര്‍ക്കു മുന്നറിയിപ്പായി നല്കുന്ന ശിക്ഷ. അതായത് ജീവിതത്തില്‍ സ്വര്‍ഗ്ഗത്തിന്റെ മുന്നാസ്വാദനം അനുഭവിക്കാന്‍ സാധിക്കാത്ത അവസ്ഥയും അവസാനം നിത്യനാശവും. വിശ്വാസത്തില്‍ വിശ്വസ്തതയോടെ ജീവിച്ചവരോട് സത്യവിശ്വാസത്തിലുള്ള നിലനില്പാണ് ആവശ്യപ്പെടുന്നത് (2,24-25).
സമ്മാനവാഗ്ദാനം: വിശ്വസ്തതയോടുകൂടി വിശ്വാസം സംരക്ഷിച്ചവര്‍ക്കും അതില്‍
നിലനിന്നവര്‍ക്കും മിശിഹാ സമ്മാനമായി നല്കുന്നത് തനിക്കു പിതാവില്‍നിന്നു ലഭിച്ച അധികാരമാണ്. അതായത്, തന്റെ സ്വര്‍ഗ്ഗീയ മഹത്ത്വത്തിലുള്ള പങ്കുചേരലാണ് മിശിഹാവാഗ്ദാനം ചെയ്യുന്നത്. അതോടൊപ്പം ‘പുലര്‍കാല നക്ഷത്ര’വും അവര്‍ക്ക് വാഗ്ദാനം ചെയ്യുന്നുണ്ട് (2,28). ‘പുലര്‍കാല നക്ഷത്രം’ ഈശോ തന്നെയാണ് (വെളി 22,16). അതായത്, അവസാനംവരെ വിശ്വാസത്തില്‍ വിശ്വസ്തതയോടുകൂടി നിലനില്ക്കുന്നവര്‍ക്ക് ഈശോയുടെ മഹത്ത്വത്തില്‍ ഭാഗഭാഗിത്വംമാത്രമല്ല,
ഈശോയുമായുള്ള വേര്‍പെടുത്താനാവാത്ത, നിത്യമായ ഐക്യവും സാധ്യമാകും.