ബൈബിള്‍ കഥാസാഗരം – 13 ജോസഫും സഹോദരന്മാരും

ജോൺ ജെ. പുതുച്ചിറ

കാനാന്‍ ദേശത്തും ക്ഷാമം പടര്‍ന്നു. ഈജിപ്തില്‍ ധാരാളം ധാന്യമുണ്ടെന്നറിഞ്ഞ യാക്കോബ് അവിടെ പോയി ധാന്യം വാങ്ങിക്കൊണ്ടുവരാന്‍ മക്കളോട് പറഞ്ഞു. ബഞ്ച
മിന്‍ എന്ന പുത്രനെ മാത്രം യാക്കോബ് അവരോടൊപ്പം അയച്ചില്ല.

ജോസഫ് ആയിരുന്നുവല്ലോ ഈജിപ്തിലെ അധികാരി. വിതരണത്തിന്റെ ചുമതലയും അവനായിരുന്നു. ജോസഫിന്റെ സഹോദരന്മാര്‍ വന്ന് അവനെ താണുവണങ്ങി തങ്ങ
ളുടെ ആഗമനോദ്ദേശം അറിയിച്ചു. വര്‍ഷങ്ങള്‍ക്കുശേഷമുള്ള കൂടിക്കാഴ്ചയായിരു
ന്നിട്ടും ജോസഫ് തന്റെ സഹോദരന്മാരെ തിരിച്ചറിഞ്ഞു. എന്നാല്‍ അവന്‍ തികച്ചും അപരിചിതരോടെന്നവണ്ണമാണ് അവരോട് പെരുമാറിയത്. മാത്രമല്ല വളരെ പരുഷമായി സംസാരിക്കുകയും ചെയ്തു.

ജോസഫ് തന്റെ സഹോദരന്മാരെ തിരിച്ചറിഞ്ഞു എങ്കിലും അവര്‍ക്ക് അവനെ മനസ്സി
ലായില്ല. ജോസഫ് അവര്‍ രാജ്യത്തിന്റെ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ എത്തിയ ചാരന്മാരാണെന്ന് ആരോപിച്ചു അവരെ തടങ്കലിലാക്കി.

മൂന്നാം ദിവസം ജോസഫ് അവരെ ഇങ്ങനെ അറിയിച്ചു. ‘സത്യസന്ധത തെളിയിക്കുവാന്‍ നിങ്ങളില്‍ ഒരുവന്‍ ഇവിടെ തടങ്കലില്‍ കഴിഞ്ഞതിനുശേഷം ബാക്കിയുള്ളവര്‍ ധാന്യവുമായി നാട്ടിലേക്ക് പോകട്ടെ. നിങ്ങളുടെ പിതാവിനോടൊപ്പം കഴിയുന്നുവെന്ന് പറയുന്ന ഇളയ സഹോദരനെ എന്റെ പക്കല്‍ കൊണ്ടുവരൂ. അപ്പോള്‍ നിങ്ങള്‍ പറയുന്നത് സത്യമെന്ന് ഞാന്‍ വിശ്വസിക്കാം.’

അവര്‍ അതിന് സമ്മതം മൂളി. പണ്ടണ്ട് തങ്ങള്‍ ജോസഫിനോട് ചെയ്ത പ്രവൃത്തികളുടെ
ഫലമാണ് ഇപ്പോള്‍ അനുഭവിക്കുന്നതെന്ന് അവര്‍ പരസ്പരം പറഞ്ഞു. എന്നാല്‍ അധി
കാരിയായ ആ മനുഷ്യന്‍ തങ്ങളുടെ സഹോദരനായ ജോസഫാണെന്ന് അവര്‍ അപ്പോഴും തിരിച്ചറിഞ്ഞില്ല. കാരണം ഒരു ദ്വിഭാഷിയുടെ സഹായത്തോടെയാണ് അവര്‍ ജോസഫുമായി സംസാരിച്ചതു തന്നെ.

അധികാരിയായ ജോസഫിന്റെ കല്പന പ്രകാരം ഭൃത്യര്‍ അവരില്‍ ഒരാളായ ശിമയോനെ ബന്ധനസ്ഥനാക്കി. പിന്നീട് അവരുടെ ചാക്കുകളില്‍ ധാന്യം നിറയ്ക്കുവാനും ഓരോരുത്തരുടെ ചാക്കിലും അവനവന്റെ പണം തിരികെവയ്ക്കുവാനും ജോസഫ് കല്‍പ്പിച്ചു. ഭൃത്യര്‍ അപ്രകാരം ചെയ്തു.

മടക്കയാത്രാ വേളയില്‍ കഴുതയ്ക്കു തീറ്റകൊടുക്കുവാന്‍ അവരില്‍ ഒരാള്‍ ചാക്ക് തുറന്നപ്പോള്‍ താന്‍ കൊടുത്ത പണം ചാക്കിന്റെ മുകള്‍ഭാഗത്ത് ഇരിക്കുന്നത് കണ്ടണ്ടു. അത് അവരെ കൂടുതല്‍ ഭയചകിതരാക്കി.

കാനാന്‍ ദേശത്ത് തങ്ങളുടെ പിതാവായ യാക്കോബിന്റെ അടുത്ത് തിരിച്ചെത്തിയപ്പോള്‍ നടന്നതെല്ലാം അവര്‍ അവനോട് പറഞ്ഞു. ചാക്കഴിച്ചു ധാന്യം കുടഞ്ഞപ്പോള്‍ ഓരോരുത്തരുടെയും പണക്കിഴി അവനവന്റെ ചാക്കിലുണ്ടായിരുന്നു. അക്കാഴ്ച അവരെയെല്ലാം കൂടുതല്‍ ഭയപ്പെടുത്തി.

യാക്കോബ് വിലപിച്ചു. ഇളയമകനായ ബഞ്ചമിനെ ഈജിപ്തിലേക്കു പറഞ്ഞയക്കുവാന്‍ അയാള്‍ തയ്യാറായില്ല.

നാട്ടില്‍ ക്ഷാമം കൊടുമ്പിരികൊള്ളുകയും ഈജിപ്തില്‍ നിന്നു കൊണ്ടുവന്ന ഭക്ഷ്യധാന്യങ്ങള്‍ തീരുകയും ചെയ്തപ്പോള്‍ വീണ്ടും ധാന്യം വാങ്ങുവാന്‍ വിദേശത്തേക്ക് പോകുവാന്‍ യാക്കോബ് അവരോട് ആവശ്യപ്പെട്ടു. എന്നാല്‍ ഇളയ സഹോദരനായ ബഞ്ചമിനെക്കൂടാതെ അവിടേക്ക് പോയിട്ട് കാര്യമില്ലെന്ന് അവരെല്ലാം ഒറ്റക്കെട്ടായി പിതാവിനെ അറിയിച്ചു.

ഒടുവില്‍ ഇളയവനായ ബഞ്ചമിനെ അവരുടെ കൂടെ വിട്ടയയ്ക്കുവാന്‍ ആ പിതാവ്
തയ്യാറായി. കഴിഞ്ഞ തവണ മടക്കിത്തന്നതുള്‍പ്പെടെ ഇരട്ടിപ്പണവും വിശിഷ്ട സമ്മാനങ്ങളുമായി അവര്‍ ഈജിപ്തില്‍ ജോസഫിന്റെ മുന്നില്‍ ഹാജരായി.

ജോസഫ് വീട്ടുകാര്യസ്ഥനെ വിളിച്ച് അവര്‍ക്ക് ഒരു മൃഗത്തെക്കൊന്നു വിശിഷ്ടമായ സദ്യ ഒരുക്കുവാന്‍ ആവശ്യപ്പെട്ടു. അവര്‍ ഇന്നുച്ചയ്ക്ക് തന്നോടൊപ്പം ആയിരിക്കും ഭക്ഷണം കഴിക്കുന്നതെന്നും പറഞ്ഞു.

ജോസഫ് വീട്ടില്‍ വന്നപ്പോള്‍ അവര്‍ തങ്ങളുടെ പക്കലുണ്ടായിരുന്ന സമ്മാനങ്ങള്‍ അവനു നല്‍കി. അവന്‍ അവരുടെ പിതാവിന്റെ ക്ഷേമാന്വേഷണം നടത്തി. ഇളയ
സഹോദരനായ ബഞ്ചമിനെ കണ്ടപ്പോള്‍ അവന്‍ വികാരാധീനനായി. ആരും കാണാതെ കണ്ണീരൊഴുക്കി. സ്വയം വെളിപ്പെടുത്താതെയാണെങ്കിലും സഹോദരന്മാരോടൊപ്പം ഭക്ഷണം കഴിച്ചു.

ജോസഫ് വീട്ടുകാര്യസ്ഥനെ വിളിച്ച് അവരുടെ ചാക്കുകള്‍ നിറയെ ധാന്യം നിറയ്ക്കു
വാനും, ഓരോരുത്തരുടെയും പണം ചാക്കിന്റെ മുകള്‍ഭാഗത്ത് തിരികെ വയ്ക്കുവാനും പറഞ്ഞു. ഇളയവനായ ബഞ്ചമിന്റെ ചാക്കിന്റെ മുകള്‍ഭാഗത്ത് പണത്തോടൊപ്പം തന്റെ വെള്ളിക്കപ്പും വയ്ക്കുവാന്‍ ആവശ്യപ്പെടുകയും അവര്‍ അപ്രകാരം ചെയ്യുകയും ചെയ്തു.

അവര്‍ മടക്കയാത്ര തുടങ്ങി. എന്നാല്‍ അവര്‍ നഗരം വിടുന്നതിനുമുമ്പ് സേവകരെ
അയച്ചു മോഷണക്കുറ്റം ആരോപിച്ച് അവരെ പിടികൂടുകയും വീണ്ടും ജോസഫിന്റെ മുമ്പില്‍ ഹാജരാക്കുകയും ചെയ്തു. തങ്ങള്‍ നിരപരാധികള്‍ ആണെന്ന വാദം ജോസഫ് അംഗീകരിച്ചില്ല. ബെഞ്ചമിനെ അവിടെ തടവില്‍ പാര്‍പ്പിച്ചശേഷം മറ്റുള്ളവര്‍ മടങ്ങിക്കൊള്ളാന്‍ ജോസഫ് അനുമതി നല്‍കി.

അവനെ തടങ്കലില്‍ പാര്‍പ്പിച്ചാല്‍ പിതാവായ യാക്കോബ് ഹൃദയം പൊട്ടി മരിക്കു
മെന്ന് സഹോദരങ്ങളില്‍ ഒരുവനായ യൂദാ അധികാരിയോടു പറഞ്ഞു. അതിനാല്‍ ബാലനുപകരം തന്നെ അടിമയായി സ്വീകരിക്കണമെന്ന് യൂദാ അവനോട് കേണപേക്ഷിച്ചു.

ഇത്രയുമായപ്പോഴേക്കും ജോസഫും വികാരാധീനനായി. സഹോദരന്മാര്‍ക്കു മുന്നില്‍ തന്നെത്തന്നെ വെളിപ്പെടുത്തുവാന്‍ സമയമായെന്ന് അവന് മനസ്സിലായി.