അര്‍ണോസ് പാതിരി

0
28
ബിനു വെളിയനാടൻ

ആത്മാവില്‍ കവിതയുള്ള അസാധാരണ പ്രതിഭയും ജര്‍മന്‍ മിഷനറിയുമായിരുന്നു അര്‍ണോസ് പാതിരി. 1701 ലാണ് ജോണ്‍ ഏര്‍ണെസ്തൂസ് ഹാങ്‌സില്‍ഡണ്‍ എന്ന അര്‍ണോസ് പാതിരി കേരളത്തിലെത്തുന്നത്. അമ്പഴക്കാട്ടു സെമിനാരിയില്‍ വൈദികപഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം 1707 ല്‍ പൗരോഹിത്യം സ്വീകരിച്ചു. തുടര്‍ന്ന് കുറേക്കാലം മധ്യകേരളത്തില്‍ പ്രേഷിത പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. ഇക്കാലഘട്ടത്തില്‍ സംസ്‌കൃതവും മലയാളവും പഠിച്ചു. വേലൂര്‍ പള്ളിയില്‍ വികാരിയായിരിക്കെ അവിടെ ദൈവാലയം പണിയുകയും പിന്നീട് പാഴൂരിലും വികാരിയായി സേവനം ചെയ്തു. 1732 മാര്‍ച്ച് 20 ന് മരണമടഞ്ഞ അദ്ദേഹത്തിന്റെ മൃതദേഹം പാഴൂര്‍ പള്ളിയിലാണ് സംസ്‌കരിച്ചിരിക്കുന്നത്.

സര്‍ഗ്ഗാത്മകസാഹിത്യരചന മാതൃഭാഷയില്‍ മാത്രമേ സാധിക്കൂ എന്നതാണു പൊതു
വായ ധാരണ. അന്യഭാഷകളില്‍ പാണ്ഡിത്യം നേടിയാല്‍ പ്രതിഭാശാലിയായ ഒരാള്‍ക്ക് കുറേ വൈജ്ഞാനികകൃതികള്‍ രചിക്കാന്‍ കഴിഞ്ഞേക്കും. എന്നാല്‍ അന്യഭാഷയില്‍ സാഹിത്യരചനകള്‍ സൃഷ്ടിക്കുക എന്നത് മലയാളത്തില്‍ അര്‍ണോസ് പാതിരിക്കു മാത്രം സാധിച്ച അപൂര്‍വ്വനേട്ടമാണ്.

പാതിരിയുടെ കൃതികളില്‍ ഏറ്റവും പ്രചുരപ്രചാരം നേടിയതും ഇന്നും വിശ്വാസികളെയും കാവ്യാസ്വാദകരെയും ആകര്‍ഷിക്കുന്നതുമായ കൃതിയാണ് ‘പുത്തന്‍പാന’ എന്ന ദീര്‍ഘകാവ്യം. മലയാള സാഹിത്യചരിത്രത്തില്‍ ഇടം നേടിയ ആദ്യ ബൈബിള്‍കാവ്യമാണിത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യദശകം വരെ മലയാളഭാഷയില്‍ ബൈബിള്‍ ലഭ്യമല്ലായിരുന്നല്ലൊ. മലയാളികള്‍ ആദ്യം ബൈബിള്‍ പരിചയപ്പട്ടത് പുത്തന്‍പാന വഴിയാണെന്നുപറയാം. പുത്തന്‍പാന എന്നപേരില്‍ അറിയപ്പെടുന്ന ‘കൂദാശപ്പാന’, മനുഷ്യന്റെ നാലുവിധ അന്ത്യഘട്ടങ്ങള്‍ ആവിഷ്‌കരിക്കുന്ന മരണപര്‍വ്വം, വിധിപര്‍വ്വം, നരകപര്‍വ്വം, മോക്ഷപര്‍വ്വം എന്നീ നാലു പര്‍വ്വങ്ങള്‍ അടങ്ങുന്ന ‘ചതുരന്ത്യം’, പരിശുദ്ധ കന്യാമറിയത്തിന്റെ ജീവചരിത്രം കാവ്യരൂപത്തില്‍ അവതരിപ്പിക്കുന്ന ‘ഉമ്മാപര്‍വ്വം’, മലയാളത്തിലെ ആദ്യ വിലാപകാവ്യമായ ‘ഉമ്മാടെ ദുഃഖം’, ‘വ്യാകുലപ്രബന്ധം’, ആദ്യമലയാള ഖണ്ഡകാവ്യമായ ‘ജനോവാപര്‍വ്വം’ എന്നിവയാണ് പാതിരിയുടെ കാവ്യരചനകള്‍.

മരണസമയമടുത്ത ഒരു മനുഷ്യന്റെ ഹൃദയവികാരങ്ങളുടെ ആവിഷ്‌കാരമാണു ‘മരണപര്‍വ്വം’. മലയാളത്തില്‍ ഇദം പ്രഥമമായി മരണമെന്ന ജീവിതാനുഭവം കാവ്യവിഷയമാക്കിയത് അര്‍ണോസ് പാതിരിയാണ്. ബൈബിള്‍കഥയുടെ സംഗൃഹീത പുനരാഖ്യാനമാണു പുത്തന്‍പാന. ഭൗതിക ജീവിതത്തെക്കുറിച്ചുള്ള ക്രൈ
സ്തവ ദര്‍ശനങ്ങളും മരണാനന്തര ജീവിതത്തെക്കുറിച്ചുള്ള പരമ്പരാഗത ക്രൈസ്തവധാര
ണകളും മലയാളികള്‍ ആദ്യം പരിചയപ്പെടുന്നത് പാതിരിയുടെ ‘ചതുരന്ത്യ’ത്തിലൂടെയാണ്.

അച്ചടിവിദ്യ അപരിചിതമായിരുന്ന ആ കാലഘട്ടത്തില്‍ അര്‍ണോസ് പാതിരിയുടെ
കൃതികള്‍ കേരളത്തില്‍ എല്ലായിടത്തും എത്തിയിരുന്നു. അവയെല്ലാം താളിയോല പതിപ്പുകളായിരുന്നു. ക്രൈസ്തവരുടെ ഭവനങ്ങളില്‍ മാത്രമല്ല സാഹിത്യതല്‍പ്പരരായ ഹൈന്ദവ തറവാടുകളിലും ‘കൂദാശപ്പാന’ ഇടംപിടിച്ചിരുന്നു. പാതിരി ജീവിച്ചിരിക്കെ തയ്യാറാക്കിയ പുത്തന്‍പാനയുടെ ഒരു താളിയോലപ്പകര്‍പ്പ് കണ്ടുകിട്ടിയത് കുറിച്ചിത്താനം മഠം നമ്പൂതിരിമാരുടെ ഇല്ലത്തുനിന്നാണ്.

കേരളക്രൈസ്തവര്‍ക്ക് എക്കാലവും അഭിമാനിക്കുകയും പിന്തുടരുകയും ചെയ്യാവുന്ന
കാവ്യപൈതൃകം സമ്മാനിച്ച മഹാനായ കവിയാണ് അര്‍ണോസ് പാതിരി. ക്രൈസ്തവ-
ഭാരതീയ സംസ്‌കാരങ്ങളുടെ സമന്വയ വേദികൂടിയാണ് അദ്ദേഹത്തിന്റെ കാവ്യങ്ങള്‍. ബൈബിള്‍ ആദ്യമായി മലയാളത്തില്‍ അവതരിപ്പിച്ചു എന്നതു മാത്രമല്ല പാതിരിയെ ശ്രദ്ധേയനാക്കുന്നത്. ഉന്നതമായ കാവ്യമൂല്യമുള്ള രചനകള്‍ കൂടിയാണവ.

ആദ്യ വിലാപകാവ്യകാരന്‍, ആദ്യ ജീവചരിത്രകാവ്യകാരന്‍, ആദ്യ ഖണ്ഡകാവ്യരചയിതാവ് എന്നീ ബഹുമതികള്‍ അദ്ദേഹത്തിന് അവകാശപ്പെട്ടതാണെങ്കിലും വിസ്മയകരമായ ആ കവിത്വത്തെയും കാവ്യജീവിതത്തെയും അര്‍ഹമായ വിധത്തില്‍ അംഗീകരിക്കാന്‍ മലയാളത്തിലെ മുഖ്യധാരാസാഹിത്യം ഇന്നും തയ്യാറായിട്ടില്ല എന്നത് സങ്കടകരമായി നിലനില്‍ക്കുന്നു.