
ഫാ. നൗജിന്‍ വിതയത്തില്‍
മഞ്ഞ് പെയ്യുന്ന രാവില്‍ തെളിഞ്ഞു കത്തുന്ന നക്ഷത്രവിളക്കുകളും ഉയര്‍ന്ന് കേള്‍
ക്കുന്ന ഗ്ലോറിയ ഗീതങ്ങളുമായി വീണ്ടും ഒരു ക്രിസ്മസ് കാലം കൂടി വന്നെത്തുകയാണ്. നാടും നഗരവും രക്ഷകനെ വരവേല്‍ക്കാനായി ഒരുങ്ങുന്ന ദിവസങ്ങള്‍… നോമ്പ് എടുത്തും സുകൃതജപങ്ങള്‍ ചൊല്ലിയും ത്യാഗപ്രവൃത്തികള്‍ ചെയ്തും ഉണ്ണിയെ സ്വീകരിക്കാന്‍ ഹൃദയത്തില്‍ പുല്‍ക്കൂട് ഒരുക്കി കാത്തിരിക്കുന്ന പുണ്യ ദിനങ്ങള്‍…
ഈ ക്രിസ്മസ് കാലവും പിറന്നുവീഴുന്ന രക്ഷകനും നമുക്ക് നല്‍കുന്ന സന്ദേശം എന്താണ്?
പാപം മൂലം തന്നില്‍ നിന്നും അകന്നു പോയ മനുഷ്യനെ രക്ഷിക്കുവാനായി ദൈവം
മനുഷ്യനായി അവതരിച്ചതിന്റെ ഓര്‍മ്മയാണ് ക്രിസ്മസ്. ദൈവ- മനുഷ്യ അനുരഞ്ജനത്തിന്റെ സുദിനം. വിണ്ണ് മണ്ണുമായി പൊരുത്തപ്പെട്ടതിന്റെ ഓര്‍മ്മദിനം. വി.പൗലോസ് ശ്ലീഹാ പറയുന്നുണ്ട് ‘ദൈവം മനുഷ്യന്റെ തെറ്റുകള്‍ അവര്‍ക്കെതിരായി പരിഗണിക്കാതെ ക്രിസ്തുവഴി ലോകത്തെ തന്നോട് തന്നെ രമ്യതപ്പെടുത്തി’ (2 കോറി 5:19). ഈ രമ്യതപ്പെടലിന്റെ ആരംഭം സാധ്യമായത് ക്രിസ്തുവിന്റെ ജനനത്തിലൂടെയാണ് . അതായത് ദൈവം മനുഷ്യനായി രമ്യതപ്പെട്ടതിന്റെആഘോഷമാണ് ക്രിസ്മസ്. അതുകൊണ്ടു തന്നെ ഈ ക്രിസ്മസ്‌ക്കാലം നമുക്ക് മുന്നില്‍വയ്ക്കുന്ന പ്രധാന വെല്ലുവിളിയും അനുരഞ്ജനത്തിന്റേതാണ്.
പല കാരണങ്ങളാല്‍ ബന്ധങ്ങള്‍ മുറിയപ്പെട്ട ഒരു സമൂഹമാണ് നമ്മുടേത്. വഴക്കും
പിടിവാശിയും തെറ്റിദ്ധാരണകളും നമ്മെ പരസ്പരം വല്ലാതെ അകറ്റിക്കളഞ്ഞു. അങ്ങനെ അകന്നുപോയ ബന്ധങ്ങളെ ഒന്നു കൂട്ടിച്ചേര്‍ക്കാന്‍ ഈ ക്രിസ്മസ്
കാലം നമ്മെ ഓര്‍മിപ്പിക്കുന്നുണ്ട്. രമ്യതയിലേക്കുള്ള ഒരുപാട് അവസരങ്ങള്‍ ഒരു
പക്ഷേ ബോധപൂര്‍വ്വമോ അല്ലാതെയോനമ്മള്‍ നഷ്ടപ്പെടുത്തി കളഞ്ഞിരിക്കാം. എങ്കിലും ഈ ക്രിസ്മസ്‌കാലം പരസ്പരമുള്ള അനുരഞ്ജനത്തിന്റെ വേദിയാകണം.
കാരണം ദൈവം മനുഷ്യനുമായി രമ്യതപ്പെട്ടുവെങ്കില്‍ മനുഷ്യന്‍ പരസ്പരം രമ്യതയുടെപാഠം ഉള്‍ക്കൊള്ളേണ്ടിയിരിക്കുന്നു.. വീട്ടുകാരോട്, സുഹൃത്തുക്കളോട് അധികാരികളോട് അനുരഞ്ജനത്തിന്റെ ഭാഷ പ്രകടമാക്കാന്‍ നമുക്ക് പരിശ്രമിക്കാം. ലോകം മുഴുവനും യുദ്ധക്കളമായി മാറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ വെറുപ്പും വിദ്വേഷവും നമ്മുടെ ഹൃദയങ്ങളെ ഭരിച്ചു കൊണ്ടിരിക്കുന്ന ഈ കാലത്ത് രമ്യതയുടെ വെള്ളതിരശ്ശീല ഉയര്‍ത്തിക്കാട്ടി അനുരഞ്ജനത്തിലേക്ക് ഒരു ചുവടു കൂടി അടുക്കാനായി നമുക്കാവണം.
എളിമ: അനുരഞ്ജനത്തിന്റെ ആദ്യപടി
എങ്ങനെയാണ് അനുരഞ്ജനം സാധ്യമാവുക അതിന് ദൈവം തന്നെ കാണിച്ചു തരുന്ന രണ്ട് മാതൃകകള്‍ ഉണ്ട്. ഒന്ന് അനുരഞ്ജനത്തിന്റെ ആദ്യപടി അവന്‍ തന്നില്‍ നിന്നും തന്നെ തുടങ്ങി എന്നതാണ്. അതായത് പാപം മൂലം തന്നില്‍ നിന്നും അകന്നു പോയ
വരെ ഒന്നിപ്പിക്കാന്‍ ദൈവം തന്നെ മുന്നിട്ടിറങ്ങി. ഒരു പ്രശ്നം പരിഹരിക്കാന്‍ ആര്
ആദ്യം മുന്നിട്ടിറങ്ങും എന്നുള്ളതാണ് നമ്മെ കുഴപ്പിക്കുന്ന ചോദ്യം. അവന്‍ ആദ്യം വിളിക്കട്ടെ, അവള്‍ ആദ്യം മെസ്സേജ് അയക്കട്ടെ, അവര്‍ ആദ്യം വീട്ടില്‍ വരട്ടെ എന്നിങ്ങനെയുള്ള ചില പിടിവാശികളാണ് പലപ്പോഴും പല ബന്ധങ്ങളും കൂടിച്ചേരാന്‍ തടസ്സമായി നമുക്ക് മുന്നില്‍ നില്‍ക്കുന്നത്. എന്നാല്‍ മനുഷ്യനെ രമ്യതപ്പെടുത്താന്‍ ദൈവം തന്നെ മുന്നിട്ടിറങ്ങി എന്നതിന്റെ സദ്വാര്‍ത്തയാണ് ക്രിസ്മസ്. അതുകൊണ്ടു അനുരഞ്ജനത്തിന്റെ ആദ്യപടി നമ്മില്‍ നിന്നും ആരംഭിക്കണം. രണ്ടാമതായി അത്തരം ഒരു അനുരഞ്ജനം സാധ്യമാകാനായി ദൈവം സ്വയം എളിമപ്പെട്ടു എന്നുള്ളതാണ് സവിശേഷത. ഫിലിപ്പിയര്‍ക്ക് എഴുതിയ കത്തില്‍ പൗലോസ് ശ്ലീഹാ അതു വ്യക്തമാക്കുന്നുണ്ട് ‘ദൈവത്തിന്റെ രൂപത്തില്‍ ആയിരുന്നുവെങ്കിലും അവന്‍ ദൈവവുമാ യുള്ള സമാനത നിലനിര്‍ത്തേണ്ട കാര്യമായിപരിഗണിക്കാതെ തന്നെത്തന്നെ താഴ്ത്തി ദാസന്റെ രൂപം സ്വീകരിച്ച് മനുഷ്യരുടെ സാദൃശ്യത്തില്‍ ആയിത്തീര്‍ന്നു’ (ഫിലിപ്പി 2 :7). ശൂന്യവല്‍ക്കരണത്തിന്റെയും എളിമപ്പെടലിന്റെയും പാതയിലൂടെ ദൈവം നടന്നതുകൊണ്ടാണ് അനുരഞ്ജനം സാധ്യമായത്. അതുകൊണ്ട് രമ്യതയുടെ മാര്‍ഗം പിന്തുടരുവാന്‍ ആഗ്രഹിക്കുന്നവന്‍ അതിന്റെ ആദ്യ ചുവടു സ്വയം വയ്ക്കുവാനും ഒപ്പം എളിമ എന്ന പുണ്യം അഭ്യസിക്കുവാനും പരിശ്രമിക്കണം. ‘സകല പുണ്യങ്ങളും കോര്‍ത്തിണക്കിയ പുണ്യമാണ് എളിമ’ എന്നാണ് വി . ജോണ്‍ മരിയ വിയാന്നി പറയുന്നത്. ദൈവം സ്വയം എളിമപ്പെട്ടു ഒരു ശിശുവായി ജനിച്ചതിന്റെ ഓര്‍മ്മ കൂടിയാണ് ക്രിസ്മസ്. ഈശോ കാണിച്ചുതന്ന ഈ സ്വയം ശൂന്യവല്‍ക്കരണ സ്‌നേഹത്തിന്റെ സന്ദേശം (Self Emptying Love) മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കാന്‍ നമുക്കാവണം
സമാധാനം: അനുരഞ്ജനത്തിന്റെ ആദ്യഫലം
അനുരഞ്ജനത്തിന്റെ ഏറ്റവും പ്രധാനഫലം സമാധാനം അല്ലാതെ മറ്റൊന്നുമല്ല.
നമ്മള്‍ ഒരു വ്യക്തിയുമായി വഴക്കിട്ടു എന്ന് കരുതുക. അന്നുമുതല്‍ നമ്മുടെ മനസ്സ് അറിയാതെ അസ്വസ്ഥമാകുന്നു. രമ്യതയിലേക്കുപ്രവേശിക്കുന്നതോടെ മനഃസമാധാനം കൈവരുന്നു. ക്രിസ്തുവിന്റെ വരവോടുകൂടിയാണ് ദൈവ -മനുഷ്യ അനുരഞ്ജനം സാധ്യമാകുന്നത്. അന്നു മുതലാണ് ഭൂമിയില്‍ സമാധാനം കൈവരുന്നത്. അതുകൊണ്ടായിരിക്കാം ഈശോയുടെ ജനന സമയത്ത് മാലാ
ഖമാരും പാടിയത് ‘ഭൂമിയില്‍ ദൈവ കൃപ ലഭിച്ചവര്‍ക്കു സമാധാനം’ (ലൂക്ക 2:14) മിശിഹായുടെവരവാണ് നമ്മുടെ ഹൃദയത്തിലും കുടുംബത്തിലും സമാധാനം ഉളവാക്കുന്നത്. ഇക്കാര്യം പൗലോസ് ശ്ലീഹ എഫേസൂസുകാര്‍ക്കുള്ള തന്റെ കത്തില്‍ സൂചിപ്പിക്കുന്നുണ്ട് ‘അവന്‍ നമ്മുടെ സമാധാനമാണ്. ഇരുകൂട്ടരെയും
അവന്‍ ഒന്നിപ്പിക്കുകയും ശത്രുതയുടെ മതിലുകള്‍ തകര്‍ക്കുകയും ചെയ്തു’ (എഫേ 2:14). ക്രിസ്തുവിനെ ഹൃദയത്തില്‍ സ്വീകരിക്കുക എന്നുള്ളതാണ് അനുരഞ്ജനം സാധ്യമാകാനും സമാധാനം വീണ്ടെടുക്കുവാനുള്ള മാര്‍ഗ്ഗം. കാരണം രക്ഷകന്‍ നല്‍കുന്ന വലിയ സമ്മാനമാണ് സമാധാനം. ദൈവ-മനുഷ്യ അനുരഞ്ജനം സാധ്യമായതിന്റെ ഓര്‍മ്മയാണ് ക്രിസ്മസ്. അതുകൊണ്ട് ഈ ക്രിസ്മസ് കാലത്ത് ദൈവ മനുഷ്യബന്ധങ്ങളിലും മനുഷ്യര്‍ പരസ്പരമുള്ള ബന്ധങ്ങളിലും വന്നു പോയിട്ടുള്ള വിള്ളലുകള്‍ നികത്തി കൊണ്ട് മുന്നേറുവാന്‍ നമുക്ക് പരിശ്രമിക്കാം.
രക്ഷകനെയും അവന്‍ നല്‍കുന്ന സമ്മാനമായ സമാധാനവും സ്വീകരിക്കാന്‍ നമ്മുടെ ഹൃദയങ്ങളെ ഒരുക്കാം.