ഫിഫ ലോകകപ്പ് സ്ഥാപിച്ച കത്തോലിക്കന്‍

സി. സൗമ്യ മുട്ടപ്പിള്ളില്‍ DSHJ

ഏവരും ഏറെ ആവേശത്തോടെ കാണുന്ന ഒരു അന്താരാഷ്ട്ര കായികമത്സരമാണ് ‘ഫിഫ ലോകകപ്പ്.’ ഇന്ന് ലോകം മുഴുവന്‍ ഫുട്‌ബോളിന്റെ ആവേശത്തിലാണ്. എന്നാല്‍, ഒരു ഫ്രഞ്ച് കത്തോലിക്കനാണ് ഈ ടൂര്‍ണമെന്റ് സ്ഥാപിച്ചതെന്ന കാര്യം മിക്കവര്‍ക്കും അറിയില്ല. ജൂള്‍സ് റിമെറ്റ് ആണ് ഫിഫ ലോകകപ്പ് ആരംഭിച്ച വ്യക്തി.

1873 ഒക്ടോബര്‍ 14- ന് ഫ്രഞ്ച് ഗ്രാമമായ തെയുലിയിലാണ് ജൂള്‍സ് റിമെറ്റ് ജനിച്ചത്.
കുട്ടിക്കാലത്ത് അദ്ദേഹം തന്റെ ഇടവക ദൈവാലയത്തിലെ അള്‍ത്താര ബാലനായിരുന്നു. പത്താം വയസില്‍ അദ്ദേഹം പാരീസിലേക്കുപോയി. കാരണം സാമ്പത്തികപ്രതിസന്ധിയുടെ നടുവില്‍ മെച്ചപ്പെട്ട ജീവിതനിലവാരം നേടാനുള്ള ശ്രമത്തിലായിരുന്നു അവന്റെ കുടുംബം.

1891- ലാണ് ലിയോ പതിമൂന്നാമന്‍ പാപ്പാതന്റെ ചാക്രിക ലേഖനമായ ‘റേരും നോവാരും’ പുറത്തിറക്കിയത്. അതില്‍, തൊഴിലാളിവര്‍ഗ്ഗങ്ങള്‍ ജീവിക്കുന്ന ദുരിതപൂര്‍ണ്ണമായ സാഹചര്യത്തെക്കുറിച്ചും തൊഴില്‍പരിഷ്‌കാരങ്ങളുടെ അഭാവത്തെക്കുറിച്ചുമൊക്കെയുള്ള മാര്‍പാപ്പയുടെ ഉത്കണ്ഠ യുവ റിമെറ്റിനും സുഹൃ
ത്തുക്കള്‍ക്കും വെല്ലുവിളിയായി. മാര്‍പാപ്പയുടെ ആഹ്വാനത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട്, പാവപ്പെട്ടവര്‍ക്ക് സാമൂഹികവും ആതുരസേവനവുമായ സഹായം നല്‍കുന്നതിന് അവര്‍ ഒരു സംഘടന സ്ഥാപിച്ചു. ഒരു അഭിഭാഷകനായ ശേഷവും റിമെറ്റ് ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു.

റിമെറ്റിന് സ്‌പോര്‍ട്‌സും ഇഷ്ടമായിരുന്നു. വംശീയതയും സാമൂഹികവിഭാഗീയതയും
പരിഗണിക്കാതെ ആളുകളെ ഒരുമിച്ച് കൊണ്ടുവരാന്‍ കായികവിനോദങ്ങള്‍ക്ക് സാധിക്കുമെന്ന് അദ്ദേഹത്തിന് ഉറച്ച ബോധ്യമുണ്ടായിരുന്നു. 24-ാം വയസില്‍, ‘റെഡ് സ്റ്റാര്‍’ എന്നപേരില്‍ ഒരു സ്‌പോര്‍ട്‌സ് ക്ലബ്ബ് അദ്ദേഹം സ്ഥാപിച്ചു. സാമ്പത്തികസ്ഥിതി പരിഗണിക്കാതെ ആര്‍ക്കും അതില്‍ പ്രവേശനം നല്‍കി.

”ഹൃദയത്തില്‍ വെറുപ്പില്ലാതെയും മുഖത്ത് അപമാനത്തിന്റേതായ ഭാവമില്ലാതെയും മനുഷ്യര്‍ക്ക് ആത്മവിശ്വാസത്തോടെ ഒത്തുചേരാന്‍ കഴിയും” – സ്‌പോര്‍ട്‌സിനെക്കുറി
ച്ചുള്ള തന്റെ കാഴ്ചപ്പാടുകള്‍ പങ്കിടുമ്പോള്‍ അദ്ദേഹം പറയാറുണ്ടായിരുന്നു.

അക്കാലത്ത്, ഫുട്‌ബോള്‍ വളരെ വിലകുറച്ചു കാണപ്പെട്ടിരുന്ന ഒരു കായികയിനമാ
യിരുന്നു. കാരണം അത് താഴ്ന്ന വിഭാഗക്കാര്‍ക്കായുള്ള ഒരു കായികവിനോദമായി കണക്കാക്കപ്പെട്ടിരുന്നു. എന്നിരുന്നാലും റിമെറ്റ്, ഫുട്‌ബോളിനെയും തന്റെ ക്ലബില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു.

1904- ല്‍ റിമെറ്റ്, ഫെഡറേഷന്‍ ഇന്റര്‍നാഷണല്‍ ദി ഫുട്‌ബോള്‍ അസോസിയേഷന്‍ (ഫിഫ) രൂപപ്പെടുത്താന്‍ നേതൃത്വം നല്‍കി. ഒരു അന്താരാഷ്ട്ര ടൂര്‍ണമെന്റ് സംഘടിപ്പിക്കാനും അദ്ദേഹം ആഗ്രഹിച്ചു. എന്നാല്‍ ഒന്നാം ലോകമഹായുദ്ധത്തിന്റെ തുടക്കം അദ്ദേഹത്തിന്റെ പദ്ധതികള്‍ വൈകിപ്പിച്ചു.

നാലു വര്‍ഷത്തോളം യുദ്ധത്തിന്റെ മുന്‍നിരയില്‍ സേവനമനുഷ്ഠിച്ച റിമെറ്റിന്, ധീരകൃത്യങ്ങള്‍ ചെയ്ത് സ്വയം വ്യത്യസ്തരായവര്‍ക്കു നല്‍കുന്ന ഫ്രഞ്ച് സൈനിക ബഹുമതിയായ ക്രോയിക്‌സ് ഡി റെ ലഭിച്ചു. യുദ്ധം അവസാനിച്ചതിനു ശേഷം, 1921- ല്‍ റിമെറ്റ് ഫിഫ പ്രസിഡന്റായി. ഫെഡറേഷന്റെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ കാലയളവായ 33 വര്‍ഷം അദ്ദേഹം പ്രസിഡന്റ് സ്ഥാനത്ത് തുടര്‍ന്നു.

സ്‌പോര്‍ട്‌സിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ആശയങ്ങള്‍ 1930- ല്‍ ലോകകപ്പ് ആരംഭിക്കാന്‍ അദ്ദേഹത്തെ പ്രചോദിപ്പിച്ചു. രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം ഉറുഗ്വേയില്‍ ആദ്യത്തെ ഫുട്‌ബോള്‍ ലോകകപ്പ് ആരംഭിച്ചു. 1930 മുതല്‍ 1970 വരെ ലോകകപ്പ് ഫുട്‌ബോള്‍ ജേതാക്കള്‍ക്ക് ആദ്യ ടൂര്‍ണമെന്റ് സംഘടിപ്പിച്ച ഫിഫ പ്രസിഡന്റ് ജൂള്‍സ് റിമെറ്റിന്റെ ബഹുമാനാര്‍ത്ഥം മറ്റൊരു ട്രോഫിയായിരുന്നു നല്‍
കിയിരുന്നത്. പിന്നീടതിന് മാറ്റം വരുത്തി.

ജൂള്‍സ് റിമെറ്റ് എന്ന ഈ കത്തോലിക്കാ അഭിഭാഷകന്‍ 1954 വരെ ഫിഫയെ നയിച്ചു. 1956- ല്‍ ലോകകപ്പ് സ്ഥാപിച്ചതിന് സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിന് അദ്ദേഹം നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു. 1956- ല്‍ 83-ാം വയസില്‍ ഫ്രാന്‍സില്‍ വച്ച് റിമെറ്റ് അന്തരിച്ചു.