സാമ്പത്തിക സംവരണവും സാമൂഹ്യനീതിയും

മനോരമ ന്യൂസ് ചാനലിൽ സാങ്കേതികവിദഗ്ദ്ധൻ. കാഞ്ഞിരപ്പള്ളി രൂപതയിലെ ചെറുവള്ളി ഇടവകാംഗം. മർത്തോമാ വിദ്യാനികേതനിൽനിന്നും ദൈവശാസ്ത്രത്തിൽ ഡിപ്ലോമ. സഭാവിഷയങ്ങളിൽ ആനുകാലികപ്രസിദ്ധീകരണങ്ങളിൽ എഴുതുന്നുണ്ട്.

സംവരണരഹിത വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക്
കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ 10 ശതമാനം സംവരണത്തെ ബഹുമാനപ്പെട്ട സുപ്രീം കോടതി ശരിവച്ചതോടുകൂടി ഭരണഘടനാശില്പികള്‍ മുന്നോട്ടുവെച്ച സമത്വം എന്ന ആശയം തകര്‍ന്നു പോയേ എന്ന മുറവിളികളുമായി ജാതിവോട്ട് ബാങ്കിന്റെ ഗുണഭോക്താക്കളായ രാഷ്ട്രീയ പാര്‍ട്ടികളും സംവരണം ലോകാവസാനം വരെ തങ്ങളുടെ അവകാശമാണെന്ന് കരുതുന്ന ചില ജാതി മത സംഘടനകളും ഇറങ്ങി തിരിച്ചിട്ടുണ്ട്. ദരിദ്ര സംവരണത്തെ (Reservation for Economically Weaker Sections) മുന്നോക്ക സംവരണം (Reservation for Forward Classes) എന്ന് തെറ്റായി വ്യാഖ്യാനിച്ചുകൊണ്ട് സമൂഹത്തില്‍ തെറ്റിധാരണ പരത്തുകയും ജാതിവെറി ആളിക്കത്തിച്ചുകൊണ്ട് ഇന്‍ഡ്യന്‍ പൗരന്മാരെ ഭിന്നിപ്പിക്കുകയുമാണ് അവരുടെ ലക്ഷ്യം. സംവരണത്തിനായുള്ള മാനദണ്ഡങ്ങള്‍ പലപ്പോഴായി മാറ്റപ്പെടുകയും പല ജാതികളും ഉപജാതികളും സംവരണാര്‍ഹരായി കൂട്ടി ചേര്‍ക്കപ്പെടുകയും ചെയ്തിട്ടുണ്ട്. പട്ടിക ജാതി പട്ടികവര്‍ഗക്കാര്‍ക്കായി മാത്രം വിഭാവനം ചെയ്ത സംവരണം പിന്നാക്ക ജാതികള്‍ എന്ന പേരില്‍ വിവിധ ജാതികളെ ചേര്‍ത്തുകൊണ്ട് ഒ ബി സി പട്ടികയുണ്ടാക്കി സര്‍ക്കാര്‍ ജോലിയും മറ്റാനുകൂല്യങ്ങളും ചില വിഭാഗങ്ങള്‍ക്ക് കുത്തകയാക്കാന്‍ അവസരം ഉണ്ടാക്കി എടുത്തത് മൊറാര്‍ജി ദേശായിയുടെ കാലത്ത് മണ്ഡല്‍ കമ്മീഷനിലൂടെയായിരുന്നു. രാജ്യമെങ്ങും ശക്തമായ പ്രതിഷേധങ്ങളെ അവഗണിച്ചുകൊണ്ട് മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയത്
വി. പി. സിംഗാണ്. അതോടെ ഇന്‍ഡ്യയില്‍നിന്നുള്ള മസ്തിഷ്‌ക ചോര്‍ച്ചയുമാരംഭിച്ചു. സര്‍ക്കാര്‍ ജോലിയും മറ്റ് അവസരങ്ങളും Reserve ആയവര്‍ക്ക് വേണ്ടി ഇന്ത്യ മാറ്റി വെച്ചപ്പോള്‍ Deserve ആയവരെ പൂമാലയിട്ട് സ്വീകരിക്കാന്‍ ലോകരാജ്യങ്ങള്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു.

സംവരണരഹിത വിഭാഗങ്ങളിലെ ദരിദ്രര്‍ക്കുവേണ്ടി ‘ദരിദ്ര സംവരണം’ നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ മുന്നിട്ടിറങ്ങിയപ്പോള്‍ത്തന്നെ ജാതി രാഷ്ട്രീയത്തിന്റെ പ്രായോക്താക്കള്‍ എതിര്‍പ്പുമായി രംഗത്തെത്തി. എന്നാല്‍ കോടിക്കണക്കിനുവരുന്ന ഇന്ത്യയിലെ ദരിദ്രനാരായണന്മാര്‍ ഹര്‍ഷാരവത്തോടുകൂടിയാണ് ഈ തീരുമാനത്തെ എതിരേറ്റത്. ഇപ്പോള്‍ രാജ്യത്തിന്റെ പരമോന്നത കോടതി അതു ശരിവയ്ക്കുകയും ചെയ്തിരിക്കുന്നു.

ഇക്കാര്യത്തില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയിരിക്കുന്നത് കേരളത്തിലെ മുസ്ലീംലീഗും മുസ്ലീം സംഘടനകളുമാണ് എന്നതാണ് രസകരം. അന്യായമായി അവര്‍ കൈവശംവെച്ചിരിക്കുന്ന ‘മത സംവരണം’ ചോദ്യം ചെയ്യപ്പെടുമോ എന്ന് അവര്‍ ഭയക്കുന്നുണ്ടാവാം. മറ്റു സംസ്ഥാനങ്ങളിലെ ഒ ബി സി ലിസ്റ്റില്‍ മുസ്‌ളീങ്ങളിലെ പിന്നാക്ക ജാതികള്‍ ഏതൊക്കെ എന്ന് കൃത്യമായി നിര്‍വചിച്ച് അവര്‍ക്ക് സംവരണം നല്‍കുമ്പോള്‍ കേരളത്തില്‍ നിലവിലില്ലാത്ത ചില മുസ്ലീം ജാതി വിഭാഗങ്ങളുടെ പേരുപറഞ്ഞതിനുശേഷം അവരൊഴികെ ബാക്കി എല്ലാ മുസ്ലീങ്ങള്‍ക്കും സംവരണം എന്നാണ് പറഞ്ഞുവച്ചിരിക്കുന്നത്. അതായത് നമ്പൂതിരിയോ നായരോ നസ്രാണിയോ മുസ്ലീമായി മാറിയാല്‍ അവര്‍ക്കും അവരുടെ സന്താനങ്ങള്‍ക്കും സംവരണം ലഭിക്കും. ഭരണഘടനാവിരുദ്ധമായ മതസംവരണമാണ് ഇത്. മുസ്ലീങ്ങളിലെ മാപ്പിള വിഭാഗത്തിനു മാത്രം ഉണ്ടായിരുന്ന സംവരണം എങ്ങനെ എല്ലാ മുസ്ലീങ്ങള്‍ക്കുമായി എന്ന അന്വേഷണം വന്നാല്‍ മതേതര മുഖം മൂടി അണിഞ്ഞ വര്‍ഗീയ രാഷ്ട്രീയ നേതാക്കളുടെ ചതി വെളിച്ചത്തുവരുമെന്നും അവര്‍ ഭയക്കുന്നുണ്ടാവാം. എല്ലാവരെയും എല്ലാക്കാലത്തേയ്ക്കും കബളിപ്പിക്കാനാവില്ലെന്നും മറച്ചു വച്ചിരിക്കുന്ന സത്യങ്ങള്‍ ഒരുനാള്‍ പുറത്തു വന്നേ തീരൂ എന്നും അവരെ ഈയവസരത്തില്‍ ഓര്‍മിപ്പിക്കുന്നു.

ജാതി സംവരണം ഉദ്ദേശിച്ച ലക്ഷ്യത്തില്‍ എത്തിയില്ലെന്ന് ചിലര്‍ ന്യായവാദം ഉന്നയിക്കുന്നുണ്ട്. സ്വാതന്ത്ര്യത്തിനുശേഷം 75 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സംവരണം ഉദ്ദേശിച്ച ലക്ഷ്യത്തില്‍ എത്തിയിട്ടില്ലെങ്കില്‍ അതൊരു പരാജയമാണെന്നാണ് മനസ്സിലാക്കേണ്ടത്. പരാജയപ്പെട്ട ഒരു പദ്ധതി അനന്തകാലത്തേയ്ക്ക് നീട്ടിക്കൊണ്ടു പോകാതെ എത്രയും പെട്ടെന്ന് നിര്‍ത്തലാക്കി പുതിയപദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കേണ്ടതാണ്. സംവരണം ദാരിദ്ര്യ നിര്‍മാര്‍ജന പരിപാടിയല്ലെന്നും, അധികാരത്തില്‍ പങ്കു പറ്റാന്‍ പിന്നോക്കക്കാരെ പ്രാപ്തരാക്കാനുള്ള സംവിധാനമാണെന്നും വാദിക്കുന്നവര്‍ ഒന്ന് മനസ്സിലാക്കുക. ആധുനിക കാലഘട്ടത്തില്‍ മനുഷ്യനെ ജാതികളാക്കി തിരിക്കുന്നത് അവന്റെ സാമ്പത്തികാവസ്ഥയാണ്. യൂസഫലിക്കും വെള്ളാപ്പള്ളിക്കും ഭരണത്തില്‍ ലഭിക്കുന്ന
സ്വാധീനമോ നിങ്ങളുടെ ഭാഷയില്‍ സമൂഹത്തില്‍ ലഭിക്കുന്ന ‘പ്രിവിലേജോ’ നിങ്ങള്‍
മുന്നോക്കക്കാരെന്ന് മുദ്രകുത്തി മാറ്റി നിര്‍ത്തിയിരിക്കുന്ന സുറിയാനി ക്രിസ്ത്യാനിയോനായരോ ആയ ഒരു കര്‍ഷകനോ, സാധാരണ ഒരു അമ്പലത്തിലെ പൂജാരിയായ നമ്പൂതിരിക്കോ ലഭിക്കുന്നില്ല. അതായത് പുതിയ കാലഘട്ടത്തിലെ ‘ക്ലാസ്’ നിര്‍വചിക്കുന്നത്പണമാണ്, പണം മാത്രമാണ്. പണമുള്ളവന് അധികാരത്തിലും പങ്കുലഭിക്കുന്നു. അതുകൊണ്ടുതന്നെ സാമ്പത്തിക സംവരണമാണ് കാലഘട്ടത്തിന്റെ ആവശ്യം. ഇപ്പോള്‍ ജാതിസംവരണം ലഭിക്കുന്ന വിഭാഗങ്ങളിലും നേട്ടമുണ്ടാക്കുന്നത് സാമ്പത്തികമായി മുന്‍ നിരയിലുള്ളവരാണ്. ക്രീമിലെയര്‍ എന്ന പേരില്‍ ഒരു തട്ടിപ്പുകൊണ്ട് പാവങ്ങളെ കബളിപ്പിച്ച് സമ്പന്നര്‍ സംവരണാനുകൂല്യങ്ങള്‍ തട്ടിയെടുക്കുമ്പോള്‍ അര്‍ഹരായവര്‍ തഴയപ്പെടുന്നു.
ഒരു വിഭാഗം ആളുകള്‍ തന്നെ സംവരണത്തിന്റെ ഗുണഭോക്താക്കളായി മാറിക്കൊണ്ട് നേട്ടമുണ്ടാക്കുന്നത് തടയാനും സമൂഹത്തിലെ പാവപ്പെട്ടവരും യഥാര്‍ത്ഥ പിന്നോക്കക്കാരുമായ ദരിദ്രര്‍ക്ക് പ്രയോജനമുണ്ടാകാനും ഇന്‍ഡ്യയുടെ ഏറ്റവും കഴിവുറ്റ തലച്ചോറുകള്‍ ഇന്‍ഡ്യയ്ക്ക് പ്രയോജനപ്പെടാനും സാമ്പത്തിക സംവരണം മാത്രമാണ് പരിഹാരം.