പഞ്ചവത്സര അജപാലന പദ്ധതി അഞ്ചാം വര്‍ഷം 10 കുടുംബങ്ങളുടെ ചുവരുകള്‍ക്ക് ഇളക്കം തട്ടുന്നുവോ?

റവ. ഫാ. ജോസ് മുകളേൽ

കുടുംബത്തെ പ്രസാദാത്മകമായി കാണാന്‍ ശ്രമിക്കുമ്പോള്‍തന്നെ, ചിലയിടങ്ങളിലെങ്കിലും അതിന്റെ അടിത്തറ തകരുന്നതും ചുവരുകള്‍ ഇളകുന്നതും മേല്‍ക്കൂര ചോരുന്നതും കണ്ടില്ലെന്ന് നടിക്കാനാവില്ല. പരിശുദ്ധ ത്രിത്വത്തിന്റെയും തിരുക്കുടുംബത്തിന്റെയും പ്രതിരൂപങ്ങളായി വിശുദ്ധര്‍ക്കു ജന്മമേകേണ്ട കുടുംബം അകത്തുനിന്നും പുറത്തുനിന്നും നിരവധി വെല്ലുവിളികള്‍ നേരിടുന്നുണ്ട്. അവയില്‍ ചിലതു പ്രതിപാദിക്കാം.

1. ഭൗതികതയുടെ അതിപ്രസരം

വിവാഹം എന്ന കൂദാശ ഒരു സാമൂഹികാചാരമോ അര്‍ത്ഥരഹിതമായ ചടങ്ങോ കേവലം ഒരു ഉടമ്പടിയുടെ ബാഹ്യ അടയാളമോ അല്ല. ഈ കൂദാശ ദമ്പതികളുടെ
വിശുദ്ധീകരണത്തിനും രക്ഷയ്ക്കുംവേണ്ടി നല്കപ്പെടുന്ന ദൈവദാനമാണ്. ഫ്രാന്‍സിസ്
മാര്‍പാപ്പ നിരീക്ഷിക്കുന്നതുപോലെ ‘വിവാഹത്തിന്റെ ഒരുക്കം അതിഥികളെ ക്ഷണിക്കുന്നതിലും വസ്ത്രമൊരുക്കുന്നതിലും വിരുന്ന് സംഘടിപ്പിക്കുന്നതിലും മറ്റ് ഒട്ടനവധി വിശദാംശങ്ങളിലും കേന്ദ്രീകരിക്കാറുണ്ട്. പണസഞ്ചി മാത്രമല്ല ഊര്‍ജ്ജവും സന്തോഷവും അത് ചോര്‍ത്തിക്കളയാറുണ്ട്’ (AL. 212). വിവാഹചടങ്ങു മുതല്‍ ആരംഭിക്കുന്ന ഭൗതികതയുടെ അതിപ്രസരം നഷ്ടമാക്കുന്നത് യഥാര്‍ത്ഥത്തില്‍ കുടുംബത്തിന്റെ അന്തഃസത്ത തന്നെയാണ്. വലിയ വീടുകള്‍ പണിയാനും ആഭ്യന്തരസൗകര്യങ്ങള്‍ ഒരുക്കാനും ആഡംബരങ്ങള്‍ വര്‍ധിപ്പിക്കാനും മത്സര
ബുദ്ധി കാണിക്കുന്ന നമ്മള്‍, പക്ഷേ കുടുംബത്തിനുള്ളിലെ ആനന്ദത്തിനും സൗഹൃദ
ത്തിനും ബന്ധങ്ങളുടെ ഇഴയടുപ്പത്തിനും വേണ്ടത്ര പ്രാധാന്യം കൊടുക്കുന്നില്ല. സമ
സ്ത മേഖലകളെയും ഗ്രസിച്ചിരിക്കുന്ന ഭൗതികതയുടെ അതിപ്രസരം കുടുംബത്തിന്റെ യഥാര്‍ത്ഥ മൂല്യങ്ങളെ തമസ്‌കരിക്കുകയാണ്.

2. കുടുംബപ്രാര്‍ത്ഥനയുടെ അഭാവം

നമ്മുടെ കുടുംബങ്ങളുടെ ശക്തിയും അടയാളമുദ്രയുമായിരുന്നു കുടുംബാംഗങ്ങ
ളെല്ലാവരും ഒരുമിച്ചിരുന്ന് കുടുംബനാഥന്റെ നേതൃത്വത്തില്‍ നടത്തിയിരുന്ന പ്രാര്‍ത്ഥന. കാലക്രമേണ യുവജനങ്ങളും കുടുംബനാഥന്മാരും പ്രാര്‍ത്ഥനയില്‍നിന്ന് വിട്ടുനില്ക്കുന്ന ശീലത്തിലേക്കു ചുവടുമാറ്റി. കുട്ടികളുടെയും അമ്മമാരുടെയുംമാത്രം ചുമതലയായി ചിലയിടങ്ങളിലെങ്കിലും ഇന്നു പ്രാര്‍ത്ഥന മാറിയിട്ടുണ്ട്. സമൂഹ പ്രാര്‍ത്ഥനയില്‍ നിന്നും വ്യക്തിപരമായ പ്രാര്‍ത്ഥനയിലേക്ക് ഒതുങ്ങുന്ന രീതിയും കാണപ്പെടുന്നു. കുടുംബ പ്രാര്‍ത്ഥന ഇല്ലാത്ത ധാരാളം ഭവനങ്ങള്‍ നമ്മുടെയിടയിലുണ്ട്. കുടുംബം ഒരു ദൈവാലയം കൂടിയായിരിക്കണം. യാമപ്രാര്‍ത്ഥനകളും ജപമാലയുമൊക്കെ ഭക്തിപൂര്‍വം ഉരുവിട്ട് ദൈവസ്തുതികള്‍ ഉയരേണ്ട ഇടമായിവീടുകള്‍ മാറണം. പ്രാര്‍ത്ഥനയ്‌ക്കൊടുവില്‍ പരസ്പരം സ്തുതി ചൊല്ലുന്ന പതിവ് വ്യക്തിബന്ധങ്ങളെ സുദൃഢമാക്കുമെന്നതില്‍ തര്‍ക്കമില്ല.

3. നവമാധ്യമങ്ങളുടെ കടന്നുകയറ്റം

ആധുനിക ആശയവിനിമയോപാധികളുടെ അതിപ്രസരണമാണ് കുടുംബം നേരിടുന്ന മറ്റൊരു പ്രധാന വെല്ലുവിളി. ടെലിവിഷന്‍, മൊബൈല്‍ ഫോണ്‍, കമ്പ്യൂട്ടര്‍ ഗെയിം,
ചാറ്റിംഗ് തുടങ്ങിയവയില്‍ കുരുങ്ങിക്കിടക്കുന്നവര്‍ക്ക് കുടുംബജീവിതത്തിന്റെ ഉത്തരവാദിത്വങ്ങള്‍ ശരിയാംവണ്ണം നിര്‍വഹിക്കാന്‍ കഴിയാതെവരുന്നു. കുടുംബാംഗങ്ങള്‍ തമ്മില്‍ നേരില്‍ക്കാണുന്ന സമയംപോലും ഇന്നു വളരെ വിരളമായിട്ടുണ്ട്. ഐഫോണിന്റെയും ഐപാഡിന്റെയുമൊക്കെ ഉപജ്ഞാതാവായ ആപ്പിള്‍ മേധാവി സ്റ്റീവ് ജോബ്‌സ് സ്വന്തം മക്കള്‍ക്ക് ഇവ ഉപയോഗിക്കാന്‍ നല്കിയിരുന്നില്ല. കുടുംബബന്ധങ്ങള്‍ ഊഷ്മളമാക്കാന്‍ വേണ്ടിയാണ് ഇത്തരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. നവമാധ്യമങ്ങള്‍ പൂര്‍ണ്ണമായും ഉപേക്ഷിക്കണമെന്നല്ല, വിവേകപൂര്‍വം
അവയുടെ ഉപയോഗത്തിന് പരിധി കല്പിക്കണമെന്നാണ് സൂചിപ്പിക്കുന്നത്.

4. വിശ്വാസകൈമാറ്റത്തിലെ അപാകത

വിശ്വാസവും നമസ്‌കാരങ്ങളും പാരമ്പര്യങ്ങളുമൊക്കെ നല്ല പങ്കും മാതാപിതാക്ക
ളില്‍നിന്ന് മക്കള്‍ക്ക് കൈമാറി കിട്ടുന്നതാണ്. പ്രത്യേകിച്ചും മാര്‍ത്തോമാ നസ്രാണികുടുംബങ്ങള്‍ വിശ്വാസം സംരക്ഷിക്കാനും അടുത്ത തലമുറയ്ക്ക് കരുതലോടെ കൈമാറാനും വളരെയേറെ ശ്രദ്ധിച്ചിരുന്നു. അന്യമതസ്ഥരുമായും അകത്തോലിക്കരുമായുള്ള വിവാഹം വര്‍ദ്ധിച്ചതോടെ വിശ്വാസകൈമാറ്റത്തിനുള്ള
സാധ്യതകള്‍ ഇപ്പോള്‍ വിരളമായിട്ടുണ്ട്. വല്യപ്പനും വല്യമ്മയും മുതിര്‍ന്നവരും ഇളം
തലമുറയ്ക്ക് സന്മാര്‍ഗകഥകളിലൂടെയും പാട്ടുകളിലൂടെയുമൊക്കെ പകര്‍ന്നുകൊടുത്തിരുന്ന മതബോധനം ഇന്നുകൊടുക്കാന്‍ ആളില്ലാത്ത സ്ഥിതിയായിരിക്കുന്നു.

5. ഭൗതികസുസ്ഥിതിക്കുവേണ്ടിയുള്ള വ്യഗ്രത

ഭൗതികമായ ഉന്നതിക്കുവേണ്ടിമാത്രം വ്യഗ്രതയോടെ നടത്തുന്ന അധ്വാനം കുടുംബ
ബന്ധങ്ങളുടെ ഊഷ്മളത നഷ്ടപ്പെടുത്തിയിട്ടുണ്ട്. എങ്ങനെയും വിദേശത്തുപോയി ജോലി സമ്പാദിക്കണം എന്നതു മാത്രമായി ജീവിതലക്ഷ്യം ചുരുങ്ങിയിട്ടില്ലേ? എത്രയും പെട്ടെന്ന് ധനം സമ്പാദിക്കണം എന്ന ചിന്തമൂലം പല ധാര്‍മികമൂല്യങ്ങളും കാറ്റില്‍ പറത്തുകയാണ്. പണത്തിനുവേണ്ടി കൊലപാതകം, വേശ്യാവൃത്തി, ലഹരിവിപണനം, നരബലി, അവയവകച്ചവടം തുടങ്ങിയ അധാര്‍മികപ്രവൃത്തികള്‍ ചെയ്യാന്‍പോലും മടിയില്ലാത്തവരായി മലയാളികള്‍ മാറിയത് തകര്‍ച്ചയുടെ ആക്കം കൂട്ടുന്നു.

6. വിശ്വാസത്തില്‍നിന്നും സഭയില്‍ നിന്നുമുള്ള അകല്‍ച്ച

യൂറോപ്പിലെ കുടുംബങ്ങളുടെ വിശ്വാസത്തകര്‍ച്ചയെക്കുറിച്ച് ഏറെ ചര്‍ച്ച ചെയ്തി
ട്ടുണ്ട്. എന്നാല്‍ സമാനസാഹചര്യങ്ങള്‍ ഇന്ന് നമ്മുടെ കുടുംബങ്ങളെയും ബാധിച്ചിരി
ക്കുന്നു. ദൈവാലയത്തില്‍ വരുന്നവരുടെയും കൂദാശകള്‍ സ്വീകരിക്കുന്നവരുടെയും എണ്ണം കുറഞ്ഞിട്ടുണ്ട്. കോവിഡിന്റെ പശ്ചാത്തലത്തില്‍ കൈക്കൊണ്ട ചില നിയന്ത്രണങ്ങളാണെന്നു തോന്നുന്നു, യുവതലമുറ ദൈവാലയത്തില്‍നിന്നും വളരെയേറെ അകലുവാന്‍ കാരണമായത്. സഭയുടെ പ്രബോധനങ്ങളെ
പലപ്പോഴും നിസ്സംഗതയോടെയാണ് വിശ്വാസികള്‍ കാണുന്നത്. മാധ്യമങ്ങളിലൂടെ കടന്നുവരുന്ന സഭാവിരുദ്ധതയും കുടുംബങ്ങളിലെ പച്ചയായ ജീവിതയാഥാര്‍ത്ഥ്യങ്ങളെ അഭിമുഖീകരിക്കാനുള്ള വൈമുഖ്യവും
ഇതിനു കാരണമാവാം. ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങളുടെ ഉപയോഗം, ഗര്‍ഭഛിദ്രം, പോര്‍ണോഗ്രഫി തുടങ്ങിയവ സംബന്ധിച്ചുള്ള സഭയുടെ പ്രബോധനങ്ങള്‍ ഭൂരിപക്ഷം ആളുകളെയും സ്വാധീനിക്കുന്നില്ല. കാലാകാലങ്ങളില്‍ നല്കുന്ന ഇടയലേഖനങ്ങളും മറ്റു നിര്‍ദ്ദേശങ്ങളും പുതുതലമുറ എത്രത്തോളം ഗൗരവത്തിലെടുക്കുന്നു എന്നതു സംശയമാണ്.

7. തലമുറകളുടെ വിടവ്

മക്കളോടൊപ്പം കുറെ സമയം സന്തോഷത്തോടെ സംസാരിച്ചിരിക്കണമെന്ന് കുടുംബ
നാഥനോട് ഉപദേശിച്ചപ്പോള്‍ അദ്ദേഹം നല്കിയ മറുപടി അത്ഭുതപ്പെടുത്തി. മക്കളോട്
സംസാരിക്കാന്‍ പേടിയാണത്രേ. അവരുടെ സംഭാഷണത്തിന്റെ ശൈലി മനസ്സിലാകു
ന്നില്ല. അവര്‍ പറയുന്ന വിഷയങ്ങള്‍ പിടികിട്ടുന്നില്ല. ഞാന്‍ പറയുന്ന വിഷയങ്ങള്‍ പഴഞ്ചനായി എന്നാണ് അവരുടെ പക്ഷം. നിരവധി മാതാപിതാക്കള്‍ നേരിടുന്ന ഒരു പ്രശ്‌നമാണിത്. മാതാപിതാക്കളും മക്കളും തമ്മിലുള്ള തലമുറവിടവ് വര്‍ദ്ധിച്ചുകൊണ്ടേയിരിക്കുന്നു.

8. ‘ലഹരി’യുടെ അതിപ്രസരം

മദ്യത്തിന്റെ ദുരുപയോഗം കുടുംബത്തില്‍ സൃഷ്ടിക്കുന്ന ദൂരവ്യാപകമായ ഫല
ങ്ങള്‍ നമുക്ക് പരിചിതമാണ്. ആത്മഹത്യയും അക്രമവാസനയും ലൈംഗിക അരാജ
കത്വവും സാമ്പത്തിക തകര്‍ച്ചയുമെല്ലാം മദ്യാസക്തിയുടെ അനന്തരഫലങ്ങളാണ്. കുടുംബത്തിലെ സ്‌നേഹാന്തരീക്ഷവും സമാധാനവും കുട്ടികളുടെ ശരിയായ വളര്‍ച്ചയും അത് തകരാറിലാക്കുന്നു. കൗമാരക്കാരുടെയിടയില്‍ പടര്‍ന്നുകയറുന്ന ലഹരിമരുന്നുകളുടെ ഉപയോഗം കുടുംബത്തിന്റെ കെട്ടുറപ്പിനെയും പ്രതീക്ഷയെയും തച്ചുടയ്ക്കുമെന്നു തീര്‍ച്ച.

9. അവിവാഹിതരുടെ എണ്ണത്തിലുള്ള വര്‍ദ്ധന

നമ്മുടെ സമുദായത്തില്‍ അവിവാഹിതരുടെ എണ്ണം വളരെയേറെ വര്‍ദ്ധിച്ചിട്ടുണ്ട്.
30 വയസ്സ് കഴിഞ്ഞ അവിവാഹിതരായ പുരുഷന്മാര്‍ നമ്മുടെ അതിരൂപതയില്‍ ആയിരക്കണക്കിനുണ്ട്. അവരില്‍ പലരും നിരാശയിലേക്ക് നയിക്കപ്പെടുന്നു. ആയിരക്കണക്കിന് കുടുംബങ്ങള്‍ ഇതുവഴി അന്യംനിന്നു പോകാനും സാധ്യതയുണ്ട്. മാത്രമല്ല അധാര്‍മികത വര്‍ദ്ധിക്കാനും ഇതു വഴിവയ്ക്കും. വിവാഹമേ വേണ്ടെന്നുവയ്ക്കുന്ന ഒരുശൈലി യുവതികള്‍ക്കിടയില്‍ ഇപ്പോള്‍ വര്‍ദ്ധിച്ചുവരുന്നുണ്ട്. വിവാഹജീവിതം നയിക്കുന്നവരുടെ ദുര്‍മാതൃകയും വഴക്കും ത്യാഗങ്ങള്‍ ഏറ്റെടുക്കാനുള്ള സന്നദ്ധതക്കുറവും സ്വന്തം കാലില്‍ നില്ക്കാനാവുമെന്ന സ്വാശ്രയചിന്തയുമൊക്കെ ഇതിന്റെ കാരണങ്ങളായി പറയാം.

10. ജീവനോടുള്ള വിമുഖത

മക്കളുടെ എണ്ണത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇന്ന് നമ്മുടെ നാട്ടില്‍ നടക്കുന്നുണ്ട്.
മക്കള്‍ ദൈവത്തിന്റെ ദാനമാണെന്നും, ദൈവത്തിന്റെ സൃഷ്ടികര്‍മ്മത്തില്‍ പങ്കെടുക്കാനുള്ള വിളിയാണ് മക്കള്‍ക്ക് ജന്മം നല്കുന്നതിലൂടെ പൂര്‍ത്തീകരിക്കുന്നതെന്നും ദമ്പതികള്‍ അറിഞ്ഞിരിക്കണം.
മാതാപിതാക്കള്‍ മാത്രമായി കഴിയുന്ന നിരവധി കുടുംബങ്ങള്‍ ഇന്ന് നമ്മുടെ നാട്ടി
ലുണ്ട്. ആള്‍ത്താമസമില്ലാത്ത ഭവനങ്ങളും ധാരാളം. അവര്‍ ഒറ്റപ്പെടലിന്റെ വേദന അനുഭവിച്ചുകൊണ്ടിരിക്കുന്നു. ഉത്തരവാദിത്വത്തോടെ മക്കള്‍ക്ക് ജന്മം നല്കാനും വളര്‍ത്താനും മാതാപിതാക്കള്‍ക്ക് സാധിക്കണം. കൂടുതല്‍ മക്കളുള്ള കുടുംബത്തിലെ കുട്ടികള്‍ പങ്കുവയ്ക്കുന്നവരും കൂടുതല്‍ സന്തോഷമുള്ളവരും പ്രതിസന്ധികളില്‍ തളരാതെ അവയെ അതിജീവിക്കുന്നവരുമായി കണ്ടിട്ടുണ്ട്. അത്തരം അനുഗൃഹീത കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്.

11. സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള അപക്വവീക്ഷണം

സ്ത്രീശാക്തീകരണം എന്നത് കേവലം പുരുഷനെ അനുകരിക്കാനുള്ള ശ്രമമായി
കേരളത്തില്‍ മാറിയിട്ടുണ്ട്. സ്ത്രീകള്‍ തങ്ങളുടെ കഴിവുകളും പ്രത്യേകതകളും തിരി
ച്ചറിഞ്ഞ് പുരുഷനോട് ചേര്‍ന്നുനിന്ന് ജീവിക്കുമ്പോഴാണ് കുടുംബജീവിതം ഫലദായകമാകുന്നത്. ക്ഷമ, കാരുണ്യം, ശാലീനത, ആത്മീയത, സഹനം തുടങ്ങിയ സ്ത്രീസഹജമായ ഗുണങ്ങള്‍ നഷ്ടപ്പെടുത്താതെ സ്ത്രീത്വത്തിന്റെ മഹത്വത്തെ പ്രകാശിപ്പിക്കുന്നവളാകണം അവള്‍. സ്ത്രീക്കും പുരുഷനും തുല്യ തോതില്‍ അന്തസ് ഉണ്ടാവണം. സ്വാതന്ത്ര്യം എന്നത് എന്തും ചെയ്യാനുള്ള ലൈസന്‍സല്ല.
അപരന്റെ അവകാശത്തെ ഹനിക്കാതെ നമ്മുടെ ശക്തിയെ തിരിച്ചറിഞ്ഞുകൊണ്ടുള്ള ജീവിതമാണത്. എന്നാല്‍ ഉത്തരവാദിത്വ
ങ്ങളെ മറന്നുള്ള സ്വാതന്ത്ര്യം കുടുംബഭദ്രതയെ തകര്‍ക്കും.

12. ആശയവിനിമയത്തിന്റെ പോരായ്മ

എല്ലാവരും തിരക്കുള്ളവരായപ്പോള്‍ ആശയവിനിമയം നടത്താത്തവരും ആശയ
വിനിമയം നടത്താന്‍ ഒന്നുമില്ലാത്തവരുമായി കുടുംബാംഗങ്ങള്‍ മാറി. ഏകനായിരിക്കുന്നത് നല്ലതല്ലെന്ന് കണ്ടാണ് ദൈവം ആദത്തിന് ചേര്‍ന്ന ഇണയെ നല്കിയത്. എന്നാല്‍ എല്ലാവരും അവരവരുടെ ലോകത്തില്‍ വ്യാപരിച്ച്
ഏകരായിരിക്കുന്നതാണ് നല്ലതെന്ന വികലചിന്ത പ്രബലമായിരിക്കുന്നു. കുടുംബാംഗ
ങ്ങള്‍ ഒരുമിച്ചിരിക്കുമ്പോഴാണ് കണ്ണുകള്‍ സംസാരിക്കുന്നത്. മുഖത്തോടുമുഖം നോക്കിയിരിക്കുമ്പോള്‍ വിശ്വാസം കൈമാറ്റം ചെയ്യപ്പെടും, സ്‌നേഹം കൈമാറ്റം ചെയ്യപ്പെടും, സത്ചിന്തകള്‍ കൈമാറ്റം ചെയ്യപ്പെടും. ബന്ധശൈഥില്യവും ആശയവിനിമയത്തിലെ പോരായ്മയും കുട്ടികളുടെ സ്വഭാവരൂപീകരണത്തെയും പ്രതികൂലമായി ബാധിക്കാം. അതുകൊണ്ടാണ് കുടുംബത്തിനുള്ളില്‍ വേണ്ടത്ര ആശയവിനിമയം വേണമെന്നു നിര്‍ബന്ധിക്കുന്നത്.