പള്ളിക്കൂദാശക്കാലം

ഫാ. ഡോ. ഡൊമിനിക് മുരിയന്‍കാവുങ്കല്‍

തിരുസഭയുടെ യുഗാന്ത്യോന്മുഖത വെളിപ്പെടുത്തുന്ന ആരാധനാവത്സരക്കാലമാണല്ലോ പള്ളിക്കൂദാശക്കാലം. അതുകൊണ്ടുതന്നെ കാലങ്ങളിൽ അവസാനവുമാണ് ഇതു വരുന്നത്. രക്ഷിക്കപ്പെട്ട സഭയാകുന്ന മണവാട്ടി, തന്റെ മണവാളനായ ഈശോമിശിഹായ്ക്ക് പൂർണ്ണമായി സമർപ്പിച്ചു സ്വർ
ഗ്ഗീയമഹത്ത്വത്തിലേയ്ക്കു പ്രവേശിക്കുന്നതിനെയാണ് ഇക്കാലത്ത് നമ്മൾ അനുസ്മ
രിക്കുന്നത്.

ഒട്ടുമിക്ക ഭാഷകളിലും സഭ, പള്ളി എന്നീ രണ്ടു കാര്യങ്ങളെ സൂചിപ്പിക്കാൻ ഒരു വാക്കാണല്ലോ ഉപയോഗിക്കുന്നത്. ഉദാഹരണമായി, ഇംഗ്ലീഷ് ഭാഷയിൽ ‘church’ എന്നു പറയുമ്പോൾ ഇതു രണ്ടും ആകാം സൂചിതം. സാഹചര്യത്തിൽനിന്നു മാത്രമേ അർത്ഥവ്യത്യാസം വ്യക്തമാകൂ. പറഞ്ഞുവരുന്നത്, ‘സഭാസമർപ്പണകാലം’ എന്ന അർത്ഥമാണ് ‘പള്ളിക്കൂദാശക്കാലം’ എന്നതിനേക്കാൾ കൂടുതൽ ചേരുന്നത് എന്നാണ്. രണ്ടാമത്തേത് തെറ്റെന്നല്ല, ഇപ്പറഞ്ഞ ആദ്യാർത്ഥത്തിൽനിന്നാണ് രണ്ടാമത്തേതിന് അർത്ഥവ്യാപ്തി കൈവരുന്നത് എന്നു മാത്രം. എദ്ദേസായിലെ കത്തീഡ്രൽ ദൈവാലയത്തിന്റെ കൂദാശയോടു ബന്ധപ്പെടുത്തിയാണ് പള്ളിക്കൂദാശക്കാലം രൂപപ്പെട്ടതെന്നത് മറക്കുന്നില്ല.

പഴയനിയമത്തിലെ നാലു കൂടാരപ്രതിഷ്ഠകൾ (കൂടാരങ്ങളുടെ കൂദാശ) പള്ളിക്കൂ
ദാശക്കാലത്തിനു പശ്ചാത്തലമായുണ്ട്. വേർതിരിക്കുക, വിശുദ്ധീകരിക്കുക എന്നൊക്കെ അർത്ഥമുള്ള ‘ഖ്ദ്ശ്’ എന്ന സുറിയാനി പദത്തിൽനിന്നാണല്ലോ ‘കൂദാശ’ എന്ന വാക്കുണ്ടായത്. അതിനാൽത്തന്നെ, ഈശോ മിശിഹായ്ക്കായി സഭ സ്വയം സമർപ്പിക്കുന്നതിനെ അനുസ്മരിക്കുന്ന സഭാസമർപ്പണകാലത്ത് ദൈവാലയങ്ങൾ കർത്താവിനായി വേർതിരിക്കുകയും പവിത്രീകരിക്കുകയും സമർപ്പിക്കുകയും ചെയ്യുന്നത് സമുചിതമാണല്ലോ. വിശുദ്ധ ഇടങ്ങളോടും (sacred places) വിശുദ്ധ വസ്തുക്കളോടും (sacred things), കർത്താവിനായി പൂർണ്ണമായി സമർപ്പിച്ചതുകൊണ്ടു വിശുദ്ധമാക്കപ്പെട്ട വ്യക്തികളോടും നമുക്കുണ്ടാകേണ്ട ആദരവിനെക്കുറിച്ചും (sense of the sacred) പള്ളിക്കൂദാശക്കാലം നമ്മെ ഓർമ്മപ്പെടുത്തുന്നു.

നമ്മൾ സജീവശിലകളാണെന്നും (1 പത്രോ 2,4) നമ്മുടെ ശരീരം ജീവിക്കുന്ന ദൈവത്തിന്റെ ആലയങ്ങളാണെന്നും (2 കോറി 6, 16) ഇതോടു ചേർത്തു വായിക്കാനാകണം. മരണശേഷമുള്ള ശരീരത്തോടുകൂടിയ ഉത്ഥാനത്തിലാണല്ലോ സഭ വിശ്വസിക്കുന്നതും. സ്വർഗീയ മഹത്ത്വം പ്രാപിക്കാനുള്ള നമ്മുടെ
ശരീരത്തെ മലിനമാക്കുന്നതൊന്നും വാക്കിലോ നോട്ടത്തിലോ പ്രവൃത്തിയിലോ ഉണ്ടാവില്ലെന്നു ദൃഢനിശ്ചയം ചെയ്യാൻ ആരാധനവത്സരത്തിലെ പള്ളിക്കൂദാശക്കാലം നമ്മെ സഹായിക്കണം. ഈ ഒരർത്ഥത്തിൽക്കൂടെയാണ് സഭയുടെ ജീവകാരുണ്യപ്രവൃത്തികൾക്കു പ്രസക്തി ഏറുന്നതെന്നും നമുക്കു മറക്കാതിരിക്കാം. നരവംശം മുഴുവന്റെയും രക്ഷയ്ക്കായി കുരിശിൽ സ്വയം ബലിയായർപ്പിച്ച ഈശോമിശിഹായുടെ ബലിയർപ്പണത്തിനു മുമ്പിൽ (ആരും എന്നിൽനിന്ന് ജീവൻ പിടിച്ചെടുക്കുകയല്ല, ഞാൻ അതു സ്വമനസ്സാ അർപ്പിക്കുകയാണ്-യോഹ 10,18) മറ്റു ബലികളൊക്കെ അപ്രസക്തമാകുന്നു. പരിശുദ്ധ കുർബാന രക്ഷാകരമാകുന്നതും
അതു നിത്യതയിലുള്ള ഈശോയുടെ ബലി തന്നെയാകുന്നതു കൊണ്ടാണല്ലോ. ദൈവ
ഹിതത്തിനു മുമ്പിൽ സ്വന്തം താൽപര്യങ്ങളെ ബലിയായി അർപ്പിക്കാതെ മറ്റു മനുഷ്യരെ ബലിയർപ്പിച്ചാൽ ഏതു ദൈവം പ്രസാദിക്കാൻ സഭാസമർപ്പണത്തെക്കുറിച്ചു നാം പ്രത്യേകമായി ധ്യാനിക്കുന്ന ആണ്ടുവട്ടത്തിലെ ഈ അവസാന ആഴ്ചകളിൽ കർത്താവിനായുള്ള നമ്മുടെ സമർപ്പണങ്ങളും തീക്ഷ്ണങ്ങളാകട്ടെ.