സത്യത്തിൽ വിശുദ്ധീകരിക്കുക

ജോൺ ജെ. പുതുച്ചിറ

ഷംഷാബാദ് രൂപതയുടെ സഹായമെത്രാനായി നിയമിതനായ അഭിവന്ദ്യ മാർ തോമസ് പാടിയത്ത് പിതാവുമായി സത്യദർശനം എഡിറ്റോറിയൽ ബോർഡംഗങ്ങളായ ബിനു വെളിയനാടനും ജോൺ ജെ. പുതുച്ചിറയും നടത്തിയ അഭിമുഖത്തിൽ നിന്ന്

1. 23 സംസ്ഥാനങ്ങളും 4 കേന്ദ്രഭരണപ്രദേശങ്ങളും 2 ദ്വീപുകളും ഉൾക്കൊള്ളുന്ന ഇന്ത്യയിലെ ഏറ്റവും വിശാലമായ ഷംഷാബാദ് രൂപതയുടെ സഹായമെത്രാനായി അങ്ങ് നിയമിതനായിരിക്കുകയാണല്ലോ. ഈയവസരത്തിൽ മനസ്സിൽ നിറയുന്ന ചിന്തയെന്താണ്?

ഇന്ത്യ മുഴുവൻ അജപാലന പ്രവർത്തനം നിർവ്വഹിക്കുന്നതിനുള്ള നമ്മുടെ അവകാശം
വീണ്ടെടുക്കുക എന്നത് നമ്മുടെ പിതാക്കന്മാർ നൂറ്റാണ്ടുകളായി ആഗ്രഹിച്ചിരുന്ന ഒരു
കാര്യമാണ്. 2017-ൽ പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ അതിന് അംഗീകാരം നൽകി. ഷംഷാബാദ് രൂപത സ്ഥാപിക്കുന്നതിലൂടെ നമുക്ക് പുതിയ സാധ്യതകൾ കൈവന്നിരിക്കുകയാണ്. കർത്താവിന്റെ കല്പനയും ആഹ്വാനവും അനുസരിച്ച് സുവിശേഷപ്രഘോഷണം നടത്തുവാൻ കൂടുതൽ അവസരങ്ങൾ ലഭിക്കുന്നു. ഒപ്പം തന്നെ പ്രവാസികളായ നമ്മുടെ സഭാമക്കൾക്ക് സ്വന്തം സഭയുടെ ചൈതന്യത്തിൽ ദൈവാരാധനയിൽ പങ്കെടുക്കുന്നതിനും അജപാലനപരമായ അവകാശങ്ങൾ ലഭിക്കുന്നതിനും അവസരം തെളിഞ്ഞിരിക്കുന്നു. ഇതിനുവേണ്ടി അദ്ധ്വാനിച്ച നമ്മുടെ
പിതാക്കന്മാരെ നന്ദിയോടെ ഓർക്കാം. പ്രത്യേകിച്ച് നമ്മുടെ അതിരൂപതയും പിതാക്കന്മാരും ഈ അജപാലന അവകാശം ലഭിക്കുന്നതിനുള്ള പരിശ്രമങ്ങൾ പലഘട്ടങ്ങളിലായി നടത്തിയിരുന്നു. അഭി. പവ്വത്തിൽ പിതാവിന്റെ കാര്യം ഞാനിവിടെ പ്രത്യേകം അനുസ്മരിക്കുന്നു. മാതൃസഭയുടെ ന്യായമായ അവകാശങ്ങൾക്കുവേണ്ടി പിതാവു എന്നും നിലകൊണ്ടിട്ടുണ്ട്. ഷംഷാബാദ് രൂപതയുടെ ഒരു സഹായമെത്രാനായി നിയമിതനായിരിക്കുമ്പോൾ എന്നിൽ അർപ്പിതമായ ഉത്തരവാദിത്വങ്ങൾ  എല്ലാവരോടും ചേർന്ന് സഹകരിച്ച് നിർവ്വഹിക്കുവാൻ സാധിക്കുമെന്നുള്ള പ്രതീക്ഷയും ആഗ്രഹവുമാണ് എനിക്കുള്ളത്. സീറോമലബാർ സഭയുടെ വളർച്ച എന്ന ദൗത്യം നിർവ്വഹിക്കുവാൻ ഞാൻ പ്രതിജ്ഞാബദ്ധനാണ്.
അഭിവന്ദ്യ സിനഡ് പിതാക്കന്മാരുടെ പ്രതീക്ഷകൾക്കൊത്ത് അദ്ധ്വാനിക്കുവാനും അഭിവന്ദ്യ റാഫേൽ തട്ടിൽ പിതാവിനോട് ചേർന്നുനിന്ന് പ്രവർത്തിക്കുവാനും ഞാൻ പരമാവധി പരിശ്രമിക്കും. അതു പൂർണ്ണമായ വിശ്വസ്തതയോടെ സമ്പൂർണ്ണ സമർപ്പണത്തോടെ നിറവേറ്റണമെന്നാണ് എന്റെ ആഗ്രഹം. വിശുദ്ധകുർബാനയിൽ ഒരു പ്രാർത്ഥനയുണ്ട്: ”വിശ്വാസികൾക്ക് ആത്മീയ ശുശ്രൂഷ ചെയ്യുന്നതിന് പരിശുദ്ധമായ സഭാശരീരത്തിലെ സവിശേഷ അംഗങ്ങളാകുവാൻ നിസാരരും ബലഹീനരുമായ ഞങ്ങളെ അങ്ങ് കാരുണ്യാതിരേകത്താൽ യോഗ്യരാക്കി” കർത്താവ് കാരുണ്യപുർവ്വം എന്നെ തെരഞ്ഞെടുത്തു എന്ന ചിന്തയാണ് എനിക്കുള്ളത്. കർത്താവിന്റെ സന്നിധിയിൽ ഏപ്പോഴും നന്ദി നിറഞ്ഞ ഹൃദയത്തോടെയാണ് ഞാനായിരിക്കുന്നത്. സഭയ്ക്കുവേണ്ടി നിലകൊള്ളുവാനും, സഭയ്ക്കുവേണ്ടി അധ്വാനിക്കുവാനും കർത്താവിന്റെ നാമം പ്രഘോഷിക്കുവാനും ലഭിച്ചിരിക്കുന്ന അവസരം എന്റെ സകല കഴിവും ഉപയോഗിച്ച് നിർവ്വഹിക്കാമെന്ന് ഞാൻ ആത്മാർത്ഥമായി പ്രതീക്ഷിക്കുന്നു.

2. പ്രവാസികളായ വിശ്വാസികളും തദ്ദേശീയരായ വിശ്വാസികളും അതിലേറെ ഈശോയെ അറിയാത്തവരും ഒരുമിച്ച് ജീവിക്കുന്ന പ്രദേശത്തേക്കാണ് അങ്ങ് ഇനി യാത്രയാകുന്നത്. ഷംഷാബാദ് രൂപതയിലെ സുവിശേഷവത്ക്കരണം എത്രത്തോളം വെല്ലുവിളി ഉയർത്തുന്നുണ്ട്?

ശരിയാണ്. ഷംഷാബാദ് വളരെ വിസ്തൃതമായ ഭൂപ്രദേശങ്ങൾ ഉൾക്കൊള്ളുന്ന രൂപതയാണ്. പ്രവാസികളായ വിശ്വാസികളും തദ്ദേശീയരായ വിശ്വാസികളും ഈശോയെ അറിയാത്തവരുമെല്ലാം ഒത്തുചേരുന്ന വിശാലമായ പ്രദേശമാണിത്. അതിനാൽ ഇവരെയെല്ലാം ഉൾക്കൊള്ളുന്ന ഒരു അജപാലനശൈലി ഇവിടെ ആവശ്യമാണ്. നമ്മുടെ സഭയുടെ വളർച്ച ആശ്രയിച്ചിരിക്കുന്നത് സുവിശേഷ പ്രഘോഷണദൗത്യം നമ്മൾ പൂർത്തികരിക്കുന്നതിലാണ്. ഈശോയെ അറിയാത്തവർക്ക് അവിടുത്തെ സുവിശേഷത്തിന്റെ സന്ദേശം എത്തിച്ചു കൊടുക്കുക, ആ സുവിശേഷത്തിന്റെ, വിമോചനത്തിന്റെ സന്ദേശം അവിടെ
അറിയിക്കുക – കർത്താവ് എന്നും ചെയ്തത് വിമോചനത്തിന്റെ ദൗത്യമാണ്. അത് ആത്മീയവും ഭൗതികവുമായിട്ടുള്ള വിമോചനമാണ്.
അപ്പോൾ ആ ദൗത്യം ഏറ്റെടുത്ത് കർത്താവിന്റെ ആഗ്രഹം പൂർത്തികരിക്കുക എന്നുള്ളതാണ് ഇനിയുള്ള പ്രവർത്തനങ്ങളിലെ പ്രധാന ലക്ഷ്യമായി സ്വീകരിച്ചിരിക്കുന്നത്. എന്നാൽ തീർച്ചയായും അതിന് പലവിധത്തിലുള്ള വെല്ലുവിളികൾ ഉണ്ട്. പക്ഷെ ആ വെല്ലുവിളികളെയെല്ലാം കർത്താവിൽ ആശ്രയിച്ചും
അവിടുത്തെ ക്യപയാൽ നിറയപ്പെട്ടും അതിജീവിക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്. നമ്മുടെ നാടിന്റെ ഇന്നത്തെ സാഹചര്യത്തിൽ സുവിശേഷവൽക്കരണം ഏറെ വെല്ലുവിളികൾ നിറഞ്ഞതാണ്. മതങ്ങൾ തമ്മിലുള്ള ബന്ധവും മതത്തെ മറ്റു ലക്ഷ്യങ്ങളോടെ ഉപയോഗിക്കുന്നവരുടെ സാന്നിധ്യവും പ്രവർത്തനങ്ങളുമെല്ലാം വളരെ ജാഗ്രതയോടെ നമ്മൾ നിരീക്ഷിക്കേണ്ടതുണ്ട്.
അപ്പോഴും സുവിശേഷത്തിന്റെ ചൈതന്യവും സന്ദേശവും കൈമാറുക എന്നുള്ളതാണ് നമ്മുടെ പ്രധാനപ്പെട്ട ദൗത്യം. മറ്റുള്ളവരെ മതത്തിന്റെ അനുയായികൾ ആക്കുന്നതിലും ഉപരി മതം കൈമാറുന്ന ആത്മീയതയുടെ ഉടമകളാക്കുക എന്നുള്ളതാണ് നമ്മിൽ നിന്ന് ഈ കാലഘട്ടം കൂടുതൽ പ്രതീക്ഷിക്കുന്നത്. പ്രവാസികളായ നമ്മുടെ സഭാമക്കളുടെ ആത്മീയശുശ്രൂഷയും സഭയുടെ പ്രധാന ഉത്തരവാദിത്വമാണ്.

3. ബൽജിയത്തിലെ ലൂവൈൻ യൂണിവേഴ്സിറ്റിയിൽ നിന്ന് തത്വശാസ്ത്രത്തിൽ ഡോക്ടറൽ ബിരുദം കരസ്ഥമാക്കിയ അങ്ങ് ഇന്ത്യയിലെ കത്തോലിക്കാ തത്വശാസ്ത്രജ്ഞന്മാരിൽ അറിയപ്പെടുന്ന വ്യക്തിത്വമാണ്. തത്വശാസ്ത്രചിന്തയും പഠനവും അജപാലനശുശ്രൂഷയിൽ എത്രത്തോളം സഹായമാകാറുണ്ട്.?

ലോകത്തിലെ തന്നെ അറിയപ്പെടുന്ന യൂണിവേഴ്‌സിറ്റിയായ കാത്തലിക് യൂണിവേഴ്‌സിറ്റി ഓഫ് ലുവൈനിൽ പഠിക്കുവാൻ സാധിച്ചത് എന്റെ ജീവിതത്തിലെ ഒരു വലിയ അനുഗ്രഹവും മുതൽക്കൂട്ടായതുമായ ഒരു കാര്യമാണ്. എന്നാൽ ഒരിക്കലും തത്വശാസ്ത്രം (ഫിലോസഫി) പഠിക്കുവാൻ അഭിവന്ദ്യപിതാവ് എന്നെ നിയോഗിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. പക്ഷെ ആ പഠനം ഏറ്റെടുത്തു പൂർത്തിയാക്കിയപ്പോൾ, ഏറെ സന്തോഷവും അഭിമാനവും തോന്നി. പഠിക്കുവാൻ
തുടക്കത്തിൽ ബുദ്ധിമുട്ട് ഉണ്ടായിരുന്നു, കാരണം സെമിനാരി പഠനത്തിന്റെ പശ്ചാത്തലവുമായിട്ടാണ് യൂറോപ്പിലെ യൂണിവേഴ്‌സിറ്റിയിലേക്ക് ചെന്നത്. സഹപാഠികളെല്ലാം ഉയർന്ന നിലവാരമുള്ളവരും യൂണിവേഴ്‌സിറ്റിയിലെ സെക്കുലർ സ്റ്റുഡൻസുമായിരുന്നു. അതുകൊണ്ടുതന്നെ തുടക്കത്തിൽ, പ്രത്യേകിച്ച് മാസ്റ്റേഴ്‌സ് ഡിഗ്രി ചെയ്ത കാലഘട്ടത്തിൽ പല പ്രതിസന്ധികളും ഉണ്ടായിരുന്നു. എന്നാൽ അതിനെയെല്ലാം അതിജീവിച്ചു പഠനം പൂർത്തിയാക്കുവാൻ സാധിച്ചത് വലിയ ദൈവകൃപയായി കണക്കാക്കുകയാണ്. ഈ വിഖ്യാതമായ യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള പി.എച്ച്.ഡി ബിരുദം ഏറെ അഭിമാനം പകർന്നിട്ടുണ്ട്. എന്റെ അജപാലന
ശുശ്രൂഷയിൽ തത്ത്വശാസ്ത്രപഠനം എത്രത്തോളം സഹായകമായി എന്ന് ഞാൻ പിന്നീട് മനസിലാക്കി. തത്ത്വശാസ്ത്രചിന്തകളുടെ അടിസ്ഥാനത്തിൽ ദൈവശാസ്ത്രത്തിന് അടിത്തറ നൽകുവാനും സംസാരത്തിലും എഴുത്തിലുമെല്ലാം കാര്യകാരണസഹിതം വിഷയങ്ങൾ യുക്തിഭദ്രമായി അവതരിപ്പിക്കുവാനും തത്ത്വചിന്താപഠനം എന്നെ സഹായിച്ചിട്ടുണ്ട്. വിശ്വാസമെന്നത് യുക്തിരഹിതമായ
കാര്യമല്ല. യുക്തിക്ക് അതീതമായിട്ടുള്ള ഒരു കാര്യമാണ്. അക്കാരണത്താൽ തന്നെ വിശ്വാസത്തിന് യുക്തിഭദ്രത നൽകുവാനും തത്വശാസ്ത്ര പഠനം എന്നെ സഹായിച്ചിട്ടുണ്ട്. വിശ്വാസജീവിതത്തിൽ യുക്തിക്കു യാതൊരു കാര്യവുമില്ല എന്ന് ചിന്തിക്കുന്നവരുണ്ട്. പക്ഷെ വിശ്വാസജീവിതത്തിൽ യുക്തി എപ്പോഴും പ്രധാനപ്പെട്ടതാണ്. അതുകൊണ്ടാണ് വി. ജോൺ പോൾ രണ്ടാമൻ പാപ്പാ വിശ്വാസവും യുക്തിയും എന്ന ചാക്രിക ലേഖനത്തിൽ ദൈവത്തിലേയ്ക്ക് പറന്നുയരാനുള്ള
രണ്ട് ചിറകുകളായി ഇവയെ അവതരിപ്പിക്കുന്നത്. ചുരുക്കത്തിൽ പറഞ്ഞാൽ തത്വശാ
സ്ത്ര പഠനം എന്റെ ജീവിതത്തിൽ എന്നും ബലമായിട്ടുണ്ട്. പിന്നെ അറിവിന്റെ ബലത്തോടൊപ്പം ജീവിതത്തിന്റെ ആധികാരികത കൂടിയാകുമ്പോഴാണല്ലോ നമ്മൾ പറയുന്നതിലും പ്രഘോഷിക്കുന്നതിലും കൂടുതൽ സ്വീകാര്യത കൈവരുന്നത്.

4. പവ്വത്തിൽ പിതാവിന്റെ സെക്രട്ടറി എന്ന നിലയിലും പിന്നീട് വിവിധ ശുശ്രൂഷകൾ
നിർവ്വഹിച്ചപ്പോഴും പിതാവുമായി ഗാഢമായ വ്യക്തിബന്ധം പുലർത്താൻ അങ്ങേയ്ക്കു കഴിഞ്ഞിട്ടുണ്ട്. വൈദിക ജീവിതത്തിലും വ്യക്തിജീവിതത്തിലും പൗവ്വത്തിൽ പിതാവു ഏതൊക്കെ മേഖലകളിലാണ് സ്വാധീനവും മാതൃകയുമായിട്ടുള്ളത്?

അഭിവന്ദ്യ പവ്വത്തിൽ പിതാവിനോട് എനിക്ക് എന്നും വലിയ സ്‌നേഹമായിരുന്നു. ഞങ്ങൾ മൈനർ സെമിനാരിയിൽ 2-ാം വർഷം പഠിക്കുമ്പോഴാണ് പിതാവ് കാഞ്ഞിര
പ്പള്ളിയിൽ നിന്ന് ചങ്ങനാശ്ശേരിയിലേയ്ക്കു വരുന്നത്. അന്ന് പിതാവിനെ സ്വീകരിക്കു
വാനും അനുഗമിക്കുവാനും സെമിനാരിയിൽനിന്നും തെരഞ്ഞെടുക്കപ്പെട്ടവരിൽ ഒരാളായിരുന്നു ഞാൻ. അന്നുമുതൽ പിതാവിനോട് നല്ല ബന്ധമാണ്. ഈശോയിൽ പിതാവിന്റെ ഒരു പുത്രനെന്ന കാഴ്ചപ്പാടാണ് എനിക്ക് എന്നും ഉണ്ടായിരുന്നത്. ആ കാഴ്ചപ്പാടോടു കൂടിയുള്ള ഒരു ബന്ധവുമാണ് അന്നുമുതൽ രൂപപ്പെടുത്തിയിരുന്നത്. വ്യക്തിപരമായി സെമിനാരിക്കാരെ മനസിലാക്കുവാനും സ്‌നേഹിക്കുവാനും പിതാവ് എന്നും താല്പര്യം കാണിച്ചിരുന്നു. അക്കാലഘട്ടത്തിൽ പിതാവ് എനിക്കെഴുതിയിട്ടുള്ള കത്തുകളെല്ലാം ഞാനിന്നും സൂക്ഷിച്ചുവച്ചിട്ടുണ്ട്. പിതാവിന്റെ കാഴ്ചപ്പാടുകളും നിലപാടുകളും ജീവിതശൈലിയും എന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. പിതാവിന്റെ സഭാദർശനവും സാമൂഹിക ദർശനവും സഭാന്തരബന്ധങ്ങളുമെല്ലാം ജീവിതത്തിൽ എന്നും എനിക്ക് വഴികാട്ടിയായിരുന്നു. അത് എന്റെ വൈദികജീവിതത്തിൽ
എന്നുമൊരു മുതൽക്കൂട്ടുമായിരുന്നു. ഒരു മെത്രാനെന്ന നിലയിലുള്ള പിതാവിന്റെ ശുശ്രൂഷകൾ അടുത്തുനിന്നും അകലെ നിന്നുമെല്ലാം ഞാൻ നോക്കിക്കണ്ടിട്ടുണ്ട്. എനിക്ക് ഈ പുതിയ നിയോഗം ലഭിക്കുമ്പോൾ ആ ചൈതന്യം സ്വീകരിച്ചുകൊണ്ട് പ്രവർത്തിക്കുവാൻ സാധിക്കും എന്ന് എനിക്ക് ഉറപ്പുണ്ട്. എന്റെ മെന്ററായി ഞാൻ എന്നും കരുതിയിട്ടുള്ള ഒരു വ്യക്തി പവ്വത്തിൽ പിതാവാണ്. മറ്റുള്ള പിതാക്കന്മാർക്കു ജിവിതത്തിൽ സ്വാധീനമില്ല എന്നൊന്നുമല്ല ഞാൻ പറയുന്നത്, മറിച്ച് പവ്വത്തിൽ പിതാവിന് എന്നിലുള്ള സ്ഥാനം വ്യത്യസ്തമാണ്; അത്രമാത്രം. എല്ലാം പിതാക്കന്മാരോടും എനിക്കേറെ ആദരവും സ്‌നേഹവും വിധേയത്വവുമാണ് എന്നു
മുള്ളത്. പവ്വത്തിൽ പിതാവിന്റെ പ്രാർത്ഥനാജീവിതവും ലളിതജീവിതവും സഭയോടുള്ള സ്‌നേഹവും സഭയുടെ അവകാശങ്ങൾക്കുവേണ്ടിയും സമുദായ
ത്തിന്റെ അവകാശങ്ങൾക്കു വേണ്ടിയുമുള്ള നിലപാടുകളുമെല്ലാം എന്റെ ജീവിതത്തിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്. അറിവിന്റെ ബലവും ജീവിതത്തിന്റെ
ആധികാരികതയുമാണ് പൗവ്വത്തിൽ പിതാവിന്റെ വലിയ സ്വീകാര്യതയ്ക്ക് അടിസ്ഥാനമായിട്ടുള്ളത്. ആശയസംവാദങ്ങൾ നടത്തുമ്പോഴും അഭിപ്രായവ്യത്യാസങ്ങൾ പ്രകടിപ്പിക്കുമ്പോഴും പിതാവ് ആരോടും വ്യക്തിപരമായ വിരോധം വയ്ക്കാറില്ല. ആരെയും മോശക്കാരാക്കാൻവേണ്ടി വാക്കുകൾ കൊണ്ടോ പ്രവൃത്തികൾ കൊണ്ടോ ഒന്നും ചെയ്യാറുമില്ല. ഇതൊക്കെ ഈ കാലഘട്ടത്തിൽ
നമ്മൾ ഏറെ കാത്തുസൂക്ഷിക്കേണ്ട നല്ല സവിശേഷതകളാണ്. ഭാവിജീവിതത്തിൽ ഇങ്ങനെയുള്ള കാഴ്ചപ്പാടുകളും ജീവിതശൈലിയും എന്നും മുതൽക്കൂട്ടാകുമെന്ന ചിന്തയാണ് എനിക്കുള്ളത്. മറ്റു പിതാക്കന്മാരോട് പിതാവു പുലർത്തുന്ന ഹൃദ്യമായ
ബന്ധവും ഏറെ മാതൃകാപരമാണ്. അഭിവന്ദ്യ പവ്വത്തിൽ പിതാവ് വ്യക്തിപരമായി നമ്മെ സ്‌നേഹിക്കുന്ന പിതാവാണ്. അദ്ദേഹത്തിന്റെ സെക്രട്ടറി എന്ന നിലയിൽ പിതാവിനും വ്യക്തിപരമായ ശുശ്രൂഷ നൽകുവാൻ എനിക്ക് സാധിച്ചിട്ടുണ്ട്. പിതാവിന്റെ ആശയങ്ങളുടെ പ്രചാരണത്തിന് എന്നാൽ കഴിയുംവിധം പലകാര്യങ്ങളും ചെയ്യുവാൻ ഞാൻ പരിശ്രമിച്ചിട്ടുണ്ട്. പിതാവിന്റെ പുസ്തകങ്ങൾ എഡിറ്റുചെയ്യാനും പിതാവിന്റെ ജൂബിലി വേളകളിലും പ്രത്യേക അവസരങ്ങളിലുമെല്ലാം സിമ്പോസിയങ്ങളും സെമിനാറുകളും സംഘടിപ്പിക്കുവാനും സാധിച്ചിട്ടുണ്ട്. പ്രത്യേകിച്ച് പൗരോഹിത്യത്തിന്റെ സുവർണ്ണജൂബിലി ആഘോഷിച്ച വേളയിൽ, തിരുവനന്തപുരത്തും ചങ്ങനാശ്ശേരിയിലും എറണാകുളത്തും ഒരോ സിമ്പോസിയങ്ങൾ സംഘടിപ്പിക്കുവാനും അവിടെ അവതരിപ്പിക്കപ്പെട്ട പ്രബന്ധങ്ങളെല്ലാം സമാഹരിച്ചും മറ്റ് പ്രബന്ധങ്ങൾ കൂട്ടിച്ചേർത്തും ഒരു ബൃഹത് ഗ്രന്ഥം പ്രസിദ്ധീകരിക്കുവാനും സാധിച്ചത് ഏറെ സന്തോഷം നല്കിയ കാര്യമാണ്. ഈ അടുത്തയിടെ പിതാവിന്റെ എപ്പിസ്‌കോപ്പൽ ഗോൾഡൻ ജൂബിലിയോടനുബന്ധിച്ച് ഒരു ഇന്റർനാഷണൽ വെബിനാർ സംഘടിപ്പിക്കുവാൻ സാധിച്ചു. അതിലെ പ്രബന്ധങ്ങളെല്ലാം ക്രോഡീകരിച്ച് പിതാവിന് ഏറ്റവും ഇഷ്ടപ്പെട്ട മാർപാപ്പയായ ബെനഡിക്ട് പതിനാറാമൻ പാപ്പയുടെ ദൈവശാസ്ത്രത്തെ അധികരിച്ച് ഒരു പുസ്തകം പ്രസിദ്ധീകരിക്കാനും ഏറ്റവുമവസാനം പിതാവിന്റെ സമ്പൂർണ്ണ കൃതികൾ ഏഴ് വാല്യങ്ങളിലായി പ്രസിദ്ധീകരിക്കുവാനും സാധിച്ചത് പിതാവിനോടുള്ള
എന്റെ കടപ്പാടിന്റെ ആവിഷ്‌കാരവും കൂടിയാണ്.

5. സെമിനാരി പ്രൊഫസർ, പ്രബോധകൻ, പരിശീലകൻ എന്നീ നിലകളിലാണല്ലോ
അങ്ങ് കൂടുതൽ പ്രവർത്തിച്ചിട്ടുള്ളത് ഈ കാലഘട്ടങ്ങളെ എങ്ങനെ അനുസ്മരി
ക്കുന്നു?

എന്റെ പരിശീലകരായിരുന്ന എല്ലാ വൈദികരും എന്നും എന്റെ ജീവിതത്തിൽ പ്രധാനപ്പെട്ടവരായിരുന്നു. ഓരോരുത്തരുടെയും സ്വാധീനം വ്യത്യസ്തമാണെങ്കിലും എല്ലാവരോടും നല്ല ബന്ധം പുലർത്താൻ എനിക്കു സാധിച്ചിട്ടുണ്ട്. ആ ഒരു അനുഭവത്തിന്റെ വെളിച്ചത്തിലാണ് സെമിനാരി പരിശീലകനായി എന്നെ നിയോഗിച്ചപ്പോൾ ആ ഉത്തരവാദിത്വം ഏറ്റെടുത്തത്. സെമിനാരിക്കാരെ സ്‌നേഹിക്കുകയും അവരെ സഭയുടെ മക്കളായി വളർത്തിക്കൊണ്ടു വരികയും ചെയ്യുന്ന പവ്വത്തിൽ പിതാവിന്റെ വലിയ മാതൃക സെമിനാരി പരിശീലന കാലഘട്ടത്തിൽ എന്നെ എന്നും നയിച്ചിട്ടുള്ള കാര്യമാണ്. സെമിനാരി
ക്കാരോട് വലിയ സ്‌നേഹത്തോടും സൗഹൃദത്തോടുമാണ് ഞാൻ പെരുമാറിയിട്ടുള്ളത്. എന്നാൽ അച്ചടക്കത്തിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും ഇട നൽകിയിട്ടില്ലതാനും. കാരണം ശിക്ഷണം നൽകുന്നതും സ്‌നേഹിക്കുന്നതും ഒരുമിച്ചു പോകേണ്ട കാര്യമാണ്. സ്‌നേഹമുള്ളതുകൊണ്ടു തന്നെയാണ് ആവശ്യമായ ശിക്ഷണം നൽകുന്നത്. എന്നെ ഏല്പ്പിച്ചിരിക്കുന്നത് വലിയ ഉത്തരവാദിത്വമാണെന്നും സഭയുടെ മക്കളായിട്ടാണ് അവരെ വളത്തേണ്ടതെന്നുമുള്ള ബോധ്യം എന്നിൽ ശക്തമായിരുന്നു. അതുകൊണ്ട് ശിക്ഷണ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയില്ലാത്തപ്പോഴും ഏറെ സ്‌നേഹത്തോടും വളരെ സൗഹാർദ്ദത്തോടെയുമാണ് സെമിനാരിക്കാരോട് ഇടപെട്ടിട്ടുള്ളത്. അങ്ങനെയൊക്കെ ചെയ്യുവാൻ സാധിച്ചത് വലിയ ദൈവകൃപയായിട്ടാണ് ഞാൻ കരുതുന്നത്. ബ്രദേഴ്‌സിന്റെ കൂടെയുള്ള ജീവിതം ഞാൻ ആസ്വദിച്ചിട്ടുണ്ട്. പിന്നീട് അതിരൂപതയിൽ വന്നപ്പോഴും സെമിനാരിക്കാരുടെ ഉത്തരവാദിത്വം ഉണ്ടായിരുന്നു. സെമിനാരിയിലെ ജീവിതാനുഭവങ്ങളുടെ വെളിച്ചത്തിൽ ബ്രദേഴ്‌സിന്റെകൂടെ ആയിരിക്കുവാൻ ശ്രദ്ധിച്ചിട്ടുണ്ട്.
പ്രബോധകൻ എന്ന നിലയിലുള്ള എന്റെ ജീവിതംവഴി തീർച്ചയായും ശരിയായ അറിവ് പകർന്നുനൽകാനാണ് ഞാൻ ശ്രമിച്ചിട്ടുള്ളത്. ഭാരതീയ പാരമ്പര്യം പറയുന്നത് ഇപ്രകാരമാണ്: ‘അറിയുക, അറിയുന്നത് ആചരിക്കുക, ആചരിക്കുന്നത് കൈമാറുക’, ആ ഒരു വലിയ പാരമ്പര്യത്തിന്റെ ചൈതന്യത്തിലാണ് ഞാൻ പ്രവർത്തിച്ചിട്ടുള്ളത്. എഴുത്തും വായനയും എനിക്ക് എന്നും പ്രിയപ്പെട്ടതായിരുന്നു. സഭാകാര്യങ്ങളിലും
സാമൂഹ്യകാര്യങ്ങളിലുമുള്ള ശരിയായിട്ടുള്ള പ്രബോധനം സെമിനാരിക്കാർക്കും വൈദികർക്കും സന്ന്യസ്തർക്കും അല്മായർക്കുമൊക്കെ നല്കുവാൻ സാധിച്ചതാണ് നമ്മുടെ അതിരൂപതയുടെ വലിയ നേട്ടം. അത് തലമുറകളോളം നീണ്ടുനിൽക്കുകയും ഫലം പുറപ്പെടുവിക്കുകയും ചെയ്യുന്ന കാര്യമാണ്. അതുകൊണ്ട് പ്രബോധനജീവിതം വളരെ പ്രധാനപ്പെട്ടതാണ്. ഇനി ആ ഒരു വലിയ ദൗത്യം കൂടുതലായി നിർവ്വഹിക്കേണ്ട ഒരു നിയോഗമാണല്ലൊ എനിക്ക് ലഭിച്ചിരിക്കുന്നത്. ആ നിയോഗം എന്നിൽ നിന്ന് ആവശ്യപ്പെടുന്ന ഉത്തരവാദിത്വങ്ങൾ അഥവാ വിശുദ്ധീകരണത്തിന്റെയും പഠിപ്പിക്കലിന്റെയും നയിക്കലിന്റെയും ഉത്തരവാദിത്വങ്ങളെല്ലാം ഭംഗിയായി നിർവ്വഹിക്കണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്.

6. ചങ്ങനാശ്ശേരി അതിരൂപതയിലെ വെട്ടിമുകൾ ഇടവകയിൽ പാടിയത്ത് പരേതനായ
ചാക്കോ-ഏലിയാമ്മ ദമ്പതികളുടെ മകനായി 1969 -ൽ ജനിച്ച അങ്ങയുടെ വിശ്വാ
സജീവിതത്തിന് കുടുംബം കരുത്തായത് ഏങ്ങനെയാണ്?

എന്റെ മാതാപിതാക്കളെ, ചാച്ചനെയും അമ്മച്ചിയെയും വളരെ സ്‌നേഹത്തോടെ
ഞാൻ ഈ അവസരത്തിൽ അനുസ്മരിക്കുകയാണ്. അവരെപ്രതി കർത്താവിന് നന്ദി പറയുകയും ചെയ്യുന്നു. മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും വിശ്വാസജീവിതം എങ്ങനെ എന്നെ സ്വാധീനിച്ചു എന്നു ചിന്തിച്ചാൽ, വീട്ടിലെ കുടുംബപ്രാർത്ഥന കൃത്യമായി നടത്തുന്നതിൽ മാതാപിതാക്കൾക്ക്
നിഷ്ഠയുണ്ടായിരുന്നു. പരിശുദ്ധ കുർബ്ബാനയിൽ പങ്കെടുക്കുന്നതിനും സാധിക്കുന്ന അവസരങ്ങളിലെല്ലാം പള്ളിയിൽ പോകുന്നതിനും അവർ ശ്രദ്ധിച്ചിരുന്നു. പ്രത്യേകിച്ച്
കുടുംബത്തിൽ നിന്ന് മരിച്ചുപോയവരുടെ ഓർമ്മ ദിവസങ്ങളിൽ പള്ളിയിൽ കൃത്യസമയത്തു തന്നെ എത്തുക എന്നുള്ളത് ചാച്ചന് വളരെ നിഷ്ഠയുള്ള കാര്യമായിരുന്നു. വലിയ വിദ്യാസമ്പന്നരൊന്നും ആയിരുന്നില്ല എന്റെ മാതാപിതാക്കൾ. ചാച്ചനും അമ്മച്ചിക്കും കിട്ടാതിരുന്ന ഉന്നത വിദ്യാഭ്യാസം മക്കൾക്ക് കിട്ടണമെന്ന് അവർ ആഗ്രഹിച്ചിരുന്നു. അതിനാൽ മക്കളെ നല്ല നിലയിൽ പഠിപ്പിക്കാൻ അവർ ശ്രദ്ധിച്ചിരുന്നു. സഹോദരങ്ങളും ഇന്ന് നല്ല വിശ്വാസജീവിതവും സഭാജീവിതവും നയിക്കുന്നവരാണ്. ഞങ്ങളുടെ കുടുംബത്തിൽ 6 മക്കളാണ് ഉള്ളത്. 5 ആണും ഒരു പെണ്ണും. ഞാൻ ഏറ്റവും ഇളയ ആളായിരുന്നതിനാൽ എല്ലാവർക്കും എന്നോടു വലിയ കരുതലും സ്‌നേഹവുമാണ്. അതുകൊണ്ട് സെമിനാരി കാലഘട്ടത്തിലും വൈദികൻ ആയപ്പോഴും എനിക്കു കുടുംബത്തെക്കുറിച്ച് യാതൊരു വിധത്തിലും ശ്രദ്ധിക്കേണ്ടിവന്നിട്ടില്ല. ജേഷ്ഠസഹോദരങ്ങളൊക്കെ എനിക്കുവേണ്ടി പല കാര്യങ്ങളും ചെയ്തുവെന്നല്ലാതെ എന്നിൽനിന്ന് അവർ ഒന്നും പ്രതീക്ഷിച്ചിട്ടില്ല. സഹോദരങ്ങൾ തമ്മിലും സഹോദരങ്ങളുടെ മക്കൾ തമ്മിലുമുള്ള അടുത്ത
സ്‌നേഹബന്ധം ഞങ്ങളുടെ കുടുംബത്തിന്റെ ഏറ്റവും വലിയ ശക്തിയായി ഞാൻ കരുതുന്നു.

7. ചങ്ങനാശ്ശേരി അതിരൂപതയുടെ വികാരിജനറാളായി ശുശ്രൂഷ ചെയ്തുവരവെയാണല്ലോ പുതിയ നിയമനം അങ്ങയെ തേടിയെത്തുന്നത്. അതിരൂപത വിട്ടുപോകാൻ ആഗ്രഹിച്ചിട്ടില്ലെങ്കിലും അബ്രാഹത്തേയും മോശയേയും തോമാശ്ലീഹായേയും പോലെ ദൈവഹിതത്തിന് വിട്ടുകൊടുത്തുകൊണ്ട് ദൈവം വഴികാട്ടുന്ന ദേശത്തേയ്ക്ക് പോകാൻ അങ്ങു തയ്യാറായിരിക്കുന്നു. പുതിയ പ്രേഷിതമേഖലയിലെ പ്രതീക്ഷകളും പ്രതിസന്ധികളും എന്തൊക്കെയാണ്?

ചങ്ങനാശ്ശേരി അതിരൂപതയിൽ എന്നും ആയിരിക്കുകയും അതിരൂപതയുടെ ഭാഗമാ
യിരിക്കുകയും ചെയ്യുക എനിക്കു വളരെ സന്തോഷവും അഭിമാനവും നൽകിയിട്ടുള്ള
കാര്യമാണ്. അതിരൂപതയുടെ നിലപാടുകളും ബോധ്യങ്ങളുമൊക്കെ ചിലപ്പോഴെ
ങ്കിലും വിമർശനത്തിന് വിഷയം ആയപ്പോഴും അഭിമാനത്തോടെ ആ നിലപാടുകളെ സ്വീകരിക്കുന്നതിൽ എനിക്ക് സന്തോഷം തോന്നിയിട്ടുണ്ട്. അതിരൂപതയുടെ നിലപാടുകൾ ചിലപ്പോഴൊക്കെ വ്യത്യസ്തമാണ് എന്നൊക്കെ വിമർശിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ എപ്പോഴും സഭയുടെ നിലപാടുകളും സഭാപ്രബോധനത്തിന്റെ അടിസ്ഥാനത്തിലുള്ള നിലപാടുകളുമാണ് അതിരൂപത എടുത്തിട്ടുള്ളത്. അതുകൊണ്ടു തന്നെ അതിൽ അഭിമാനിക്കുവാൻ നമുക്ക് സാധിക്കും. അതിരൂപതയുടെ വികാരിജനറാളായി പ്രവർത്തിച്ചപ്പോഴും എനിക്ക് കഴിയുംവിധമെല്ലാം ആ നിലപാടുകൾ അടുത്ത തലമുറയ്ക്കും നമ്മുടെ വിശ്വാസിസമൂഹത്തിനും കൈമാറുവാൻ കുറെയെല്ലാം സാധിച്ചിട്ടുണ്ട്. ചങ്ങനാശേരിയുടെ ഒരു സുകൃതമെന്ന് ഞാൻ എപ്പോഴും കരുതുന്നത് നമ്മുടെ അതിരൂപതയ്ക്ക് ലഭിച്ചിട്ടുള്ള മേലധ്യക്ഷന്മാരാണ്. അവരുടെ ജീവിതം തന്നെ എനിക്ക് എന്നും അനുകരണീയമായ മാതൃകയാണ്. അഭിവന്ദ്യ പെരുന്തോട്ടം പിതാവിന്റെ പ്രാർത്ഥനാ ജീവിതവും അജപാലന ദർശനവും സഭാ ആരാധനക്രമ കാര്യങ്ങളിലുള്ള ജാഗ്രതയും തീക്ഷ്ണതയും എന്നെ സ്വാധീനിച്ച കാര്യങ്ങളാണ്. അഭിവന്ദ്യ പെരുന്തോട്ടം പിതാവ് ശരിയായ പ്രബോധനം ദൈവജനത്തിന് നൽകുന്നതിൽ എന്നും ശ്രദ്ധിച്ചിട്ടുണ്ട്. പിതാവിനോടു ചേർന്നുനിന്നും പ്രവർത്തിക്കുവാൻ സാധിച്ചത് വലിയൊരു അനുഗ്രഹമായിട്ട് ഞാൻ കരുതുകയാണ്. അഭിവന്ദ്യ തോമസ് തറയിൽ പിതാവിന്റെ സമുദായ സ്‌നേഹവവവും ഉറച്ച നിലപാടുകളും രൂപതയുടെയും സഭയുടെയും സമുദായത്തിന്റെയും നന്മയും വളർച്ചയും ലക്ഷ്യം വച്ച് ഭാവിയെ കരുതിയുള്ള പദ്ധതികളുടെ രൂപീകരണവും എനിക്ക് പകർത്തിയെടുക്കാവുന്ന മാതൃകയാണ്. അഭിവന്ദ്യ തറയിൽ പിതാവിന്റെ സഹോദരതുല്യമായ സ്‌നേഹമനോഭാവം ഞാൻ നന്ദിയോടെ അനുസ്മരിക്കുന്നു. ഇന്നിപ്പോൾ ഇങ്ങനെയൊരു പുതിയ നിയോഗം ലഭിച്ചിരിക്കുന്ന അവസരത്തിൽ,
സഭ പറയുന്നതുകേൾക്കുക എന്നത് എന്റെ കടമയായി ഞാൻ കരുതുന്നു. ആ ഒരു കാര്യം തന്നെയാണ് ചങ്ങനാശ്ശേരിയിൽ നിന്നുപോയി പുതിയ നിയോഗം സ്വീകരിക്കുന്ന സാഹചര്യത്തിലും എന്നെ നയിക്കുന്ന കാര്യം. സഭയ്ക്കു വേണ്ടി ജീവിതത്തിൽ എന്തെങ്കിലും ചെയ്യുവാൻ സാധിക്കുകയാണെങ്കിൽ അതു
സന്തോഷത്തോടെ ചെയ്യുക, ആ കൃത്യ നിർവ്വഹണത്തിൽ വ്യക്തിപരമായുണ്ടാകുന്ന
ബുദ്ധിമുട്ടുകളും നഷ്ടങ്ങളും എല്ലാം സന്തോഷത്തോടെ സ്വീകരിക്കുക എന്നുള്ള ഒരു ചിന്തയാണ് എനിക്ക് ഉള്ളത്. പുതിയ പ്രേഷിതമേഖല തീർച്ചയായും പ്രതിസന്ധികളും വെല്ലുവിളികളുമൊക്കെ നിറഞ്ഞതാണ്. അതു സന്തോഷത്തോടെ ഏറ്റെടുക്കുവാൻ ഞാൻ തയ്യാറാവുകയാണ്. നമ്മളെല്ലാവരും പ്രേഷിതരായ ശിഷ്യരായിരിക്കണമെന്ന ഫ്രാൻസിസ് മാർപാപ്പയുടെ ഉദ്‌ബോധനം ഞാൻ ശിരസാവഹിക്കുന്നു. എനിക്ക് കഴിയുംവിധം ഈ ഉത്തരവാദിത്വം പൂർത്തീകരിക്കുവാൻ നൂറുശതമാനം വിശ്വസ്തതയോടെ ഞാൻ പരിശ്രമിക്കും.

8. കർത്താവിന്റെ സന്നിധിയിൽ നന്ദിയോടും സമർപ്പണത്തോടും കൂടിയായിരി ക്കുന്നു എന്നാണ് മെത്രാൻ നിയമനത്തിനുശേഷം ചങ്ങനാശേരി അരമന ചാപ്പലിൽ
ആദ്യമായി നടത്തിയ പ്രസംഗത്തിൽ അങ്ങ് പ്രസ്താവിച്ചത്. മെത്രാൻ നിയമനം ആവശ്യ
പ്പെടുന്ന കൂടുതൽ സമർപ്പണമേഖലകൾ എന്തൊക്കെയാണ്?

മെത്രാൻ നിയമനം ആവശ്യപ്പെടുന്ന കൂടുതൽ സമർപ്പണത്തെക്കുറിച്ച് പറയുമ്പോൾ ഒരു മിഷൻ രൂപതയെന്ന നിലയിൽ ഷംഷാബാദിൽ അജപാലന പ്രവർത്തനങ്ങൾ
ക്കൊപ്പം തന്നെ മിഷൻ പ്രവർത്തനങ്ങൾക്കും കൂടുതൽ ഊന്നൽ നൽകേണ്ടതായിട്ടുണ്ട്. കേരളത്തിന് പുറത്തുള്ള സീറോമലബാർ വിശ്വാസികളുടെ അജപാലനം ഈ രൂപതയുടെ ഉത്തരവാദിത്തമാണ്. അതിലുപരി സീറോമലബാർ സഭയുടെ വളർച്ചയും ഭാവിയും ആശ്രയിച്ചിരിക്കുന്നത് കർത്താവിന്റെ സുവിശേഷം അറിയാത്തവരിലേക്ക് എത്തിക്കുന്നതുവഴിയാണ്. അതിവിശാലമായ ഭാരതത്തിന്റെ ഭൂപ്രദേശത്ത് സുവിശേഷ ചൈതന്യം സാധ്യമായ രീതിയാലെല്ലാം കൈമാറുകയാണ് ഈ നിയമനം കൂടുതലായി ആവശ്യപ്പെടുന്നതെന്ന് ഞാൻ കരുതുന്നു.
അതിന് കൂടുതൽ സമർപ്പണം ആവശ്യമാണ്. കേരളത്തിലെ സാഹചര്യങ്ങളിൽ നിന്ന് വ്യത്യസ്തമായ സാഹചര്യങ്ങളോടും ഭാഷയോടും സംസ്‌കാരത്തോടുമൊക്കെ ഇണങ്ങി ജീവിക്കുക, അതു പരിശീലിക്കുക അതിനനുസരിച്ച് അവിടെ സുവിശേഷ ചൈതന്യം എങ്ങനെ പകർന്നുനൽകുവാൻ സാധിക്കുമെന്ന് മനസ്സിലാക്കുക എന്നിവ ആവശ്യമാണ്. അത് പ്രാർത്ഥനാപൂർവം മറ്റുള്ളവരോട് സഹകരിച്ച് ചെയ്യാൻ സാധിക്കുമെന്ന പ്രതീക്ഷയോടെയാണ് ഞാൻ ഈ ഉത്തരവാദിത്വം നോക്കിക്കാണുന്നത്.

9. ഷംഷാബാദ് രൂപതയുടെ സഹായമെത്രാനെന്ന ചുമതലയുടെ നിർവ്വഹണത്തിന് ചങ്ങനാശ്ശേരി അതിരൂപതയിൽ നിന്ന് പകർത്തിയെടുക്കാവുന്ന മാതൃകകൾ എന്തൊ
ക്കെയാണ്?

ചങ്ങനാശേരി അതിരൂപത സ്വന്തം മക്കൾക്കും സഭയ്ക്കു പൊതുവായും നൽകിയ പ്രധാന സംഭാവന സഭയോടൊത്തുള്ള ജീവിതത്തെ പ്രോത്സാഹിപ്പിച്ചു എന്നതാണ്. സഭാവബോധവും സഭാത്മക ചിന്തയും സഭാശിക്ഷണവും എല്ലാം ഒരു വിശ്വാസിയുടെ ജീവിതത്തിൽ പ്രധാനപ്പെട്ടതാണ്. സഭാധികാരികളോടുള്ള വിധേയത്വവും സഭാപ്രബോധനങ്ങളുടെ പ്രചരണവും പഠനവുമെല്ലാം ചങ്ങനാശേരി അതിരൂപത എപ്പോഴും പ്രധാനപ്പെട്ടതായി കരുതിയിരുന്നു. അതുപോലെ തന്നെ മാതൃസഭയുടെ ചൈതന്യവും പൈതൃകവും ജീവിക്കുന്നതിൽ, സഭാമക്കളെ, അത് വൈദികരെയൊ സമർപ്പിതരെയോ മാത്രമല്ല വിശ്വാസിസമൂഹത്തെ മുഴുവൻ ആ ബോധ്യത്തിലേക്ക് കൊണ്ടുവരുന്നതിൽ ഈ അതിരൂപത ഏറെ പരിശ്രമിച്ചിരുന്നു. ഈ അതിരൂപത മുന്നോട്ടുവച്ചിട്ടുള്ള കാഴ്ചപ്പാടുകളും നിലപാടുകളുമെല്ലാം എന്റെ ജീവിതത്തിലും വളരെ പ്രധാനപ്പെട്ടതാണ്. അതു കൊണ്ടുതന്നെ സീറോമലബാർ സഭയുടെ ഒരു മിഷൻ രൂപതയായ ഷംഷാബാദ് രൂപതയിൽ ശുശ്രൂഷയ്ക്കായി നിയോഗിക്കപ്പെടുമ്പോൾ പല അജപാലന മാതൃകകളും ചങ്ങനാശേരി അതിരൂപതയിൽ നിന്നും പകർത്തിയെടുക്കാൻ സാധിക്കും. എന്നിരുന്നാലും ഒരു മിഷൻ രൂപതയെന്ന നിലയിൽ ഉത്തരേന്ത്യയിലും ദക്ഷിണേന്ത്യയിലുമായി പടർന്നുകി
ടക്കുന്ന ഒരു രൂപതയുടെ സഹായമെത്രാനായി നിയോഗിക്കപ്പെടുമ്പോൾ ഇവിടുത്തെ രീതികൾ അതുപോലെതന്നെ അനുകരിക്കുവാനോ പകർത്തുവാനോ സാധിക്കുകയില്ല എന്നെനിക്കറിയാം. എങ്കിലും സഭയോടുള്ള സ്‌നേഹവും
സഭാവബോധവും ആരാധനക്രമ ചൈതന്യവും മാതൃസഭയുടെ ദൈവശാസ്ത്ര ആരാ
ധനക്രമ ആദ്ധ്യാത്മിക ശിക്ഷണക്രമവുമൊക്കെ സഭാമക്കൾക്കും ഈ സഭയിലേയ്ക്ക് പുതിയതായി വരുന്നവർക്കും കൈമാറിക്കൊടുക്കാൻ പരമാവധി പരിശ്രമിക്കും. സഭയോടൊത്തുള്ള ചിന്തയും സഭയെ അനുസരിക്കാനുള്ള മനോഭാവവുമെല്ലാം
സഭാമക്കൾ എവിടെയാണെങ്കിലും പുലർത്തേണ്ട കാര്യമാണ്. അതിന് പ്രത്യേക
സ്ഥലകാല പരിമിതികളില്ല. അതുകൊണ്ടു തന്നെ ആ നല്ല ബോധ്യങ്ങൾ അവിടെയും
സഭാമക്കൾക്ക് കൈമാറിക്കൊടുക്കാൻ കുറെയെല്ലാം സാധിക്കുമെന്നാണ് ഞാൻ കരു
തുന്നത്.

10. സത്യദർശനം മാസികയുടെ ചുമതലകൂടിയുണ്ടായിരുന്ന വികാരി ജനറാൾ എന്ന നിലയ്ക്ക് അങ്ങേയ്ക്ക് ഈയവസരത്തിൽ വായനക്കാർക്ക് നൽകാനുള്ള സന്ദേശം പങ്കുവയ്ക്കാമോ?

ഇന്ന് സത്യദർശനം മാസികയായിത്തീർന്നിട്ടുള്ള സത്യദർശനമാല എന്ന പേരിൽ
ആരംഭിച്ച ഈ പ്രസിദ്ധീകരണത്തെ അകലെ നിന്നും അടുത്തുനിന്നുമെല്ലാം ഞാൻ നോക്കിക്കണ്ടിട്ടുണ്ട്. അതിന്റെ അടിസ്ഥാന ലക്ഷ്യങ്ങൾ മനസിലാക്കിയിട്ടുള്ളതുമാണ്. അത് അടിസ്ഥാനപരമായി സഭാപ്രബോധനങ്ങൾ, പ്രത്യേകിച്ച് ആരാധനാക്രമ പ്രബോധനം സഭാമക്കൾക്ക് നൽകുകയെന്ന ഉദേശത്തോ
ടുകൂടി അഭിവന്ദ്യ പെരുന്തോട്ടം പിതാവ് മാർത്തോമാ വിദ്യാനികേതന്റെ ഡയറക്ടർ ആയിരുന്നപ്പോൾ ആരംഭിച്ചതാണ്. വിശ്വാസികൾക്കും ദൈവശാസ്ത്രം പഠിക്കാൻ ആഗ്രഹിക്കുന്നവർക്കും മതാധ്യാപകർക്കുമെല്ലാം സഭാപ്രബോധനങ്ങളിലും നമ്മുടെ സഭയുടെ ദൈവശാസ്ത്രത്തിലും ആരാധനാക്രമത്തിലുമെല്ലാം ശിക്ഷണം നൽകുകയാണ് അതിന്റെ സ്ഥാപകലക്ഷ്യം. കാലം വരുത്തിയ ചില മാറ്റങ്ങൾ ഉണ്ടെങ്കിലും അടിസ്ഥാന കാഴ്ചപ്പാടുകൾ കാത്തുസൂക്ഷിച്ചു കൊണ്ടാണ് സത്യദർശനം ഇന്നും വായനക്കാരിൽ എത്തുന്നത്. അതുകൊണ്ടുതന്നെ ആ ഉദ്ദേശലക്ഷ്യങ്ങളെ
മറക്കാതെ അവ ഫലം പുറപ്പെടുവിക്കുന്നതിന് ഇതിന്റെ പ്രചരണവും വായനയും കൂടുതൽ കാര്യക്ഷമമായിതീരണം എന്നാണ് എനിക്ക് വളരെ സ്‌നേഹത്തോടെ ഓർമ്മിപ്പിക്കാനുള്ളത്. വായനക്കാരോട് പറയാനുള്ളത് ഇതു മാത്രമാണ്. ഉന്നതമായ ഒരു ലക്ഷ്യത്തോടെയാണ് നമ്മളിത് പ്രസിദ്ധീകരിക്കുന്നത്. ആ വലിയ ലക്ഷ്യം ഫലമണിയുന്നത് അത് വായിക്കുന്നവർ അതിന്റെ ചൈതന്യവും അതിലൂടെ ലക്ഷ്യം വയ്ക്കുന്ന കാര്യങ്ങളും ജീവിതത്തിലേക്ക് സ്വീകരിക്കുമ്പോഴാണ്. അതുകൊണ്ട് ഇതിന്റെ ചൈതന്യം നഷ്ടപ്പെടാതെയും സ്ഥാപക ലക്ഷ്യം മറക്കാതെയും എന്നും
നിലനിൽക്കട്ടെ എന്ന് ആശംസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു. സത്യദർശ
നത്തിനുവേണ്ടി അദ്ധ്വാനിക്കുന്ന എല്ലാവർക്കും ഇതിന്റെ വായനക്കാർക്കും ഞാൻ ആശംസകൾ നേരുന്നു. സഭയുടെ പേരിൽ നന്ദി പറയുകയും ചെയ്യുന്നു.