അഞ്ചാം ചങ്ങനാശേരി മഹായോഗം ക്രിസ്തീയവിളി സഭയിലും സമൂഹത്തിലും: കോവിഡനന്തര അജപാലനവും സിനഡാത്മക സഭയും

ഫാ. ജോസ് ഈറ്റോലിൽ

സഭയുടെ ചരിത്രത്തിന്റെ തുടക്കം മുതൽ നമുക്ക് സൂനഹദോസുകൾ കാണാനാകും. നടപടി പുസ്തകം പതിനഞ്ചാം അധ്യായത്തിൽ സഭയിലെ ആദ്യ സൂനഹദോസായ ജറുസലേം സൂനഹദോസിനെപ്പറ്റി സംസാരിക്കുന്നുണ്ട്. വിശുദ്ധ പത്രോസും വിശുദ്ധ യാക്കോബുമാണ് ഈ കൗൺസിലിന് നേതൃത്വം നൽകിയത്. തുടർന്ന് 21 സാർവ
ത്രിക സൂനഹദോസുകൾ കത്തോലിക്കാ സഭയിൽ നടന്നിട്ടുണ്ട്. 1962 മുതൽ 1965 വരെ നടന്ന രണ്ടാം വത്തിക്കാൻ കൗൺസിലാണ് ഈ നിരയിൽ ഒടുവിലത്തേത്. ശ്ലീഹന്മാരുടെ പിൻഗാമികളായ മെത്രാന്മാർ മാർപാപ്പയോട് ചേർന്ന്
വിശ്വാസവും ധാർമികതയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാനും അജപാലനാഭിമുഖ്യങ്ങൾ പ്രഖ്യാപിക്കാനും പ്രബോധനങ്ങൾ നല്കാനും ശിക്ഷണ നടപടികൾ സ്വീകരിക്കാനുമാണ് സൂനഹദോസുകൾ നടത്തുന്നത്. ആഗോള കത്തോലിക്കാ സഭയിൽ ഇത്തരത്തിൽ നടക്കുന്ന സിനഡുകളുടെ മാതൃകയിലാണ് നമ്മുടെ അതിരൂപതയുടെ മഹായോഗവും ക്രമപ്പെടുത്തിയിരിക്കുന്നത്.

കത്തോലിക്കാ സഭയിൽ ഇന്ന് നാമെല്ലാം നൂതനം എന്ന് വിശേഷിപ്പിക്കുന്ന സിനഡാത്മകത എന്ന ആശയം ആദ്യകാലം മുതൽ പ്രാവർത്തികമാക്കിയവരാണ് മാർത്തോമാ ക്രിസ്ത്യാനികൾ. മാർത്തോമയുടെ പാരമ്പര്യത്തിലുള്ള നമ്മുടെ സഭയ്ക്ക് പള്ളിയോഗം, പ്രാദേശികയോഗം, പൊതുയോഗം എന്നിങ്ങനെ സഭാ
സംവിധാനങ്ങളുടെ ഏകോപനത്തിനും കാര്യക്ഷമതയ്ക്കും പരസ്പരേചർച്ചക്കുമായി
സംവിധാനങ്ങൾ ഉണ്ടായിരുന്നു. പൗരസ്ത്യ സഭകൾക്കുവേണ്ടി 1990 ൽ പുറത്തിറങ്ങിയ കാനൻ നിയമത്തിൽ രൂപതായോഗങ്ങൾ കൂടുന്നതിനെപ്പറ്റി പറയുന്നുണ്ട്. ഈ കാനൻ നിയമം നിലവിൽ വരുന്നതിനും ഒരു നൂറ്റാണ്ട് മുൻപ്
ചങ്ങനാശേരിയിൽ നമ്മുടെ സഭയിലെ ആദ്യത്തേത് എന്ന് വിശേഷിപ്പിക്കപ്പെടാവുന്ന ചങ്ങനാശേരി സൂനഹദോസ് 1888 ൽ അഭിവന്ദ്യ ചാൾസ് ലവീഞ്ഞ് പിതാവ് വിളിച്ചുചേർത്തുവെന്നത് നമുക്ക് അഭിമാനാർഹമായ കാര്യമാണ്. പൗരസ്ത്യ കാനൻനിയമം രൂപതാ അസംബ്ലികൾ വിളിച്ചുചേർക്കാൻ രൂപതാ മെത്രാനെ ചുമതലപ്പെടുത്തുന്നു. ഒരു ഉപദേശക സമിതി എന്ന നിലയിൽ ചിട്ടപ്പെടുത്തിയിരിക്കുന്ന അതിരൂപതാ അസംബ്ലി വിളിച്ചു ചേർക്കുന്നതും അജപാലന പ്രവർത്തനങ്ങൾക്കായുള്ള നിർദേശങ്ങളും അഭിപ്രായങ്ങളും സ്വീകരിക്കുന്നതും മെത്രാന്റെ ചുമതലയാണെന്ന് പൗരസ്ത്യ കാനൻ നിയമം 235-242
വരെയുള്ള ഭാഗത്ത് പറയുന്നു. പൗരസ്ത്യ കാനോൻനിയമം പുറപ്പെടുവിക്കപ്പെട്ടതിനുശേഷം നമ്മുടെ രൂപതയിൽ 1999 ലും 2006 ലും
അഭിവന്ദ്യ മാർ ജോസഫ് പൗവത്തിൽ പിതാവും 2013 ൽ അഭിവന്ദ്യ മാർ ജോസഫ്
പെരുന്തോട്ടം പിതാവും അസംബ്ലികൾ വിളിച്ചു ചേർത്തു.

ഇപ്പോൾ വിളിച്ചു ചേർക്കപ്പെടുന്ന മഹായോഗം 2022 ഒക്ടോബർ മാസം രണ്ടാം തീയതി മുതൽ അഞ്ചാം തീയതി വരെ കുന്നന്താനം സെഹിയോൻ ധ്യാനകേന്ദ്രത്തിലാണ് നടത്തപ്പെടുന്നത്. ക്രിസ്തീയ വിളി സഭയിലും സമൂഹത്തിലും. കോവിഡനന്തര അജപാലനവും സിനഡാത്മക സഭയും എന്നതാണ്
ഈ മഹായോഗത്തിന്റെ പൊതു തലക്കെട്ട്. നമ്മുടെ രൂപതയെ മുഴുവൻ പ്രതിനിധീകരിക്കുന്ന രീതിയിൽ വൈദികരും സന്യസ്തരും അത്മായരും ഉൾപ്പെടുന്ന ഇരുനൂറ്റിമുപ്പതോളം പേർ ഇതിൽ പങ്കുചേരുന്നു. മൂന്നു ദിവസങ്ങളിലായി ആരാധനക്രമം, സിനഡാത്മകസഭ, കോവിഡനന്തര അജപാലനം, സന്യാസം-
ദൈവവിളി, കുടുംബം, സമുദായം, മാധ്യമങ്ങൾ എന്നിങ്ങനെ ഏറ്റവും പ്രസക്തമായ വിഷയങ്ങൾ ഈ മഹായോഗത്തിൽ ചർച്ച
ചെയ്യപ്പെടുന്നു.

നമ്മുടെ അതിരൂപതയുടെ വരുന്ന വർഷങ്ങളിലേക്കുള്ള അജപാലനപദ്ധതി രൂപീകരിക്കാനും, കർമപദ്ധതി തയ്യാറാക്കാനും, അതിരൂപത നേരിടുന്ന വിശ്വാസ-സാമൂഹിക-സാമുദായിക വെല്ലുവിളികളെ തിരിച്ചറിയാനും അവയുടെ പരിഹാരമാർഗങ്ങൾ കൂടുതൽ ആഴത്തിൽ മനസ്സിലാക്കാനും ഈ മഹായോഗം ഉപയുക്തമാകും എന്ന് പ്രത്യാശിക്കാം. മഹായോഗത്തിന്റെ വിജയത്തിനായി
നമുക്ക് പ്രാർത്ഥിക്കാം.