ജയ്പൂര്‍ മിഷന്‍ ഉത്ഭവവും വളര്‍ച്ചയും

ഫാ. പോള്‍ പീടിയേക്കല്‍

ചങ്ങനാശേരി അതിരൂപതയുടെ പ്രേഷിത തീക്ഷ്ണതയുടെ മറ്റൊരു മകുടോദാഹരണമാണ് ജയ്പൂര്‍ സീറോമലബാര്‍ മിഷന്‍. കന്യാകുമാരി (തക്കല) യും ഇറ്റാവയും ഹൈദ്രാബാദ് മിഷനും ഈ അതിരൂപത സീറോമലബാര്‍ സഭയ്ക്ക് നല്‍കിയ അതുല്യ സംഭാവനകളാണ്. ഈ ഗണത്തിലെ ഏറ്റവും പുതിയ
സംഭാവനയാണ് രാജസ്ഥാനിലെ ജയ്പൂര്‍ മിഷന്‍. ഇവിടെയുള്ള പ്രവാസികളായ സീറോ
മലബാര്‍ വിശ്വാസികളുടെ ഒരു ചിരകാല അഭിലാഷമായിരുന്നു ഈ നാട്ടിലും തങ്ങളുടെ മാതൃസഭയുടെ പാരമ്പര്യത്തിലും തനിമയിലും സഭാജീവിതം നയിക്കാന്‍ സാധിക്കുകയെന്നത്. അതിനായി അവര്‍ ആശ്രയിച്ചത് പ്രവാസികള്‍ക്ക് ഏറെ കരുത്തും കരുതലും നല്‍കുന്ന അഭിവന്ദ്യ പെരുന്തോട്ടം പിതാവിനെയാണ്. ഷംഷാബാദ് സീറോ മലബാര്‍ രൂപതയായി വളര്‍ന്ന ഹൈദ്രാബാദ് മിഷന്‍ ആരംഭിക്കാന്‍ പിതാവെടുത്ത ധീരമായ നിലപാടുകള്‍ തന്നെയാണ് ജയ്പൂര്‍ നിവാസികളെയും തങ്ങളുടെ ആഗ്രഹ സാഫല്യത്തിനായി പിതാവിനെ സമീപിക്കാന്‍ പ്രേരിപ്പിച്ചത്. ഈ മിഷനിലേക്ക് ആദ്യമായി നിയമിക്കപ്പെട്ട ബഹു. സെബാസ്റ്റ്യന്‍ ശൗര്യാമാക്കല്‍ അച്ചനാണ് ഇവിടെ ഒരു സീറോമലബാര്‍ സമൂഹത്തെ രൂപപ്പെടുത്തിയത്. ചെറുതെങ്കിലും ആ സമൂഹം ധാരാളം എതിര്‍പ്പുകളും അവഗണനകളും അതിജീവിച്ച് തങ്ങളുടെ ആരാധനാക്രമ പാരമ്പര്യങ്ങള്‍ പഠിക്കാനും ആചരിക്കാനും ആരംഭിച്ചു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഏതാനും വൈദികര്‍ കൂടി മിഷന്റെ ഭാഗമായി. ഈ മിഷന്റെ ഭാഗമായി കോട്ട, ബുന്ധി, ജോട്‌വാര തുടങ്ങിയ സ്ഥലങ്ങളില്‍ മിഷന്‍ സ്റ്റേഷനുകള്‍ തുറന്നു. തുടര്‍ന്ന് ഷംഷാബാദ് രൂപതയുമായിട്ടുള്ള കരാര്‍ പ്രകാരം രാജസ്ഥാനിലെ 12 ജില്ലകളില്‍ മിഷന്‍ പ്രവര്‍ത്തനം നടത്താന്‍ ചങ്ങനാശേരി അതിരൂപതയ്ക്ക് സ്വതന്ത്ര ചുമതല നല്‍കി. ജയ്പൂര്‍ മിഷനെ ഇറ്റാവ മിഷനോട് ചേര്‍ത്ത് ജയ്പൂര്‍ ഇറ്റാവ റീജിയന്‍ ഷംഷാബാദ് രൂപതയില്‍ രൂപീകരിക്കുകയും റീജിയന്റെ ചുമതലയുള്ള വികാരി ജനറാളായി റവ. ഡോ. ജയിംസ് പാലയ്ക്കല്‍ നിയമിതനാകുകയും ചെയ്തു. കൂടാതെ ജയ്പൂര്‍ സോണിന്റെ സോണല്‍ വികാരിയായി ബഹു.പീടിയേക്കല്‍ പോള്‍ അച്ചനും നിയമിതനായി. ഇപ്പോള്‍ ഈ മിഷനില്‍ ഏഴ് മിഷന്‍ സ്റ്റേഷനുകളാണ് ഉള്ളത്. ആറ് വൈദികര്‍ ഇവിടെ സേവനം ചെയ്യുന്നു.