ഇറ്റാവാമിഷന്‍

ഫാ. തോമസ് കുളത്തുങ്കല്‍

ചങ്ങനാശേരി അതിരൂപത നടത്തിയ അപൂര്‍വവും സുധീരവുമായ ചുവടുവയ്പാണ് ഇറ്റാവാമിഷന്‍. ആഗ്രാ ആര്‍ച്ചുബിഷപ് ഡോ. ഡൊമനിക് അത്തേഡേയും ചങ്ങനാശേരി ആര്‍ച്ചുബിഷപ് മാര്‍ ആന്റണി പടിയറയും തമ്മില്‍ ഉണ്ടായ ഉടമ്പടി പ്രകാരം ആഗ്രാ അതിരൂപതയുടെ അതിര്‍ത്തിക്കുള്ളില്‍ ചങ്ങനാശേരി അതിരൂപത 1975 മെയ് 1 ന് ആരംഭിച്ച പ്രേഷിത സംരംഭമാണ് ഇറ്റാവാമിഷന്‍.
നേരത്തെ ഇത് ആഗ്രാമിഷന്‍ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഇറ്റാവ, മയിന്‍
പുരി, ഫറൂക്കാബാദ്, കനൗജ്, ഔറയ്യ, ഫിറോസാബാദ് എന്നീ ജില്ലകള്‍ ഉള്‍പ്പെട്ടതാണ് ഈ മിഷന്‍. സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുമാണ് ഇറ്റാവമിഷന്‍ പ്രധാനമായും ചെയ്യുന്നത്. സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കം നില്‍ക്കുന്നവര്‍, ഗ്രാമീണര്‍, സ്ത്രീകള്‍, കുട്ടികള്‍ എന്നിവരുടെ ഉന്നമനത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ മിഷന്‍ നടത്തിവരുന്നു. വിദ്യാഭ്യാസ ഉന്നമനത്തിനായി ഏതാനും സ്‌കൂളുകളും മിഷന്‍ നടത്തുന്നന്നുണ്ട്. പ്രവാസികളായ സീറോ മലബാര്‍ സഭാംഗങ്ങളുടെ അജപാലന ശുശ്രൂഷയും നിര്‍വഹിക്കുന്നു. കൂടാതെ അവിടെ നിലവിലുള്ള സഭകളുമായി ചേര്‍ന്ന് എക്യുമെനിക്കല്‍ സംരംഭങ്ങളും ഈ മിഷന്‍ നടത്തി വരുന്നു. ഇപ്പോള്‍ ഈ മിഷനില്‍ 17 സ്റ്റേഷനുകളാണ് ഉള്ളത്.
2017ല്‍ സീറോ മലബാര്‍ സഭയ്ക്ക് അഖിലേന്ത്യാധികാരം നല്‍കിക്കൊണ്ട് ഷംഷാബാദ് രൂപത സ്ഥാപിക്കപ്പെട്ടപ്പോള്‍ ഇറ്റാവമിഷന്‍ പുതിയ രൂപതയില്‍ ഉള്‍പെട്ടു. ചങ്ങനാശേരി അതിരൂപതാംഗമായ റവ. ഡോ. ജയിംസ് പാലയ്ക്കല്‍ ഇറ്റാവ – ജയ്പൂര്‍ മിഷനുകളുടെ ചുമതലയുള്ള വികാരി ജനറാള്‍ ആയി നിയമിക്കപ്പെട്ടു. ഇപ്പോള്‍ ചങ്ങനാശേരി അതിരൂപതാംഗം തന്നെയായ മാര്‍ തോമസ് പാടിയത്ത് ഈ മിഷനുകളുടെ പ്രത്യേക ചുമതലയുള്ള സഹായമെത്രാനായി ഷംഷാബാദ് രൂപതയില്‍ നിയമിതനായിരിക്കുകയാണ്.