പകൽ അസ്തമിക്കുന്നു; ഉദയം പ്രതീക്ഷയാണ് (The Day is Now Far Spent) The Day is Now Far Spent: Robert Cardinal Sarah in conversation with Nicholas Diat

16. മതസ്വാതന്ത്ര്യം (Religious Liberty)

രാഷ്ട്രീയ സമൂഹങ്ങളുടെ വലിയ ഒരു പ്രലോഭനം, തങ്ങളുടെ അടിസ്ഥാനമോ ആത്യ
ന്തികലക്ഷ്യമോ തങ്ങളിലല്ലെന്നു മറക്കുന്നുവെന്നതാണ്. ഒരു രാഷ്ട്രത്തിനും ഒരിക്കലും പൂർണ്ണത അവകാശപ്പെടാനാവില്ല; പൂർണ സന്തോഷമോ സ്വാതന്ത്ര്യമോ വാഗ്ദാനം ചെയ്യാനാവില്ല. ഭൗമിക സമൂഹങ്ങളെല്ലാം അപൂർണ്ണങ്ങളാണ്. രാഷ്ട്രീയ സമൂഹങ്ങൾ ഈ യാഥാർത്ഥ്യങ്ങൾ എത്രത്തോളം മറക്കുന്നുവോ, അത്രത്തോളം അവ തങ്ങളെത്തന്നെ അനന്ത ചക്രവാളമായി അവതരിപ്പിക്കുകയും അത്രമാത്രം സർവ്വാധിപത്യ പ്രവണത പുലർത്തുകയും ചെയ്യുമെന്ന് കർദിനാൾ സാറാ പ്രസ്താവിക്കുന്നു. ഈ അവസരത്തിൽ കമ്മ്യൂണിസ്റ്റ് മരീചിക (Communist mirage) നാസിഭ്രാന്ത് (Nazi madness) ജനാധിപത്യ പുരോഗമന വാദം (democratic liberalism) ഇവ തമ്മിലുള്ള ആഴമായ ബന്ധം സംബന്ധിച്ചുള്ള ബനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ വിലയിരുത്തൽ കൂട്ടിച്ചേർക്കാൻ പിതാവ് മറക്കുന്നില്ല. പല അടിസ്ഥാന തത്വങ്ങളിലും ഈ ആശയങ്ങൾ തമ്മിലുള്ള സാദൃശ്യം പുലർത്തുന്നു. കമ്മ്യൂണിസവും നാസിസവും ഉന്മൂലന താവളങ്ങൾ (extermination camps) കണ്ടുപിടിച്ചു; ജനാധിപത്യ പുരോഗമനവാദമാകട്ടെ മാധ്യമങ്ങളെ ദുരുപയോഗം ചെയ്ത് തെറ്റായ സന്ദേശങ്ങൾ ഇളംപ്രായത്തിൽതന്നെ കുഞ്ഞുങ്ങളിലെത്തിക്കുന്നു. ഈ വിധം
മൃദുവോ കഠിനതരമോ ആയ എല്ലാത്തരം സർവ്വാധിപത്യ പ്രവണതകളെയും എതിർക്കുവാനുളള ഉത്തരവാദിത്തം ക്രിസ്ത്യാനിക്കുണ്ട്.
ഒരു ജനാധിപത്യ രാജ്യത്തിന്റെ അടിസ്ഥാനം ജനങ്ങളാണെങ്കിൽ അതിനെങ്ങനെ
യാണ് സർവ്വാധിപത്യസ്വഭാവം ഉണ്ടാവുകയെന്ന് സംശയിക്കുന്നവരുണ്ടാകും. ശക്തരുടെയും അതിസമ്പന്നരുടെയും കൈകടത്തലുകൾക്കു വിധേയമാകുമ്പോൾ ജനാധിപത്യം സർവ്വാധിപത്യമാകും: ‘യഥാർത്ഥ ഉള്ളടക്കം എടുത്തുമാറ്റപ്പെട്ടാൽ വ്യക്തി സ്വാതന്ത്ര്യം സ്വയം നശിപ്പിക്കുന്നു’ (Deprived of its content, Individual freedom abolishes itself – Benedict XVI). വസ്തുനിഷ്ഠമായ നന്മയിൽ അടിസ്ഥാനമിടാൻ വിസമ്മതിക്കുന്ന ഒരു സമൂഹം ശൂന്യതയുടെ സർവ്വാധിപത്യമായി മാറുമെന്ന് കർദ്ദിനാൾ സാറ മുന്നറിയിപ്പു നൽകുന്നു. ജനാധിപത്യ സമൂഹങ്ങളുടെ നിയമത്തിന്റെ അടിസ്ഥാനത്തെപ്പറ്റി സഭ നിരന്തരം ചോദ്യങ്ങൾ ചോദിക്കേണ്ടതുണ്ട്.
ഉന്നതമായ മൂല്യങ്ങളിൽ അടിസ്ഥാനമിടാത്ത നിയമങ്ങൾ ആ സമൂഹത്തിന്നു തന്നെ ബാധ്യതയായി മാറുമെന്നതിൽ തർക്കമില്ല. നീതിയിൽ അടിസ്ഥാനമിടാത്ത സമൂഹങ്ങളിലെ ജനാധിപത്യം എന്തു ദുരന്തമായിരിക്കും.
അതിനാൽ, നിയമങ്ങൾക്ക് അതിഭൗതികമായ അടിത്തറ അനിവാര്യമാണ്. ഇതിനു വിരുദ്ധമായാൽ അത്തരം സമൂഹങ്ങളിൽ പൊതുതാല്പര്യം ഹനിക്കപ്പെടുകയും കൊള്ളക്കാരുടെ ശൈലി നടമാടുകയും ചെയ്യും.
അതിഭൗതിക മൂല്യങ്ങളെ അവഗണിക്കുന്ന നേതൃത്വം നൈമിഷികമായ താൽപര്യങ്ങൾക്കായി യാദൃശ്ചികത ഒത്തുചേർത്ത കൊള്ളക്കാരുടെ കൂട്ടമാകും. നിയമത്തെ ഭൂരിപക്ഷത്തിന്റെ മാറി മറിച്ചിലുകൾക്കു കൈവിടുന്ന സമൂഹം സ്വയം കവർച്ചക്കാരുടെ സംഘമാകുന്നതിന്റെ അപകടത്തെ അഭിമുഖീകരിക്കും. ദൈവത്തെ ഒഴിവാക്കുന്നിടത്ത് ഗുരുതരമായ പ്രതിസന്ധികൾ രൂപപ്പെടും; ഭൂരിപക്ഷ താൽപര്യങ്ങളുടെ സംരക്ഷണത്തിന്റെ മറപറ്റി നിഷ്‌കളങ്കരായവരുടെ – കുട്ടികളുടെ
ഉൾപ്പെടെ – ജീവനുമേൽ നിയമങ്ങൾ ആധിപത്യമുറപ്പിക്കും. ഈ സാഹചര്യത്തിലാണ് മതസ്വാതന്ത്ര്യം സംബന്ധിച്ചുള്ള ചിന്തകൾ പ്രസക്തമാകുന്നത്.
എല്ലാ മനുഷ്യർക്കും, വിശിഷ്യാ മതകാര്യങ്ങളിൽ, സ്വതന്ത്രമായ സത്യാന്വേഷണ
ത്തിനുള്ള സാഹചര്യം ഉണ്ടാകണം. പൊതുസംവാദങ്ങൾ അതിന്റെ പ്രകാശനത്തിൽ സ്വതന്ത്രമായി നിലനിൽക്കണം. സ്വയം ശുദ്ധീകരിക്കാൻ വിമുഖത കാട്ടുന്ന യുക്തി സർവ്വാധിപത്യ സ്വഭാവം കൈവരിക്കും. ഹിറ്റ്‌ലറും ജനാധിപത്യ പ്രക്രിയവഴി തിരഞ്ഞെടുക്കപ്പെട്ടയാളാണെന്നത് ഓർക്കേണ്ടതാണ്.
ക്രിസ്ത്യാനികൾക്ക് ഇന്നത്തെ രാഷ്ട്രീയത്തിൽ എന്തു ദൗത്യമാണ് നിർവ്വഹിക്കാനുള്ളത്? അവർ തങ്ങളുടെ മനസാക്ഷിയെ മുൻനിറുത്തി നന്മ നിവൃത്തിയാകുവാൻ യത്നിക്കണം. പാർട്ടി താൽപര്യങ്ങൾക്കു വിധേയപ്പെടാതെ, ഭയലേശമെന്യ അവർ സത്യത്തിനു സാക്ഷികളാകണം. ഏതെങ്കിലുമൊരു പാർട്ടിയുടെ ലേബലിലല്ല, സത്യത്തിനു സഹനത്തിലൂടെ, വേണ്ടി വന്നാൽ മരണത്തിലൂടെയും സാക്ഷ്യം വഹിക്കാനുള്ള സന്നദ്ധതയിലാണ്
ക്രിസ്ത്യാനി അവന്റെ രാഷ്ട്രീയം വെളിവാക്കേണ്ടത്. തിന്മയോടു സഹകരിക്കാൻ ആവശ്യപ്പെടുകയോ അത് അടിച്ചേൽപിക്കുകയോ ചെയ്യുന്ന രാഷ്ട്രത്തിനെതിരായി നിലകൊള്ളുമ്പോൾ ക്രിസ്ത്യാനി, ക്രിസ്തീയ രാഷ്ട്രീയ സാക്ഷ്യത്തിന്റെ പരകോടിയായ രക്തസാക്ഷിത്വത്തിലേക്കു വിളിക്കപ്പെടുന്നു. ക്രിസ്ത്യാനികൾക്ക് രാഷ്ട്രീയ സമൂഹത്തിനു നൽകാൻ സാധിക്കുന്ന ഏറ്റവും മികച്ച സേവനം ആത്മീയ
പ്രതിരോധം തീർക്കുകയെന്നതാണ്. ഏറ്റവും നാശകരമായ മതമർദ്ദനം
ക്രിസ്ത്യാനികൾ ഇന്നു നേരിടുന്നത് പാശ്ചാത്യ സംസ്‌കാരങ്ങളിലാണെന്നു പറയാം;
ദൈവനിരാസമാണ് അവയുടെ പ്രത്യേകത. യഥാർത്ഥ ക്രിസ്ത്യാനികൾ അവഗണിക്കപ്പെടുകയും അവമതിക്കപ്പെടുകയും നാമമാത്ര ക്രിസ്ത്യാനികളായി ബഹുഭൂരിപക്ഷം മാറുകയും ചെയ്യുന്നിടത്ത് വിശ്വാസജീവിതമെന്നത് ബോധ്യങ്ങളില്ലാത്ത വെറും സാംസ്‌കാരികമോ സാമൂഹികമോ ആയ ഒന്നായി മാറുന്നു. ബഹുസ്വര ജനാധിപത്യ സമൂഹത്തിൽ സർവ്വാധിപത്യ പ്രലോഭനമുണ്ടാകുന്നത്, മതത്താൽ ശുദ്ധരാക്കാൻ സമൂഹം വൈമുഖ്യം കാണിക്കുമ്പോഴാണ്. ഇതിനു ഘടകവിരുദ്ധമായ കാര്യമാണ്
ഇസ്ലാമിക മൗലികവാദത്തിൽ സംഭവിക്കുന്നത്; യുക്തിയാൽ ശുദ്ധീകരിക്കപ്പെടാൻ
വിമുഖത കാണിക്കുന്ന സാഹചര്യമാണത്.
ശക്തികൊണ്ടോ അക്രമംകൊണ്ടോ വിശ്വാസം അടിച്ചേൽപ്പിക്കുന്നത് ശരിയല്ല. മനഃസാക്ഷിയെയും സ്വാതന്ത്ര്യത്തെയും ലംഘിക്കുകയും മനുഷ്യ മഹത്വത്തെ നിരാകരിക്കുകയും ചെയ്യുന്ന ഒരു ദൈവത്തെ എങ്ങനെയാണ് പ്രഘോഷിക്കാൻ കഴിയുന്നത്. മനഃസാക്ഷിയിൽ വെളിപ്പെട്ടു കിട്ടാത്തതും, എന്നാൽ
രാഷ്ട്രീയ അധികാരം അടിച്ചേൽപിക്കുന്നതുമായ ഒരു നിയമസംഹിതയെ മുൻനിറുത്തിയുള്ള മതവിശ്വാസമാണ് ഇത്തരം മതവാദങ്ങൾ മുന്നോട്ടുവയ്ക്കുന്നത്. ഈ വിധമുളള മൗലിക വാദങ്ങൾ പ്രബലമാകുന്ന ഇടങ്ങളിൽ ക്രിസ്ത്യാനികൾ ആത്മീയ പ്രതിരോധം തീർക്കണം. ഇസ്ലാമിക ഭീകരവാദത്തിന് ഇരകളായി രക്തസാക്ഷികളായവർ അക്രമത്തെ നേരിടുന്നതിൽ ‘അധികാരമില്ലായ്മയുടെ
ശക്തി’ പ്രഖ്യാപിക്കുന്നു. ക്രിസ്ത്യാനികളായി ജീവിക്കുന്നതിന്റെ പേരിൽ സഹിക്കു
ന്നവർ, ഒന്നിൽ നിന്ന് മറ്റൊന്നിലേയ്ക്ക് എന്ന വിധത്തിൽ പൊരുത്തപ്പെട്ടുകൊണ്ടിരിക്കുന്ന നമ്മുടെ മധ്യവർത്തി നിലവാരമുള്ള ക്രിസ്തീയതയെ ചോദ്യം ചെയ്യുന്നുണ്ട്.