കർഷകർക്കെന്നും കണ്ണീരുമാത്രം

0
113

ചിങ്ങം പിറന്നു. ചിങ്ങം ഒന്ന് കർഷക ദിനമായി ആചരിച്ചു. ഈ മാസം മുഴുവൻ
കർഷകമാസമാണ്. ഇനി ചിങ്ങമാസത്തിലെ തിരുവോണനാളിൽ കാർഷിക മഹോത്സവവും നടത്തപ്പെടും. എന്തൊക്കെ മേളങ്ങൾ നടന്നാലും കോരന് കുമ്പിളിൽ തന്നെയാണ് കഞ്ഞി. എന്നാൽ ‘ചില്ലു അണ്ണാന്’ എന്നും മൃഷ്ടാന്ന ഭോജനമാണ്.

കേരളത്തിലെ കർഷകരുടെ ദയനീയ അവസ്ഥയെക്കുറിച്ചാണ് പറഞ്ഞുവരുന്നത്.
ലോകത്തിൽ കാർഷികവൃത്തി സമ്പദ്ഘടനയുടെ നട്ടെല്ലാക്കി മാറ്റിയ വികസിത രാഷ്ട്രങ്ങളുണ്ട്; ഇന്ത്യയിൽ മിക്ക സംസ്ഥാനങ്ങളും കാർഷിക വൃത്തികൊണ്ട് ഉപ
ജീവനം കഴിക്കുന്നവരാണ്. എന്നാൽ ഇവിടങ്ങളിലെ സർക്കാരുകൾ തങ്ങളുടെ കർഷ
കരെ ദ്രോഹിക്കുന്നുണ്ടോ? അവരുടെ ഭൂമി പിടിച്ചെടുക്കുന്നുണ്ടോ? ഒറ്റപ്പെട്ട സംഭ
വങ്ങൾ ഉണ്ടാകാം. എന്നാൽ അവയെ പലതിനെയും സംഘടിത ശക്തികൊണ്ട് പരാജയപ്പെടുത്താൻ കർഷകർക്ക് സാധിച്ചിട്ടുണ്ട്. പശ്ചിമ ബംഗാളിലെ സിംഗൂരിൽ ഉണ്ടായ സമരവും സമീപകാലത്ത് പഞ്ചാബിലും ഡൽഹിയിലുമായി കേന്ദ്രസർക്കാരിന്റെ കാർഷിക നയങ്ങൾക്കെതിരെ നടന്ന സമരവും ഉദാഹരണങ്ങളാണ്. എന്നാൽ കേരളത്തിലേതുപോലെ കർഷകരെ നിരന്തരമായി ദ്രോഹിക്കുന്ന ഒരു സർക്കാർ സംവിധാനം വേറെയുണ്ടോ? ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഈ സംസ്ഥാനത്തിന്റെ രൂപീകരണം മുതൽ നടക്കുന്ന സംഘടിത നീക്കമാണ്. ഹൈറേഞ്ചിലേക്കും മലബാറിലേക്കും കർഷകരെ കുടിയേറാൻ പ്രേരിപ്പിച്ച സർക്കാരുകൾ തന്നെ അവരെ ബലമായി കുടിയിറക്കുന്ന കാഴ്ച പലയാവർത്തി കേരളം കണ്ടു കഴിഞ്ഞു. ഒരു കാലത്ത് ബലം പ്രയോഗിച്ചുള്ള പ്രത്യക്ഷ കുടിയിറക്കായിരുന്നെങ്കിൽ ഇപ്പോൾ നിയമനിർമാണവും നയരൂപീകരണവും വഴിയുള്ള പരോക്ഷമായ കുടിയിറക്കാണ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.

സംരക്ഷിത വന മേഖലകൾക്ക് ചുറ്റും ഒരു കിലോമീറ്റർ പരിധിയിൽ ബഫർസോൺ നിശ്ചയിച്ചുകൊണ്ട് ഈയിടെയുണ്ടായ സുപ്രിം കോടതി ഉത്തരവിന് കാരണം തന്നെ കേരളസർക്കാർ 2019 ൽ ഇറക്കിയ കർഷകവിരുദ്ധ ഉത്തരവാണ്. ഇത്
പരിഹരിക്കണമെന്ന ആവശ്യത്തിൽ സർക്കാർ ഉറപ്പുകൾ നൽകുന്നുണ്ടെങ്കിലും നിയമപരമായി നിലനിൽക്കുന്ന സക്രിയ നടപടികൾ ഉണ്ടാകുന്നില്ല. ജനവാസ മേഖ
ലകളെ ബഫർ സോണിൽ നിന്ന് ഒഴിവാക്കാനായി ചുമതലപ്പെടുത്തിയിരിക്കുന്നത് കർഷകദ്രോഹത്തിന് പേരുകേട്ട വനം വകുപ്പിനെത്തന്നെയാണ്. എന്നാൽ, തങ്ങൾക്ക് ജനവാസ മേഖലയുടെ നിർവചനം പോലും അറിയില്ല എന്നാണ് കർഷക സംഘടനകൾക്ക് വിവരാവകാശ നിയമ പ്രകാരം വനം വകുപ്പിൽ നിന്നും ലഭിച്ച
മറുപടി.

കർഷകരെ ജീവിക്കാനനുവദിക്കാതെ, പട്ടയമുള്ള ഭൂമി പോലും വന്യജീവികളുടെ
വിഹാരകേന്ദ്രങ്ങളാക്കാനും അതുവഴി കർഷകരെ കുടിയിറക്കി വന വിസ്തൃതി വർദ്ധിപ്പിച്ച് കാർബൺ ഫണ്ട് കരസ്ഥമാക്കാനുമുള്ള കുൽസിത പ്രവർത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. 2011 ൽ കേന്ദ്ര വനം മന്ത്രാലയം നിർദേശിച്ചത് 10 കിലോ
മീറ്റർ വരെ ബഫർ സോൺ പരിധിയായിരുന്നു എന്ന വസ്തുതയും നമ്മുടെ മുമ്പി
ലുണ്ട്. ഇത്തരത്തിൽ, കർഷകരെ തുരത്തുന്നതിനുള്ള ഇരുമ്പുലക്കയുമായി വനം
വകുപ്പിനെ നിയോഗിച്ചിരിക്കുന്നു എന്നതാണ് യാഥാർത്ഥ്യം. ഇരകളാക്കപ്പെടുന്ന കർഷകരുടെ സഹായത്തിന് കൃഷി വകുപ്പുപോലും നിലകൊള്ളുന്നില്ല. ബഫർസോൺ പരിധി പത്തു കിലോമീറ്റർ ആക്കണമെന്ന് ആവശ്യപ്പെട്ട് മുൻപ് കോടതിയിൽ ഹർജി നൽകിയ വ്യക്തിയാണ് ഇപ്പോഴത്തെ കൃഷിമന്ത്രി! ഇനി കർഷകർ എവിടെ നിന്നാണ് നീതി പ്രതീക്ഷിക്കേണ്ടത്..? സംസ്ഥാന കൃഷിവകുപ്പ് നാട്ടിലെ കൃഷിക്കാർക്ക് വ്യാപക കൃഷിനാശം വരുത്തുന്ന അണ്ണാനെതന്നെ ‘ചില്ലു അണ്ണാൻ’ എന്ന പേരിൽ ഭാഗ്യചിഹ്നമായി സ്വീകരിച്ചിരിക്കുന്നതും കേവലം യാദൃശ്ചികമല്ല.

മനുഷ്യത്വത്തിന് നിരക്കാത്ത നിയമനിർമ്മാണങ്ങളും നടപ്പാക്കലുകളും ഒപ്പം പ്രകൃതിദുരന്തങ്ങളും കൃഷിനാശവും വിലത്തകർച്ചയും ചേർന്ന് കർഷകരെ ദുരിതക്കയത്തിൽ ആഴ്ത്തുകയാണ്.

ക്രൈസ്തവരിൽ വലിയൊരു വിഭാഗം കർഷകരാണെന്നതും അവർ കൂടുതലായും
അധിവസിക്കുന്നത് മലയോരം, കുട്ടനാട്, തീരപ്രദേശം എന്നിങ്ങനെയുള്ള മേഖലക
ളിൽ ആണെന്നുള്ളതും കാർഷിക പ്രശ്‌നങ്ങളെ സഭയുടെ തന്നെ നിലനിൽപിന്റെ പ്രശ്‌നമാക്കി മാറ്റുന്നു. അതിനാൽ കേവലം സമരപരിപാടികളിലും പ്രതിഷേധ പ്രകടനങ്ങളിലുമൊതുങ്ങാതെ ക്രിയാത്മകമായ പദ്ധതികൾ ആവിഷ്‌കരിക്കാൻ നമുക്ക് സാധിക്കണം. ഇത്തരം കാര്യങ്ങൾ അതാതു പ്രദേശത്ത് താമസിക്കുന്നവരുടെ
മാത്രം വിഷയമായി കാണാതെ സഭ മുഴുവന്റെയും പങ്കാളിത്തം ഉണ്ടാകേണ്ടതുണ്ട്.