
ബിനു വെളിയനാടൻ
ലോകത്തിൽ ഏറ്റവും കൂടുതൽ മിഷനറിമാരെ സൃഷ്ടിച്ച ചെറുപുഷ്പ മിഷൻലീഗിന്റെ സ്ഥാപകനായ ശ്രീ. പി. സി. എബ്രഹാം പല്ലാട്ടുകുന്നേൽ 1925 മാർച്ച് 19ന് ഭരണങ്ങാനത്ത് അമ്പാറയിൽ പല്ലാട്ടുകുന്നേൽ കുടുംബത്തിൽ ഇട്ടി അവിരാ ചാണ്ടിയുടെയും തറപ്പേൽ മറിയത്തിന്റെയും മകനായി ജനിച്ചു. ഭരണങ്ങാനം സെന്റ് മേരീസ് ഹൈസ്‌കൂൾ, പാവറട്ടി സെന്റ് ജോസഫ് ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ ആയിരുന്നു വിദ്യാഭ്യാസം.
1954 ൽ ചെങ്ങലമറ്റത്ത് തനിക്ക് പിതൃസ്വത്തായി ലഭിച്ച സ്ഥലത്തേക്ക് താമസം മാറി. പ്രേഷിത പ്രവർത്തനരംഗത്തെ അദ്വിതീയനായ പി.സി എബ്രഹാം രാഷ്ട്രീയരംഗത്തും പ്രവർത്തിച്ചിരുന്നു. സ്വാതന്ത്ര്യസമരകാലത്തും വിമോചനസമര കാലത്തും സജീവമായി പ്രവർത്തിച്ച അദ്ദേഹം കേരളത്തിൽ പഞ്ചായത്തുകൾ രൂപം കൊണ്ടപ്പോൾ തിടനാട് പഞ്ചായത്തിലെ ഒന്നാം വാർഡിൽ നിന്നും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 9 വർഷക്കാലം പഞ്ചായത്തിലൂടെ സേവനം ചെയ്തു.
1938 മുതലാണ് വിശുദ്ധ അൽഫോൻസാമ്മയുമായി അടുത്തു പരിചയപ്പെടാൻ പി.സി എബ്രഹാമിന് അവസരം ലഭിക്കുന്നത്. അദ്ദേഹത്തിന്റെ സഹോദരിയായ സി. റീത്താ, അൽഫോൻസാമ്മയോടൊപ്പം നോവിൻഷേറ്റ് നടത്തുകയും ഭരണങ്ങാനം മഠത്തിൽ താമസിക്കുകയും ചെയ്തതുമൂലം വലിയ അടുപ്പത്തിലായിരുന്നു. സഹോദരിയെ കാണാൻ മഠത്തിൽ പോകുമ്പോഴെല്ലാം ബാലനായ അവിരാച്ചൻ അൽഫോൻസാമ്മയെയും സന്ദർശിച്ചിരുന്നു. അൽഫോൻസാമ്മയാകട്ടെ സുകൃതങ്ങളും ത്യാഗങ്ങളും അനുഷ്ഠിച്ച് മിഷൻപ്രവർത്തനങ്ങളെ സഹായിക്കാൻ ഉപദേശിച്ചിരുന്നു. അങ്ങനെ അൽമായ മിഷനറിയാകാൻ പ്രേരണ ലഭിച്ച പി.സി എബ്രഹാമിന്റെ ശ്രമഫലമായി അൽഫോൻസാമ്മയുടെ മരണശേഷം 1947 ഒക്‌ടോബറിൽ ചെറുപുഷ്പ മിഷൻ ലീഗ് രൂപം കൊണ്ടു.
വിദ്യാർത്ഥിയായിരിക്കുമ്പോൾ ഒരു കപ്പൂച്ചിൻ വൈദികനാകാൻ ആഗ്രഹിച്ച ആളാണ് പി.സി എബ്രഹാം. കൊല്ലത്തുള്ള കപ്പൂച്ചിൻ ആശ്രമത്തിൽ വീട്ടുകാരറിയാതെ ഒരു ദിവസം താമസിക്കുകയും ചെയ്തു. പക്ഷെ ആരോഗ്യം കുറവായതിനാൽ സന്യാസ ജീവിതത്തിന് യോഗ്യതയില്ലെന്ന് പറഞ്ഞ് അവർ നിരുത്സാഹപ്പെടുത്തി. സ്‌കൂൾ-കോളേജ് വിദ്യാർത്ഥികൾക്ക് ഇടയിലേക്ക് അദ്ദേഹം ഇറങ്ങിച്ചെന്നപ്പോൾ പലർക്കും അതൊരു അത്ഭുതമായിരുന്നു. മുഖം നിറയെ പുഞ്ചിരിയുമായി ആരെയും സമീപിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് അപാരമായിരുന്നു. ആത്മാർത്ഥത നിറഞ്ഞ വാക്കുകളുടെ അനർഗള പ്രവാഹങ്ങളായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ. മാർപാപ്പമാരുടെ മിഷൻ ചാക്രിക ലേഖനങ്ങളെല്ലാം ആ മനസിൽ ഹൃദിസ്ഥമായിരുന്നു.
1946 നവംബർ 12 ന് പി.സി വിവാഹിതനായി. മാന്നാനത്ത് പെരുമാലിൽ കുടുംബാംഗമായ തെയ്യാമ്മയായിരുന്നു ഭാര്യ. വിവാഹജീവിതത്തെക്കുറിച്ച് അദ്ദേഹം തന്നെ പിന്നീട് എഴുതി: ‘ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ വിവാഹ ജീവിതമായിരുന്നു എന്റെ ദൈവവിളിയെന്ന് ഞാൻ തിരിച്ചറിയുന്നു. സന്യാസ സഭയിൽ ചേർന്ന് വൈദികനായാൽ ചെയ്യാവുന്നതിലേറെ കാര്യങ്ങൾ അൽമായന്റെ സ്വാതന്ത്ര്യത്തോടെ ചെയ്യാൻ എനിക്ക് കഴിഞ്ഞു. എന്റെ ഏഴുമക്കളിൽ മൂന്നുപേർ സന്ന്യാസിനിമാരായി മിഷൻ പ്രവർത്തനം നടത്തുന്നുണ്ട്’.
കുഞ്ഞുമിഷനറിമാർക്ക് എളുപ്പത്തിൽ കത്തെഴുതുന്നതിന് വേണ്ടിയാണ് പി.സി എബ്രഹാം ‘കുഞ്ഞേട്ടൻ’ എന്ന തൂലികാനാമം സ്വീകരിച്ചത്. 2009 ആഗസ്റ്റ് 2 ന് ചങ്ങനാശേരി പാറേൽപ്പള്ളിയിൽ വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ പോകുന്ന വഴിയുണ്ടായ വാഹനാപകടത്തെ തുടർന്ന് ആഗസ്റ്റ് 11 ഉച്ചയ്ക്ക് 12.30 ന് ദൈവവിളിയുടെ ആരാമപാലകൻ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു.