രക്ഷകനായ ദൈവത്തില്‍ ആനന്ദിക്കുക

അഡ്വ. ജസ്റ്റിന്‍ പള്ളിവാതുക്കല്‍

ക്രൈസ്തവ ചരിത്രത്തില്‍ സ്ത്രീകളുടെ അഥവാ കന്യകകളുടെ നോമ്പ് എന്ന പേരില്‍
അറിയപ്പെടുന്ന രണ്ട് നോമ്പുകള്‍ ഉണ്ട്. ഒന്ന്, പേര്‍ഷ്യയിലെ ചക്രവര്‍ത്തിയായിരുന്ന
കെസ്രൂ അബ്രിവീസിന്റെ കാലത്തും (AD 590) രണ്ട്, ദമാസ്‌കസിലെ മുസ്ലീം ഖലീഫായായിരുന്ന അബ്ദൂള്‍മാലിക് ബര്‍ മര്‍വാല്‍ എന്നയാളിന്റെ കാലത്തും (AD 385) ആരംഭിച്ചവ. രണ്ട് സംഭവങ്ങളും ഒരേ സ്ഥലവുമായി ബന്ധപ്പെട്ടവയായിരുന്നു. ആദ്യകാലഘട്ടത്തില്‍ ഇത് ഇറാക്കില്‍ താമസിക്കുന്നവര്‍ക്ക് മാത്രമാണ് ഉണ്ടായിരുന്നത്.

എട്ടുനോമ്പിന്റെ ചരിത്രം!

ബര്‍ എബ്രായ [Bar Ebrya] പറയുന്നതുപ്രകാരം 7-ാം നൂറ്റാണ്ടില്‍ ബസ്ര [Bassra]
അടുത്ത് ഹീരാ [Heera] എന്ന ഒരു ക്രൈസ്തവ പട്ടണം നിലനിന്നിരുന്നു. ബാഗ്ദാദിന്റെ ഖലീഫാ ഈ പട്ടണം പിടിച്ചെടുക്കുകയും തന്റെ ഇഷ്ടക്കാരനും തീവ്രമത നിലപാടുകാരനുമായ ഒരു വ്യക്തിയെ ഗവര്‍ണറായി നിയമിക്കുകയും ചെയ്തു. ഖലീഫാ വളരെ ക്രൂരനും സ്ത്രീകളോട് അധിനിവേശമുള്ള വ്യക്തിയും ആയിരുന്നു. ഹീരായിലെ സ്ത്രീകളുടെ കന്യാത്വവും അന്തസ്സും വ്യക്തിത്വവും ഭീഷണി നേരിട്ടപ്പോള്‍ അവര്‍ ഒന്നാകെ പരി. മറിയത്തിന്റെ നാമധേയത്തിലുള്ള ദൈവാലയത്തില്‍ അഭയം തേടി. അവിടുത്തെ പുരോഹിതന്റെ
നേതൃത്വത്തില്‍ മൂന്ന് ദിവസത്തെ കഠിന നോമ്പിന് ആഹ്വാനം നല്‍കി. മൂന്നാം ദിനം വി.കുര്‍ബാനമദ്ധ്യേ ഖലീഫാ മരിച്ചതായി വെളിപ്പെടുന്നു. തൊട്ടടുത്ത ദിവസം ഖലീഫായുടെ മരണം സ്ഥിരീകരിക്കപ്പെടുന്നു. കഠിന നോമ്പിന്റെയും പ്രാര്‍ത്ഥനയുടെയും ഫലമായി ദൈവശക്തി വെളിപ്പെടുകയും സ്ത്രീ സമൂഹം രക്ഷപ്പെടുകയും ചെയ്തു. തുടര്‍ന്ന് സ്ത്രീകള്‍ എട്ടുദിവസം നോമ്പ് അനുഷ്ഠിക്കുവാന്‍ ആരംഭിച്ചു.

കേരളവും എട്ടുനോമ്പും

എട്ടുനോമ്പ് കാനോനികമായ ഒന്നല്ലെങ്കിലും ഇന്ത്യയിലെ സുറിയാനി ക്രൈസ്തവരും അറേബ്യന്‍ രാജ്യങ്ങളിലെ ക്രൈസ്തവസമൂഹവും പ്രത്യേകിച്ച് സ്ത്രീകള്‍
ഇത് ആഘോഷമായി അനുഷ്ഠിച്ച് പോരുന്നു. 18-ാം നൂറ്റാണ്ടില്‍ ടിപ്പുസുല്‍ത്താന്‍
കേരളം ആക്രമിച്ച് നസ്രാണികളെ കൂട്ടത്തോടെ നശിപ്പിക്കുവാന്‍ ആരംഭിച്ചു. സ്ത്രീകളെയും പെണ്‍കുട്ടികളെയും ബലാത്സംഗം ചെയ്യുകയും പുരുഷന്‍മാരെ കൊല്ലുകയും ചെയ്തു. മലബാറിലും കോഴിക്കോടുമുള്ള നസ്രാണികളില്‍ കൊല്ലപ്പെടാത്തവര്‍ കൂട്ടത്തോടെ പലായനം ചെയ്തു. ടിപ്പുവിന്റെ
സൈന്യം എറണാകുളത്തും തൃശൂരുമുള്ള നസ്രാണി സമൂഹങ്ങളെ ഇല്ലാതാക്കി ദൈവാലയങ്ങള്‍ നശിപ്പിച്ചു. അങ്കമാലി സെമിനാരി പൊളിച്ചുമാറ്റി . കോട്ടയം ലക്ഷ്യമാക്കി സൈന്യനീക്കം ആരംഭിച്ചു. തങ്ങളുടെ സ്ത്രീത്വവും,
കന്യകാത്വവും, അന്തസ്സും വ്യക്തിത്വവും കാത്തുരക്ഷിക്കുന്നതിനായി സ്ത്രീകള്‍ കൂട്ടത്തോടെ നോമ്പും ഉപവാസവും അനുഷ്ഠിച്ചു. അവര്‍ ദൈവാലയങ്ങളില്‍ അഭയംതേടി ദൈവസന്നിധിയില്‍ നിലവിളിച്ചു. അവരുടെ നിലവിളികേട്ട ദൈവം അവരെയും അവരുടെ നാടിനെയും പെണ്‍കുട്ടികളെയും ഒരു പോറല്‍ പോലുമേല്‍ക്കാതെ കാത്തുരക്ഷിച്ചു. പെരിയാറില്‍ അപ്രതീക്ഷിതമായി ഉണ്ടായ വെള്ളപ്പൊക്കത്തില്‍ ടിപ്പുവിന്റെ പടയാളികളും ആയുധങ്ങളും ഒഴുകിപോയി. ടിപ്പുപരാജയപ്പെട്ട്തിരികെപ്പോയി ഇതിന്റെ ഒര്‍മ്മയ്ക്കായി ദൈവത്തിന് നന്ദിപറഞ്ഞുകൊണ്ട് ക്രൈസ്തവര്‍ പ്രത്യേകിച്ചും സ്ത്രീകള്‍ ഇന്നും എട്ടുനോമ്പ്
ആചരിക്കുന്നു.

21-ാം നൂറ്റാണ്ടിലും സ്ത്രീ സുരക്ഷിതയോ ?

അന്നും ഇന്നും എന്നും എട്ടുനോമ്പാചരണം സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും അന്തസ്സും കന്യാത്വവും വ്യക്തിത്വവും കാത്തുസൂക്ഷിക്കുന്നതിന് വേണ്ടിയാണ് പ്രധാനമായും നടത്തുന്നത്. ഏത് കാലഘട്ടത്തിലായാലും ഏത് സാഹചര്യത്തിലായാലും യുദ്ധങ്ങളും കലാപങ്ങളും ഏറ്റവും അധികം ബാധിക്കുക സ്ത്രീകളെയും കുട്ടികളെയും ആണ്. രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധങ്ങളിലും സാമ്രാജ്യത്വശക്തികളുടെയും മതവര്‍ഗ്ഗീയവാദികളുടെയും അധീശത്വശ്രമങ്ങളുടെ ഇടയിലും ഞെരുക്കപ്പെടുന്നത് സ്ത്രീകള്‍ തന്നെയാണ്. ലോകത്തിന്റെ പുരോഗതിയും സ്ത്രീ സമത്വവാദങ്ങളും സാംസ്കാരിക മുന്നേറ്റങ്ങളുമൊന്നും ഈ കാര്യത്തില്‍ ഒരു മാറ്റവും കൊണ്ടുവന്നതായി നമുക്ക് കാണാനാകുന്നില്ല.
ലോകചരിത്രത്തില്‍ തന്നെ ഏറ്റവും അധികം ആക്രമണങ്ങള്‍ക്കിരയായിട്ടുള്ളത് ക്രൈസ്തവ ജനതയാണ്. ആദ്യനൂറ്റാണ്ടുകളില്‍ റോമന്‍ സാമ്രാജ്യത്വശക്തികളും പിന്നീടുള്ള ഓരോ കാലഘട്ടത്തിലും അതാത് അധിനിവേശശക്തികളും ഈ ആക്രമണം തുടര്‍ന്നുകൊണ്ടേയിരുന്നു. ഇപ്പോള്‍ ആഫ്രിക്കയിലും ഏഷ്യയിലും മറ്റും നടക്കുന്ന ക്രൈസ്തവവിശ്വാസികള്‍ക്കെതിരായുള്ള ആക്രമണങ്ങളില്‍ ഇരകളാകുന്നവരില്‍ ഭൂരിപക്ഷവും സ്ത്രീകളും കുട്ടികളുമാണ്. ദേശവിരുദ്ധ മതതീവ്രവാദസംഘടനകള്‍ തങ്ങളുടെ മതം വര്‍ദ്ധിപ്പിക്കുന്നതിനായി ഉപകരണങ്ങളാക്കുന്നതും നമ്മുടെ പെണ്‍കുട്ടികളെയും സ്ത്രീകളെയും തന്നെയാണ്.
ഈ പ്രത്യേക പശ്ചാത്തലത്തില്‍ നിന്ന് വേണം നാം എട്ടുനോമ്പിനെ നോക്കിക്കാണുവാന്‍.

എട്ടുനോമ്പിനെ നാം എങ്ങനെ നോക്കിക്കാണണം

കാനായിലെ കല്യാണവീട്ടിലെ ഒരു കുറവിനെ മനസ്സിലാക്കി പുത്രന് ചൂണ്ടിക്കാണിച്ചുകൊടുത്ത് ‘അവന്‍ പറയുന്നതുപോലെ ചെയ്യുവിന്‍’ എന്ന് പറഞ്ഞ് ദൈവത്തിന്റെ മഹത്വം വെളിപ്പെടുത്തപ്പെടുന്നതിന് കാരണക്കാരിയായി നിന്ന പരി. മറിയം കുരിശിന്‍ ചുവടുവരെയും ശേഷം ശിഷ്യരോടൊത്തും ക്രിസ്തു കേന്ദ്രീകൃത ജീവിതം ഇന്നും നയിക്കുവാനുള്ള ആഹ്വാനമാണ് എട്ടുനോമ്പ് നല്കുന്നത്. മതതീവ്രവാദികളും ദേശവിരുദ്ധ ശക്തികളും ക്രൈസ്തവരെ പ്രത്യേകിച്ച് നമ്മുടെ പെണ്‍മക്കളെ പ്രണയക്കെണിയിലും ലഹരിക്കെണിയിലും മറ്റും അകപ്പെടുത്തി ആക്രമിച്ച് ഇല്ലാതാക്കാന്‍ ടിപ്പുവിനെപ്പൊലെ ശ്രമിക്കുമ്പോള്‍ മിശിഹായോട് ചേര്‍ന്ന് നിന്ന് ആ ശക്തികളെ എതിരിടേണ്ടതിന്റെ പ്രാധാന്യം പറഞ്ഞുതരികയാണ് എട്ടുനോമ്പ് ആചരണം ചെയ്യുന്നത്.
എട്ടുനോമ്പ് ആചരിക്കുമ്പോള്‍ നമ്മുടെ മക്കളെ പ്രത്യേകിച്ചും പെണ്‍മക്കളെ അമ്മയിലൂടെ ഈശോയുടെ കരങ്ങളില്‍ നമുക്ക് സമര്‍പ്പിക്കാം. മതതീവ്രവാദികളും പൈശാചികശക്തികളും നശിപ്പിക്കാനാഗ്രഹിക്കുന്ന നമ്മുടെ പെണ്‍മക്കളെ, ‘എന്റെ ചിത്തം എന്റെ രക്ഷകനായ ദൈവത്തില്‍ ആനന്ദിക്കുന്നു’ എന്ന് പറഞ്ഞ നമ്മുടെ അമ്മയിലൂടെ ഈശോയ്ക്ക് സമര്‍പ്പിക്കാം.
നമ്മുടെ രക്ഷകനായ ദൈവത്തില്‍ (വിശുദ്ധിയില്‍) ആനന്ദിച്ചുകൊണ്ടുള്ള ഒരു ജീവിതം നയിക്കാന്‍ എട്ടുനോമ്പാചരണം നമ്മുടെ സ്ത്രീ സമൂഹത്തെ ശക്തിപ്പെടുത്തണം. ടിപ്പുവിന്റെ കാലത്തില്‍ നിന്നും ഒട്ടും വ്യത്യാസമില്ലാത്ത രീതിയില്‍ ഇന്നും നമ്മുടെ സ്ത്രീസമൂഹവും പെണ്‍കുട്ടികള്‍ പ്രത്യേകിച്ചും തീവ്ര ഇസ്ലാമിക മതതീവ്രവാദികളുടെ കൈകളിലെ ഇരകളായി മാറ്റപ്പെടുമ്പോള്‍ നമ്മുടെ പ്രതിരോധം തീര്‍ത്തും സുവിശേഷാനുസൃതം മാത്രമാവണം. ഇവിടെ നാം പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ എല്ലാവിധത്തിലുള്ള ആക്രമണങ്ങളെയും ദൈവവചനം കൊണ്ടാണ് നേരിടേണ്ടത് 7-ാം നൂറ്റാണ്ടില്‍ ഇറാക്കിലും 18-ാം നൂറ്റാണ്ടില്‍ കേരളത്തിലും ക്രൈസ്തവ സമൂഹത്തെ പ്രത്യേകിച്ചും സ്ത്രീ സമൂഹത്തെ രക്ഷിക്കുന്നതിനായി ദൈവ തിരുമുന്‍പാകെ മാദ്ധ്യസ്ഥ്യം യാചിച്ച പരി. മറിയത്തോട് ചേര്‍ന്ന് നോമ്പും ഉപവാസവും അനുഷ്ഠിച്ച് അമ്മയുടെ വിശുദ്ധിയും കൃപയും സ്വന്തമാക്കി, അമ്മ ആരുടെ കൂടെയാണോ ചരിച്ചിരുന്നത്, അവന്റെ കൂടെ, മിശിഹായുടെ കൂടെ യാത്ര ചെയ്യുവാന്‍ നമ്മുടെ മക്കളെ നമുക്ക് പ്രബുദ്ധരാക്കാം.
പരി. അമ്മയോട് ചേര്‍ന്ന് ജീവിക്കുവാന്‍ നാം ആഗ്രഹിക്കുന്നുവെങ്കില്‍ നാം ഈശോ പറയുന്നത് ചെയ്യുന്നവരാവണം. അവനെ പിന്‍ചൊല്ലുന്നവരാവണം; മിശിഹായുടെ സുവിശേഷം ലോകത്തോട് വിളിച്ച് പറയുന്നവരാവണം. നമ്മുടെ മക്കളെ പ്രത്യേകിച്ചും പെണ്‍മക്കളെ മിശിഹായെ ചൂണ്ടിക്കാണിച്ച് കൊടുക്കുന്നതിനുള്ള ഒരു വേദിയായി എട്ടുനോമ്പാചരണം മാറട്ടെ. അങ്ങനെ സ്വന്തമായി മിശിഹായോടൊത്ത് നമ്മുടെ മക്കള്‍ വളരുമ്പോള്‍ ലോകത്തിലെ മറ്റൊന്നിനും അവരെ കീഴ്‌പ്പെടുത്തുവാന്‍ കഴിയില്ല. മിശിഹായോടൊത്ത് ദൈവവചനമാകുന്ന കോട്ടയ്ക്കുള്ളില്‍ നമ്മുടെ മക്കളെ വളര്‍ത്തുന്നതിനുള്ള കൃപയ്ക്കായി ഈ എട്ടുനോമ്പില്‍ നമുക്ക് പ്രാര്‍ത്ഥിക്കാം.