
ഫാ. ഡോ. ജോസ് തെക്കേപ്പുറം
കേരളത്തിന്റെ ബൗദ്ധിക സാംസ്‌കാരികരംഗങ്ങളിൽ നിർണ്ണായക പങ്കുവഹിച്ചു
പോരുന്ന സെന്റ് ബർക്കുമാൻസ് കോളജ് ആരംഭിച്ചിട്ട് 2022-ൽ 100 വർഷം തികയുക
യാണ്. മദ്രാസ്, തിരുവിതാംകൂർ, കേരള, മഹാത്മാഗാന്ധി സർവ്വകലാശാലകളുടെ
കീഴിൽ പ്രവർത്തിച്ച് ഇപ്പോൾ കേരള സംസ്ഥാനത്തെ ആദ്യത്തെ സ്വയംഭരണ കോളജായി വളർന്നിരിക്കുന്നു. തിരുവിതാംകൂർ സ്റ്റേറ്റിലെ ആദ്യത്തെ കത്തോലിക്ക കോളേജും ഇതു തന്നെ. വിദ്യാർത്ഥിയായിരിക്കെ 22-ാം വയസ്സിൽ മരിച്ച വിശുദ്ധ ജോൺ ബർക്കുമാൻസിനെ, താൻ സ്ഥാപിച്ച ഹൈസ്‌ക്കൂളിന്റെയും സ്ഥാപിക്കാൻ പോകുന്ന കോളജിന്റെയും സ്വർഗ്ഗീയ മധ്യസ്ഥനായി കോട്ടയം വികാരിയാത്തിന്റെ മെത്രാൻ ഡോ. ചാൾസ് ലവീഞ്ഞ് നേരത്തെ തീരുമാനിച്ചിരുന്നു. അങ്ങനെ സെന്റ്
ബർക്കുമാൻസ് എന്ന പേര് കോളജിനു കിട്ടി.
വിദ്യാഭ്യാസം വിജയമനുഷ്യനെ കണ്ടെത്താനുള്ളതല്ല; മൂല്യമനുഷ്യനെ കണ്ടെത്താ
നുള്ളതാണെന്ന ഐൻസ്റ്റൈൻ ചിന്തയിലൂന്നി Caritas Vera Nobilitas (Charity is true Nobility) എന്ന ആദർശവാക്യം (Motto) അന്വർത്ഥമാക്കിക്കൊണ്ടാണ് എസ്.ബി. കോളജ് ശതാബ്ദിയിലേക്ക് കടക്കുന്നത്.
മുദ്രയും ആദർശവാക്യവും (Crest and Motto)
എസ്.ബി. കോളജ് ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റിലെ അധ്യാപകനായ കുളന്തസ്വാമി
പിള്ളയാണ് കോളജിന്റെ ക്രൈസ്റ്റ് രൂപകല്പന ചെയ്തത്. ദീർഘചതുരാകൃതിയുള്ള മെഡൽ ഒരു ഗ്രീക്ക് കുരിശാൽ നാലായി ഭാഗിച്ചതിൽ ഇടതു മുകളിൽ പ്രാവും വലതുമുകളിൽ ലില്ലി പുഷ്പവും താഴെ ഇടതുഭാഗത്ത് രണ്ടു തെങ്ങും വലതുഭാഗത്ത് തിരമാലകളും രേഖപ്പെടുത്തിയിരിക്കുന്നു. പ്രാവ് പരിശുദ്ധാത്മാവിനെയും ബോധജ്ഞാനത്തെയും, ലില്ലിപുഷ്പം പരിശുദ്ധിയേയും പ്രകൃതിയെയും, തെങ്ങുകൾ കേരളത്തെയും, തിരമാലകൾ അറബിക്കടലിന്റെ തലോടലേറ്റ് പശ്ചിമഘട്ടം വരെ വ്യാപിച്ചു കിടക്കുന്ന ഭൂപ്രദേശത്തെയും സമുദ്രതീര സാമീപ്യമുള്ള ചങ്ങനാശ്ശേരിയേയും സൂചിപ്പിക്കുന്നു. കുരിശിന്റെ മധ്യത്തിലുള്ള തുറന്ന പുസ്തകം വിവേകജ്ഞാനങ്ങളെയും കർമ്മനിഷ്ഠരായ വിദ്യാർത്ഥികളെയും സൂചിപ്പിക്കുന്നു. കുരിശാകട്ടെ, രക്ഷയുടെയും പ്രതീക്ഷയുടെയും പ്രതീകവും.
ഈ മുദ്രയുടെ മുകളിൽ ‘Caritas Vera Nobilitas’ എന്ന് ലത്തീനിലും താഴെ ”സൗഭ്രാത്രം ഹി കുലീനത” എന്ന് സംസ്‌കൃതത്തിലും ആലേഖനം ചെയ്തിരിക്കുന്നു. അപാരമായ അർത്ഥ വ്യാപ്തിയുള്ളതാണ് ഈ ആദർശവാക്യം. Nobility അഥവാ കുലീനതയ്ക്ക് ഒറ്റവാക്കിലർത്ഥം പറയാനാവില്ല. അതിന് കുലീന ലക്ഷണ ചതുഷ്ടയം മനസ്സിലാക്കണം. ”ദരിദ്രരെ കണ്ടാലും മുഖപ്രസാദം, യഥാശക്തി ദാനശീലം, മധുരവാക്ക്, ആരെക്കുറിച്ചും നിന്ദയില്ലായ്മ” – ഇത് നാലുമാണ് കുലീന ലക്ഷണം. അവയ്ക്ക് നിദാനം സാർവ്വത്രിക സ്‌നേഹവും (Charity). വിശുദ്ധ ഫ്രാൻസീസ് അസ്സീസിയുടെ നിരീക്ഷണത്തിൽ ”സാർവ്വത്രീകം എന്നു പറയുമ്പോൾ മനുഷ്യൻ
മാത്രമല്ല പക്ഷിമൃഗാദികളും വൃക്ഷലതാദികളും സൂര്യചന്ദ്രനക്ഷത്രങ്ങളും വെള്ളം, അഗ്നി, കല്ല് തുടങ്ങി അസ്തിത്വമുള്ള എല്ലാം ഉൾപ്പെടുന്നു.” അത്രയ്ക്ക് വിശാലമായ കാഴ്ചപ്പാട് നൽകുന്ന ഈ ആദർശവാക്യമാണ് എസ്.ബി. കോളജിന്റെ ആത്മാവ്. അത് തൊട്ടറിയാൻ, നൂറുവർഷമായി ഇവിടെ പഠിച്ചിറങ്ങിപ്പോയവർക്ക് സാധിച്ചിട്ടുണ്ടെന്ന
താണ് ശതാബ്ദിയുടെ സംതൃപ്തി.
മാർ ചാൾസ് ലവീഞ്ഞ്
മാർപാപ്പ കോട്ടയത്തേക്ക് ഡോ. ചാൾസ് ലവീഞ്ഞിനെയും തൃശ്ശൂരിലേക്ക് ഡോ. മെഡ്‌ലിക്കോട്ടിനെയും വികാരി അപ്പസ്തോലിക്കമാരായി നിയമിച്ചു. ലവീഞ്ഞു
മെത്രാൻ കേരളത്തിലേക്കു വരുന്ന വഴി തൃശ്ശിനാപ്പള്ളിയിലെ സെന്റ് ജോസഫ്‌സ് കോളജിൽ 21 ദിവസം താമസിച്ച് ഒരു കോളജ് നടത്താനാവശ്യമായ അറിവു നേടിയിട്ടാണ് മാന്നാനത്ത് എത്തിയത്. ലവീഞ്ഞു മെത്രാന്റെ പ്രസംഗത്തിൽ ഇവിടത്തെ വിദ്യാഭ്യാസാവശ്യം നിറവേറ്റുമെന്ന് പ്രഖ്യാപിച്ചു.
ഡോ. ചാൾസ് ലവീഞ്ഞ് സ്ഥാപിച്ച സെന്റ് ബർക്കുമാൻസ് ഹൈസ്‌ക്കൂൾ പൂർത്തിയായപ്പോൾ കോളജിനുവേണ്ടി വെടിക്കുന്ന് വാങ്ങി 1895 -ൽ കല്ലിടീലും
നടത്തി, അതിന്റെ നിർമ്മാണത്തിന് സഹായം തേടി വിദേശത്തേക്കു പോയി.
ഡോ. ലവീഞ്ഞ് തറക്കല്ലിട്ട് 27 വർഷത്തിനുശേഷം പാറേൽ പുതുതായുണ്ടാക്കിയ കെട്ടിടത്തിൽ കോളജ് തുടങ്ങാനുള്ള അനുവാദത്തിന് മദ്രാസ് യൂണിവേഴ്‌സിറ്റിക്ക് അപേക്ഷ നൽകി. കമ്മീഷൻ വന്ന് കെട്ടിടം കണ്ട് തൃപ്തിപ്പെട്ട് കോളജിന് അംഗീകാരം നൽകി. അങ്ങനെ പാറേൽ കെട്ടിടത്തിൽ 1922 ജൂൺ 19-ന് 125 വിദ്യാർത്ഥികളുമായി ജൂണിയർ ഇന്റർമീഡിയേറ്റ് ആരംഭിച്ചുകൊണ്ട് സെന്റ് ബർക്കുമാൻസ് കോളജ് യാഥാർത്ഥ്യമായി.
ഫാ. മാത്യു പുരയ്ക്കൽ
ചങ്ങനാശ്ശേരി രൂപതയുടെ മെത്രാൻ മാർ തോമസ് കുര്യാളശ്ശേരി കോളജ് ആരംഭിക്കാൻ തീരുമാനിച്ചപ്പോൾ രൂപതയിലെ പ്രഥമ എം.എ ക്കാരൻ വൈദികൻ ആയ ഫാ. മാത്യു പുരയ്ക്കലിനെ പ്രിൻസിപ്പലായി നിയമിച്ചു. രൂപതയ്ക്ക്
പണമില്ല; പണമുണ്ടാക്കി കോളജ് നടത്തിക്കൊള്ളണമെന്ന നിർദ്ദേശത്തോടെയായിരുന്നു നിയമനം.
കോളജ് ആരംഭിച്ചവർഷം തന്നെ ഡോ. ചാൾസ് ലവീഞ്ഞ് വാങ്ങിയ സ്ഥലത്ത് ഫാ.പുരയ്ക്കൽ കെട്ടിടം പണി ആരംഭിച്ചു. 27 വർഷം മുമ്പ് ചാൾസ് ലവീഞ്ഞ് മൂലക്കല്ലിട്ട അതേ സ്ഥലത്തുതന്നെ പുതിയ കെട്ടിടത്തിനും തറക്കല്ലിട്ടു. തറക്കല്ലിടീൽ കർമ്മം നടത്തിയത് ദിവാൻ രാഘവയ്യാ ആയിരുന്നു. രണ്ടു തറക്കല്ലിൽ അസ്തിവാരമുറപ്പിച്ച മറ്റൊരു കോളജും കാണില്ല. പണമില്ലായ്കയാൽ പണി ഇഴഞ്ഞു
നീങ്ങി.
ഈ സ്ഥലത്തോട് ചേർന്ന് ഹൈസ്ക്കൂളിനുവേണ്ടി ഒരു കെട്ടിടം നിർമ്മിക്കാൻ ഫാ. കോശി മമ്പലത്തെ ബിഷപ്പ് ചുമതലപ്പെടുത്തി. ഒരു മൂന്നു നിലക്കെട്ടിടം പെട്ടെന്നുയർന്നു. കോളജിനോട് ഇത്ര ചേർന്ന് ഹൈസ്‌ക്കൂൾ വരുന്നതിലെ
നിയമപരവും അല്ലാതെയുമുള്ള അപാകത ചൂണ്ടിക്കാണിച്ച് ഈ കെട്ടിടം കോളജിന്റെ വകയാക്കുന്നതിൽ ഫാ. പുരയ്ക്കൽ വിജയിച്ചു. ഇതാണ് പ്രസിദ്ധമായ ആർട്‌സ് ബിൽഡിംഗ്. 1997ൽ ഫാ. ജോസഫ് വട്ടക്കളം ആർട്‌സ് ബിൽഡിംഗിനെ
മാർ കുര്യാളശ്ശേരി ബ്ലോക്ക് എന്ന് പുനർനാമകരണം ചെയ്തു.
1925ൽ പാറേൽ കെട്ടിടത്തിൽ നിന്ന് പുതിയ കെട്ടിടത്തിലേക്ക് ക്ലാസ്സുകളെല്ലാം മാറ്റി. അങ്ങനെ എസ്.ബി. കോളജ് സ്വന്തം കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങി.
വളർച്ചയുടെ അഞ്ചു ഘട്ടങ്ങൾ
I. അണ്ടർ ഗ്രാജ്വേറ്റ് ഘട്ടം – 1922-1926
കോളജ് ആരംഭിക്കുന്നത് ജൂണിയർ ഇന്റർമീഡിയറ്റ് ക്ലാസ്സ് തുടങ്ങിക്കൊണ്ടാണ്. പിറ്റേ വർഷം സീനിയർ ഇന്റർമീഡിയറ്റായി. അണ്ടർ ഗ്രാജ്വേറ്റ് മാത്രമുള്ള കാലഘട്ടം
നാലു വർഷമേ ഉണ്ടായിരുന്നുള്ളു. എങ്കിലും കുളന്തസ്വാമിപിള്ളയെപ്പോലുള്ള പ്രശസ്തരായ അധ്യാപകരെ നിയമിക്കുന്നതിന് ഫാ. പുരയ്ക്കലിന് സാധിച്ചിരുന്നു.
II. ഗ്രാജ്വേറ്റ് ഘട്ടം (1927-1956)
1927 -ൽ ഡിഗ്രി ക്ലാസ്സ് ആരംഭിച്ചതോടെ ഗ്രാജ്വേറ്റ് ഘട്ടമായി. സയൻസ് വിഷയങ്ങളിലാണ് ആദ്യം ഡിഗ്രി തുടങ്ങിയത്. ലാബറട്ടറിയും മറ്റുമായി പണച്ചെലവേറെയുള്ള സയൻസ് വിഷയങ്ങളിൽ ഡിഗ്രി തുടങ്ങാൻ സാമ്പത്തിക ഞെരുക്കമുള്ള എസ്.ബി. കോളജിന് എങ്ങനെ സാധിച്ചു എന്ന് അത്ഭുതം
തോന്നാം. ദൈവഹിതമെന്നേ പറയാനാവൂ. ആവശ്യപ്പെട്ടത് ആർട്‌സ് വിഷയത്തിൽ ഡിഗ്രികോഴ്‌സ്. തരാമെന്നു പറഞ്ഞത് സയൻസ്. അതിന്റെ പിന്നിലെ ചരിത്രമിങ്ങനെ.
തിരുവനന്തപുരം മഹാരാജാസ് കോളജ് 1927-ൽ വിഭജിച്ച് ആർട്‌സ് കോളജ് തുടങ്ങി.
അവിടെ ആരംഭിക്കുന്നത് ആർട്‌സ് വിഷയത്തിൽ ഡിഗ്രി കോഴ്‌സ്. ഇന്റർമീഡിയേറ്റിന്റെ തുടർച്ചയായി എസ്.ബിക്കു വേണ്ടതും ആർട്സിൽ ഡിഗ്രി കോഴ്‌സ്. ഇവിടെ ബി.എ. തുടങ്ങിയാൽ തിരുവനന്തപുരം ആർട്‌സ് കോളേജിന് ആവശ്യത്തിന് വിദ്യാർത്ഥികളെ കിട്ടുമോ എന്ന് സംശയം. അതുകൊണ്ട് പുരയ്ക്കൽ
അച്ചനോട് സയൻസ് തുടങ്ങാൻ ആവശ്യപ്പെടുകയായിരുന്നു. എസ്.ബിക്ക് ഗ്രാന്റ് നൽകാമെന്ന് വാഗ്ദാനവും കിട്ടി. അങ്ങനെയാണ് എസ്.ബി.യിൽ ബോട്ടണിയും സുവോളജിയും 15 വീതം കുട്ടികളെ ചേർത്തുകൊണ്ട് ഡിഗ്രി കോഴ്‌സ് തുടങ്ങിയത്. സയൻസ് പഠിപ്പിക്കുന്ന കോളജുകൾ വിരളമായിരുന്ന അക്കാലത്ത് എസ്.ബി.ക്ക് വീണുകിട്ടിയ ഭാഗ്യമെന്ന് വേണമിതിനെ കരുതാൻ.
1928 -ൽ മാത്‌സ് ബി.എസ്‌സിയും 1934 -ൽ ബി.എ. എക്കണോമിക്‌സും ആരംഭിച്ചു. കോളജിന് ഗ്രാന്റ് ലഭിക്കുന്നതിനുള്ള ശ്രമം തുടർന്നുകൊണ്ടിരുന്നു. ഇത്തവണ 77,000 രൂപാഗ്രാന്റ് അനുവദിച്ചു. പ്രൈവറ്റ് കോളജുകളിൽ ആദ്യമായി ഗ്രാന്റ് അനുവദിക്കുന്നത് എസ്.ബി. കോളജിനാണ്.
1935 -ൽ തുടർന്ന് ഫാ. എ.സി. ഈപ്പൻ ഒരു വർഷത്തേക്ക് ആക്ടിംഗ് പ്രിൻസിപ്പലായി. അദ്ദേഹത്തിനു ശേഷം ഫാ. റോമയോ തോമസ്, ഫാ. തോമസ് വില്യം, ഫാ. പി. സി.
മാത്യു എന്നിവർ പ്രിൻസിപ്പൽമാരായിരുന്നു. ഇവരുടെ കാലത്ത് 1945ൽ ഫിസിക്‌സും 1951 -ൽ കെമിസ്ട്രിയും ഡിഗ്രി കോഴ്‌സുകൾ തുടങ്ങി.
ഈ ഘട്ടത്തിൽ കോളജിന് ഉണ്ടായ ഭൗതികസാഹചര്യവളർച്ച അത്ഭുതകരമാണ്.
1937 ൽ മനോഹരവും ഗംഭീരവുമായ സയൻസ് ബിൽഡിംഗ് പ്രവർത്തനക്ഷമമായി. കോളജിന്റെ മുഖമുദ്രയായ ടവറും ക്രിസ്തുരാജ പ്രതിമയും സ്ഥാപിച്ചു.
1940 ൽ ക്രിസ്തുരാജ ചാപ്പലും ആദ്യത്തെ അസംബ്ലി ഹാളായ കല്ലറയ്ക്കൽ ഹാളും പണി തീർന്നു.
1941 ൽ രണ്ടു ഹോസ്റ്റലുകൾ – സെന്റ് തോമസും സെന്റ് ജോസഫ്‌സും പ്രവർത്തനം തുടങ്ങി.
1945 ൽ ന്യൂമെൻ ഹോസ്റ്റൽ ആരംഭിച്ചു.
1951 ൽ ബൊട്ടാണിക്കൽ ഗാർഡനിൽ 13 മുറികളുള്ള സ്റ്റാഫ് ഹോസ്റ്റൽ നിർമ്മിച്ചു.
1952 ൽ ഗ്രാജ്വേറ്റ് ഘട്ടം ആരംഭിച്ചതിന്റെ രജത ജൂബിലി വിപുലമായ രീതിയിൽ ആഘോഷിച്ചു. വൻതോതിൽ ഒരു സയൻസ് എക്‌സിബിഷനും നടത്തി. കോളജ്
വാർഷികവും എക്‌സിബിഷനും ഉദ്ഘാടനം ചെയ്തത്, തിരുവിതാംകൂർ സർവ്വകലാശാലയുടെ ചാൻസിലർ ശ്രീചിത്തിര തിരുനാൾ മഹാരാജാവാണ്. അന്നത്തെ പ്രസംഗത്തിൽ കോളജിനെയും ആദ്യത്തെ പ്രിൻസിപ്പൽ ഫാ. മാത്യു പുരയ്ക്കലിനെയും പ്രശംസ കൊണ്ട് ആദരിച്ചു. ഫാ. മാത്യു പുരയ്ക്കൽ കോളജിനു ചെയ്ത സേവനങ്ങളെ അനുസ്മരിപ്പിച്ചുകൊണ്ടാണ് മഹാരാജാവ് പ്രസംഗം അവസാനിപ്പിച്ചത്.
III. പോസ്റ്റ് ഗ്രാജ്വേറ്റ് ഘട്ടം (1957-1985)
1957ൽ ഇക്കണോമിക്‌സ് എം.എ. ആരംഭിച്ചതോടെ എസ്.ബി കോളജിൽ പോസ്റ്റ്
ഗ്രാഡ്വേറ്റ് ഘട്ടത്തിന് തുടക്കമായി. ഫാ. പി.സി. മാത്യുവായിരുന്നു പ്രിൻസിപ്പൽ. തുടർന്ന് ഫാ. ഫ്രാൻസിസ് കാളാശ്ശേരി, റവ. ഡോ. ആന്റണി കുര്യാളശ്ശേരി, ഫാ. മാത്യു പുളിക്കപ്പറമ്പിൽ എന്നിവർ പ്രിൻസിപ്പൽമാരായി. ഇവരുടെ കാലത്ത് ഗ്രാജ്വേറ്റ്, പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്സുകൾ കൊണ്ട് എസ്.ബി കോളജ് നിറഞ്ഞു.
28 വർഷം ദീർഘിച്ച പോസ്റ്റ് ഗ്രാജ്വേറ്റ് ഘട്ടത്തിൽ ബി.എ. മലയാളം, ബി.എ. ഇംഗ്ലീഷ്, ബി.കോം എന്നീ ഡിഗ്രി കോഴ്‌സുകളും ആരംഭിച്ചു. പതിനൊന്ന് പോസ്റ്റ് ഡിഗ്രി കോഴ്‌സുകളും ഇക്കാലത്തുണ്ടായി.
അന്താരാഷ്ട്ര അംഗീകാരം
1975ൽ അന്താരാഷ്ട്ര കത്തോലിക്ക യൂണിവേഴ്‌സിറ്റി ഫെഡറേഷനിൽ എസ്.ബി.
കോളജിന് അംഗത്വം ലഭിച്ചു. കേരളത്തിലെ മൂന്നു കോളജുകളുൾപ്പെടെ ഇൻഡ്യയിൽ നിന്ന് ഏഴു കോളജുകൾക്കാണ് അംഗത്വം ലഭിച്ചത്. അതിൽ ഒന്നാകാൻ എസ്.ബിക്കു
സാധിച്ചു എന്നത് അഭിമാനം വളർത്തുന്നു.
1977ൽ യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷൻ എസ്.ബി.യെ ‘ലീഡ് കോളജ്’ ആയി അംഗീകരിച്ചു.
എസ്.ബി. കോളജിന്റെ ഭൗതികസാഹചര്യ വളർച്ച
- കോളജ് ക്യാമ്പസ് നിറയെ തേക്കും മഹാഗണിയും നട്ടുവളർത്തി, എസ്.ബിക്ക് പച്ചപ്പിന്റെ മേലാപ്പ് നൽകി (1962).
- യു.ജി.സി. സഹായത്തോടെ ഹോബി വർക്ക്‌ഷോപ്പും ഹോസ്റ്റൽ താമസക്കാരല്ലാത്ത വിദ്യാർത്ഥികൾക്ക് വിശ്രമകേന്ദ്രവും നിർമ്മിച്ചു (1962).
- 250 വിദ്യാർത്ഥികളെ താമസിപ്പിക്കാവുന്ന സഹൃദയാ ഹോസ്റ്റൽ നിർമ്മിച്ചു (1964).
- കലാലയ വികസനം ലക്ഷ്യമാക്കി വിപുലമായ ഒരു ശാസ്ത്രപ്രദർശനവും കലോത്സവവും സംഘടിപ്പിച്ചു. ക്യാമ്പസ് റോഡുകളെല്ലാം ടാർ ചെയ്തു (1965).
- ക്ലാസ്സ് മുറികളുടെ അപര്യാപ്തതയ്ക്ക് പരിഹാരമായി നാലു നിലയിലുള്ള ലൈവ് സയൻസ് ബിൽഡിംഗ് പണി പൂർത്തിയായി. ക്ലാസ്സുമുറികൾക്ക് പുറമേ കോൺഫറൻസ് ഹാളും കോളജ് ഓഫീസും പ്രിൻസിപ്പലിന്റെ ഓഫീസും ഈ
കെട്ടിടത്തിൽ പ്രവർത്തിക്കുന്നു (1967). - കലാലയ വികസനം ലക്ഷ്യമാക്കി ഒരു മഹാകലാമേള നടത്തി (1971).
- അഞ്ചു നിലകളുള്ള ലൈബ്രറിയും മൂന്നു നിലകളുള്ള ജൂബിലി മെമ്മോറിയൽ സ്റ്റാഫ് ഹോസ്റ്റലും നിർമ്മിച്ചു (1973).
- 2500 ഇരിപ്പിട സൗകര്യമുള്ള ബൃഹത്തായ കാവുകാട്ടുഹാൾ നിർമ്മിച്ചു (1974).
ഇതോടെ എസ്.ബി. കോളജിന്റെ അക്കാദമിക വളർച്ചയ്ക്ക് അനുഗുണമായ ഭൗതിക സാഹചര്യ വളർച്ചയും കൈവരിച്ചു.
IV. റിസർച്ച് ഘട്ടം (1986)
1985ൽ ഫാ. ഡോ. ജോസഫ് മാരൂർ പ്രിൻസിപ്പലായി. വൈസ്പ്രിൻസിപ്പലായി ഡോ. ജോർജ്ജ് മഠത്തിൽപ്പറമ്പിലും നിയമിതനായി. ഒമ്പത് ഡിഗ്രി കോഴ്‌സുകളും പതിനൊന്ന് പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്‌സുകളുമായി അക്കാദമിക രംഗം ഏതാണ്ട് വളർച്ചമുറ്റിയ നിലയിലായിരുന്നു. വളർച്ചയുടെ അടുത്തഘട്ടം റിസർച്ചാണ്. ഓരോ ഘട്ടവളർച്ചയ്ക്കും വളരെയേറെ പണം ആവശ്യമുണ്ട്. കോളജിന്റെ വളർച്ചയുടെ നിർണ്ണായക ഘട്ടങ്ങളിൽ ചെയ്തതുപോലെ ഇത്തവണയും ഇക്കാര്യങ്ങളെല്ലാം ജനങ്ങളെ അറിയിച്ചു. സയൻസ് വിഭാഗത്തിന്റെ ഡയമണ്ട് ജൂബിലിയും ബിരുദാനന്തര കോഴ്‌സുകളുടെ രജത ജൂബിലിയും ഒന്നിച്ച് 1986 -ൽ ആഘോഷിച്ചു. വിപുലമായ ഒരു
ശാസ്ത്രപ്രദർശനവും വ്യവസായ പ്രദർശനവും കലോത്സവവും സംഘടിപ്പിച്ചു. സ്‌കൂൾ, കോളജ് വിദ്യാർത്ഥികളും പൊതുജനങ്ങളും ഒഴുകിയെത്തി.
ബെനഫാക്‌ടേഴ്‌സ് ക്ലബ്ബും അലൂമ്‌നി അസ്സോസിയേഷനും സംഘടിപ്പിച്ചു. അവർ
സജീവമായി. ഇൻഡ്യൻ പ്രസിഡന്റ് ഗ്യാനിസെയിൽസിംഗ് ഉദ്ഘാടനം ചെയ്ത ജൂബിലി
ആഘോഷങ്ങൾ ഒരു വലിയ സംഭവമായിരുന്നു. പൊതുജന പങ്കാളിത്തത്തിന്റെ
സാധ്യതകൾ പൂർണ്ണമായി ഉപയോഗിക്കാൻ കോളജിനു സാധിച്ചു. അങ്ങനെ ഗവേഷണ
ത്തിനാവശ്യമായ ബാഹ്യ സാഹചര്യങ്ങൾ ഒരുക്കുകയും ഒരു കെട്ടിടം തന്നെ നിർമ്മിക്കുകയും ചെയ്തു. അതാണ് ഹോക്കി ഗ്രൗണ്ടിന്റെ കിഴക്കേയറ്റത്ത് കാണുന്ന മൂന്നു നിലകളുള്ള റിസർച്ച് സെന്റർ. (തുടരും)