3. സഭകൾക്കുള്ള ലേഖനങ്ങൾ 2: 2-3, 22
കുറ്റപ്പെടുത്തൽ: പ്രശംസയ്ക്കുശേഷം ശക്തമായ ഒരു ശകാരവും വ്യക്തമായ താക്കീതും അവർക്കു നല്കുന്നുണ്ട്. ആദ്യമുണ്ടായിരുന്ന സ്‌നേഹം കൈവെടിഞ്ഞു എന്നതാണ് എഫേസോസിലെ സഭയ്‌ക്കെതിരായ ആരോപണം. വിശ്വാസത്തിന്റെ തനിമ കാത്തുസൂക്ഷിക്കാനും വിശ്വാസവിരുദ്ധരെ തെരഞ്ഞുപിടിച്ച്
പുറത്താക്കാനുമുള്ള ശ്രമത്തിൽ സഭാംഗങ്ങൾക്കുണ്ടായിരുന്ന പരസ്പരസ്‌നേഹം നഷ്ടപ്പെട്ടു. വിശ്വാസത്തിന്റെ പേരിൽ ചേരിതിരിവും കക്ഷിമാത്സര്യങ്ങളുമുണ്ടായതിന്റെ ഫലമായി സഹോദരങ്ങൾ തമ്മിൽ പ്രകടമായിരുന്ന ഊഷ്മളമായ സ്‌നേഹബന്ധം നഷ്ടപ്പെടുവാനിടയായി. അതുകൊണ്ട് മാനസാന്തരത്തിനുള്ള ക്ഷണം മിശിഹാ നല്കുന്നു. മൂന്നു കാര്യങ്ങളാണ് അവിടുന്ന് ആവശ്യപ്പെടുന്നത്. 1. ഓർമ്മിക്കുക; 2. മനസ്സുതിരിയുക; 3. പ്രവർത്തിക്കുക (2,5). മാനസാന്തരത്തിന്റെ മൂന്നു വശങ്ങളാണ് ഇവ സൂചിപ്പിക്കുന്നത്.
1. ആദ്യമുണ്ടായിരുന്ന, ദൈവസ്‌നേഹത്തിൽ നിന്നും ഉരുത്തിരിഞ്ഞ, പരസ്പരസ്‌നേഹ
ബന്ധം ഓർമ്മിക്കുക. 2. ആ സ്‌നേഹത്തിലേക്ക് മനസ്സു തിരിയുക. 3. ആ സ്‌നേഹത്തിനനുസൃതമായ പ്രവൃത്തികൾ ചെയ്യുക. മാനസാന്തരം മുഖ്യമായും രണ്ടു കാര്യങ്ങൾ ഉൾക്കൊള്ളുന്നു. 1. ചെയ്തുപോയ തെറ്റിനെക്കുറിച്ചുള്ള ദുഃഖം അല്ലെങ്കിൽ അനുതാപം; 2. ജീവിതനവീകരണത്തിനുള്ള ക്രിയാത്മകമായ തീരുമാനം. ഇതു വെറും വൈകാരികതലത്തിൽ ഒതുങ്ങിനില്ക്കാതെ സ്‌നേഹത്തിന്റേതായ പ്രവൃത്തികളിൽ പ്രായോഗികമാകണം. മാനസാന്തരപ്പെടുന്നില്ലെങ്കിൽ ‘നിന്റെ
ദീപപീഠം അതിന്റെ സ്ഥലത്തുനിന്നു നീക്കിക്കളയും’ (2,5) അതായത്, മിശിഹായുടെ സഭ എന്ന സ്ഥാനംതന്നെ എഫേസോസിനു നഷ്ടപ്പെടും എന്ന് മുന്നറിയിപ്പു നല്കുന്നു.
താക്കീതിനുശേഷം ‘നിക്കൊളാവോസ്’ പക്ഷക്കാരെ പുറന്തള്ളിയതിൽ എഫേസോസ് സഭാംഗങ്ങളെ പ്രശംസിക്കുന്നുമുണ്ട് (2,6). ‘നീക്ക’, ‘ലാവോൻ’ എന്ന രണ്ടു ഗ്രീക്കു
പദങ്ങളിൽനിന്നാണ് ‘നിക്കൊളാവോസ്’ എന്ന പേരുവന്നത്. ‘ദൈവജനത്തെ കീഴടക്കു
ന്നവൻ’ എന്നാണതിനർത്ഥം. ക്രിസ്തീയ വിശ്വാസത്തിന്റെ കർശനമായ നിലപാടുകളെ പുറന്തള്ളി മറ്റു മതങ്ങളുടെ അയഞ്ഞ ജീവിതശൈലി സ്വീകരിക്കുന്നവരാണ്
നിക്കൊളാവോസ് പക്ഷക്കാർ. പെർഗാമോസിലെ സഭ ഇക്കൂട്ടരെ സ്വീകരിച്ചതായി അവർക്കുള്ള കത്തിൽ പറയുന്നുണ്ട് (2,15). എന്നാൽ എഫേസോസിലെ സഭ അവരെ മാറ്റിനിർത്തുകയും മിശിഹായുടെ പ്രശംസയ്ക്ക് അവർ പാത്രമാകുകയും ചെയ്തു.
”ആത്മാവ് സഭകളോടു അരുളിച്ചെയ്യുന്നത് ചെവിയുള്ളവൻ കേൾക്കട്ടെ” (2,7)
എന്ന ആഹ്വാനം ഏഴു ലേഖനങ്ങളുടെയും അവസാനം ആവർത്തിക്കുന്നു
ണ്ട്. സഭയിൽ സന്നിഹിതനായിരിക്കുന്ന ഉത്ഥിതനായ ഈശോയുടെ അരൂപിയാണ് ഇവിടെ വിവക്ഷിതം.
സമ്മാനവാഗ്ദാനം: വിശ്വാസത്തിൽ ഉറച്ചുനിന്ന് വിജയം വരിക്കുന്നവർക്ക് ജീവന്റെ വൃക്ഷത്തിന്റെ ഫലം വാഗ്ദാനം ചെയ്യുന്നു (2,7). പാപത്തിന്റെ ഫലമായി നഷ്ടപ്പെട്ട സ്വർഗ്ഗമാകുന്ന സമ്മാനമാണ് ഇതുകൊണ്ടർത്ഥമാക്കുന്നത്. ഈ വാഗ്ദാനം പൂർത്തിയാകുന്നത് വെളിപാട് 22,2 ൽ രേഖപ്പെടുത്തിയിട്ടുണ്ട്. പാപിയായ മനുഷ്യനു നിഷേധിക്കപ്പെട്ട ഈ ഫലം (ഉല്പ 3,22-24) ഈശോമിശിഹാവഴിയാണ് വീണ്ടും ലഭ്യമാകുന്നത്. ഈശോതന്നെയാണ് ജീവന്റെ വൃക്ഷം. നിത്യജീവൻ പ്രദാനം ചെയ്യുന്നവൻ എന്നാണിതിനർത്ഥം.