ബൈബിൾ കഥാസാഗരം-10 ബൈബിൾ കഥകൾ കുട്ടികൾക്ക്

Vintage colour lithograph of Jacob wrestling with the Angel, c.1880
ജോൺ ജെ. പുതുച്ചിറ

യാക്കോബ് പിതാവിന്റെ ആഗ്രഹപ്രകാരം ഹാരാനിലേക്കു പുറപ്പെടുകയും ബന്ധുവായ ലാബോന്റെ പുത്രിമാരെ വധുവായി സ്വീകരിക്കുകയും ചെയ്തു. ആദേശത്ത് വർഷങ്ങളോളം താമസിച്ച് ലാബോനെ സഹായിച്ചു.
ആ കാലയളവിൽ ലാബോന്റെ ആട്ടിൻപറ്റങ്ങൾ പെരുകുകയും അയാളുടെ സമ്പത്തു വർദ്ധിക്കുകയും ചെയ്തു. സന്താനങ്ങളെ നൽകിയും ദൈവം യാക്കോബിനെ അനുഗ്രഹിച്ചു.
വർഷങ്ങൾക്കുശേഷം കുടുംബത്തോടും തന്റെ വിഹിതത്തിലുള്ള ആടുമാടുകളോടും പരിചാരകരോടുമൊപ്പം യാക്കോബ് തന്റെ
ജന്മദേശത്തേയ്ക്കു മടങ്ങി.
സഹോദരനായ ഏസാവിന് തന്നോടുള്ള നീരസം മാറിയിട്ടുണ്ടാകുമോ എന്ന് അവനു സന്ദേഹമുണ്ടായിരുന്നു. സഹോദരനുമായി രമ്യപ്പെടുന്നതിന് തന്റെ സംഘത്തിൽ നിന്ന് ഒരുപറ്റം പേരെ അവൻ മുൻകൂട്ടി ഏസാവിന്റെ പക്കലേയ്ക്ക് അയച്ചിരുന്നു.

ആ രാത്രിതന്നെ ഒരാൾ നേരം പുലരുന്നിടംവരെ അവനുമായി മൽപ്പിടുത്തം നടത്തി.
എന്നാൽ അവൻ കീഴടങ്ങിയില്ല. എങ്കിലും അവന്റെ തുടയെല്ലിന് നേരിയ സ്ഥാനഭ്രംശം സംഭവിച്ചു.

ഒടുവിൽ ആ അജ്ഞാതൻ അവനോടു ചോദിച്ചു: ‘നിന്റെ പേരെന്താണ്?’
‘യാക്കോബ്’ അവൻ മറുപടി നൽകി.

‘ഇനിമേൽ നീ യാക്കോബ് എന്നല്ല, ഇസ്രായേൽ എന്നു വിളിക്കപ്പെടും. കാരണം ദൈവത്തോടും മനുഷ്യരോടും നീ മല്ലിട്ടു ജയിച്ചിരിക്കുന്നു.’ അവൻ യാക്കോബിനെ അനുഗ്രഹിച്ചു.

യാക്കോബ് പെനുവേൽ എന്ന സ്ഥലം കടക്കുമ്പോൾ സൂര്യൻ ഉദിച്ചു തുടങ്ങിയിരുന്നു. അവൻ തന്റെ സംഘാംഗങ്ങളോടൊപ്പം യാത്ര തുടർന്നു.

അല്പം കഴിഞ്ഞപ്പോൾ ഏസാവും പരിവാരങ്ങളും തനിക്ക് അഭിമുഖമായി വരുന്നതു കണ്ടു. യാക്കോബ് ഭയപ്പെട്ടതുപോലെ ഒന്നും സംഭവിച്ചില്ല. ഏസാവ് ഓടിച്ചെന്ന് അവനെ കെട്ടിപ്പിടിച്ച് ചുംബിച്ചു. യാക്കോബിന്റെ സംഘത്തിലുള്ളവരൊക്കെ ഏസാ
വിനെ വണങ്ങി. യാക്കോബ് സ്‌നേഹപൂർവ്വം നൽകിയ പാരിതോഷികങ്ങൾ അവൻ ഒടുവിൽ സ്വീകരിച്ചു.

പ്രയാണമധ്യേ ദൈവം വീണ്ടും യാക്കോബിനു പ്രത്യക്ഷപ്പെട്ട് അവനെ അനുഗ്രഹിക്കുകയും ഇപ്രകാരം അരുളിച്ചെയ്യുകയും ചെയ്തു: ‘യാക്കോബ് എന്ന നീ ഇനിമേൽ ഇസ്രയേൽ എന്നും വിളിക്കപ്പെടും. നീ സന്താന പുഷ്ടിയുണ്ടായി പെരുകുക. ജനതകൾ നിന്നിൽ നിന്ന് ജന്മമെടുക്കും. അബ്രാഹത്തിനും ഇസഹാക്കിനും ഞാൻ നൽകിയനാട് നിനക്കും നിന്റെ പരമ്പരകൾക്കും ഞാൻ നൽകും.’

ഏസാവും സന്തതിപരമ്പരകളും കാനാൻദേശത്ത് താൻ നേടിയ ഒട്ടേറെ സമ്പത്തുമായി
സഹോദരനായ യാക്കോബിനെ വിട്ട് അകലെയുള്ള ഒരു ദേശത്തേയ്ക്കു പോയി.
യാക്കോബ് കാനൻദേശത്തു വാസമുറപ്പിച്ചു. മക്കളിൽ ഇളയവനായ ജോസഫി
നോട് അദ്ദേഹത്തിന് പ്രത്യേകവാത്സല്യം ഉണ്ടായിരുന്നു. പിതാവ് ജോസഫിനെ തങ്ങ
ളേക്കാൾ അധികമായി സ്‌നേഹിക്കുന്നു എന്നു മനസ്സിലായപ്പോൾ സഹോദരൻമാർ
അവനെ വെറുത്തു.

ഒരിക്കൽ ജോസഫ് താൻ കണ്ട സ്വപ്നത്തെക്കുറിച്ച് സഹോദരൻമാരോടു പറഞ്ഞു: ‘നമ്മൾ പാടത്തു കറ്റകെട്ടിക്കൊണ്ടിരിക്കുകയായിരുന്നു. അപ്പോൾ എന്റെ കറ്റ എഴുന്നേറ്റുനിന്നു. നിങ്ങളുടെ കറ്റകളെല്ലാം ചുറ്റും വന്ന് എന്റെ കറ്റയെ താണു വണങ്ങി.’

അതുകേട്ടപ്പോൾ സഹോദരന്മാർ ജോസഫിനെ കൂടുതൽ വെറുത്തു. ജോസഫിന്
വീണ്ടും ഒരു സ്വപനമുണ്ടായി. സൂര്യനും ചന്ദ്രനും പതിനൊന്നു നക്ഷത്രങ്ങളും തന്നെ
താണു വണങ്ങുന്നതായി. ഇത് പറഞ്ഞപ്പോൾ പിതാവ് അവനെ ശകാരിച്ചു. ‘എന്താണ്
നിന്റെ സ്വപ്‌നത്തിന്റെ അർത്ഥം? ഞാനും നിന്റെ അമ്മയും സഹോദരങ്ങളും നിന്നെ വണങ്ങണമെന്നാണോ?’
സഹോദരങ്ങൾക്കാവട്ടെ ജോസഫിനോടുള്ള നീരസം വർദ്ധിക്കുകയും ചെയ്തു.