പഞ്ചവത്സര അജപാലന പദ്ധതി അഞ്ചാം വർഷം 9 കുടുംബത്തെക്കുറിച്ചുള്ള ചില പ്രസാദാത്മക ചിന്തകൾ

റവ. ഫാ. ജോസ് മുകളേൽ

വീട് അഥവാ കുടുംബമാണ് നമ്മുടെ ഏറ്റവും പ്രധാനപ്പെട്ട ഇടം. ഏറ്റവുമധികം സ്‌നേഹവും സന്തോഷവും ആത്മവിശ്വാസവും അനുഭവപ്പെടുന്ന സൗഭാഗ്യകേന്ദ്രം (Home ground). വീടാണ് നമ്മുടെ പ്രഥമ ദേവാലയവും വിദ്യാലയവും. ഏറ്റവും തീവ്രമായ ഗൃഹാതുരത്വം നമ്മിലുണർത്തുന്ന ഇടവും വീടുതന്നെ. വീട്  നഷ്ടപ്പെടുകയോ നാം വീട്ടിൽനിന്ന് അകലെയാവുകയോ ചെയ്യുമ്പോഴാണ് നമ്മുടെ മനസ് ഏറ്റവുമധികം നൊമ്പരപ്പെടുന്നത്.

എപ്പോൾ മുതലാണ് വീട് നമുക്ക് അപരിചിതവും ഭാരപ്പെടുന്നതുമായ ഇടമായിമാറിയത്? എപ്പോഴാണ് വീട്ടിൽ നമ്മൾ അധികപ്പറ്റാണ് എന്ന തോന്നൽ തുടങ്ങിയത്? എപ്പോഴാണ് കളിയും ചിരിയും സൗഹൃദവുമൊക്കെ ഉണ്ടായിരുന്ന ഇടം നമുക്ക് താമസിക്കാനുള്ള ഇടം മാത്രമായത്? കുടുംബജീവിതത്തിന്റെ
ആനന്ദവും വിശുദ്ധിയും തിരിച്ചുപിടിക്കാൻ നമ്മൾ വീട്ടിലേക്കുതന്നെയാണ് മടങ്ങേണ്ടത്.

1. രക്ഷാചരിത്രം കുടുംബങ്ങളിലൂടെ

ബൈബിളിലെ രക്ഷാചരിത്രംതന്നെ അഞ്ചു കുടുംബങ്ങളുടെ കഥയാണ്. ഒന്നാമത്തെ കുടുംബം ത്രിതൈ്വക കുടുംബമാണ്. രണ്ടാമത്തേത്, ആദാമിന്റെയും ഹവ്വായു
ടെയും കുടുംബമാണ്; പിശാചിന് ഇടംകൊടുത്തതുവഴി പറുദീസാനുഭവവും കൃപാവരവും നഷ്ടപ്പെട്ട കുടുംബം. മൂന്നാമത്തെ കുടുംബം നസ്രത്തിലെ കുടുംബമാണ്. പറുദീസായിൽ നഷ്ടപ്പെട്ട കൃപാവരം വീണ്ടെടുത്ത കുടുംബം. ഈശോ തന്റെ മണവാട്ടിയായ തിരുസഭയെ വിവാഹം ചെയ്ത് വിശ്വാസികൾക്ക് ജന്മംകൊടുക്കുന്ന സഭയാകുന്ന കുടുംബമാണ് നാലാമത്തെ കുടുംബം. പരമ പിതാവിനെ ആരാധിക്കുന്ന, കൊല്ലപ്പെട്ട കുഞ്ഞാടിന്റെ വിവാഹവിരുന്നിൽ പങ്കുചേരുന്ന സ്വർഗ്ഗീയകുടുംബത്തെക്കുറിച്ച് വെളിപാടു പുസ്തകം പരാമർശിക്കുന്നുണ്ട്. അതാണ് അഞ്ചാമത്തെ കുടുംബം.

2. ആകാശമോക്ഷത്തിന്റെ ഭൗമികമാതൃക

ദൈവം മനുഷ്യനെ സ്ത്രീയും പുരുഷനുമായി സൃഷ്ടിച്ചു. ദമ്പതികൾ ഒരുമിച്ചാണ് ദൈവത്തിന്റെ ഛായയും സാദൃശ്യവും ഭൂമിയിൽ യാഥാർത്ഥ്യമാക്കുന്നത്. അങ്ങനെ കുടുംബംതന്നെ കൂദാശയായി മാറുന്നു.

3. ഗാർഹിക സഭ

രണ്ടാം വത്തിക്കാൻ കൗൺസിൽ കുടുംബത്തെ വിളിക്കുക ‘ഗാർഹികസഭ’യെന്നാണ്.
സഭയുടെ ഏറ്റവും ചെറിയ പതിപ്പാണ് കുടുംബം. ജീവന്റെയും സ്‌നേഹത്തിന്റെയും ദൗത്യങ്ങൾ ദമ്പതികൾ നിറവേറ്റുമ്പോഴും കുടുംബാംഗങ്ങളോരോരുത്തരും തങ്ങളുടെ ദൈവവിളിക്കനുസൃതം ജീവിക്കുമ്പോഴുമാണ് കുടുംബം സഭയുടെ ചെറുപതിപ്പായി പരിണമിക്കുന്നത്. കുടുംബത്തിന്റെ സന്തോഷം സഭയുടെ സന്തോഷമായി മാറുന്നു. വിശാലാർത്ഥത്തിൽ സുകൃതങ്ങളിലൂടെ നിരന്തരം സമ്പന്നമാക്കപ്പെടുന്ന കുടുംബങ്ങളുടെ കുടുംബമായി സഭയെ നിർവചിക്കാം.

4. സുവിശേഷത്തിന്റെ വിദ്യാലയം

പ്രാർത്ഥനയും പങ്കുവയ്ക്കലും പ്രബോധനവും പരിചരണവും പ്രവൃത്തിപഥത്തിലെത്തുന്ന കുടുംബം സുവിശേഷത്തിന്റെ പള്ളിക്കൂടമാണ്. ഒരാൾക്കും തന്റെ കുടുംബം സ്വയം തെരഞ്ഞെടുക്കാനാവില്ല. ദൈവം നമുക്ക് ദാനമായി തരുന്ന പുണ്യമാണത്. ബൈബിളിലെ കുടുംബങ്ങൾ പുലർത്തിയിരുന്ന ഈ കാഴ്ചപ്പാട് സ്വായത്തമാക്കിയാൽ നമ്മുടെ ഭവനവും പീഠത്തിൽവച്ച വിളക്കുപോലെ ജ്വലിച്ചുനില്ക്കും.

5. കുടുംബം എന്ന അവസരം

പുരുഷന്റെ ഏകാന്തതയ്ക്ക് അറുതിവരുത്താൻ ഇണയും തുണയുമായാണ് സഖിയെ
നല്കിയത്. മാതാപിതാക്കൾ വീടിന്റെ അടിത്തറയും മക്കൾ സജീവശിലകളുമാണ്. ദൈവത്തിന്റെ സൃഷ്ടികർമ്മത്തിൽ പങ്കുചേരാനും കാരുണ്യത്തിലും ക്ഷമയിലും ഫലമണിയുന്ന സ്‌നേഹമെന്ന പുണ്യവും വാത്സല്യമെന്നസുകൃതവും ജീവിക്കാനുമുള്ള അവസരം തിങ്ങിനിറഞ്ഞ ഇടമാണ് ഓരോ കുടുംബവും. കല്യാണം കഴിക്കുന്നതും മക്കളെ ജനിപ്പിക്കുന്നതും സ്വാതന്ത്ര്യത്തെ ഹനിക്കുന്ന നുകമോ
അവസരങ്ങൾ നിഷേധിക്കുന്ന അടിമത്തമോ അല്ല, സ്‌നേഹവും ആനന്ദവും പൂർണമായ തോതിൽ ജീവിക്കാനുള്ള അവസരമാണ്.

6. സ്‌നേഹത്തിന്റെ ആനന്ദം

ദൈവത്തോടുള്ള സ്‌നേഹം കഴിഞ്ഞാൽ ദാമ്പത്യസ്‌നേഹമാണ് സൗഹൃദത്തിന്റെ
ഏറ്റവും വലിയ പ്രകാശനം. സ്‌നേഹത്തിലും സൗന്ദര്യത്തിലും ആനന്ദിക്കാൻ സാധിക്കുന്ന ഇടമാണ് കുടുംബം. അവിടെ വികാരങ്ങൾ സമ്പൂർണമായി പ്രകടിപ്പിക്കാൻ സാധിക്കും. ലൈംഗികത എന്ന ദൈവദാനം സന്താനോല്പാദനത്തിനുള്ള മാർഗ്ഗം മാത്രമായല്ല, സ്‌നേഹത്തിന്റെ തീവ്രമായ ആസ്വാദനത്തിനു വേണ്ടിക്കൂടിയാണെന്ന് ഫ്രാൻസിസ് മാർപാപ്പാ ‘സ്‌നേഹത്തിന്റെ ആനന്ദ’ത്തിൽ ഓർമ്മിപ്പിക്കുന്നു.

7. കുഞ്ഞുങ്ങൾ സ്‌നേഹത്തിന്റെ സ്വാഭാവികസാഫല്യം

പാഴായിപ്പോകാത്തതും തിരസ്‌കരിക്കപ്പെടാത്തതുമായ സ്‌നേഹത്തിന്റെ ഏക പരീക്ഷണശാല കുടുംബമാണ്. ദാമ്പത്യസ്‌നേഹത്തിന്റെ സ്വാഭാവികസാഫല്യമാണ് മക്കൾ. സ്‌നേഹത്തിന്റെ ദൃശ്യമായ അടയാളവും ഫലവുമായ കുഞ്ഞുങ്ങളെ വേണ്ടെന്നു വയ്ക്കുമ്പോൾ സ്‌നേഹം സഫലീകരിക്കപ്പെടാതെ വന്ധ്യമായിത്തീരുന്നു.

8. ഓരോരുത്തർക്കും നിശ്ചിതവേഷമുള്ള അരങ്ങ്

കുടുംബത്തിൽ എല്ലാവർക്കും തനതുറോളുകളുണ്ട്. അവിടെ ആരും പരിഗണിക്കപ്പെടാതെ പോകുന്നില്ല. ഭർത്താവായി ജീവിക്കാം, ഭാര്യയായി ജീവിക്കാം, അപ്പനാകാം, അമ്മയാകാം, മകനാകാം, മകളാകാം, സഹോദരനും സഹോദരിയുമാകാം, വല്യപ്പനും വല്യമ്മയുമാകാം, അമ്മായിയപ്പനാകാം, അമ്മായിയമ്മയാകാം, കൊച്ചുമകനാകാം, കൊച്ചുമകളാകാം – ഇങ്ങനെ അവസാനിക്കാത്ത വേഷങ്ങൾ. ഈ റോളുകളൊന്നും അപ്രധാനമല്ല. ഇത്തരം വേഷങ്ങളുടെ ഫലപ്രദമായ നിർവഹണമാണ് ഓരോ വ്യക്തിയുടെയും ജീവിതസാക്ഷാത്കാരം.

9. കുടുംബവും സുവിശേഷപ്രവർത്തനവും

കുടുംബം ഒരു വിദ്യാലയമാണ്. സ്‌നേഹവും കാരുണ്യവും പങ്കുവയ്ക്കലും കരുതലും ക്ഷമയും പരിശീലിപ്പിക്കപ്പെടുന്ന അഭ്യസനകേന്ദ്രം. തിരുത്തലുകളും അച്ചടക്കവും അവിടെ നടക്കുന്നുണ്ട്. സന്മാർഗപരിശീലനമുണ്ട്. ധാർമികബോധവും ലൈംഗിക
വിദ്യാഭ്യാസവും പകർന്നുകൊടുക്കുന്നുണ്ട്. എല്ലാറ്റിലുമുപരി വിശ്വാസത്തിന്റെ കൈമാറ്റം സംഭവിക്കുന്നുണ്ട്. അങ്ങനെ നോക്കുമ്പോൾ സുവിശേഷം ജീവിക്കുന്ന ഇടമല്ലേ ക്രൈസ്തവകുടുംബം!