പകല്‍ അസ്തമിക്കുന്നു; ഉദയം പ്രതീക്ഷയാണ് (The Day is Now Far Spent) The Day is Now Far Spent: Robert Cardinal Sarah in conversation with Nicholas Dita

14. ഉത്തരാധുനിക ജനാധിപത്യങ്ങളുടെയും മുതലാളിത്തത്തിന്റെയും മുഖം (The Face of Postmordern Democracies and Capitalism)

പല ഗവണ്മെന്റുകളുടെയും സാമ്പത്തിക ഏജന്‍സികളുടെയും ‘ദോഷദര്‍ശന
സ്വഭാവം’ (cynicism) ജനങ്ങളുടെ ധാര്‍മ്മിക മൂല്യങ്ങളെയും ക്ഷേമത്തെയും നിര്‍ദയം ചവിട്ടിമെതിക്കുന്ന സാഹചര്യം നിലവിലുണ്ട്. ഗൂഢലക്ഷ്യങ്ങളുള്ള ഇത്തരക്കാരുടെ ലജ്ജാകരമായ ഇടപെടല്‍ യുദ്ധത്തിനും സാമ്പത്തികപ്രതിസന്ധിക്കും കാരണമാകുന്നു. മദ്ധ്യപൂര്‍വ്വ ഏഷ്യയിലെ പല രാജ്യങ്ങളും തകര്‍ന്നത് സാമ്പത്തിക താത്പര്യത്തോടെയുള്ള പാശ്ചാത്യമേധാവിത്വം വഴിയാണ്. ആഫ്രിക്കയില്‍ ദരിദ്രരുടെ താല്‍പര്യങ്ങള്‍ ചൂഷണം ചെയ്യപ്പെടുന്നു; അവരുടെ രാഷ്ട്ര നേതാക്കളുടെ സഹായത്തോടെ പ്രകൃതി വിഭവങ്ങള്‍ കൊള്ളയടിക്കപ്പെടുന്നു. പരസ്പരം യുദ്ധം ചെയ്യുന്നതിന് അവര്‍ക്ക് ആയുധങ്ങള്‍ നല്‍കുന്നു. ഈ വിധമുള്ള എല്ലാ ദുരവസ്ഥകള്‍ക്കുമെതിരെ പടപൊരുതേണ്ടത് ഇന്നിന്റെ ആവശ്യകതയാണെന്ന സത്യം കര്‍ദ്ദിനാള്‍ ഓര്‍മ്മിപ്പിക്കുന്നു. വിദ്യാഭ്യാസസംവിധാനത്തിന്റെ പരിമിതികള്‍മൂലം പല രാജ്യങ്ങള്‍ക്കും ഇന്ന് അവരുടെ ചരിത്രം അറിയില്ല. ഇത് പുതിയ സംസ്‌കാരങ്ങള്‍ക്ക് വഴി തുറക്കാന്‍ കാരണമാകുന്നു. സമകാലിക സംസ്‌കാരങ്ങള്‍ പലപ്പോഴും മനുഷ്യനാശത്തിന്റെ (ruination of man) പക്ഷത്താണ്. ക്രിസ്തീയസംസ്‌കാരത്തെ ജീവിതപരിസരത്തുനിന്നും അകറ്റി നിര്‍ത്തുവാനുള്ള ശ്രമം ശക്തമാണ്. ഈ അവസരത്തില്‍ നാം കത്തോലിക്കാസഭയുടെ വേദോപദേശം
(Catechism of the Catholic Church) കൂടുതല്‍ ആഴത്തില്‍ പഠിക്കണം. വെറും വൈകാരികമായ ഭക്താഭ്യാസങ്ങളില്‍ ആശ്വാസം തേടുന്നവരാകാതെ ഉറപ്പുള്ള സഭാപ്രബോധനത്തില്‍ നങ്കൂരമുറപ്പിക്കുന്ന വിശ്വാസമാണ് നമുക്കുവേണ്ടത്.
ശ്രേഷ്ഠമായ രാഷ്ട്രീയ സംവിധാനമായി പൊതുവെ കണക്കാക്കപ്പെടുന്ന ജനാധിപത്യം ഇന്നു പലപ്പോഴും സാമ്പത്തികശക്തികളുടെ തടവറയിലാണ്. ‘ജനങ്ങളുടെ അധികാരം’ എന്നത് ഇന്നത്തെ ജനാധിപത്യത്തില്‍ ഒരു സങ്കല്പം മാത്രമായിരിക്കുന്നു. ജനാധിപത്യം രോഗാതുരമാണ്; ജനാധിപത്യം മലിനമാക്കപ്പെട്ടിരിക്കുന്നു.
മുതലാളിത്തം സമ്പത്ത് എന്ന ബിംബത്തില്‍ അധിഷ്ഠിതമാണ്. നേട്ടത്തിന്റെ വശീകരണം എല്ലാത്തരം സാമൂഹ്യബന്ധങ്ങളെയും തകര്‍ക്കുന്നു. വിപണിയില്‍ അധ്വാനത്തിന്റെ മൂല്യം തകരുന്നു; മനുഷ്യന്‍ തന്നെ ഒരു വ്യവഹാരവസ്തുവായി കരുതപ്പെടുന്നു. ഭൂരിഭാഗംപേരും വളരെ ചെറിയ ഒരു കൂട്ടത്തിനാല്‍ അടിമപ്പെടുത്തപ്പെട്ട നിലയില്‍ കാണപ്പെടുന്ന ഒരു പുതിയ തരം അടിമത്തം
ലോകത്തില്‍ രൂപപ്പെട്ടിരിക്കുന്നു. മുതലാളിത്തം വിലയിരുത്തപ്പെടേണ്ടത് ഓരോ
മനുഷ്യനും സ്വന്തമാക്കുവാനും വിപുലമാക്കുവാനും കഴിയുന്ന സ്വാതന്ത്ര്യത്തിന്റെ അളവുകോല്‍കൊണ്ടാണ്. ലാഭം മാത്രം ലക്ഷ്യമാക്കുന്ന സ്വാതന്ത്ര്യം നാശത്തില്‍ അവസാനിക്കും. മുതലാളിത്തം മനുഷ്യകുലത്തെ, ‘ഉപഭോക്താവ്’ എന്ന നിലയി
ലേക്ക് പരിമിതപ്പെടുത്തുന്നു. അതിനുവേണ്ടിലോകത്തെ മുഴുവനും ഒരു വിപണിയാക്കി മാറ്റുന്നു. ആ വിപണിയില്‍, തന്റെ മുന്‍പില്‍
വയ്ക്കപ്പെട്ടിരിക്കുന്ന എല്ലാ വിഭവങ്ങളെയും ആസ്വദിക്കാനുള്ള പ്രലോഭനം ബോധപൂര്‍വ്വം മനുഷ്യനുമുന്നില്‍ ഒരുക്കി വയ്ക്കുന്നു.
വിപണി കേന്ദ്രീകൃതമായി ജീവിക്കുന്ന കേവലം ‘ഉപഭോക്താവ്’ മാത്രമായി മനുഷ്യന്‍ സ്വയം മാറുന്നു. അവിടെ ഭൗതികവാദം അടിസ്ഥാനപ്രമാണമാകുന്നു.

15. അധഃപതനത്തിന്റെ ശവഘോഷയാത്ര (The Funeral March of Decadance)

വായു-ജല മലിനീകരണങ്ങള്‍ക്കെതിരെയുള്ള പോരാട്ടവും പ്രകൃതി വിഭവങ്ങളുടെ
സംരക്ഷണവും ഈ കാലഘട്ടത്തിന്റെ പ്രത്യേകമായ പരിഗണനാവിഷയങ്ങളാണ്; തല്‍ഫലമായി പരിസ്ഥിതി വിജ്ഞാനീയം (ecology) എന്ന ഒരു ശാസ്ത്രശാഖയും രൂപീകൃതമായി. എന്നാല്‍ നമ്മുടെ ഭാവിക്ക് ഗുരുതരമായ വെല്ലുവിളികളുണ്ട്. നമ്മുടെ ജീവവായുവിനെ മലിനമാക്കുന്ന പലവിധത്തിലുള്ള ധാര്‍മ്മിക മലിനീകരണമാണത് (moralpollution). അവ നമ്മുടെ മനഃസാക്ഷിയെ ദുഷിപ്പിക്കുന്നു, നമ്മുടെ വിലയിരുത്തലുകളെയും സംവേദനക്ഷമതയെയും വ്യതിചലിപ്പിക്കുന്നു, സ്‌നേഹത്തിന്റെ യാഥാര്‍ത്ഥ്യത്തില്‍ മായം ചേര്‍ക്കുന്നു, ഒടുവില്‍ മനുഷ്യനാശത്തി
ലേക്ക് നയിക്കുന്നു. ഈ ധാര്‍മ്മിക മലിനീകരണത്തിന്റെ പ്രഭവസ്ഥാനം പടിഞ്ഞാറാണ് (West). ആധുനികതയുടെ പ്രയോക്താക്കള്‍ക്ക് യഹൂദ-ക്രിസ്ത്യന്‍ പശ്ചാത്തലത്തില്‍ നിന്നും പുറപ്പെടുന്ന പരമ്പരാഗതമൂല്യങ്ങള്‍
പഴഞ്ചനും ഉപയോഗശൂന്യവും അപകടകാരിയുമാണ്. മാനവികതയുടെയും സാഹോദര്യത്തിന്റെയും പേരില്‍ മനുഷ്യമഹത്വം ചവിട്ടിമെതിക്കപ്പെടുന്നു. മൂല്യനിരാസവും സ്ത്രീകള്‍ക്കെതിരായ അക്രമവും മുമ്പെങ്ങും ഇല്ലാത്തവിധം വര്‍ദ്ധിച്ചിരിക്കുന്നു. മുന്‍കാലങ്ങളില്‍നിന്നും വ്യത്യസ്തമായി ഇന്നു ഭരണം
നടത്തുന്നത്, നാളെ മനുഷ്യജീവനെ വെല്ലുവിളിക്കുന്ന ‘സ്ഥാപനവത്കരിക്കപ്പെട്ട ഭോഗസംസ്‌കാരമാണ്’ (institutionalized hedonistic culture). നന്മയ്ക്കും തിന്മയ്ക്കുമിടയില്‍ മനുഷ്യന്‍ അനുഭവിക്കുന്ന ആശയകുഴപ്പമാണ്
ഇന്നത്തെ ഏറ്റവും വലിയ ദുരന്തം. മനുഷ്യന് തന്റെ ധാര്‍മ്മികവിലയിരുത്തലിനെ നിര്‍ണ്ണയിക്കുന്ന ദിശാസൂചിക നഷ്ടമായിരിക്കുന്നു.
ആധുനിക മനുഷ്യന്‍ ചിന്തയില്ലാത്ത ഉപഭോക്താവായിരിക്കുന്നു. ഉത്പാദിക്കുക-ഉപ
യോഗിക്കുക, കൂടുതല്‍ ഉത്പാദിപ്പിക്കുക- കൂടുതല്‍ ഉപയോഗിക്കുക എന്നവിധത്തില്‍ ഒരു ദൂഷിതവലയത്തില്‍ അവന്‍ കുടുങ്ങിക്കിടക്കുകയാണ്. ദ്രവ്യപരമായി അഥവാ ഭൗതികമായി മനുഷ്യന്‍ പൊണ്ണത്തടിയനാണ്; ആത്മീയമായി അവന്‍ ദരിദ്രനായ യാചകനെപ്പോലെ അലഞ്ഞുതിരിയുന്നു. ഇപ്രകാരം ധാര്‍മ്മിക അധഃപതനം സംഭവിക്കുന്ന ലോകത്തില്‍ ക്രിസ്ത്യാനിക്ക് ഒരു ദൗത്യമുണ്ട്. ആ ദൗത്യത്തില്‍നിന്നും വിട്ടുനിന്നതാണ് പാശ്ചാത്യലോകത്തിന്റെ തകര്‍ച്ചയ്ക്കു കാരണം. അവര്‍ സ്വര്‍ഗ്ഗത്തിലേക്ക് നോക്കുന്നില്ല, നവീന താല്‍പര്യങ്ങള്‍ക്ക്
അവര്‍ തടവിലാക്കപ്പെട്ടിരിക്കുന്നു. (തുടരും)