
ജോൺ ജെ. പുതുച്ചിറ
സാറായുടെ മരണശേഷം അബ്രഹാമിന്റെ ജീവിതകാലത്തുതന്നെ ഇസഹാക്ക് റബേക്കയെ വിവാഹം കഴിച്ചു. റബേക്ക ഗർഭവതിയായപ്പോൾ ദൈവം ഇങ്ങനെ വെളിപ്പെടുത്തി. ‘രണ്ടു വംശങ്ങളാണ് നിന്റെ ഉദരത്തിലുള്ളത്. നിന്നിൽ നിന്നും പിറക്കുന്നവർ രണ്ട് ജനതകളായി പിരിയും. ഒന്ന് മറ്റതിനേക്കാൾ ശക്തമായിരിക്കും. മൂത്തവൻ ഇളയവനു ദാസ്യവൃത്തി ചെയ്യും.’ റബേക്കയുടെ ഇരട്ട സന്തതികളിൽ ആദ്യം പുറത്തു വന്നവൻ ഏസാവ് ആയിരുന്നു. അതിനുശേഷം യാക്കോബ്.
കുട്ടികൾ വളർന്നുവന്നു. ഏസാവ് നായാട്ടിൽ സമർത്ഥനും കൃഷിക്കാരനുമായി. യാക്കോബാകട്ടെ ശാന്തനായിരുന്നു . വേട്ടയാടി കൊണ്ടുവന്നിരുന്ന മാംസം
തിന്നാൻ കിട്ടിയിരുന്നതിനാൽ പിതാവായ ഇസഹാക്കിന് ഏസാവിനോട് പ്രത്യേക
താൽപര്യമുണ്ടായിരുന്നു. അതേസമയം റബേക്കക്ക് യാക്കോബിനോടായിരുന്നു കൂടുതൽസ്‌നേഹം.
ഒരിക്കൽ യാക്കോബ് രുചികരമായ പായസം ഉണ്ടാക്കികൊണ്ടിരുന്നപ്പോൾ ഏശാവ്
വിശന്നു തളർന്ന് വയലിൽ നിന്ന് വന്നു. ആ പായസത്തിൽ കുറെ തനിക്ക് നൽകണ
മെന്ന് അവൻ യാക്കോബിനോടു ആവശ്യപ്പെട്ടു. ആദ്യം നിന്റെ കടിഞ്ഞൂലവകാശം തനിക്ക് വിട്ടുതരിക എന്നായിരുന്നു യാക്കോബിന്റെ മറുപടി.
കടിഞ്ഞൂലവകാശത്തിൽ വലിയ കാര്യമുണ്ടെന്ന് ഏസാവിനെ തോന്നിയില്ല. അവൻ
കടിഞ്ഞൂലവകാശം യാക്കോബിനു വിട്ടുകൊടുത്തുകൊണ്ട് പ്രതിജ്ഞ ചെയ്തു.
പകരം യാക്കോബ് സഹോദരന് ഭക്ഷണ പാനീയങ്ങൾ നൽകി. വൃദ്ധനായ ഇസഹാക്ക്
ഒരിക്കൽ മൂത്ത പുത്രനായ ഏശാവിനെ വിളിച്ചു ഇപ്രകാരം പറഞ്ഞു. ‘വയലിൽ പോയി വേട്ടയാടി കുറേ കാട്ടിറച്ചി കൊണ്ടുവരിക. അത് രുചികരമായി പാകം ചെയ്ത് എനിക്ക് തരിക. അതു ഭക്ഷിച്ചിട്ട് മരിക്കുംമുമ്പേ നിന്നെ അനുഗ്രഹിക്കും’.
ഇസഹാക്ക് ഏസാവിനോട് പറയുന്നത് ഭാര്യയായ റബേക്ക കേൾക്കുന്നുണ്ടായിരുന്നു.
അവളുടെ പ്രിയപുത്രൻ യാക്കോബാണല്ലോ പ്രായമെറെയായി കണ്ണിനു കാഴ്ച നഷ്ടപ്പെട്ട ഇസഹാക്കിന്റെ മുന്നിൽ യാക്കോബിനെ വേഷം കെട്ടിക്കുവാൻ അവൾ തീരുമാനിച്ചു. അമ്മയുടെ നിർദ്ദേശമനുസരിച്ച് യാക്കോബ് ആട്ടിൻകൂട്ടത്തിൽ നിന്ന് രണ്ട് കുഞ്ഞാടുകളെ പിടിച്ചു കൊണ്ടുവന്ന് പാകപ്പെടുത്തി. പിന്നെ ഏസാവ് അണിഞ്ഞിരുന്ന വസ്ത്രങ്ങൾ യാക്കോബിനെ ധരിപ്പിച്ചു. അനന്തരം പാകം ചെയ്ത രുചികരമായ മാംസവും അപ്പവുമായി യാക്കോബ് ഇസഹാക്കിനെ സമീപിച്ചു. ‘പിതാവേ അങ്ങയുടെ കടിഞ്ഞൂൽ പുത്രനായ ഏശാവാണ് ഞാൻ. എന്റെ നായാട്ടീറച്ചിഭക്ഷിച്ച് എന്നെ അനുഗ്രഹിച്ചാലും’. ‘അടുത്തു വരിക, ഞാൻ നിന്നെ തൊട്ടു നോക്കി നീ ഏസാവ് തന്നെയോ എന്നറിയട്ടെ’ എന്ന് ഇസഹാക്ക് മറുപടി പറഞ്ഞു. യാക്കോബ് പിതാവായ ഇസഹാക്കിന്റെ അടുത്തുചെന്നു.
അവനെ സ്പർശിച്ച ശേഷം ഇസഹാക്ക് പറഞ്ഞു. ‘കരങ്ങൾ ഏസാവിന്റേതാണ്. എന്നാൽ സ്വരം യാക്കോബിന്റേതും.’ എന്തായാലും ഇസഹാക്ക് അവനെ തിരിറിഞ്ഞില്ല. മകൻ നൽകിയ വീഞ്ഞും അപ്പവും ഇറച്ചിയും ആ വൃദ്ധപിതാവ് രുചിയോടെ കഴിച്ചു. അനന്തരം ഇസഹാക്ക് യാക്കോബിനെ ഇങ്ങനെ അനുഗ്രഹിച്ചു.
‘ആകാശത്തിന്റെ മഞ്ഞും ഭൂമിയുടെ ഫലപുഷ്ടിയും ദൈവം നിനക്ക് നൽകട്ടെ ധാന്യവും വീഞ്ഞും സമൃദ്ധമാകട്ടെ. ജനതകൾ നിനക്കുസേവ ചെയ്യട്ടെ. രാജ്യങ്ങൾ നിന്റെ മുന്നിൽ തലകുനിക്കട്ടെ. നിന്റെ സഹോദരർക്ക് നീ നാഥനായിരിക്കുക. നിന്റെ അമ്മയുടെ പുത്രന്മാർ നിന്റെ മുന്നിൽ തല കുനിക്കട്ടെ. നിന്നെ ശപിക്കുന്നവൻ ശപ്തനും അനുഗ്രഹിക്കുന്നവൻ അനുഗ്രഹീതനുമാവട്ടെ.’
അങ്ങനെ ഏസാവിൽ നിന്ന് കടിഞ്ഞൂലവകാശം തട്ടിയെടുത്ത യാക്കോബ് പിതാവിൽ നിന്നുള്ള അനുഗ്രഹവും നേടി.