12. വിമോചിതമെന്നു കരുതപ്പെടുന്ന ജീവിതത്തിന്റെ വഞ്ചനാപരമായ വശീകരണം (The Deceptive Seductions of Supposedly Emancipated Life)
വിരസതയും ദുഃഖവും ഈ കാലഘട്ടത്തിലെ ആളുകളെ കീഴടക്കിയിരിക്കുന്നതായി കാണപ്പെടുന്നു. വ്യക്തികൾ, തങ്ങൾ നിപതിച്ചിരിക്കുന്ന ശൂന്യാവസ്ഥയിൽനിന്നു രക്ഷപെടാനുള്ള ഏക മാർഗ്ഗമായി കാണുന്നത് വിരുന്നാഘോഷങ്ങളെയാണ് (partying). ഇത്തരം സമ്മേളനങ്ങളിൽ സ്വയം നഷ്ടപ്പെടുന്ന മനുഷ്യർ ആന്തരിക പ്രതിസന്ധിക്കു പരിഹാരം ഏഷ്യൻ തത്വസംഹിതകളിൽ തിരയുന്നു. എല്ലായിടത്തും ആഘോഷമൊരുക്കാനാണ് വ്യഗ്രത; മൃതസംസ്‌കാരങ്ങളിൽപ്പോലും ശോകാംശമില്ല! മൃതശരീരം പള്ളിയിലേയ്ക്ക് കൊണ്ടുവരികയും കൊണ്ടുപോകുകയും ചെയ്യുമ്പോൾപ്പോലും (യൂറോപ്പിൽ) കൈയ്യടികളും പൊട്ടിച്ചിരിയും മുഴങ്ങുന്ന സാഹചര്യം എങ്ങനെ ഉണ്ടാകുന്നു. മൃതസംസ്‌കാരവേളകൾ പ്രാർത്ഥനയ്ക്കും വിചിന്തനത്തിനും ഉള്ള സമയമാണ്; മരണമെന്ന രഹസ്യത്തെ ധ്യാനിക്കേണ്ട സമയം.
ദൈവത്തെയും മതത്തെയും സംബന്ധിക്കുന്ന വിഷയങ്ങളിലുള്ള നിസ്സംഗത ഒരു വലിയ വിഷയമാണ്. തിരുനാളുകൾ വെറും വാണിജ്യോത്സവങ്ങളായി തരംതാണിരിക്കുന്നു. ജീവിതംതന്നെ ദൈവത്തെ ഒഴിവാക്കിയുള്ള ഉത്സവമായിരിക്കുന്നു. ദൈവത്തോടുള്ള ബന്ധത്തിലുള്ള വിള്ളൽ മനുഷ്യനിൽ നിരന്തരമായ അസംതൃപ്തി ഉളവാക്കിയിരിക്കുന്നു. ദൈവത്തിന്റെ സംഗീതത്തെ ഒഴിവാക്കാൻ നമ്മൾ ലോകത്തിന്റെ എല്ലാ ഉപകരണങ്ങളും തെരഞ്ഞെടുത്തിരിക്കുന്നു. എന്നാൽ ചിലർ ബധിരരാണെന്നതുകൊണ്ട്
സ്വർഗ്ഗത്തിന്റെ മണിവീണകൾ സംഗീതം പൊഴിക്കാതിരിക്കുന്നില്ല.
ശബ്ദം ആധിപത്യം പുലർത്തുന്ന ഒരു കാലത്തിലാണ് നാം ജീവിക്കുന്നത്. ഒച്ചപ്പാടുകളിൽനിന്നും അകലെ, മനുഷ്യനു ദൈവത്തെ വീണ്ടും കണ്ടെത്താൻ കഴിയും. ‘അടിപൊളി’ യുടെ സംസ്‌കാരം നിശബ്ദതയെ സാധ്യമായ
വിധത്തിലെല്ലാം തടസ്സപ്പെടുത്താനാണ് പരിശ്രമിക്കുന്നത്. ആന്തരികതജീവിതമെന്നാൽ (interior life) എന്താണെന്ന് അറിയാത്തവിധം ആധുനികമനുഷ്യൻ അതിനെ അവഗണിക്കുന്നു; അതിശയോക്തിയാണ് അടിസ്ഥാന
പ്രമാണം (exaggerationis the norm). മനുഷ്യകുലം അതിന്റെ ഏറ്റവും ഗുരുതരമായ ഭീഷണിയെയാണ് നേരിടുന്നത്; കാരണം ദൈവം ‘സാമൂഹികമായി മരിച്ചിരിക്കുന്നു’. ദൈവത്തെ ഒഴിവാക്കുന്ന മനുഷ്യൻ സ്വയം വലിയ ഒരു ശൂന്യതയാണ് സൃഷ്ടിച്ചിരിക്കുന്നത്. സഭ നിശ്ചയമായും തന്റെ ഭാഗം നിർവഹിക്കേണ്ട കാലമാണിത്. സത്യത്തോടു മറുതലിച്ച്, വ്യർത്ഥ സന്തോഷങ്ങളിൽ സ്വയം നഷ്ടപ്പെടുത്തുന്നവനായിരിക്കുന്നു മനുഷ്യൻ. ആന്തരികതയുടെ
അഭാവം ഒരു വലിയ പ്രതിസന്ധിയാണ്; അതു തിരികെപ്പിടിക്കാൻ ആദ്യം നമ്മൾ നിശബ്ദത നട്ടുവളർത്തണം. ദൈവികസത്യങ്ങളാൽ പ്രകാശിതമായ മൗനത്തിനും മനനത്തിനും മാത്രമേ ‘ആന്തരികജീവിതത്തിന്റെ’ (interior life) പുനർജന്മം സാധ്യമാക്കാൻ കഴിയുകയുള്ളൂ.
സമ്പത്ത് എന്ന വിഗ്രഹം മറ്റെല്ലാറ്റിനെയും അധീനമാക്കിയിരിക്കുന്നു. ‘സ്വർണ്ണ കാളക്കുട്ടി’യെ ആരാധിക്കൽ ആധുനിക ലോകത്തിന്റെശൈലിയായിരിക്കുന്നു. ‘സ്വാതന്ത്ര്യം’ (liberty) മറ്റൊരു വിഗ്രഹമാണ്. പാശ്ചാത്യ മനുഷ്യൻ യാതൊരു നിയന്ത്രണങ്ങളെയും അംഗീകരിക്കുന്നില്ല. എല്ലാ ധാർമ്മിക വ്യവസ്ഥകളിലും നിന്നുള്ള പരിപൂർണ്ണ വിടുതലാണ് അവൻ അവകാശപ്പെടുന്നത്. ‘ജനാധിപത്യമാണ്!’ (democracy) മറ്റൊരു ദേവത. അതിന്റെ പ്രധാനപുരോഹിതരായ പാശ്ചാത്യർ, അതിന്റെ ആരാധനയ്ക്കായി ലോകമെമ്പാടും രക്തപ്പുഴഒഴുക്കി. ആധുനികമനുഷ്യൻ ഒന്നിനെക്കുറിച്ചും ബോധവാനല്ല; തന്റെ പ്രവൃത്തികളുടെ പ്രത്യാഘാതങ്ങളെ അവൻ പരിഗണിക്കുന്നതേയില്ല.
13. ധീരതയുടെ അപജയവും ‘സർവ്വലോകങ്ങളിലും വച്ച് മികച്ചത്’ എന്ന വിനാശകരമായ സങ്കല്പലോകവും (The Decline of Courage and the Fatal Utopias of the ‘Best of all Worlds’)
ധീരത ഒരു സ്വഭാവസവിശേഷതയാണ്; അത് ഭയത്തിന്റെ ശത്രുവാണ്. നിത്യമായ ഒരു ഭയത്തിന്റെയും ആകുലതയുടെയും പിടിയിലാണ് നമ്മുടെ കാലഘട്ടം. ധീരത പ്രവർത്തനക്ഷമമാകുന്നത് ശരിയായ ആന്തരിക ശക്തിയുള്ളപ്പോഴാണ്. നമ്മുടെ ധീരത ദൈവത്തിൽ നിന്നും വരുന്നു; സ്വർഗ്ഗം വീരന്മാരെ സൃഷ്ടിക്കുന്നു. എന്നാൽ ഭൗതികതയോടുള്ള നമ്മുടെ അതിരുകവിഞ്ഞ ആഭിമുഖ്യം നമ്മെ ദുർബലരാക്കുന്നു. ദ്രവ്യത്തിന്റെ പ്രാമുഖ്യത്തിൽ നിന്നും (primacy of matter) ആത്മാവിന്റെ പ്രാമുഖ്യത്തിലേയ്ക്ക് (primacy of spirit) നമ്മൾ മാറേണ്ടതുണ്ട്. യുവതലമുറയ്ക്ക് ഈ തലത്തിൽ നല്ല മാതൃകകൾ ആവശ്യമാണ്. തങ്ങളുടെ ഊർജ്ജത്തെ വെല്ലുവിളിക്കാൻ ശക്തമായ ‘പ്രകോപനപരവും’ (provocative) ശക്തവുമായ (strong) വാക്കുകളാണ് യുവജനങ്ങൾക്ക് വേണ്ടത്. ജനങ്ങൾക്കു കാണുവാനും തിരിച്ചറിയുവാനും കടന്നുവരുവാനും കഴിയുന്ന തലത്തിൽ സഭ ഉയർന്നു നിൽക്കണം.
സഭയുടെ ദൗത്യം രാഷ്ട്രീയപരമോ സാമൂഹികമോ അല്ല; ഒരു സർക്കാർ ഇതര സംഘടനപോലെ നിലകൊള്ളുകയെന്നതും സഭയുടെ ദൗത്യമല്ല. മനുഷ്യരെ ദൈവത്തോട് അടുപ്പിക്കുകയെന്നതാണ് സഭയുടെ ഉത്തരവാദിത്തം.
ഭൗതിക സമൃദ്ധിയിലാണ് ആത്മീയജീവിതം സാധ്യമാകുന്നതെന്ന് ചിലർ വിചാരിക്കുന്നു, ഇത് തെറ്റായ ഒരു ധാരണയാണ്. യഥാർത്ഥ മാനവികത പുലർന്നു കാണണമെന്ന താല്പര്യം സാമ്പത്തിക ശക്തികൾക്കില്ല. ദ്രവ്യത്തിന്റെ സർവ്വാധിപത്യത്തിനെതിരായ പോരാട്ടം അത്ര എളുപ്പമല്ല. മുതലാളിത്ത വ്യവസ്ഥിതിയിൽ, സാമ്പത്തിക പ്രവണതകൾ മേധാവിത്വം പുലർത്തുന്ന ഒരു ലോകത്തിൽ ‘വിപണിമൂല്യ’മാണ്’ (market value) ആണ് വ്യക്തിയുടെ നിലനിൽപ്പിന്റെ ആധാരമെന്നു വന്നിരിക്കുന്നു. പാശ്ചാത്യലോകത്തിന്റെ മാത്രമല്ല ലോകം ആകമാനമുള്ള നല്ലൊരു ഭാഗം ജനങ്ങളുടെയും ജീവിതവ്യഗ്ര
തയുടെ ഹൃദയഭാഗത്ത് പണമാണ് നിലയുറപ്പിച്ചിരിക്കുന്നത്. നമ്മെ ദാരിദ്ര്യത്തിന്റെ അടിമത്തത്തിൽനിന്നും രക്ഷിക്കാൻ പോകുന്നത് സമ്പത്താണെന്നു കരുതപ്പെടുന്നു; എന്നാൽ നാം ഭൗതികവാദത്തിന്റെ ചങ്ങലയാൽ ബന്ധിതരായിരിക്കുന്നു. ഒരു പുതിയമതമാണ് പാശ്ചാത്യ ഉപരിവർഗ്ഗത്തിന്റെ സ്വപ്‌നമെന്നു തോന്നുന്നു; ദൈവവും തത്വവും ധാർമ്മിക പ്രബോധനവും ഇല്ലാത്ത ‘പൊതു സമന്വയ’ത്തിന്റെ ഒരു പുതിയ മതം. മതം യഥാർത്ഥത്തിൽ, ദൈവവും മനുഷ്യനും തമ്മിലുള്ള വ്യക്തിബന്ധമാണ്.
‘അതിരുകളില്ലാത്ത ഒരു ലോകം’ എന്ന സങ്കല്പലോകത്തിന്റെ ഉത്തമ ഉദാഹരണ
മാണ് ‘യൂറോപ്യൻ യൂണിയൻ’. വാണിജ്യവും സ്വതന്ത്രവ്യാപാരവും മാത്രമാണ് പരിഗണനാവിഷയങ്ങളെന്നു വന്നപ്പോൾ സംസ്‌കാരവും ചരിത്രവുമെല്ലാം അവഗണിക്കപ്പെട്ടു. സാമ്പത്തിക താത്പര്യത്തിന്റെ പേരിൽ രാഷ്ട്രങ്ങളുടെ ചരിത്രത്തെ ഇല്ലായ്മ ചെയ്യുന്നത് അപകടകരമായ നീക്കമാണ്. ആഗോളവൽക്കരണ
ത്തിന്റെ പേരിൽ സമ്പന്ന രാഷ്ട്രങ്ങളും പാശ്ചാത്യ സാമ്പത്തികശക്തികളും ദരിദ്രരാഷ്ട്രങ്ങളുടെ മേൽ നടത്തുന്ന അധിനിവേശങ്ങളെ ശക്തമായി ചെറുക്കേണ്ടതുണ്ട്. പകൽ മനുഷ്യാവകാശ സമ്മേളനങ്ങൾ സംഘടിപ്പിക്കുകയും രാത്രി ആയുധങ്ങൾ വിൽക്കുകയും ചെയ്യുന്ന ‘ആഗോളസംഘടനകളുടെ’ ഇരട്ടത്താപ്പ് എതിർക്കപ്പെടണം. പാശ്ചാത്യർ ആഫ്രിക്കയിൽ, ജനങ്ങൾക്ക് ആയുധങ്ങൾ നൽകി
അവരെ തമ്മിൽ വിഭജിക്കുന്നു. ആഗോള താൽ പര്യങ്ങളും ആശയങ്ങളും സാമ്പത്തിക താൽപര്യത്തിൽ മാത്രം അടിസ്ഥാനം ഉറപ്പിച്ചുകൊണ്ടാണ് മുന്നോട്ടുനീങ്ങുന്നത്. സുതാര്യതയുടെയും തുല്യതാവാദത്തിന്റെയും ഡിജിറ്റൽ വിപ്ലവത്തിന്റെയും പരിസ്ഥിതിവാദത്തിന്റെയും ‘സങ്കല്പലോകങ്ങളിൽ’ മറഞ്ഞിരിക്കുന്ന പോരായ്മകൾ സംബന്ധിച്ചുള്ള മുന്നറിയിപ്പും കർദ്ദിനാൾ സാറാ നൽകുന്നുണ്ട്.