ചാവറയച്ചനെതിരായ ആരോപണങ്ങൾക്കുള്ള മറുപടികൾ

0
128

കേരള റീജിയൻ ലാറ്റിൻ കാത്തലിക്‌സ് ബിഷപ്‌സ് കൗൺസിലിന്റെ ഹെറിറ്റേജ് കമ്മീഷൻ സെക്രട്ടറി, വി. ചാവറയച്ചന്റെ സംഭാവനകളെക്കുറിച്ച് ഉന്നയിച്ച ആരോപണങ്ങളുടെ മറുപടികളാണ് ഈ ലേഖനത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. സുറിയാനി കത്തോലിക്കരുടെ ആദ്യ വികാരി ജനറാളും സാമൂഹിക പരിഷ്‌കർത്താവും കേരളത്തിന്റെ നവോത്ഥാന നായകനുമായ വി. ചാവറയച്ചനെക്കുറിച്ച് സീറോ മലബാർ സഭ അവകാശപ്പെടുന്ന എല്ലാ കാര്യങ്ങളും ചരിത്ര വസ്തുതകളെ ആധാരമാക്കിയിട്ടുള്ളവ മാത്രമാണ്. എന്നാൽ പരാതിക്കാരൻ ഈ അവകാശവാദങ്ങൾക്കെതിരായി തന്റെ ഭാഗം തെളിയിക്കാൻ ശ്രമിക്കുന്നത് ഏതെങ്കിലും ആധികാരികമായ ചരിത്രരേഖയുടെ പിൻബലത്തോടുകൂടിയല്ല. തന്നെയുമല്ല, അദ്ദേഹത്തിന്റെ പ്രസ്താവനകളിൽ വസ്തുതാപരമായ തെറ്റുകളും വാദമുഖങ്ങളിൽ ഏറെ വികലതകളുമുണ്ട്.

ആരോപണം ഒന്ന്

”പള്ളിക്ക് ഒരു പള്ളിക്കൂടം” എന്ന ആശയം 1864-ൽ നടപ്പിലാക്കിക്കൊണ്ട് വി.
കുര്യാക്കോസ് ഏലിയാസ് അച്ചൻ കേരള കത്തോലിക്കാ സഭയിൽ വിദ്യാഭ്യാസത്തിന്റെ ജനകീയവത്കരണത്തിനും പരിഷ്‌കരണത്തിനും തുടക്കമിട്ടു എന്ന് പറയുന്നത് ശരിയല്ല. കാരണം വരാപ്പുഴ മെത്രാപ്പോലീത്ത ആയിരുന്ന ബർണാർദീൻ ബച്ചിനെല്ലിയുടെ 1856-ലെ ഇടയ ലേഖനത്തിൽ നിന്നാണ് ഈ ആശയം സ്വീകരിച്ചിരിക്കുന്നത്.

മറുപടി

(a) 1856 നു മുൻപു തന്നെ, അതായതു 1846-ൽ, ഫാ. കുര്യാക്കോസ് ഏലിയാസ് ചാവറ മാന്നാനത്ത് സെന്റ് ജോസഫ്‌സ് ആശ്രമത്തോട് ചേർന്ന് ഒരു സംസ്‌കൃത വിദ്യാലയം ആരംഭിച്ചിരുന്നു എന്നത് ഒരു വസ്തുതയാണ്. ഇത് സ്ഥാപിക്കപ്പെട്ടത്
വരാപ്പുഴ മെത്രാപ്പോലീത്ത പുറപ്പെടുവിച്ചു എന്ന് ആരോപണക്കാരൻ പറയുന്ന ഇടയ
ലേഖനം (അങ്ങനെയൊരു വസ്തു ഉണ്ടെങ്കിൽ) ഇറങ്ങുന്ന 1856-ന് 10 വർഷം മുൻപാണ്.

(b) കേരളത്തിലെ പള്ളികളിൽ ഫലപ്രദമായ വിധം പ്രവർത്തിക്കുന്നതിന് ഏറെ
ബുദ്ധിമുട്ടുള്ളതാണെന്നു കണ്ട് ബച്ചിനെല്ലി മെത്രാപ്പോലീത്ത 1861-ൽ തന്നെ
ഫാ. കുര്യാക്കോസ് ഏലിയാസിനെ വികാരിജനറലായി നിയമിച്ചു എന്നതും ഈ അവസരത്തിൽ സ്മരണീയമാണ്. മെത്രാപ്പോലീത്തയുടെ വാക്കുകളിൽ പറഞ്ഞാൽ,
നമ്മുടെ അധീനതയിലുള്ള ദേവാലയങ്ങളുടെ, ഏറെ നീണ്ട കാലത്തെ ഭരണനിർവഹണത്തിൽ നാമനുഭവിക്കുന്ന ബുദ്ധിമുട്ടുകളും നമ്മുടെ പ്രായാധിക്യവും തത്ഫലമായുള്ള ക്ഷീണവും അതിലധികമായി നമ്മുടെ ഭരണ നിർവഹണത്താൽ
വൈദികരിലോ അൽമായരിലോ എന്തെങ്കിലും ആധ്യാത്മിക ഫലം നാം കാണുന്നില്ല എന്നുള്ളതിനാലും, നമ്മുടെ അധീനതയിലുള്ള സുറിയാനി പള്ളികളിലെ പുരോഹിതരെയും ജനങ്ങളെയും ഭരിക്കുവാനായി നാം, താങ്കളെ വികാരി ജനറലായി നിയമിക്കുന്നു. അതുകൊണ്ട് നിയമം അംഗീകരിച്ചു തരുന്ന അധികാരാവകാശങ്ങൾക്കു പുറമെ നാം നൽകുന്ന ‘പത്തേന്തി’ (patent letter) യിലൂടെ
അധികാരപ്പെടുത്തി നൽകിയിട്ടുള്ള അധികാരാവകാശങ്ങളും… നൽകുന്നു. [ASJM:
Archieves of St. Joseph Monastery Mannanam.]

(c) അതിനും മുൻപ് തന്നെ, 1850-ൽ കേരളത്തിലെ വിദ്യാഭ്യാസത്തിന്റെ അത്യാവശ്യകതയെക്കുറിച്ചു കുര്യാക്കോസ് എലിയാസ് അച്ചനു ബോധ്യമുണ്ടായിരുന്നു. വിദ്യാഭ്യാസമില്ലാത്തവർ ജ്ഞാന കുരുടന്മാർ ആയിരിക്കുമെന്ന് അദ്ദേഹത്തിന് ദൃഢമായ കാഴ്ചപ്പാടുണ്ടായിരുന്നു . കേരള ക്രൈസ്തവരിൽ വിശുദ്ധിയുടെ ഫലങ്ങൾ കുറവായിരിക്കുന്നതും ഈ അന്ധത കൊണ്ടാണെന്നു അദ്ദേഹം വിശ്വസിച്ചു. അതുകൊണ്ട് ഈ പ്രശ്‌നത്തിന് ഒരു
പരിഹാരം കണ്ടെത്താൻ അദ്ദേഹം തീവ്രമായി പരിശ്രമിച്ചു. ഇതിനായി 1850 മാർച്ച് 25-ാം തിയതി എല്ലാ ഇടവക വികാരിമാർക്കുമായി ചാവറയച്ചൻ വ്യക്തിപരമായി ഒരു സർക്കുലർ അയച്ചു. മലയാളം, തമിഴ്, ലത്തീൻ, സുറിയാനി മുതലായവ പഠിപ്പിക്കുന്ന ഒരു വിദ്യാകേന്ദ്രത്തിനായി വൈദികരെ പ്രേരിപ്പിക്കുകയും ഉത്സുകരാക്കുകയും ചെയ്യുക, ഈ കേന്ദ്രം നടത്തിക്കൊണ്ടു പോകാനായി ഇടവകാംഗങ്ങളിൽ
നിന്നും അവരുടെ വരുമാനത്തിന്റെ 10 ശതമാനം സംഭാവനയായി ശേഖരിക്കുക എന്നിവയായിരുന്നു നിർദ്ദേശം. (Chavara, CWC, The Complete Works of Chavara Vol4, Letters IX/2). വിദ്യാഭ്യാസ കേന്ദ്രങ്ങൾ തുടങ്ങുന്നതിനുള്ള ചാവറയച്ചന്റെ തീവ്രാവേശവും ഔത്സുക്യവും സാക്ഷ്യപ്പെടുത്തുന്ന രേഖയാണ് ഈ സർക്കുലർ.

(d) എന്തെങ്കിലും ചരിത്രരേഖയുടെ അടിസ്ഥാനത്തിലുള്ള പിൻബലത്തോടെയല്ല
പരാതിക്കാരൻ തന്റെ അവകാശവാദം നടത്തിയിരിക്കുന്നത്. പരാതിയിൽ പറയുംപോലെ 1856-ൽ ബച്ചിനെല്ലി മെത്രാപ്പോലീത്ത പുറപ്പെടുവിച്ചു എന്ന് പറയുന്ന ഇടയലേഖനം ഇതുവരെയും ആർക്കും ലഭ്യമായിട്ടില്ല. അത് ഇതുവരെയും എവിടെയും പ്രസിദ്ധീകരിക്കുകയോ അതിനെക്കുറിച്ചു എന്തെങ്കിലും പരാമർശം ഉണ്ടാകുകയോ ചെയ്തിട്ടില്ല.

(e) ചാവറയച്ചൻ വരാപ്പുഴ അതിരൂപതയുടെ വികാരിജനറലായിരിക്കുമ്പോൾ ആണ്
‘പള്ളിക്ക് ഒരു പള്ളിക്കൂടം’ എന്ന ആശയം കേരളത്തിലെ സുറിയാനി പള്ളികളിൽ പ്രായോഗികമായി നടപ്പാക്കപ്പെട്ടത് എന്നത് നിഷേധിക്കപ്പെടുവാൻ കഴിയാത്ത വസ്തുതയാണ്. ആശയം ആരുടെതെന്നത് ഇവിടെ പ്രസക്തമല്ല.

(f) വി. കുര്യാക്കോസ് ഏലിയാസ് ‘പള്ളിക്ക്  ഒരു പള്ളിക്കുടം’ എന്ന ആശയം കണ്ടുപിടിച്ചു എന്നാരും അവകാശപ്പെട്ടിട്ടില്ല. ഈ ആശയം പ്രായോഗികമായി നടപ്പിലാക്കിക്കൊണ്ട് വിദ്യാഭ്യാസത്തിന്റെ ജനകീയവത്കരണത്തിനും പരിഷ്‌കരണത്തിനും കുര്യാക്കോസ് ഏലിയാസ് അച്ചൻ തുടക്കമിട്ടു എന്നാണ് പറഞ്ഞിട്ടുള്ളത്.

(g) സ്വീകാര്യമായ ചരിത്രവസ്തുതകളുടെ അടിസ്ഥാനത്തിൽ ബർണാർദീനോ ബച്ചിനെല്ലി മെത്രാപ്പോലീത്തയിൽ നിന്നാണ് ഈ ആശയം ഉദ്ഭൂതമായത് എന്ന് പരാതിക്കാരൻ സംസ്ഥാപിച്ചാൽ അത് സ്വീകരിക്കുന്നതിന് യാതൊരു വൈമനസ്യവുമില്ല.

(h) ചാവറയച്ചന്റെ കാര്യക്ഷമമായ നേതൃത്വത്തിൽ 1864 മുതൽ പള്ളികളോടും ആശ്രമങ്ങളോടും അനുബന്ധിച്ചു ഏറെ സ്‌കൂളുകൾ സ്ഥാപിക്കപ്പെട്ടു എന്നത് അനവധിയായ ചരിത്ര രേഖകളിലൂടെ സംശയലേശമെന്യേ തെളിയിക്കപ്പെട്ട വസ്തുതയാണ്. അതിനു മുൻപ് കത്തോലിക്കർക്ക് അവരുടെ കുട്ടികളെ പഠിപ്പിക്കുവാൻ അവസരമുണ്ടായിരുന്നില്ല. കാരണം, ശീശ്മക്കാരോ, പാഷണ്ഡികളോ നടത്തുന്ന വിദ്യാലയങ്ങളിൽ കത്തോലിക്കാകുട്ടികൾ പോകുന്നതിനു ബച്ചിനെല്ലി മെത്രാപ്പൊലീത്ത എതിരായിരുന്നു, ചില പ്രത്യേക അവസരങ്ങളിൽ സർക്കാർ സ്‌കൂളിൽ പോകാൻ അദ്ദേഹം അനുവദിച്ചിരുന്നു (Cf: Report of the Archbishop Baccinelli on the state of the Christians of Syro Malabar Rite in the Apostolic Vicariate of Verapoly in 1867, Response to the question. number 53).

(i) ചാവറയച്ചൻ വികാരി ജനറലായി നിയമിക്കപ്പെട്ടതിനു ശേഷമുള്ള കാലഘട്ടത്തിൽ കത്തോലിക്കാ സ്‌കൂളുകളുടെ എണ്ണം ക്രമമായി വർധിച്ചുവന്നു എന്നതിന് ചരിത്രപരമായ തെളിവുകളുണ്ട്. നമ്മുടെ ശ്രദ്ധയിൽ വരേണ്ട ഒരു പ്രധാന കാര്യമാണിത്. 1864-ൽ ഒരേയൊരു കത്തോലിക്കാ സ്‌കൂൾ മാത്രമാണുണ്ടായിരുന്നത്. 1866-ൽ അത് 42 ആയും 1867-ൽ അത് 191 ആയും ഉയർന്നു. വരാപ്പുഴ അതിരൂപതയുടെ വികാരിജനറാളായ ചാവറയച്ചന്റെ കഠിന പ്രയത്‌നങ്ങളിലേക്ക് വെളിച്ചമേകുന്ന വസ്തുതയാണിത്. എല്ലാ പള്ളികളോടും ചേർന്ന് വിദ്യാലയങ്ങൾ സ്ഥാപിക്കണമെന്നു ബച്ചിനെല്ലി മെത്രാപ്പോലിത്ത 1856-ൽ ഇടയലേഖനം അയച്ചിരുന്നുവെങ്കിൽ, അത്തരമൊരു ഇടയലേഖനം നിലവിലുണ്ടായിരുന്നെങ്കിൽ, എന്തുകൊണ്ടാണ് 1864 വരെയായിട്ടും വരാപ്പുഴ അതിരൂപതയിൽ ഉണ്ടായിരുന്നത് ഒരേയൊരു വിദ്യാലയം മാത്രമായിരുന്നത്? ചാവറയച്ചൻ വികാരി ജനറലായി നിയമിത
നായതിനുശേഷം സ്‌കൂളുകളുടെ എണ്ണം വർധിക്കാൻ തുടങ്ങിയെന്നതു സുവ്യക്തമാണ്. അദ്ദേഹത്തിന്റെ അക്ഷീണ അധ്വാനവും യത്‌നവുമാണിതിന്റെ കാരണമെന്ന് ഏതൊരു വ്യക്തിക്കും ബോധ്യമാകുന്ന കാര്യമാണ്.

(j) വരാപ്പുഴ മെത്രാപ്പോലീത്ത ബർണാർഡിനോ ബച്ചിനെല്ലി റോമിലെ പ്രൊപ്പഗാന്താ തിരുസംഘത്തിനു വരാപ്പുഴ അപ്പോസ്‌തോലിക്ക് വികാരിയാത്തിലെ സീറോ മലബാർ റീത്തിൽ പെട്ട ക്രിസ്ത്യാനികളുടെ സ്ഥിതിയെക്കുറിച്ചു 1867-ൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത് 104 സുറിയാനി പള്ളികളോട് അനുബന്ധിച്ചു 191 വിദ്യാലയങ്ങളുണ്ടെന്നും അവിടെ ഞായറാഴ്ചകളിൽ മതപഠനവും മറ്റു ദിവസങ്ങളിൽ മലയാള ഭാഷ വായിക്കുന്നതിനും എഴുതുന്നതിനും ഭാഷയിൽ രചനകൾ നടത്തുന്നതിനും ഗണിതശാസ്ത്രം പഠിപ്പിക്കുന്നതിനും വേണ്ട ഏർപ്പാടുകൾ ഉണ്ടെന്നു
മാണ്. (ACO:Archivi Congregazioni Orientali 1862-1877,Scritture referrite Congressi Malabaressi, ff.150-172).

(k) 1864 ൽ ആർപ്പൂക്കരയിൽ നിലവിൽ വന്ന, ദലിതർക്കുവേണ്ടിയുള്ള ആദ്യത്തെ വിദ്യാലയ സ്ഥാപനത്തിന്റെ പിന്നിലും ചാവറയച്ചനായിരുന്നു. (ASJM)
ഈ കാരണങ്ങളാൽ ചാവറയച്ചനാണ് കേരള കത്തോലിക്ക സഭയിൽ വിദ്യാഭ്യാസ
ത്തിന്റെ വ്യാപനത്തിനും, ജനകീയതയ്ക്കും, നവീകരണത്തിനും ആരംഭം കുറിച്ചതെന്നു സുതരാം വ്യക്തമാകുന്നു.

ആരോപണം രണ്ട്

സംഭാവനയായി ‘പിടിയരി’ (handful of rice) എന്ന സമ്പ്രദായത്തിന്റെ ആരംഭകൻ ചാവറയച്ചനാണെന്നു വിശേഷിപ്പിക്കുന്നത് ചരിത്രവസ്തുതാപരമായി തെറ്റിദ്ധരിപ്പിക്കുന്ന കാര്യമാണ്. ബച്ചിനെല്ലി മെത്രാപ്പോലീത്തയാണ് അത് ആരംഭിച്ചത്. പല വൈദികരും അത് നിർവഹിക്കുന്നുണ്ടായിരുന്നു, ചാവറയച്ചൻ അത് നടപ്പിലാക്കാൻ ശ്രമിച്ചുവെന്നേയുള്ളൂ.

മറുപടി

(a) ഇവിടെയും ആരോപണകർത്താവിനു കാണിച്ചുതരാൻ തെളിവുകളൊന്നു
മില്ല. ബച്ചിനെല്ലിമെത്രാപ്പോലീത്തയാണ് ‘പിടിയരി’ എന്ന ആശയത്തിന്റെ പ്രോദ്ഘാടകൻ എന്ന് വെറുതെയങ്ങു പ്രസ്താവിക്കുക മാത്രമാണ്.

(b) പുളിങ്കുന്ന്, എൽത്തുരുത്ത് എന്നീ ആശ്രമങ്ങളോടനുബന്ധിച്ച് നടപ്പാക്കിയ ‘പിടിയരി’ എന്ന സമ്പ്രദായം പിന്നാലെ വരാപ്പുഴ രൂപതയിലെങ്ങും നടപ്പിലാക്കിയതിൽ വികാരി ജനറലെന്ന നിലയിൽ ചാവറയച്ചൻ നിർണ്ണായകമായ പ്രേരകനും പ്രോത്സാഹകനുമായിരുന്നു എന്നതാണ് യാഥാർഥ്യം. (cf: Mannanam Second Chronicle 1855-1870 pp. 80-81).

(c) വി. കുര്യാക്കോസ് ചാവറയുടെ സമകാലീനനും സഹപ്രവർത്തകനുമായിരുന്ന
വർക്കി പാറപ്പുറം അച്ചൻ തന്റെ നാളാഗമത്തിൽ (Chronicle) രേഖപ്പെടുത്തിയിരിക്കുന്നത് ‘പിടിയരി’ എന്ന ആശയം പുളിങ്കുന്ന്
ആശ്രമാംഗമായിരുന്ന തോപ്പിൽ ഗീവർഗീസച്ചന്റെയാണ് എന്നാണ്. ഫാദർ കുര്യാക്കോസ് ഏലിയാസ് ചാവറ, പ്രിയോരായിരുന്ന സന്യാസ സമൂഹാംഗമായിരുന്നു
തോപ്പിൽ ഗീവർഗീസച്ചൻ എന്നതും ഇവിടെ ഓർക്കേണ്ടിയിരിക്കുന്നു. ‘പിടിയരി’ എന്ന
ആശയവും അത് രൂപതയാകെ പ്രാവർത്തികമാക്കാമെന്നതും ചാവറയച്ചൻ എങ്ങനെയാണു ബച്ചിനെല്ലി മെത്രാപ്പോലീത്തായുടെ മുൻപാകെ സമർപ്പിച്ചതെന്നുമടക്കമുള്ള കാര്യങ്ങൾ വർക്കി പാറപ്പുറത്തച്ചന്റെ നാളാഗമത്തിൽ വിശദീകരിക്കുന്നുണ്ട്. മെത്രാപ്പോലീത്ത ഈ ആശയം അംഗീകരിക്കുകയും ചാവറയച്ചൻ അത് രൂപതയാകെ നടപ്പിലാക്കുകയും ചെയ്തു. (Varkey Parappuram, Chronicle, Vol. 2, pp. 1182, 1185, 1186, Nos. 187,188).

(d) ചാവറയച്ചൻ ‘പിടിയരി’ സമ്പ്രദായം പ്രായോഗികമായി നടപ്പിലാക്കി എന്ന് ആരോപണ കർത്താവ് സമ്മതിച്ചിട്ടുണ്ട്.

ആരോപണം മൂന്ന്

ചാവറയച്ചൻ 1846-ൽ മാന്നാനത്തു സ്ഥാപിച്ച അച്ചടിശാലയാണ് ഒരു മലയാളി നിർമ്മിച്ച് സ്ഥാപിച്ച ആദ്യത്തെ കത്തോലിക്കാ അച്ചടിശാല എന്ന പ്രസ്താവനയിൽ ഒരു ശതമാനം പോലും സത്യമില്ല.

മറുപടി

(a) 1846 ൽ മാന്നാനത്ത് ആദ്യത്തെ അച്ചടിശാല നിർമ്മിച്ചതിനെയും അച്ചടിയന്ത്രം
സ്ഥാപിച്ചതിനെയും പറ്റി ഫാ. കുര്യാക്കോസ് ഏലിയാസ് ചാവറ തന്നെ എഴുതിയവ നമുക്ക് ഉപലബ്ധമാണ്. അദ്ദേഹം എഴുതിയിരിക്കുന്നത് 1844 മുതൽ ഒരു അച്ചടിയന്ത്രം നിർമ്മിക്കുക എന്നത് തന്റെ മനസ്സിൽ ഉറപ്പാക്കിയിരുന്നെന്നും ഇതിനായി രണ്ട് പ്രാവശ്യം കോട്ടയത്ത് പോയി എന്നാൽ അവർ (സി.എം.എസ് പ്രൊട്ടസ്റ്റന്റ് മിഷനറിമാർ) അച്ചടിശാലയിലേക്ക് കയറാൻ അനുവദിച്ചില്ല എന്നുമാണ്. (cf: Chavara, Chronicles Vol pp. 42ff).

(b) വി. കുര്യാക്കോസ് ഏലിയാസ് ചാവറയാണ് മാന്നാനത്തെ കത്തോലിക്കാ അച്ചടിശാലയുടെ സ്ഥാപകനും നിർമ്മാതാവുമെന്ന അവകാശവാദത്തെ നിഷേധിക്കാൻ പരാതിക്കാരൻ സൂചിപ്പിക്കുന്ന അതേ പ്രമാണരേഖകൾ യഥാർത്ഥത്തിൽ സീറോമലബാർ സഭയുടെ അവകാശവാദത്തെ പിന്താങ്ങുകയും ഉറപ്പിക്കുകയും ചെയ്യുന്ന രേഖയാണ്. പരാതിക്കാരൻ സൂചിപ്പിക്കുന്നത് മാന്നാനത്തെ സെന്റ് ജോസഫ്‌സ് പ്രസ്സിന്റെ സുവർണ്ണ ജൂബിലി സ്മാരകമായി പ്രസിദ്ധീകരിച്ച സ്മരണികയാണ്. അതിൽ അർത്ഥശങ്കയ്ക്കിടമില്ലാത്ത
വിധം, ചാവറയച്ചനാണ് അച്ചടിയന്ത്രം നിർമ്മിച്ചതെന്നും അച്ചടിശാല സ്ഥാപിച്ചതെന്നും പ്രസ്താവിച്ചിട്ടുണ്ട്.

(c) മുകളിൽ പറഞ്ഞിരിക്കുന്ന സുവർണ്ണ ജൂബിലി സ്മാരക പ്രസിദ്ധീകരണം അതിനാൽ തന്നെ പരാതിക്കാരന്റെ അവകാശവാദത്തെ പൂർണമായും തിരസ്‌കരിക്കുന്ന രേഖയാണ്. കേരളത്തിൽ ആദ്യമായി തദ്ദേശീയമായി നിർമ്മിക്കപ്പെട്ടിട്ടുള്ളതും സ്ഥാപിക്കപ്പെട്ടിട്ടുള്ളതും ആയ ആദ്യത്തെ അച്ചടിയന്ത്രത്തിന്റെയും അച്ചടിശാലയുടെയും നിർമ്മാതാവും സ്ഥാപകനും ചാവറയച്ചനാണെന്നു അതിൽ വ്യക്തമായും പ്രസ്താവിക്കുന്നുണ്ട്.
ഈ സ്മരണികയുടെ (സുവർണ്ണ ജൂബിലിസ്മാരക പ്രസിദ്ധികരണം) ആമുഖ ലേഖനത്തിൽ പ്രസ്സിനെ സംബന്ധിച്ച ചരിത്രം ചുരുക്കമായി പ്രസ്താവിച്ചിട്ടുണ്ട്. അത് ഇങ്ങനെയാണ് ”പിൽക്കാലത്തു വരാപ്പുഴ അതിരൂപതയുടെ വികാരി ജനറലും ടി.ഓ.സി.ഡി സന്ന്യാസ സഭയുടെ പ്രിയോർ ജനറലുമായ അഭിവന്ദ്യ
ഫാദർ കുര്യാക്കോസ് ഏലിയാസ് ചാവറ. കേരളത്തിൽ ഒരു കത്തോലിക്കാ അച്ചടിശാല സ്ഥാപിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ഉത്തമ ബോധ്യമുള്ള ആളായിരുന്നു. അതുകൊണ്ട് അതിനായുള്ള യജ്ഞം അദ്ദേഹം
ആരംഭിച്ചു.” പ്രസ്സ് നിർമ്മിക്കാനും അച്ചടിയന്ത്രം സ്ഥാപിക്കാനും അദ്ദേഹത്തിന് സാധിച്ചതെങ്ങനെയെന്നുള്ള കാര്യങ്ങളും പ്രസ്തുത ലേഖനത്തിലുണ്ട്. ലുഡോവിക് മെത്രാപ്പോലീത്തയുടെയും ബ്രിട്ടീഷ് റെസിഡന്റായിരുന്ന മിസ്റ്റർ കല്ലൻ സായിപ്പിന്റെയും സഹായത്തോടെ 1846 ജൂലൈയിൽ പ്രസ്സിനുള്ള ഔദ്യോഗിക അനുമതി അദ്ദേഹത്തിന് ലഭിച്ചു.

(d) ആർച്ചുബിഷപ് ലുഡോവിക്ക് മർട്ടീനി (1839-1859) തന്റെ വികാരിയാത്തിൽ തടികൊണ്ടുള്ള ഒരു പ്രസ്സ് സ്ഥാപിച്ചു എന്ന്, പരാതിക്കാരൻ യാതൊരു വിധത്തിലുമുള്ള രേഖകളുടെയും പിൻബലമില്ലാതെ വെറുതെയങ്ങു പ്രസ്താവിച്ചിരിക്കുകയാണ്. എന്നാൽ മോൺസിഞ്ഞോർ ലുഡോവിക്ക് മർട്ടീനി മാന്നാനത്തു അച്ചടിശാല സ്ഥാപിച്ചിട്ടില്ല എന്നതാണ് വസ്തുത. മറിച്ച്, ചാവറയച്ചനെ മാന്നാനത്ത് അച്ചടിശാല സ്ഥാപിക്കുന്നതിന് രാജകീയ അനുവാദം ലഭിക്കാൻ സഹാ
യിക്കുകയും മത പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് അനുവാദം നൽകുകയുമാണ് ചെയ്തത്. മെത്രാപ്പോലീത്ത സ്വയം അച്ചടിശാല നിർമിക്കുകയോ സ്ഥാപിക്കുകയോ ചെയ്തിട്ടില്ല. യഥാർത്ഥത്തിൽ ചാവറയച്ചന്റെ അഭിലാഷം സാക്ഷാത്കരിക്കാൻ അദ്ദേഹം തന്റെ ഔദ്യോഗിക പദവി ഉപയോഗിച്ച് സഹായിക്കുകയാണ് ചെയ്തത്.

(e) അക്കാലത്ത് കേരളത്തിലുണ്ടായിരുന്നത് കോട്ടയത്തെ സി.എം. എസ് പ്രസ്സ്, തിരു
വനന്തപുരത്തെ ഗവണ്മെന്റ് പ്രസ്സ് എന്നിവ മാത്രമായിരുന്നു. അവിടെ രണ്ടിടത്തും ഉണ്ടായിരുന്നത് വിദേശത്തുനിന്നിറക്കുമതി ചെയ്തതും ഇരുമ്പുകൊണ്ടുള്ളതുമായ അച്ചടി യന്ത്രങ്ങളായിരുന്നു. മറിച്ച്, ഫാ. കുര്യാക്കോസ് ഏലിയാസ് തയ്യാറാക്കിയത് തടി കൊണ്ടുള്ള അച്ചടിയന്ത്രമായിരുന്നു.

(f) 1905 ൽ ആദ്യമായി പ്രസിദ്ധീകരിച്ചതും 1989-ൽ എറണാകുളത്തുനിന്നും പുനഃപ്രസിദ്ധീകരണം നടത്തിയതുമായ ‘സ്ഥാപകപിതാക്കന്മാർ’ (Founding Fathers) എന്ന ഗ്രന്ഥത്തിൽ, രണ്ടാമത്തെ പ്രിയോർ ജനറലായിരുന്ന പോരൂക്കര കുര്യാക്കോസ് ഏലീശാ അച്ചൻ, എഴുതിയിരിക്കുന്നത് അക്കാലത്തു ആ പ്രദേശത്തു കോട്ടയത്തെ പ്രൊട്ടസ്റ്റന്റുകാരുടെ അച്ചടിശാലയല്ലാതെ വേറെ അച്ചടിശാല ഇല്ലാ
തിരുന്നതിനാൽ, ജനങ്ങളുടെ ആധ്യാത്മിക നന്മക്കായി ഫാ. കുര്യാക്കോസ് ഏലിയാസ് ചാവറ ഒരച്ചടിശാല സ്ഥാപിച്ചു എന്നാണ് (cf: സ്ഥാപകപിതാക്കന്മാർ, P 35).

(g) വി. കുര്യാക്കോസ് ഏലിയാസ് ചാവറയുടെ വിശുദ്ധപദവി പ്രഖ്യാപനം സംബന്ധിച്ച പേപ്പൽ ഡിക്രിയിൽ കത്തോലിക്കാ സഭയുടെ പരമാദ്ധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പ പ്രസ്താവിച്ചിരിക്കുന്നത് വി. ചാവറ പ്രസ്സും ലൈബ്രറിയും സ്ഥാപിച്ചു എന്നാണ് (prot. N. 82. 511, dated. 23 November, 2014).

(h) മാന്നാനത്തു പ്രസ്സ് സ്ഥാപിച്ചത് സംബന്ധിച്ച് വിവരങ്ങൾ, വന്ദ്യനായ വർക്കി പാറപ്പുറത്തച്ചൻ (ഇദ്ദേഹം ചാവറയച്ചന്റെ സമകാലീനനും സഹ പ്രവർത്തകനുമായിരുന്നു) തന്റെ ഡയറിയിൽ ചുരുക്കമായി രേഖപ്പെടു
ത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ വിവരണത്തിൽ (Page. 1469, No. 186) അദ്ദേഹം എഴുതുന്നു. ‘പ്രിയോരച്ചൻ മാന്നാനം ആശ്രമത്തിൽ സ്ഥാപിച്ച പ്രസ്സിനെ സംബന്ധിച്ചു, മരണ മടഞ്ഞ പ്രിയോരച്ചന്റെ ജീവചരിത്രത്തിൽ യാതൊന്നും പറഞ്ഞിട്ടില്ല എന്നതിൽ മാന്നാനം ആശ്രമത്തിലെ വൈദികർ വേദനയുള്ളവരാണ്.’ വീണ്ടും അദ്ദേഹം അഭിപ്രായപ്പെടുന്നു ‘ഒരു അച്ചടിശാല സ്ഥാപിച്ചു എന്നത് അത്രയേറെ പ്രശംസനീയമാണോ എന്ന് ചിലർക്ക് സംശയമുണ്ടാകാം. എന്നാൽ യഥാർത്ഥത്തിൽ അത് വലിയ പ്രശംസയ്ക്കും അഗീകാരത്തിനും അർഹതയുള്ള കാര്യമാണ്.
കാരണം അദ്ദേഹം ആ പ്രസ്സ് സ്ഥാപിക്കുന്നതിനു മുൻപും സ്ഥാപിച്ചു കഴിഞ്ഞും ഏറെ
കാലത്തിനു ശേഷവും കേരളത്തിൽ മറ്റൊരു കത്തോലിക്കാ പ്രസ്സ് സ്ഥാപിതമായില്ല.
മാന്നാനം ആശ്രമത്തിൽ പുരുഷന്മാർക്കുള്ള ടി.ഓ.സി.ഡി സന്യാസ സമൂഹത്തിന്റെ സഭാനിയമപ്രകാരമുള്ള അംഗീകാരം 1855-ൽ ലഭിക്കുന്നതിന് എട്ടോ പത്തോ വർഷം മുൻപായിരുന്നു അത് സ്ഥാപിക്കപ്പെട്ടത്. Fr. Varkey Parappuram, Chronicles, Vol-1, pp. 1469-1471, No.186).

(i) അവസാനമായി പരാതിക്കാരൻ പറയും പോലെ ലുഡോവിക്ക് മർട്ടീനി മെത്രാപ്പോലീത്തയ്ക്ക് ഒരു അച്ചടിശാല ആരംഭിക്കാൻ പദ്ധതിയുണ്ടായിരുന്നെങ്കിൽ എന്തുകൊണ്ടാണ് അദ്ദേഹം അത് തന്റെ ആസ്ഥാനമായ വാരാപ്പുഴയിൽ സ്ഥാപിക്കാതിരിക്കുന്നത്? അച്ചടിശാല മാന്നാനം ആശ്രമത്തിലാണല്ലോ സ്ഥാപിക്കപ്പെട്ടത്.

ഉപസംഹാരം

ആരോപണകർത്താവിന്റെ ആക്ഷേപങ്ങളും അവകാശവാദങ്ങളും അടിസ്ഥാന
രഹിതമാണ്. ഒരു വാദഗതിയിൽ പോലും ചരിത്രപരമായ ഏതെങ്കിലും രേഖകൾ ചൂണ്ടിക്കാട്ടാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. വി. കുര്യാക്കോസ് എലിയാസ് ചാവറ ‘പള്ളിക്കു ഒരു പള്ളിക്കൂടം’ എന്ന ആശയം നടപ്പിലാക്കി എന്നതും കേരളത്തിലെ ആദ്യത്തെ അച്ചുകൂടം സ്ഥാപിച്ചു എന്നതും. ‘പിടിയരി’ സമ്പ്രദായം സാർവത്രിക
മാക്കിയെന്നതും പുരുഷന്മാർക്കും സത്രീകൾക്കും വേണ്ടിയുള്ള ഏതദ്ദേശിയ സന്ന്യാസ സഭകളുടെ (ടി.ഓ.സി.ഡി, ഇപ്പോൾ സി.എം. ഐ, സി.എം.സി യഥാക്രമം) സ്ഥാപകനാണെന്നതും ലഭ്യമായ എല്ലാ ചരിത്രരേഖകളും കൊണ്ട് ഉറപ്പാക്കപ്പെട്ടിരിക്കുന്ന വസ്തുതകളാണ്. വി. ചാവറയച്ചനെക്കുറിച്ച് സുറിയാനി
കത്തോലിക്കർക്കുള്ള അവകാശ വാദങ്ങളെല്ലാം ശരിയാണെന്നും സംശയത്തിനപ്പുറ
മാണെന്നും ലഭ്യമാകുന്ന എല്ലാ ചരിത്രരേഖകളും സ്ഥിരീകരിക്കുന്നു.
(കടപ്പാട്: കൊച്ചി ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ റവ. ഫാ. മാർട്ടിൻ മള്ളാത്ത് സി എം ഐ, കോട്ടയം മഹാത്മഗാന്ധി യൂണിവേഴ്‌സിറ്റിയുടെ ബഹു. വൈസ് ചാൻസലർക്ക് നൽകിയ വിശദീകരണ പത്രം)