ശൂനായ തിരുനാൾ: സ്വർഗത്തിലേക്കുള്ള വഴികാട്ടി

സി. ബ്ലസി പുത്തൻപുരയിൽ DST

1951 നംവബർ 1-ാം തീയതി 12-ാം പീയൂസ് മാർപാപ്പ പരിശുദ്ധ കന്യാമറിയത്തിന്റെ സ്വർഗപ്രവേശനം വിശ്വാസ സത്യമായി പ്രഖ്യാപിച്ചു. സഭയാകുന്ന അടിത്തറയിൽ ആദിമനൂറ്റാണ്ടു മുതൽ തന്നെ വേരുപാകിയ വിശ്വാസത്തിന്റെയും, പാരമ്പര്യത്തിന്റെയും, അനുഗ്രഹത്തിന്റെയും തിരുനാളാണ്. പരിശുദ്ധ കന്യാമറിയത്തിന്റെ സ്വർഗപ്രവേശനം അഥവാ സ്വർഗാരോപണം (ശൂനായ).
നോമ്പിന്റെയും വ്രതശുദ്ധിയുടെയും ദിവസങ്ങൾക്ക് (ആഗസ്റ്റ് 1-14) ശേഷമാണ് ശൂനായ തിരുനാൾ പൗരസ്ത്യസഭകൾ ആഘോഷിക്കുന്നത്.

മൂന്ന് പ്രധാനപ്പെട്ട വാക്കുകളാണ് പരിശുദ്ധകന്യാമറിയത്തിന്റെ സ്വർഗീയ പ്രവേശന തിരുനാളിനോടനുബന്ധിച്ചുള്ളത്. ഗ്രീക്കു പാരമ്പര്യത്തിൽ ഈ തിരുനാളിനെ മാതാ
വിന്റെ ഉറക്കം(ഇംഗ്ലീഷിൽ Dormation, ഗ്രീക്കിൽ Koimesis) എന്നാണ് വിശേഷിപ്പിക്കുന്നത്. സുറിയാനിയിൽ ഈ തിരുനാൾ ശൂനായ തിരുനാൾ എന്ന് അറിയപ്പെടുന്നു. ഈ ഭൂമിയിൽ നിന്ന് പറുദീസായിലേക്കുള്ള മാതാവിന്റെ ‘കരേറ്റം’ അഥവാ ‘സ്ഥലമാറ്റം’ എന്നൊക്കെയാണ് ഈ സുറിയാനി വാക്ക് അർത്ഥമാക്കുന്നത്. ലത്തീൻ സഭയിൽ ഇതിനെ ‘assumptio’ അതായത് സ്വർഗാരോപണം എന്നാണ് വിളിക്കുന്നത്. ഇങ്ങനെ ഗ്രീക്ക്, സുറിയാനി, ലത്തീൻ പാരമ്പര്യങ്ങളിൽ വ്യത്യസ്തമായ പേരുകളിലാണ് ഈ തിരുനാൾ അറിയപ്പെടുന്നതെങ്കിലും ഇവ എല്ലാത്തിന്റെയും ദൈവശാസ്ത്ര വ്യാഖ്യാനം ഒന്നുതന്നെയാണ്. ഈശോയുടെ അമ്മയായ പരിശുദ്ധ കന്യാമറിയം ഈ ലോകത്തിലെ വാസത്തിനുശേഷം സ്വർഗത്തിലേക്ക് എടുക്കപ്പെട്ടു എന്നതാണ് ഈ പാരമ്പര്യങ്ങളുടെ വിശ്വാസവും പ്രഘോഷണവും.

സ്വർഗാരോപണ തിരുനാളിന്റെ ആരംഭം

6-ാം നൂറ്റാണ്ടിന്റെ ആരംഭത്തോടെപലസ്തീനായിലും സിറിയായിലും പല പള്ളികളിലും ആഗസ്റ്റ് 15 ന് മറിയത്തിന്റെ മരണത്തിന്റെ ഓർമ്മയാചരണം തുടങ്ങി. ജറുസലേം ഭരിച്ചിരുന്ന മാവുരൂസ് ചക്രവർത്തി (582-602) ഒരു ഡിക്രി വഴി തന്റെ സാമ്രാജ്യത്തിന്റെ അതിർത്തിയിലുള്ള എല്ലാ പള്ളികളിലും ആഗസ്റ്റ് 15-ാം തീയ്യതി മറിയത്തിന്റെ ‘ഉറക്കത്തിരുനാൾ (Dormitio Mariana)’ ആചരിക്കണമെന്ന് നിർദേശിച്ചിരുന്നതായി നിസേഫൊർ കല്ലിക്സ്റ്റസ് എന്ന ചരിത്രകാരൻ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

മരിയൻ അപ്പോക്രിഫൽ ഗ്രന്ഥങ്ങളുടെ സാക്ഷ്യങ്ങൾ 

ഈശോയുടെ ജനനം, ബാല്യകാലം, പരിശുദ്ധ കന്യാമറിയത്തിന്റെ ജനനം ഈ ലോക
ജീവിതം, മരണം, സ്വർഗപ്രവേശനം, ശ്ലീഹന്മാരുടെ പ്രേഷിതപ്രവർത്തനങ്ങൾ എന്നിവയെകുറിച്ചൊക്കെ ആദിമ നൂറ്റാണ്ടുകളിൽ എഴുതപ്പെട്ട നിരവധി കൃതികളുണ്ട്. ഇത്തരം ഗ്രന്ഥങ്ങളുടെ ഉള്ളടക്കം അതുപോലെ തന്നെ സഭ അംഗീകരിക്കുന്നില്ലെങ്കിലും സത്യം അവയിൽ ഒളിഞ്ഞിരിപ്പുണ്ട്. ഇവ പൊതുവേ അപ്പോക്രിഫൽ ഗ്രന്ഥങ്ങളുടെ പട്ടികയിലാണുള്ളത്. അഞ്ചാം നൂറ്റാണ്ടിന്റെ അവസാനത്തോടുകൂടി പരിശുദ്ധ കന്യാമറിയത്തിന്റെ സ്വർഗപ്രവേശനത്തെക്കുറിച്ച്
അനേകം അപ്പോക്രിഫൽ ഗ്രന്ഥങ്ങൾ പ്രചരിക്കുകയുണ്ടായി. ഇവയിൽ പലതും സുറിയാനിയിൽ എഴുതപ്പെട്ടതാണ്. ഈ കയ്യെഴുത്തുപ്രതികളിൽ ശ്രദ്ധേയമായ ഒന്നാണ് അരിമത്തിയാക്കാരൻ ജോസഫിന്റെ അപ്പോക്രിഫ. മറിയത്തിന്റെ മരണത്തെക്കുറിച്ചും പറുദീസാ പ്രവേശനത്തെക്കുറിച്ചും ഉള്ള ഗ്രന്ഥമാണിത്. ഇതിൽ
ഇപ്രകാരം എഴുതിയിരിക്കുന്നു.

”പരിശുദ്ധ കന്യാമറിയത്തിന്റെ മരണത്തിന്റെ മൂന്നുദിവസം മുമ്പ് ഒരു മാലാഖ പ്രത്യക്ഷപ്പെടുകയും മറിയത്തിന്റെ മരണത്തെകുറിച്ചുള്ള വാർത്ത അറിയിക്കുകയും ചെയ്തു. തന്റെ മരണത്തിനുമുമ്പ് എല്ലാ ശിഷ്യന്മാരെയും കാണണമെന്ന് പരിശുദ്ധ മറിയം ആഗ്രഹിച്ചു. തോമാശ്ലിഹാ ഒഴിച്ച് എല്ലാവരും പരിശുദ്ധ കന്യാമറിയത്തിന്റെ മരണക്കിടയ്ക്കക്കരുകിൽ എത്തുകയും അവളുടെ ദിവ്യമരണം ദർശിക്കുകയും ചെയ്തു. വളരെ വേദനയോടും ഭക്തിയോടും കൂടി
ശിഷ്യന്മാർ പരിശുദ്ധ കന്യാമറിയത്തിന്റെ ദിവ്യശരീരം കുഴിമാടത്തിൽ സംസ്‌കരിച്ചു. അപ്പോൾ അവിടെ ഒരു വലിയ പ്രകാശമുണ്ടാവുകയും ശിഷ്യന്മാരുടെ കണ്ണുകൾ മറയ്ക്കപ്പെടുകയും ചെയ്തു. ആ പ്രകാശപ്രഭയിൽ മാലാഖമാർ പരിശുദ്ധ കന്യകമറിയത്തിന്റെ ദിവ്യശരീരം പറുദീസായിലേക്ക് കൊണ്ടുപോയി”.
ഈ സമയത്താണ് ഇന്ത്യയിൽ നിന്ന് തോമാശ്ലീഹാ പരിശുദ്ധകന്യാമറിയത്തെ കാണാൻ വരുന്നത്. തോമാശ്ലീഹാ ഇന്ത്യയിലായിരുന്നുവെന്ന് പരിശുദ്ധ കന്യാമറിയത്തിന്റെ പറുദീസാപ്രവേശനം സൂചിപ്പിക്കുന്നത് എല്ലാ അപ്പോക്രിഫൽ ഗ്രന്ഥങ്ങളും സാക്ഷ്യപ്പെടുത്തുന്നു. മാലാഖമാർ തോമാശ്ലിഹായെ ഒലിവുമലയുടെ മുകളിൽ കൊണ്ടു പോകുകയും മറിയം പറുദീസായിലേക്ക് പോകുന്നത് കാണിക്കുകയും ചെയ്തു.
‘ഓ പരിശുദ്ധ മറിയമേ, ഞാൻ വലിയ മഹിമ കണ്ടിരിക്കുന്നു. നീ പറുദിസായിലേക്കു
പോകുന്നതിനാൽ നിന്റെ വലിയ മഹിമ കണ്ടിരിക്കുന്നു. നിന്റെ വലിയ കൃപാകടാക്ഷം നീ എന്നിൽ ചൊരിയണമേ’ എന്ന് തോമാശ്ലീഹാ പരിശുദ്ധ കന്യാമറിയത്തോട് പ്രാർത്ഥിച്ചു. അപ്പോൾ മറിയം തോമാശ്ലീഹായെ നോക്കു
കയും തന്റെ സുനാറ (അരയിൽ കെട്ടുന്ന ചരട്) അദ്ദേഹത്തിന് നൽകുകയും ചെയ്തു.
പിന്നീട് തോമാശ്ലീഹ ശിഷ്യന്മാരുടെ അടുക്കൽ എത്തി. പരിശുദ്ധ കന്യാമറിയത്തിന്റെ കബറിടം എവിടെയെന്ന് അന്വേഷിക്കുകയും അതു തുറന്നുകാണണമെന്ന് വാശിപിടിക്കുകയും ചെയ്തു. കബറിടം തുറന്നപ്പോൾ വലിയ
അത്ഭുതം മറ്റു ശിഷ്യന്മാരും തിരിച്ചറിഞ്ഞു.
അപ്പോൾ സംഭവിച്ചതെല്ലാം തോമാശ്ലീഹാ മറ്റു ശിഷ്യന്മാരോടു പറഞ്ഞു. എല്ലാവരും
പരിശുദ്ധ അമ്മയുടെ സ്വർഗ്ഗപ്രവേശനത്തിൽ വിശ്വസിക്കുകയും ചെയ്തു.
തിരുനാളിന്റെ സന്ദേശം വലിയ ഒരു പ്രത്യാശയാണ് പരിശുദ്ധ കന്യാമറിയത്തിന്റെ ശൂനായ തിരുനാൾ നമുക്ക് നൽകുന്നത്. ‘ലാകുമാറാ’ എന്ന ഗീതത്തിന്റെ
സമയത്ത് നാം വിശ്വസിച്ച് ഏറ്റുപറയുന്നപോലെ ഈശോയാണ് നമ്മുടെ ശരീരങ്ങളെ
ഉയിർപ്പിക്കുന്നതും ആത്മാക്കളെ രക്ഷിക്കുന്നതും. ഈ വിശ്വാസ സത്യമാണ് മാതാവിന്റെ ശൂനായതിരുനാൾ പ്രഘോഷിക്കുന്നത്.
രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞ് ലോകത്തിലെ മനുഷ്യരെല്ലാം വലിയ നിരാശയിലായിരുന്നു. മരണത്തിനുശേഷം ഒരു ജീവിതമില്ല എന്ന് വിശ്വസിച്ച് നിരാശയിലായിരുന്ന ജനത്തിന് വലിയ പ്രത്യാശ നൽകുകയായിരുന്നു. 1950 -ൽ പരിശുദ്ധകന്യാമറിയത്തിന്റെ സ്വർഗ്ഗരോപണം വിശ്വാസസത്യമായി
പ്രഖ്യാപിക്കുന്നത് വഴി സഭ ചെയ്തത്. പരിശുദ്ധ കന്യാമറിയത്തിന്റെ ശൂനായ
തിരുനാൾ നൽകുന്നതും ഈ പ്രത്യാശതന്നെയാണ്. അസ്ഥിരമായ ഈ ലോകജീവിതത്തിനുശേഷം അനശ്വരമായ ഒരു ജീവിതമുണ്ടെന്നും പരിശുദ്ധ അമ്മയെപ്പോലെ ദൈവഹിതത്തിനനുസരിച്ച് ജീവിച്ചാൽ ആത്മശരീരങ്ങളോടെ ഈശോ നമ്മെ ഉയിർപ്പിക്കുമെന്നും, ശേഷം ദൈവത്തിന്റെ മുഖം നോക്കി അനശ്വരമായ സ്വർഗീയാനന്ദത്തിൽ ജീവിക്കാമെന്നുള്ള പ്രത്യാശ ഈ തിരുനാൾ നമുക്ക് തരുന്നു. സീറോ മലബാർ സഭയുടെ പൗരസ്ത്യ സുറിയാനി പാരമ്പര്യമനുസരിച്ച് ശൂനായ തിരുനാൾ ഏറെ പ്രാധാന്യമർഹിക്കുന്നതും വിശ്വാസത്തിന്റെ ചൈതന്യം വിളിച്ചോതുന്നതുമാണ്. ഓരോ ക്രൈസ്തവന്റെയും ചങ്കിൽ, വിശ്വാസത്തിന്റെ തീക്ഷ്ണത ആളിപടരട്ടെ, പറുദീസയെന്ന ലക്ഷ്യം ജിവശ്വാസമായി ഉണ്ടാവട്ടെ.