ഏകദൈവവിശ്വാസവും പരി. ത്രിത്വവും പഴയനിയമ പശ്ചാത്തലത്തിൽ 4

ഫാ. ഡോ. തോമസ് കറുകക്കളം

മ്ദൗറാനൂാ 4 A ത്രിത്വം IV

3. ദൈവത്തിന്റെ ആത്മാവിനെക്കുറിച്ചും പഴയനിയമത്തിൽ ധാരാളം പരാമർശങ്ങൾ
കാണാൻ കഴിയും. പ്രപഞ്ചസൃഷ്ടിയുടെ ആരംഭത്തിൽ തന്നെ ഇത് നാം കാണുന്നു. ദൈവത്തിന്റെ ആത്മാവ് (Ruah) വെള്ളത്തിനുമീതെ ചലിച്ചുകൊണ്ടിരുന്നു (ഉൽ.1: 2). ഏശയ്യ പറയുന്നു ‘ദൈവത്തിന്റെ ആത്മാവ് എന്റെ മേൽ ഉണ്ട്’ (ഏശയ്യ 63: 10). നോഹിന്റെ കാലത്ത് വെള്ളപ്പൊക്കത്തിലേക്കു നയിച്ച വിവരണത്തിൽ ദൈവത്തിന്റെ ആത്മാവിനെ ദൈവത്തിൽ നിന്ന് പിതാവിൽ നിന്ന് വ്യത്യസ്തനായി അവതരിപ്പിക്കുന്നുണ്ട്. ‘എന്റെ ചൈതന്യം മനുഷ്യനിൽ എന്നേക്കും നിലനിൽ
ക്കുകയില്ല’ (ഉൽപ 6: 3). സംഖ്യയുടെ പുസ്തകത്തിൽ കാണുന്ന മൂന്ന് ആശീർവാദത്തിലും പരി. ത്രിത്വത്തിന്റെ സൂചനയാണ് നാം കാണുന്നത് (സംഖ്യ 6:
24-27) കൂടാതെ ഏശയ്യായ്ക്ക് ഉണ്ടായ ദർശനത്തിലും ത്രിത്വത്തിന്റെ സൂചകങ്ങൾ വ്യക്തമാണ്. (ഏശയ്യ 6: 3) യാക്കോബ് തന്റെ മകനായ ജോസഫിനെ അനുഗ്രഹിച്ചപ്പോൾ അവൻ ദൈവനാമം മൂന്നുപ്രാവശ്യം ഉപയോഗിച്ചു. ഓരോതവണയും ദൈവത്തിന്റെ നാമം വ്യത്യസ്തമായാണ് ഉപയോഗിച്ചത്. പരി. ത്രിത്വ
ത്തെ കുറിച്ചുള്ള പരാമർശമായി ഇത് മനസ്സിലാക്കാവുന്നതാണ് (ഉൽപ 48: 15-16).
എന്തുകൊണ്ട് പഴയ നിയമത്തിൽ വ്യക്തമായ പരാമർശങ്ങൾ ത്രിത്വത്തെക്കുറിച്ച് കാണുന്നില്ല?
ഇതിന് കാരണം ഒരു പരിധിവരെ പഴയനിയമം അത് എഴുതപ്പെട്ട സംസ്‌കാരവുമായി
അഭേദ്യമായി ബന്ധപ്പെട്ടാണിരിക്കുന്നത് എന്നതാണ്. ബഹുദൈവ ആരാധകരായ ജനങ്ങളാലും രാജ്യങ്ങളാലും ചുറ്റപ്പെട്ട ഒന്നായിരുന്നു ഇസ്രായേൽ. നിരവധി ദൈവങ്ങളെ ആരാധിച്ചിരുന്ന ഒരു ജനതയുടെ മധ്യത്തിൽ നിന്നാണ് ദൈവം ഇസ്രായേലിനെ തന്റെ സ്വന്തം ജനമായി തിരഞ്ഞെടുത്തത്.
ഈ ജനം ജീവനില്ലാത്ത കല്ലും മണ്ണും തടിയും കൊണ്ട് നിർമ്മിച്ച ദൈവത്തെയല്ല
ജീവനുള്ള ദൈവത്തെ (സങ്കി 115) യാണ് ആരാധിക്കുന്നത് എന്ന് യാഹ്‌വെ പഠിപ്പിച്ചു.
ഈ ദൈവം ജനത്തിനുവേണ്ടി പോരാടുകയും അവരെ തീറ്റിപ്പോറ്റുകയും അവർക്ക്
സമൃദ്ധമായ വിളവ് നൽകുകയും എല്ലാ സമയവും കൂടെ ഉണ്ടായിരിക്കുകയും അമ്മയെപ്പോലെ കരുതലും സ്‌നേഹവും നൽകുകയും ഒരു പിതാവിനെപ്പോലെ സംരക്ഷിക്കുകയും തെറ്റുചെയ്യുമ്പോൾ ശാസിക്കുകയും ശിക്ഷിക്കുകയും ക്ഷമയോടെയും കാരുണ്യത്തോടെയും തന്നിലേക്ക് തിരിയുന്നവരെ സ്വീകരിക്കുകയും ചെയ്യുന്ന ജീവനുള്ള ദൈവവുമായി അവർക്ക് വെളിപ്പെടുത്തി. അങ്ങനെ ഇസ്രായേലിന്റെ ദൈവം മാത്രമാണ് യഥാർത്ഥ സത്യദൈവം എന്ന് ഇസ്രായേൽ ജനത്തിന് ബോധ്യം നൽകുവാൻ ദൈവത്തിന്റെ
ഏകത്വം ഊന്നി പറയപ്പെട്ടു. ഈ സത്യം ഇസ്രായേൽ ദൃഢമായി മനസ്സിലാക്കിയ ശേഷം ക്രമേണ ദൈവം തന്റെ അടിസ്ഥാന സ്വഭാവത്തെക്കുറിച്ച്, ദൈവം ത്രിത്വം ആണെന്ന് ചരിത്രത്തിലൂടെ വെളിപ്പെടുത്തി. പഴയനിയമത്തിൽ നാം കാണുന്ന ദൈവത്തിന്റെ ഏകത്വം കത്തോലിക്കാസഭ നിരസിക്കുന്നില്ല എന്ന് മാത്രമല്ല അത് മുറുകെ പിടിക്കുകയും ശക്തമായി പഠിപ്പിക്കുകയും ചെയ്യുന്നു. സത്യദൈവ
വിശ്വാസത്തിൽ വളർത്തിക്കൊണ്ടുവന്ന സ്വന്തം ജനത്തോട് ദൈവം ചെയ്ത വാഗ്ദാനങ്ങളാണ് മിശിഹായിലൂടെ പൂർത്തീകരിക്കപ്പെട്ടത്. ‘ഞാൻ തന്നെ എന്റെ ആടുകളെ മേയ്ക്കും’ (എസ 34: 11-16), ‘ഞാൻ നല്ല ഇടയനാകുന്നു’ എന്നിങ്ങനെ ധാരാളം വാഗ്ദാനങ്ങൾ പഴയനിയമത്തിൽ നാം കാണുന്നത് പൂർത്തീകരിക്കപ്പെട്ടത് ഈശോയിൽ ആയിരുന്നു. ദൈവത്തിന്റെ അരൂപിയെകുറിച്ചുള്ള വാഗ്ദാനങ്ങളും പഴയനിയമത്തിൽ നമുക്ക് കാണാൻ സാധിക്കും. പ്രവാചകനിലൂടെ ദൈവം അരുളിചെയ്തു ‘എന്റെ അരുപിയെ ഞാൻ അവരിലേക്ക് അയക്കും.’ (എസ 36: 27) ഈ ദൈവം തന്നെയാണ് പെന്തക്കുസ്താദിനത്തിൽ പരിശുദ്ധാത്മാവിനെ അയച്ചുകൊണ്ട് തന്റെ വാഗ്ദാനം പൂർത്തീകരിച്ചത്. ഇതിൽ നിന്ന് നമുക്ക് മനസ്സിലാക്കാം ദൈവം ‘ഒരുവനാണ്’ എന്ന്, പഴയനിയമത്തിൽ ഉറപ്പിച്ചു പറയുമ്പോഴും ദൈവത്തിന്റെ വെളിപാട് പൂർണമായി സാക്ഷാത്കരിക്കപ്പെട്ടിരുന്നില്ല. മറിച്ച് ഘട്ടം ഘട്ടമായി പഴയനിയമ കാലഘട്ടത്തിലൂടെ പുതിയനിയമത്തിലാണ് പൂർത്തീകരിക്കപ്പെട്ടത്. അതിനാൽ പഴയനിയമത്തിൽ ദൈവത്തിന്റെ ത്രിത്വത്തെകുറിച്ച് പരാമർശം
ഇല്ല എന്നും അതുകൊണ്ട് ത്രിത്വരഹസ്യം തെറ്റാണ് എന്നും പറയുന്നത് ബൈബിളിനെ
ക്കുറിച്ചുള്ള അജ്ഞത കൊണ്ടുമാത്രമാണ്. പഴയനിയമത്തിലെ പ്രധാന പ്രമേയം
ദൈവത്തിന്റെ ഏകത്വമാണ് എന്ന് നാം കണ്ടു. അതിനോടൊപ്പം നാം മനസ്സിലാക്കേണ്ട ഒന്നാണ് പഴയനിയമത്തിൽ പരി. ത്രിത്വത്തെ വെളിപ്പെടുത്താനുള്ള ഒരു പശ്ചാത്തലം ഒരുക്കുന്നുണ്ടായിരുന്നു എന്നതും. ഇത് പഴയനിയമ പ്രതീകങ്ങളിലും പ്രവചനങ്ങളിലും നമുക്ക് കാണാൻ സാധിക്കും. പഴയനിയമത്തിൽ ത്രിത്വം വ്യക്തമായി അവതരിപ്പിച്ചിട്ടില്ലെങ്കിലും ത്രിത്വത്തിന്റെ അടിസ്ഥാനം പഴയനിയമത്തിൽ കാണാൻ സാധിക്കും എന്ന് മുകളിൽ വ്യക്തമാക്കി
കഴിഞ്ഞു. പഴയനിയമത്തിൽ ദൈവത്തെ വിശേഷിപ്പിക്കുവാൻ ഉപയോഗിച്ചിരിക്കുന്നത് ഏലോഹിം എന്ന ബഹുവചന നാമമാണ് ഇത് ഒരു ഏകവചന ക്രിയയോട് (bara) ചേർത്താണ് ഉപയോഗിച്ചിരിക്കുന്നത.് അതായത് ദൈവം ഏകത്വവും അതേസമയം ബഹുത്വവുമുള്ള ഒന്നാണ്. ഇത് കുറെ കൂടി വ്യക്തമാകുന്നത് ഉൽപ്പത്തി പുസ്തകത്തിൽ ദൈവം അബ്രാഹത്തിന് പ്രത്യക്ഷപ്പെടുന്ന സംഭവത്തിലൂടെയാണ് (ഉൽ 18: 1-33). ഈ സംഭവത്തിലൂടെ പഴയനിയമം ഇവിടെ അവതരിപ്പിക്കുന്നത് അബ്രാഹം തന്നെ സന്ദർശിക്കാൻ വന്ന ദൈവപുരുഷന്മാരെ, ഒരേസമയം ഒന്നായും മൂന്നായും കാണുന്നു എന്നാണ്. ഏശയ്യയായും മിശിഹായെകുറിച്ചുള്ള പ്രവചനത്തിൽ പറയുന്നത് ‘നമുക്ക് ഒരു ശിശുജനിച്ചിരിക്കുന്നു… വിസ്മയനിയനായ ഉപദേഷ്ടാവ്, ശക്തനായ ദൈവം, നിത്യനായ പിതാവ്, സമാധാനത്തിന്റെ രാജാവ്’ (ഏശയ്യ
9: 6-7 ) യാഹ്വെ മാത്രമാണ് സത്യദൈവം എങ്കിലും പ്രവാചകനിലൂടെ യാഹ്‌വെ ഈ
ശിശുവിനെ ശക്തനായ ദൈവം എന്ന് വിളിക്കുന്നു. ദൈവത്തിന് മാത്രം നൽകപ്പെടുന്ന വിശേഷണം ഈ ശിശുവിനും നൽകപ്പെട്ടിരിക്കുന്നു എന്നത് വളരെ പ്രാധാന്യമർഹിക്കുന്നതാണ്. ഇവിടെയും ത്രിത്വരഹസ്യം വെളിപ്പെടുത്തുന്നതിനുള്ള പശ്ചാത്തലം ഒരുങ്ങുകയാണ്. കൂടാതെ ദൈവവചനം (word) ആത്മാവ് (Ruah) ഈ പദങ്ങളും അവയുടെ ശക്തിയും പ്രവർത്തനവും പഴയനിയമത്തിൽ വളരെ സ്പഷ്ടമാണ്
ഉപസംഹാരം
ത്രിത്വത്തെ കുറിച്ചുള്ള വെളിപാടുകൾ പ്രധാനമായും പുതിയനിയമത്തിൽ ആണ്
കാണുന്നതെങ്കിലും അതിനുള്ള പശ്ചാത്തലം ഒരുക്കുന്നത് പഴയനിയമത്തിലാണ്. സൃഷ്ടിമുതൽ ആരംഭിച്ച ദൈവത്തിന്റെ വെളിപാട് അതിന്റെ പൂർണ്ണതയിൽ എത്തുന്നത് ത്രിത്വത്തെകുറിച്ചുള്ള വെളിപാടിൽ ആണ്. ക്രൈസ്തവ വിശ്വാസത്തിന്റെ കേന്ദ്രമായ ത്രിത്വത്തിലുള്ള വിശ്വാസം പൂർണ്ണമായി അനാവരണം ചെയ്യപ്പെട്ടത് ഈശോയിലൂടെയാണ്. ഈശോയുടെ ജ്ഞാനസ്‌നാന വേളയിൽ
ആണല്ലോ ആദ്യമായി പരിശുദ്ധ ത്രിത്വം വെളിപ്പെടുത്തപ്പെടുന്നത് (ലൂക്ക 3: 21-22,
മത്താ 3: 13-17) ഈ പഴയനിയമ പശ്ചാത്തലത്തിൽ നിന്നുകൊണ്ട് വേണം നാം പുതിയനിയമ കാലഘട്ടത്തിൽ, ആദിമസഭയിൽ, സഭയുടെ സുനഹദോസുകളിലൂടെ എപ്രകാരമാണ് പരിശുദ്ധ ത്രിത്വരഹസ്യം വെളിവാക്കപ്പെട്ടതെന്ന് മനസ്സിലാക്കുവാൻ. കാരണം പുതിയനിയമത്തിൽ ദൈവം പരിശുദ്ധ ത്രിത്വം ആണെന്ന് പറയുമ്പോഴും മൂന്നു ദൈവങ്ങൾ എന്നല്ല ഒറ്റ ദൈവമേയുള്ളൂ എന്ന സത്യം നാം വിസ്മരിക്കരുത്. മറ്റു മതങ്ങളിൽ ബഹു ദൈവങ്ങളെക്കുറിച്ച് (സ്വതന്ത്രമായ പല ദൈവങ്ങൾ) പറയുമ്പോൾ ക്രിസ്തുമതം സത്തയിൽ സാരാംശത്തിൽ ഒന്നായത്രിയേക ദൈവത്തെക്കുറിച്ച് ആണ് പഠിപ്പിക്കുന്നത്. ക്രിസ്തുമതവും യഹൂദമതവും തമ്മിലുള്ള വ്യത്യാസവും ഇതുതന്നെയാണ്. ആയതിനാൽ യഹൂദ മതവിശ്വാസം പറഞ്ഞശേഷം അങ്ങനെയല്ല ക്രിസ്തുമതത്തിൽ കാണുന്നത് എന്ന് പറയുന്നത് ബുദ്ധിക്കു നിരക്കുന്നതല്ല. ക്രിസ്തുമതത്തിന്റെ അനന്യത ഈ ത്രിയേക ദൈവത്തിലുള്ള വിശ്വാസമാണ്.
ഈ വിശ്വാസം കൂടുതൽ മനസ്സിലാകണമെങ്കിൽ പുതിയനിയമം എപ്രകാരമാണ് ത്രിത്വവിശ്വാസത്തെക്കുറിച്ച് പഠിപ്പിക്കുന്നത് എന്ന് പരിശോധിക്കണം.