മാർ തോമാശ്ലീഹാ: ദ്വാദശശ്ലൈഹിക ഗണത്തിലെ അപൂർവതാരം

ഭാരതമണ്ണിൽ സുവിശേഷവെളിച്ചമെത്തിച്ച മാർ തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950-ാം വാർഷിക ദിനമായതിനാൽ ഈ ദുക്‌റാന തിരുനാൾ നമ്മുടെ അധിക ശ്രദ്ധ ആകർഷിക്കുന്നു. എല്ലാ വർഷവും ജൂലൈ
3-ാം തീയതി സഭയുടെ പീഠത്തിൽ മാർ തോമായുടെ ദുക്‌റാന ആഘോഷമായി കൊണ്ടാടപ്പെടുമ്പോൾ വിശ്വാസത്തിൽ തങ്ങളുടെ പിതാവായ അദ്ദേഹത്തിന്റെ സ്മരണകളിൽ നസ്രാണി സമൂഹം ആമഗ്നരാവുക പതിവാണ്. ഒരോ ദുക്‌റാനയും ആ അപൂർവ്വവ്യക്തിത്വത്തിന്റെ ഉള്ളറകളിലേക്ക് കടക്കാനുള്ള ക്ഷണക്കത്തായി നമ്മുടെ മുമ്പിൽ നിലകൊള്ളുന്നു. ശ്ലീഹായുടെ മക്കളാണ് തങ്ങളെന്ന് അഭിമാനപൂർവ്വം ഏറ്റുപറയാൻ ആ മഹനീയ വ്യക്തിത്വം നമ്മിൽ ആവേശം നിറയ്ക്കുന്നു. ചരിത്രത്തിന്റെ വഴിത്താരയിൽ വിവിധ സഭകളിലായി ചിതറിക്കപ്പെടുവെങ്കിലും തോമാശ്ലീഹായുടെ ചരിത്രവും ശ്ലീഹായെക്കുറിച്ചുള്ള
ഓർമകളും ഭാരത നസ്രാണി സമൂഹത്തിന്റെ പൊതുസ്വത്താണ്. നമ്മൾ ഒരേ പിതാവിന്റെ മക്കളാണ് എന്ന ചിന്ത നമ്മിൽ ഐക്യത്തിനു കാരണമായി നിലകൊള്ളുന്നു. നമ്മുടെ വരും തലമുറയ്ക്കായി, നമ്മുടെ കുഞ്ഞുങ്ങൾക്കായി
വാമൊഴിയായും വരമൊഴിയായും ആ ധന്യതാതന്റെ ചരിത്രം പങ്കിട്ടു നൽകാനുള്ള നസ്രാണിസമൂഹത്തിന്റെ ഉത്തരവാദിത്വം ഓരോ ദുക്‌റാനയാചരണവും നമ്മെ ഓർമിപ്പിക്കുന്നുണ്ട്.
1. തോമാശ്ലീഹാ: ഈശോയുടെ താമാ

താമാ (ദിദിമൂസ്) എന്നു വിളിക്കപ്പെടുന്ന തോമാ എന്ന് യോഹന്നാന്റെ സുവിശേഷത്തിൽ മൂന്നുപ്രാവശ്യം പരാമർശിക്കപ്പെടുന്നുണ്ട് (11: 16; 20: 24; 21:2). ഈ രണ്ടുപേരിന്റെയും അർത്ഥം ‘ഇരട്ട പിറന്നവൻ’ എന്നാണ്.
യോഹന്നാൻ ഒരേ അർത്ഥത്തിലുള്ള രണ്ടുപേരുകളും – താമാ, തോമാ-ചേർത്തുപയോഗിച്ചിരിക്കുന്നത് തികച്ചും അർത്ഥവത്താണ്. തോമാശ്ലീഹായുടെ ഇന്ത്യയിലെ പ്രേഷിത പ്രവർത്തനം വിവരിക്കുന്ന അപ്രമാണിക രേഖയിൽ യൂദാ തോമാ എന്ന പേരിൽ ഈശോയുടെ ഇരട്ടസഹോദരനായാണ് നമ്മുടെ ശ്ലീഹാ
അവതരിപ്പിക്കപ്പെടുക. ഈ ഗ്രന്ഥത്തിൽ ഈശോയെ കണ്ടവർക്ക് അവിടന്ന് തോമായാണെന്നും, തോമായെ കണ്ടവർക്ക് അദ്ദേഹം ഈശോയാണെന്നും തോന്നിയതായി പരാമർശമുണ്ട്. ഇവിടെയാണ് തോമാശ്ലീഹായുടെ
ഇരട്ടത്വത്തിന്റെ ആത്മീയമാനം നമ്മുടെ ശ്രദ്ധയാകർഷിക്കുന്നത്. മിശിഹായെ സ്‌നേഹിച്ച്, അവന്റെ പാതയിൽ ചരിച്ച്, അവനെ അടുത്തനുഗമിച്ച് മിശിഹാമയനായി തീർന്ന തോമാശ്ലീഹായ്ക്ക് തന്റെ വ്യക്തിത്വത്തിൽ
മിശിഹായെ പ്രതിഫലിപ്പിക്കാനായി. അദ്ദേഹത്തിന്റെ മുഖത്ത് മിശിഹായുടെ ഭാവങ്ങൾവിളങ്ങി. അദ്ദേഹം ഈശോയുടെ താമാ (ഇരട്ടയായി) പരിണമിച്ചു. പൗലോസ് ശ്ലീഹായെ പ്പോലെ തോമായ്ക്കും പറയാനാകും: ‘ഇനി
ഞാനല്ല ജീവിക്കുന്നത്; മിശിഹായാണ് എന്നിൽ ജീവിക്കുന്നത് (ഗലാ 2:20) എന്ന്.
2. തോമാശ്ലിഹാ: പന്ത്രണ്ടുപേരിലൊരുവൻ
മാർ തോമായ്ക്ക് വിശുദ്ധഗ്രന്ഥം നൽകുന്ന മറ്റൊരു വിശേഷണം ‘പന്ത്രണ്ടുപേരിലൊരുവൻ’ എന്നാണ്. ഈശോ സവിശേഷമായി വിളിച്ച് തനിക്കായി മാറ്റി നിർത്തിയ പന്ത്രണ്ടുപേരുടെ പട്ടികയിൽ തോമായുടെ പേരും ചേർക്കപ്പെട്ടിരുന്നു (മർക്കോ 3: 18; മത്താ 10: 3; ലൂക്കാ 6: 15; യോഹ 20: 24). ‘പന്ത്രണ്ടു പേരിലൊരുവൻ’ എന്ന പ്രയോഗം മാർ തോമായുടെ സവിശേഷവിളിയെയും തെരഞ്ഞെടുപ്പിനെയും
സഭയിൽ അദ്ദേഹത്തിനുള്ള അനന്യസ്ഥാനത്തെയുമാണ് സൂചിപ്പിക്കുന്നത്. താൻ തെരഞ്ഞെടുത്ത ഈ പന്ത്രണ്ടുപേർക്കുമാത്രമാണ് ഈശോ ശ്ലീഹൻമാർ എന്ന പേര് നൽകിയത്. അവിടുന്ന് അവരെ വിശ്വാസത്തിന്റെ വിതക്കാരായി, ജീവന്റെ വിതരണക്കാരായി സുവിശേഷത്തിന്റെ പ്രഘോഷകരായി നിയോഗിച്ചു.
‘പന്ത്രണ്ടുപേരിൽ’ ഒരുവനായ മാർ തോമാ ഈശോയുടെ ശ്ലീഹായാണ്. ‘ശ്ലീഹാ’ എന്ന
സുറിയാനിവാക്കിന് അയക്കപ്പെട്ടവൻ എന്നും, വസ്ത്രങ്ങൾ ഉരിഞ്ഞുനീക്കി നഗ്നനായവൻ എന്നും അർത്ഥമുണ്ട്. തോമാ ഈശോയാൽ അയ്ക്കപ്പെട്ടവനാണ്; ഒപ്പം ഈശോയ്ക്ക് വേണ്ടി തനിക്കുള്ളതെല്ലാം ഉരിഞ്ഞുനീക്കി ശൂന്യനായി നഗ്നനായി മിശിഹായെ ധരിച്ചവനാണ്. അതുകൊണ്ട് ശ്ലീഹായായ തോമായ്ക്ക് മിശിഹായുടെ താമായാകാൻ സാധിച്ചു. യോഹന്നാൻ ശ്ലീഹായുടെ സുവിശേഷത്തിൽ ശ്ലീഹന്മാരുടെ പേരുകൾ നല്കുമ്പേൾ തോമായുടെ പേര് കേപ്പായുടെ പേരിന് തൊട്ടു പിന്നാലെ പ്രത്യക്ഷപ്പെടുന്നത് (21: 2) ശ്രദ്ധേയമാണ്. ഉത്ഥിതനെ വ്യക്തിപരമായി അനുഭവിച്ച തോമാ സഭയുടെ തലവാനായ ശ്ലൈഹിക ഗണത്തിലെ ശ്രേഷ്ഠനൊപ്പം വളരുന്ന
ചിത്രമാണ് ഇവിടെ അനാവരണം ചെയ്യപ്പെടുക. ‘ശ്ലീഹാ’ എന്ന തന്റെ പദവി തോമാ അന്വർത്ഥമാക്കിയതിന് ചരിത്രം സാക്ഷി!
3. തോമാശ്ലീഹാ : മാർഗം കാട്ടിയവൻ
‘ഞാനാണ് വഴിയും സത്യവും ജീവനും’ എന്ന ഈശോയുടെ വെളിപാട് രംഗം ഒരുക്കിയവനായി യോഹന്നാന്റെ സുവിശേഷം തോമാശ്ലീഹായെ അവതരിപ്പിക്കുന്നു (യോഹ 14: 5-6). യഹൂദ ‘ജ്ഞാന’ പാരമ്പര്യത്തിൽ വഴി (ഹീബ്രുവിൽ ദെറക്/ സുറിയാനിയിൽ ഉർഹാ) ജീവിതശൈലിയെയാണ് സൂചിപ്പിക്കുന്നത്. സങ്കീർത്തനങ്ങളിൽ ‘നിയമം’ അഥവാ ദൈവഹിതം അനുസരിച്ച് ജിവിക്കുന്നതിന്റെ രൂപകമാണ് ‘വഴി’ ഈശോ തന്നെ തന്നെ പിതാവിലേയ്ക്കുള്ള വഴിയായി/ മാർഗമായി
അവതരിപ്പിക്കുന്നു. നടപടി പുസ്തകം മിശിഹാ അനുയായികളെ ‘മാർഗം സ്വീകരിച്ച
വർ’ എന്നാണ് വിശേഷിപ്പിക്കുന്നത്. മാർ തോമാ നസ്രാണികൾ അറിയപ്പെടുന്നതും ‘മാർഗവാസികൾ’ എന്നാണല്ലോ. മാർഗമായ മിശിഹായുടെ കൂദാശയായ സഭയും മാർഗമായി അവതരിപ്പിക്കപ്പെടുക സ്വാഭാവികമാണ്.
മാർ തോമാശ്ലീഹാ കാണിച്ചു തന്ന ഈശോയാകുന്ന മാർഗം/ഈശോയുടെ മാർഗം ഭാരതനാടിന്റെ സാംസ്‌കാരിക പശ്ചാത്തലത്തിൽ നസ്രാണികൾ സ്വന്തം ജീവിതത്തിൽ സ്വാംശീകരിച്ചു രൂപപ്പെടുത്തിയ തനതാത്മക സഭാ ജിവിതശൈലി അറിയപ്പെടുന്നത് മാർ തോമാമാർഗമെന്നാണ്. നസ്രാണി സമൂഹത്തിന്റെ
ആധ്യാത്മികതയുടെ പര്യായമാണ് അത് എന്ന് പറയുന്നതിൽ അതിശയോക്തിയില്ല.
4. തോമാശ്ലീഹാ: ദൈവിക വെളിപാടുകളുടെ വേദിക
യോഹന്നാന്റെ സുവിശേഷത്തിൽ മാർ തോമാശ്ലീഹാ മിശിഹായുടെ വെളിപാടുകൾ ആവിഷ്‌ക്യതമായ വേദികയായി അവതരിപ്പിക്കപ്പെടുന്നു. മിശിഹാ വഴിയും സത്യവും ജീവനുമായി ആവിഷ്‌ക്യതനാകുന്നതും (14: 6)
അവന്റെ കർത്തൃത്വവും ദൈവത്വവും ഏറ്റു പറയപ്പെടുന്നതും ശ്ലീഹായുടെ സാന്നിധ്യത്തിലും അവന്റെ പ്രഘോഷണത്തിലൂമാണ് (11: 16).
5. തോമാശ്ലീഹാ : വിശ്വാസത്തിന് സ്‌നേഹഭാഷ്യം രചിച്ചവൻ
‘നിലനിൽക്കുന്നത് ഇവ മൂന്നുമാണ് : വിശ്വാസം, പ്രത്യാശ, സ്‌നേഹം എന്നാൽ ഇവ
യിൽ ശ്രേഷ്ഠമായത് സ്‌നേഹമാണ് (1 കോറി 13:13) എന്ന് തന്റെ സ്‌നേഹഗീതത്തിൽ മാർ പൗലോസ് ശ്ലീഹാ പറയുന്നത് ശ്രദ്ധേയമാണ്. ‘അവന്റെ കൈകളിൽ ആണികളുടെ പഴുതുകൾ കാണുകയും അവയിൽ എന്റെ വിരൽ ഇടുകയും അവന്റെ പാർശ്വത്തിൽ എന്റെ കൈവയ്ക്കുകയും ചെയ്താലല്ലാതെ ഞാൻ വിശ്വസി
ക്കില്ല’ എന്ന തോമായുടെ ശാഠ്യം (യോഹ 20: 25) വിശ്വാസത്തിന് അതിനേക്കാൾ ശ്രേഷ്ഠമായ സ്‌നേഹം കൊണ്ടു ഭാഷ്യം രചിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമത്തിൽ ആവിഷ്‌കാരമായിരുന്നു. ആ വലിയ സ്‌നേഹത്തിന് മുമ്പിൽ
ഈശോ വഴങ്ങുന്ന ചിത്രം നമ്മുടെ ഹ്യദയങ്ങളെ സ്പർശിക്കാതിരിക്കില്ല.
6. തോമാശ്ലീഹാ: ധീരതയുടെ ആൾരൂപം
നമ്മുടെ ശ്ലീഹാ ശ്ലൈഹികഗണത്തിലെ ഉർജ്ജസ്വലനും ധീരനുമായ വ്യക്തിയായിരുന്നു. ‘നമുക്കും അവനോടുകൂടെ പോയി മരിക്കാം’ (യോഹ 11: 16) എന്ന ശ്ലീഹായുടെ വാക്കുകളിൽ നിറഞ്ഞുനിൽക്കുന്ന ധൈര്യം അദ്ദേഹത്തിന്റെ ജീവിതാന്ത്യംവരെ നമുക്ക് കാണാനാകും. തങ്ങളുടെ ഗുരു ക്രൂശിക്കപ്പെട്ട
പ്പോൾ ഉണ്ടായ ഭയവും നിരാശയും മൂലംവാതിലടച്ചു ഭയചകിതരായി മുറിക്കുള്ളിൽ
കഴിഞ്ഞിരുന്ന ശ്ലൈഹികഗണത്തിൽ തോമായില്ലായിരുന്നുവെന്ന് സുവിശേഷം സാക്ഷിക്കുന്നുണ്ട് (യോഹ 20: 24). തോമാശ്ലീഹാ എവിടെയായിരുന്നു? മിക്കവാറും തന്റെ സഹോദരർക്ക് ആവശ്യമായ എന്തെങ്കിലും വാങ്ങാനോ മറ്റോ ധൈര്യപൂർവം പുറത്തുപോയതാകാം. പിന്നിട് ഉത്ഥിതൻ തന്റെ ശിഷ്യന്മാരെ ഈ രണ്ടുപേരായി സുവിശേഷ പ്രഘോഷണത്തിനയച്ചപ്പോൾ വിദൂരദേശമായ ഇന്ത്യയിലേക്ക്
തോമായെ ഏകനായി അയയ്ക്കാൻ ഈശോ തീരുമാനിച്ചത് അദ്ദേഹത്തിന്റെ ധൈര്യത്തിനുള്ള അംഗീകാരം തന്നെയാണ്. തന്നോടൊപ്പം
തന്റെ ഇരട്ടയായ ഈശോ ഉണ്ട് എന്ന ഉറപ്പിൽ ഭാരതത്തിലേക്ക് യാത്രയാവുന്ന
ശ്ലീഹായെ മാർ തോമായുടെ നടപടിയിൽ നാം കണ്ടുമുട്ടുന്നു. പിന്നീടുള്ള ഇരുപത് വർഷക്കാലം (AD 5272) ഭാരതദേശം ഈ ധൈര്യത്തിന് സാക്ഷ്യം വഹിച്ചു.
7. തോമാശ്ലീഹാ: വിശ്വാസത്തിന്റെ ആദർശരൂപം
മിശിഹായോടൊപ്പം വലിയ സ്‌നേഹത്തിന്റെ പാരമ്യത്തിലാണ് ഉത്ഥിതന്റെ വിലാവിൽ സ്പർശിക്കാൻ ആഗ്രഹിച്ചത്. ആ സ്ലേഹസ്പർശത്താൽ തോമാ നേടിയ ഉത്ഥാനാനുഭവം നമ്മുടെ വിശ്വാസത്തിന്റെ ഉറവിടമായി പരിണമിച്ചുവെന്നാണ് മാർ അപ്രേമിന്റെ പാരമ്പര്യത്തിലുൾപ്പെടുന്ന മാർ തോമായേക്കുറിച്ച് ഗീതങ്ങളിൽ വർണിക്കപ്പെടുന്നത്: ‘തോമായേ നി ഭാഗ്യവാൻ. നിന്റെ വിശ്വാസം ഉത്ഥാനത്തിന്റെ ദർപ്പണമായി നീ സ്‌നേഹിച്ചു; നീ സ്പർശിച്ചു; നീ ഉറപ്പിക്കപ്പെട്ടു നീ അത് ജനതകളോട് ഉദ്‌ഘോഷിച്ചു.’
ഉത്ഥിതനെ കണ്ട തോമായുടെ ഗദ്ഗദം ‘മാർ വാലാഹ’/’എന്റെ കർത്താവും എന്റെ ദൈവവുമേ’ സഭയുടെ വിശ്വാസ പ്രമാണമായി. ഹെബ്രായ ഭാഷയിൽ ദൈവത്തെ മാത്രം വിശേഷിപ്പിക്കുവാൻ ഉപയോഗിക്കുന്ന ‘എലോഹിം’, ‘യാഹ്‌വേ’ എന്നീ വാക്കുകൾക്ക് തത്തുല്യമായ സുറിയാനി പദങ്ങളാണ് മാറാ, ആലാഹാ എന്നിവ . ഉത്ഥിതനായ ഈശോ യഥാർത്ഥ ദൈവമാണെന്നാണ് തോമ പ്രഘോഷിക്കുന്നത്.
ദൈവമായ ഈശോയെ തന്റെ നാഥനായി തോമാ ഏറ്റുപറയുന്നു. മിശിഹായിൽ വിശ്വസിക്കുന്ന ഏതൊരു വ്യക്തിയുടെയും വിശ്വാസത്തിന്റെ സംക്ഷിപ്തരൂപമാണ് ‘മാർ വാലാഹ്’. മാന്ത്രോച്ചാരണങ്ങളുടെ നാടായ ഭാരതമണ്ണിൽ നസ്രാണി ഹ്യദയങ്ങളിൽ നിന്നും ഭവനങ്ങളിൽ നിന്നും ഉയരേണ്ട മന്ത്രം
തീർച്ചയായും മാർ വാലാഹ് ആയിരിക്കണം.
8. തോമാശ്ലീഹാ: അനുപമനായ പ്രേഷിത പ്രവർത്തകൻ
ഈശോയുടെ ശ്ലൈഹികഗണത്തിൽ ഒരു പക്ഷേ ഏറ്റവും സമർത്ഥവും ഫലപ്രദവുമായി സുവിശേഷ പ്രഘോഷണം നിർവഹിച്ചത് തോമയാണ്. എവുസേബിയൂസിന്റെ ചരിത്രരേഖകളിലും മാർ തോമായുടെ നടപടികളിലും തോമായുടെ പ്രേഷിത പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ കാണാം. പേർഷ്യയിലെയും എദ്ദേസായിലെയും ഇന്ത്യയിലെയും സഭകൾ മാർ തോമായുടെ പൈത്യകം അവകാശപ്പടുന്നു. തോമാശ്ലീഹായുടെ കേരള പ്രേഷിതത്വത്തിന്റെ ഒന്നാം തെളിവാണ് ഊർജ്ജസ്വലരായ, വിശ്വസതീക്ഷ്ണതയുള്ള മാർ തോമാ നസ്രാണിസമൂഹം  പൗരസ്ത്യസഭ കൾക്കിടയിൽ ദൈവവിളികളാലും പ്രേഷിതതീക്ഷ്ണതയാലും സമ്പന്നരായ നസ്രാണി സഭാമക്കളിലൂടെ മാർ തോമാ ഇന്നും തന്റെ
സുവിശേഷപ്രഘോഷണം തുടരുന്നു. തോമാശ്ലീഹായെ സ്തുതിച്ചുകൊണ്ട് സുറിയാനി പിതാവായ മാർ അപ്രേം ഇപ്രകാരം എഴുതിയിരിക്കുന്നു:
സൂര്യരശ്മിപോലെ വലിയ ഗോളത്തിൽ നിന്ന് പുറപ്പെടുന്നവനേ നീ ഭാഗ്യവാൻ! നിന്റെ
അനുഗൃഹീതാഗമനമാകുന്ന പ്രഭാതം ഇന്ത്യയുടെ അന്ധകാരത്തെ അകറ്റുന്നു. പന്ത്രണ്ടു പേരിൽ ഒരുവനായ വലിയ ദീപമേ കുരിശിൽ നിന്നുള്ള തൈലത്താൽ നിറഞ്ഞവനായി ഇന്ത്യയുടെ ഇരുട്ടുനിറഞ്ഞ നിശയെ ദീപം കൊണ്ടു നീ നിറയ്ക്കുന്നു.
9. തോമാശ്ലീഹാ: വിശ്രുത സഹദാ
എ.ഡി. 72-ൽ മൈലാപ്പൂരിലെ ചിന്നമലയിൽവച്ച് ശത്രുക്കളുടെ ശൂലത്താൽ മുറിവേറ്റ
ശ്ലീഹാ പെരിയമലയിലെത്തി അവിടെ വീണ് മൃതിയടഞ്ഞുവെന്നാണ് ചരിത്രം സാക്ഷിക്കുന്നത്. മിശിഹായുടെ സഹദായായി തീർന്ന ശ്ലീഹായുടെ പുണ്യശരീരം പെരിയമലയിൽ കബറടക്കപ്പെട്ടു. ‘സഹദാ’ എന്ന സുറിയാനി പദത്തിന് സാക്ഷ്യം നൽകുന്നവൻ എന്നാണ് അർത്ഥം. വിശ്വാസത്തിനുവേണ്ടി നിണസാക്ഷിയായ ശ്ലീഹാ തന്റെ നാമം കൊണ്ടും വാക്കുകൊണ്ടും, പ്രവൃത്തികൾകൊണ്ടും, ജീവിതം കൊണ്ടും മിശിഹായ്ക്ക് സാക്ഷിയായവനാണ്. നാലാം നൂറ്റാണ്ടിൽ ശ്ലീഹായുടെ അസ്ഥികൾ മൈലാപ്പുരിലെ പെരിയ മലയിൽ നിന്നും എദ്ദേസായിലേക്കും പിന്നിട്
ഇറ്റലിയിലെ ഓർത്തോണായിലേക്കും മാറ്റപ്പെട്ടുവെന്നും പാരമ്പര്യം സാക്ഷിക്കുന്നു.
മൈലാപ്പൂരിലെ ശ്ലീഹായുടെ കബറിടത്തിലും ഓർത്തോണായിലും സന്ദർശനം നട
ത്തുന്ന തീർത്ഥാടകർക്ക് ശ്ലീഹായുടെ ജീവിക്കുന്ന സാന്നിധ്യം അനുഭവിക്കാനാകുന്നുണ്ട്. മരിച്ചിട്ടും ജീവിക്കുന്ന തോമാശ്ലീഹായെക്കുറിച്ച് നിസിബിയൻ ഗീതങ്ങളിൽ പിശാചിന്റെ വാക്കുകളായി മാർ അപ്രേം കുറിച്ചിട്ടത്
തികച്ചും യാഥാർത്ഥ്യമാണ്. ‘ഇന്ത്യയിൽ ഞാൻ വധിച്ച ശ്ലീഹാ എദ്ദേസായിൽ എന്നെ മറികടന്നിരിക്കുന്നു. അവിടെയും ഇവിടെയുമെല്ലാം അവന്റെ സാന്നിധ്യം വ്യസനപൂർവ്വം ഞാൻ തിരിച്ചറിയുന്നു.’ ഓരോ ദുക്‌റാനയാചരണവും നമ്മുടെ ഇടയിൽ ഇന്നും ജീവിക്കുന്ന ശ്ലീഹായുടെ സാമിപ്യം അനുഭവിക്കാനും, ശ്ലീഹായോടുള്ള ആദരവും ശ്ലീഹായിലൂടെ നമുക്ക് ലഭിച്ച വിശ്വാസപൈത്യകത്തോടുള്ള കുറും പ്രഖ്യപിക്കാനുള്ള അവസരവുമായി പരിണമിക്കട്ടെ!