പി.വി. ഉലഹന്നാൻ മാപ്പിള

ബിനു വെളിയനാടൻ

മലയാളഭാഷയുടെയും സാഹിത്യത്തിന്റെയും ഒരു കാലത്തെ ജനകീയ മുഖമായിരുന്നു പ്രൊഫ. പി. വി ഉലഹന്നാൻ മാപ്പിള. ചങ്ങനാശേരി എസ്.ബി കോളേജിലെ മലയാളവിഭാഗം അധ്യാപകനും മേധാവിയുമായിരുന്നു അദ്ദേഹം. 1930 മുതൽ 1973 വരെ 43 വർഷക്കാലം ഉലഹന്നാൻ മാപ്പിള, എസ്. ബി.യിലെ
മലയാള വിഭാഗത്തിലുണ്ടായിരുന്ന കാലമത്രയും മധ്യതിരുവിതാംകൂറിന്റെ സാസ്‌കാരിക വേദികളിൽ ഒരു പ്രഭാഷകനെന്ന നിലയിൽ നിറസാന്നിധ്യമായിരുന്നു.
മൂന്നു തവണ വിദേശപര്യടനം നടത്തിയ ഉലഹന്നാൻ മാപ്പിള തന്റെ യാത്രാനുഭവങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് ലോകപര്യടനത്രയം എന്നപേരിൽ ഒരു യാത്രാവിവരണഗ്രന്ഥം പ്രസിദ്ധീകരിച്ചു. ഒലിവേർ ഗോൾഡ് സ്മിത്തിന്റെ ജീവചരിത്രമാണ് മാപ്പിളയുടെ മികച്ച ഗ്രന്ഥങ്ങളിലൊന്ന്. നാടകങ്ങളും ബാലസാഹിത്യവും ജീവചരിത്രങ്ങളും ഉൾപ്പടെ ഒരു ഡസനോളം കൃതികൾ അദ്ദേഹം മലയാളത്തിന് സമ്മാനിച്ചിട്ടുണ്ട്. അർണോസ് പാതിരിയുടെ മലയാളം-പോർത്തുഗീസ് നിഘണ്ടു, മലയാള വ്യാകരണം എന്നീ ഗ്രന്ഥങ്ങൾ ലണ്ടൻ മ്യൂസിയത്തിൽ നിന്ന് കണ്ടെടുത്തു കൊണ്ടുവന്ന് പ്രസിദ്ധീകരിക്കാൻ സൗകര്യമൊരുക്കിയത് ഉലഹന്നാൻ മാപ്പിളയാണ്. ചരിത്രപരമായി വളരെ പ്രാധാന്യമുള്ള സംരഭമായിരുന്നു അത്. അദ്ദേഹത്തിന്റെ പേരിനോടു ചേർത്ത് മാപ്പിള എന്ന വിശേഷണം ചേർത്തതിനു
പിന്നിൽ രസകരമായ ഒരു സംഭവമുണ്ട്. ഫോർത്ത് ഫോമിൽ പഠിക്കുമ്പോൾ ഉലഹ
ന്നാൻ ഒരു ലേഖനമെഴുതി ദീപികയ്ക്കയച്ചു. അത് പ്രസിദ്ധീകരിക്കപ്പെട്ടത് പി. വി. ഉലഹന്നാൻ മാപ്പിള എന്ന പേരിലാണ്. ക്രൈസ്തവർ തങ്ങളുടെ പേരിനൊപ്പം മാപ്പിള എന്നു ചേർക്കണമെന്ന് മലയാള മനോരമ പത്രാധിപരായിരുന്ന കണ്ടത്തിൽ വർഗ്ഗീസ് മാപ്പിള ഒരിക്കൽ നിർദ്ദേശിക്കുകയുണ്ടായി. അന്ന് തെങ്ങുംമൂട്ടിൽ വർഗ്ഗീസ് മാപ്പിളയായിരുന്നു ദീപിക പത്രാധിപർ. അദ്ദേഹമായിരിക്കണം ഉലഹന്നാനെ ഉലഹന്നാൻ മാപ്പിളയാക്കിയത്. 1905 മാർച്ച് 28 ന്, പിറവത്ത് വരിക്കശ്ശേരി വീട്ടിലാണ് ഉലഹന്നാൻ മാപ്പിളയുടെ ജനനം. വർക്കിയും വടകര പീടികയിൽ കുഞ്ഞന്നാമ്മയുമായിരുന്നു മാതാപിതാക്കൾ. 1934-ൽ മദ്രാസ് സർവ്വകലാശാലയിൽ നിന്ന് മലയാളത്തിൽ എംഎ ബിരുദം നേടിയപ്പോൾ അദ്ദേഹം ഒരു റിക്കോർഡിന് ഉടമയായി. തിരുവിതാംകൂറിലെ ക്രൈസ്തവ സമുദായത്തിൽനിന്ന് മലയാളം എംഎ വിജയിച്ച ആദ്യവ്യക്തി. 1951 മുതൽ 1969 വരെ 18 വർഷക്കാലം കേരള സർവ്വകലാശാലയുടെ സെനറ്റിൽ അംഗമായിരുന്ന മാപ്പിള, ആദ്യമായി സെനറ്റിൽ മലയാളത്തിൽ പ്രസംഗിച്ച് ചരിത്രം സൃഷ്ടിച്ചു. അതുവരെ സെനറ്റിലും സിൻഡിക്കേറ്റിലും ഇംഗ്ലീഷിലായിരുന്നു വിനിമയഭാഷ. ആശയപരമായി അതിനോട് യോജിക്കാൻ കഴിയാത്ത ഒരു മാതൃഭാഷാസ്‌നേഹിയുടെ പ്രതിഷേധ പ്രകടനം കൂടിയായിരുന്നു ആ പ്രസംഗം. ചരിത്രം സൃഷ്ടിച്ച സംഭവബഹുലമായ ജീവിതത്തിനൊടുവിൽ 1993 ജൂലൈ 11-ന് ഉലഹന്നാൻ മാപ്പിള ഓർമ്മയായി.