ജീവന്റെ ഈണങ്ങൾ

ജോൺ ജെ. പുതുച്ചിറ

മലയാള സാഹിത്യചരിത്രത്തിലെ ജനകീയ വായനയുടെ അധ്യായംകുറിച്ച എഴുത്തുകാരനാണ് മുട്ടത്തുവർക്കി. ആത്മകഥ എഴുതാൻ മടിച്ച ഇദ്ദേഹത്തെപ്പറ്റി അനുസ്മരണ സമ്മേളനത്തിൽ ആരെങ്കിലും പറയുന്ന അടുപ്പത്തിന്റെ ചിത്രങ്ങൾ അല്ലാതെ മറ്റൊന്നും പൊതുസമൂഹത്തിന് അറിയാനിടവന്നിട്ടില്ല.
കൃതികൾ അവശേഷിപ്പിക്കുമ്പോഴും എഴുത്തുകാരന്റെ വ്യക്തിജീവിതം വിസ്മൃതിയുടെ ആഴങ്ങളിലേക്ക് താണുപോകുന്നു.
അത്തരം ഒരു തിരിച്ചറിവാകണം അന്ന മുട്ടത്തിനെ ‘ജീവന്റെ ഈണങ്ങൾ’ എന്ന പുസ്തകം എഴുതാൻ പ്രേരിപ്പിച്ചത്. പുത്രവധുവായി മുട്ടത്തുഭവനത്തിൽ എത്തിയ അവർക്ക് ഒരു വ്യാഴവട്ടക്കാലത്തെ അനുഭവങ്ങൾ മാത്രമാണ് കൈമുതലായി ഉള്ളത്. മുട്ടത്തുവർക്കി എന്ന പ്രശസ്ത സാഹിത്യകാരന്റെ കാര്യത്തിൽ ഇതൊരു ചെറിയ കാലയളവാണ്.
അന്നയുടെ വാക്കുകൾ: ‘ഒരു നിമിഷം മാത്രമാണ് വർത്തമാനകാലത്തിന്റെ ദൈർഘ്യം. അവിടെയാണല്ലോ നമ്മൾ ജീവിക്കുന്നത്. സമീപസ്ഥലകാലാവബോധത്തിൽ അനുഭവങ്ങൾ കൂടിക്കിടക്കുന്നു. അവയെല്ലാം
പിന്നീട് ഓർമ്മകളാകുന്നു. ഒട്ടൊക്കെ മാഞ്ഞുപോവുകയും ചെയ്യും. മലവെള്ളപ്പാച്ചിൽ
പോലെയാണിത.് ഓർമ്മകളിൽ ചിലത് പ്രവാഹത്തെ അതിജീവിച്ചു നിലനിൽക്കും
കാലത്തിന്റെ പൊട്ടാത്ത നൂലിഴയിൽ ബന്ധിക്കപ്പെട്ടവ…..’
ഭർത്താവും അച്ഛനുമൊക്കെ കാലത്തിൽ തിരോഭവിച്ചതിന്റെ വിങ്ങൽ ഈ ഗ്രന്ഥകാരിയിലുണ്ട്. വേർപാടുകൾ സൃഷ്ടിച്ച ഏകാന്തതയിലിരുന്ന് മുട്ടത്തുവർക്കിയെയും കുടുംബജീവിതത്തെയും ഈ കൃതിയിലൂടെ അന്ന
അനുസ്മരിക്കുന്നു. ചെറിയ കരുക്കൾ കൊണ്ട് വലിയ കാലത്തെ അളക്കാനാണ് അന്ന ശ്രമിക്കുന്നത്. കാലത്തിന്റെ തന്മാത്രബന്ധങ്ങളിൽ മനസ്സുറപ്പിച്ച് ഭൂതവർത്തമാനങ്ങളെ അന്ന മുട്ടത്ത് അനുസ്മരിക്കുന്നു അതത്രേ ഈ ഓർമ്മക്കുറിപ്പുകളെ വ്യത്യസ്തമാക്കുന്ന ഘടകം.