
ജോൺ ജെ. പുതുച്ചിറ
1950-കളുടെ മധ്യത്തോടെ അച്ചടിമാധ്യമത്തെയും ചലച്ചിത്രത്തെയും മറ്റും മുൻനിർത്തി നമ്മുടെ നാട്ടിൽ സംസ്‌കാരിക വ്യവസായം വേരുറപ്പിച്ചപ്പോൾ അതിനു പാകത്തിലുള്ള ജനപ്രിയ രചനകളാൽ ഒരു പുതിയ സാഹിത്യ ശില്പത്തിനു നേതൃത്വം നൽകിയ എഴുത്തുകാരനാണു മുട്ടത്തുവർക്കി. വലിയൊരളവോളം ആ രീതിയിലുള്ള സാഹിത്യ രചനകൾക്കെതിരേയുള്ള വിമർശനങ്ങളിലൂടെയാണു മുട്ടത്തുവർക്കിയെ കാലം അടയാളപ്പെടുത്തിയത്. ആ സാഹിത്യനിരൂപകരുടെ ഭാഷയിലെ ‘പൈങ്കിളി സാഹിത്യകാരന്’ മൺമറഞ്ഞ് 33 വർഷത്തിനു ശേഷവും ആസ്വാദകർ അനേകമാണ്. കൃതികളുടെ എണ്ണവും അവയുടെ പതിപ്പുകളുടെ എണ്ണവും വായനക്കാരുടെ എണ്ണവും ആസ്വാദനത്തിന്റെ കണക്കിലെടുത്താൽ മലയാളസാഹിത്യത്തിൽ അദ്ദേഹം
കുലപതിയാണ്. നോവൽ സാഹിത്യ രംഗത്തു ജനപ്രിയ സംസ്‌കാരത്തിന്റെ പ്രകാശപൂർണമായ അധ്യായം തുടങ്ങുന്നത് അൻപതുകളിലാണ്.
തകഴിയുടെയും ബഷീറിന്റെയും പൊറ്റെക്കാടിന്റെയും ഉറുബിന്റെയും ദേവിന്റെയും എംടിയുടെയും കൃതികൾ അച്ചടി, പ്രസാധനം എന്നീ സാങ്കേതിക സാമ്പത്തിക രംഗങ്ങളെ മാത്രമല്ല വായന എന്ന സംസ്‌കാരത്തെയും കൂടിയാണു വളർത്തിയത്. സാക്ഷരതയും മാധ്യമ പരിചയവും സാമൂഹിക മാറ്റങ്ങളും ചേർന്നു
രൂപപ്പെടുത്തിയ ഒരവസ്ഥ മലയാളിയെ വൻതോതിൽ വായനയിലേക്കു നയിക്കുന്നത്
ഈ ഘട്ടത്തിലാണ്. പക്ഷേ, മേൽപ്പറഞ്ഞവരുടെ കൃതികളെക്കാൾ വായനയെ സ്വാധീനിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തതു ദീപിക വാരാന്തപ്പതിപ്പിൽ ഖണ്ഡശഃയും പിന്നീടു പുസ്തകരൂപത്തിലും പ്രസിദ്ധീകരിക്കപ്പെട്ട മുട്ടത്തുവർക്കി നോവലുകളായിരുന്നു.
തന്റെ രചനകളിലൂടെ രണ്ടു രീതിയിൽ മുട്ടത്തുവർക്കി മലയാളഭാഷയെ നവീകരിച്ചു. ഒന്ന്, വിവരണത്തിൽ പോലും വാമൊഴി ശൈലികൾ സ്വീകരിച്ച്. രണ്ട്, മധ്യകേരളത്തിലെ ക്രിസ്ത്യൻ സമുദായത്തിന്റെ ഭാഷാ സംസ്‌കാരം സാഹിത്യവത്കരിച്ച്. ഡിസി ബുക്‌സിന്റെ തുടക്കത്തിനു തന്നെ കാരണം മുട്ടത്തുവർക്കി കൃതികളിലൂടെ ഡിസി കിഴക്കേമുറി നേടിയ വിപണന
വിജയമാണ്. വർക്കി കൃതികൾക്കു ഡിസിനടത്തിയ മാർക്കറ്റിംഗ് കേരളത്തിലങ്ങോള
മിങ്ങോളമുള്ള വായനശാലകളിലേക്കും പുസ്തക പ്രേമികളിലേക്കും അവ എത്തി
ച്ചേരുവാൻ സഹായകമായി. മുട്ടത്തുവർക്കികൃതികളുടെ ജനപ്രീതിക്കു മറ്റൊരു കാരണം അവയുടെ സിനിമാ രൂപാന്തരമാണ്. പാടാത്ത പൈങ്കിളി, ഇണപ്രാവുകൾ, വെളുത്ത കത്രീന,മയിലാടുംകുന്ന്, ലൈൻബസ്, ലോറാ നീ എവിടെ, അഴകുള്ള സെലീന, കരകാണാക്കടൽ, തുടങ്ങി അദ്ദേഹത്തിന്റെ മുപ്പതിലധികം നോവലുകൾ ചലച്ചിത്രമാക്കപ്പെട്ടിട്ടുണ്ട്. സിനിമപോലെ ജനപ്രിയമായ ഒരു മാധ്യമത്തിലേക്കു പകർത്തപ്പെടുക വഴി സജീവവും കൂടുതൽ വിജയകരവുമായ ഒരു വിപണിയും ആസ്വാദക സമൂഹവും നേടിയെടുക്കാൻ മുട്ടത്തുവർക്കി കൃതികൾക്കു സാധിച്ചു.
1913 ഏപ്രിൽ 28-നു ചങ്ങനാശേരിയിലെ ചെത്തിപ്പുഴയിൽ ജനിച്ച അദ്ദേഹം 1989 മേയ് 28-ന് അന്തരിക്കുന്നതുവരെ ജീവിച്ചതു ജന്മഗ്രാമത്തിൽത്തന്നെയാണ്. ആ പ്രദേശവും അതിന്റെ പ്രാന്തങ്ങളും വിട്ട് അദ്ദേഹമോ അദ്ദേഹത്തിന്റെ പ്രമേയങ്ങളോ അധികമൊന്നും പോയിട്ടില്ല. പക്ഷേ, ആ പ്രദേശത്തിന്റെ ജീവിതത്തെ വേരുകൾ പൊട്ടാതെ അദ്ദേഹം സാഹിത്യത്തിലേക്കു പറിച്ചുനട്ടു.
മുട്ടത്തുവർക്കിയെ വായിച്ചാണു കഴിഞ്ഞതലമുറയിലെ എഴുത്തുകാരും വായനക്കാരും ഹരിശ്രീ കുറിക്കുന്നത്. മുട്ടത്തുവർക്കിയാൽ അവർ ഏറെ പ്രചോദിപ്പിക്കപ്പെട്ടു; വായനയുടെ വിശാലതയിലേക്ക് അയയ്ക്കപ്പെട്ടു. ലളിതമായ ഒരു പ്രണയശാസ്ത്രത്തിന്റെ വ്യാഖ്യാതാവായിട്ടാണ് തന്റെ എൺപതോളം നോവലുകളിൽ മുട്ടത്തുവർക്കി നിലകൊണ്ടത്. അതിനകത്ത്, ആ സ്‌നേഹത്തിനകത്ത്, ജീവിതത്തിന്റേതായ ചില സങ്കീർണതകൾ അങ്ങിങ്ങു
മിന്നിമറയുന്നതായി കാണാം. ഒപ്പം അതികാല്പനികതയുടെ സ്വപ്‌ന ചമയങ്ങൾകൊണ്ട് മുട്ടത്തുവർക്കി അവരുടെ ജീവിതാന്തരീക്ഷത്തെ വായനക്കാരുടെ മനസിൽ ആഴത്തിൽ കോറിയിട്ടു. കപ്പക്കാലായുടെയും പറങ്കിമാവുകളുടെയും റബറിന്റെയും തേക്കിന്റെയുമൊക്കെ നിബിഢമായ പ്രകൃതി ആ ജീവിതങ്ങൾക്കു പശ്ചാത്തലമായി. മിക്കയിടത്തും കണ്ണീരിൽ കുതിർന്ന പ്രകൃതിയോടൊപ്പം സ്ത്രീയുണ്ട്. പലപ്പോഴും അവൾ സ്വപ്‌നങ്ങളിൽനിന്ന് അകന്നുപോകുന്നു. വിധി വില്ലനായി അവളെ അകറ്റുന്നു. എഴുത്തുകാരൻ ദേശത്തെ എഴുതുന്നു എന്ന സങ്കല്പം മുട്ടത്തുവർക്കി നോവലുകളിൽ യാഥാർഥ്യമാകുന്നു. തന്റെ ഗ്രാമത്തിന്റെ
ഹൃദയത്തുടിപ്പുകളെയും കണ്ണീർത്തുള്ളികളെയും പൊട്ടിച്ചിരികളെയും കലർപ്പില്ലാത്ത സൗന്ദര്യത്തെയും പകർത്തിയെടുക്കാൻ കൂടക്കൂടെ ശ്രമിക്കാറുണ്ടെന്നു നോവലിസ്റ്റ് ഇണ പ്രാവുകളുടെ ആമുഖത്തിൽ പറയുന്നുണ്ട്.
പച്ചവിരിച്ച തകിടിപ്പുരയിടത്തിന്റെ കിളിർന്ന തിട്ടയിൽ നാട്ടുവഴിയുടെ അരികിൽ ഇരുന്നുകൊണ്ട് ചക്രവാളസീമവരെ കണ്ണോടിച്ചാൽ കാണുന്ന ദൃശ്യങ്ങൾ വർക്കിയുടെ നോവലുകളിൽ എവിടെയും കാണാം. ആ വിവരണം ശ്രദ്ധിക്കൂ: ‘മയിലാടും കുന്നിന്റെ തെക്കും കിഴക്കും ചെരുവുകളിൽ റബർ മരങ്ങൾ തഴച്ചു വളരുന്നു… വടക്കെ ചെരുവിൽ കുരുമുളകുചെടികൾ കെട്ടിപ്പുണരുന്ന പലതരത്തിലുള്ള
മരങ്ങളും അവയുടെ ഇടയ്ക്ക് ചേന, ചേമ്പ്, വാഴ മുതലായ കൃഷിച്ചെടികളും വളരുന്നു. രാവിലെയും വൈകിട്ടും ആ മരങ്ങളുടെ ചില്ലകളിൽ പറവകൾ പല പലരാഗങ്ങളിൽ പാട്ടുപാടും. പടിഞ്ഞാറെ ചെരിവ് പാറക്കെട്ടുകളും കുറ്റിച്ചെടികളുംകൊണ്ട് നിറഞ്ഞിരിക്കുന്നു.’
ഋതുക്കളും പൂക്കളും മരങ്ങളും പക്ഷികളും മൃഗങ്ങളും ഭക്ഷണരീതികളും തൊഴിൽ
മേഖലകളും പ്രണയവും പ്രതികാരവും പ്രതീക്ഷയും നിരാശയും അങ്ങനെ പ്രകൃതിയും മനുഷ്യനുമായി ബന്ധപ്പെട്ടുകിടക്കുന്ന വിഭവരാശിയിൽ വേണ്ടതു വേണ്ടതുപോലെ പൊരുത്തപ്പെടുത്തി ആവിഷ്‌കരിക്കുന്നതിലെ അയത്‌നലാളിത്യം മുട്ടത്തുവർക്കിയുടെ ജനപ്രിയതയ്ക്ക് അടിവരയിടുന്നു.
ഇന്നത്തെ വാരികകളിലെ പൈങ്കിളിനോവലുകളുടെയും ടെലിവിഷനിലെ പൈങ്കിളി പരമ്പരകളുടെയും ജനപ്രിയ ഫോർമുലകളല്ലായിരുന്നു മുട്ടത്തുവർക്കിയുടേത്. സത്യാ
ത്മകവും സർഗാത്മകവുമായ ഒരു സൗന്ദര്യബോധം നിറഞ്ഞതായിരുന്നു മുട്ടത്തുവർക്കിയുടെ കഥകളും നോവലുകളും. ഗ്രാമീണതയുടെ ലളിത ശൈലിയും മധ്യവർഗ കുടുംബാന്തരീക്ഷവുമൊക്കെ അവയിൽ തെളിഞ്ഞുനിൽക്കുന്നു.
മുപ്പതു നോവലുകൾ സിനിമയാക്കി മാറ്റാൻ സാധിച്ച മറ്റൊരു മലയാളി കഥാകൃത്തും
ഉണ്ടെന്നു തോന്നുന്നില്ല. ‘പാടാത്ത പൈങ്കിളി’യും ‘കരകാണാക്കടലും’ ദേശീയ അവാർ
ഡുകൾ നേടി. സാംസ്‌കാരിക സാമൂഹിക പഠനങ്ങൾക്കുകൂടുതൽ ശ്രദ്ധയും പരിഗണനയും കൈവരുന്ന ഇക്കാലത്തു ജനപ്രിയ രചനകൾ പുനർവായനയ്ക്കും പഠനത്തിനും വിധേയമാക്കപ്പെടുന്നുണ്ട്. കേരളജനതയെ സാക്ഷരരാക്കുന്നതിനു വേണ്ടി കോടിക്കണക്കിനുരൂപയും മനുഷ്യവിഭവശേഷിയും ചെലവഴിക്കുന്ന ഔദ്യോഗിക ഡിപ്പാർട്ട്‌മെന്റുകളും പ്രസ്ഥാനങ്ങളും ഉള്ളപ്പോൾ കൂട്ടിവായിക്കാനും അത്യാവശ്യം എഴുതാനും മാത്രംവശമുള്ള കേവല സാക്ഷരതയെ വായനയുടെ ലോകത്ത് കൂട്ടിക്കൊണ്ടുവരാനും വായനാ സംസ്‌കാരം വളർത്തിയെടുക്കാനും
അതുവഴി പൊതുഭാവുകത്വം രൂപപ്പെടുത്തിയെടുക്കാനും കഴിഞ്ഞ ജനപ്രിയ സാഹിത്യനായകന്റെ പ്രസക്തിയും പ്രാധാന്യവും ചെറുതല്ല.
മുട്ടത്തുവർക്കി കേരളീയ സമൂഹത്തിൽ എന്തുതരം വ്യതിയാനമാണു വരുത്തിയത്?
കേരളത്തിന്റെ ഉയർന്ന സാക്ഷരതാ നിലവാരത്തിൽ, പ്രത്യേകിച്ചു സ്ത്രീ സാക്ഷരതയിൽ ഒരു പരിധിയെങ്കിലും മുട്ടത്തുവർക്കി സാഹിത്യത്തിനു പങ്കുണ്ട് എന്നു നിസംശയം പറയാം. മലയാളത്തിൽ ആധുനിക സാഹിത്യത്തിന്റെ
പേരിൽ കെട്ടിക്കയറ്റിയ ജാടകൾ സൃഷ്ടിച്ച ഭാവുകത്വപ്രതിസന്ധിയിൽ നിന്നു വായനക്കാരെ രക്ഷിച്ചെടുത്തതിൽ മുട്ടത്തുവർക്കിക്കും പങ്കുണ്ട്. സാഹിത്യം വായിച്ചാൽ മനസിലാകുന്ന ഒരേർപ്പാടാണ്, അതു രസകരവുമാണ് എന്ന ലളിതമായ തിരിച്ചറിവാണു മുട്ടത്തുവർക്കി ഉണ്ടാക്കിയത്.
മരണത്തിന്റെ മുപ്പത്തിമൂന്നാം വർഷത്തിലും പുസ്തകശാലകളിൽ മുട്ടത്തുവർക്കി കൃതികൾ ബെസ്റ്റ് സെല്ലറുകളാണ്. അവയുടെ പുതിയ പുതിയ പതിപ്പുകൾ ഇന്നും മുടക്കംകൂടാതെ പുറത്തിറങ്ങുന്നു. വായനക്കാരുടെ സമൂഹം അത് ഇരുകരവും നീട്ടി സ്വീകരിക്കുന്നു. മലയാളത്തിലെ അപൂർവം എഴുത്തുകാർക്കു മാത്രം ലഭിച്ച അസുലഭ ഭാഗ്യം.