പഞ്ചവത്സര അജപാലന പദ്ധതി അഞ്ചാം വർഷം 8 ജീവൻ: സ്വീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യേ വലിയ അനുഗ്രഹം

എവുത്തനാസിയ/ദയാവധം

ഭാര്യയുടെ മടിയിൽ കിടന്ന് ശാന്തമായി മരിച്ച അഗസ്റ്റസ് സീസറിന്റെ മരണത്തെ വിവരിക്കാനാണ് റോമൻ ചരിത്രകാരനായ Sventonio ‘നല്ല മരണം’ എന്നർത്ഥം മാത്രമുണ്ടായിരുന്ന ഗ്രീക്കു വാക്ക് ‘എവുത്തനാസ്യാ’ (eu+thanatos = good death) ഉപയോഗിച്ചത്. പിന്നീട് ഇംഗ്ലീഷ് തത്വശാസ്ത്രജ്ഞനായിരുന്ന Francis Bacon ഇതേ അർത്ഥത്തിൽ ഈ വാക്ക് 1605 -ൽ എഴുതിയ ‘Advancement of Learning’ എന്ന തന്റെ പുസ്തകത്തിൽ ഉപയോഗിച്ചു. അതേസമയം അഗസ്റ്റസ് സീസറിന്റെ മരണത്തെ പരാമർശിച്ചിട്ട്, വേദന കുറയ്ക്കാൻവേണ്ട ചികിത്സയും പരിചരണവും മരണാവസരത്തിൽ നല്കാതിരുന്ന വൈദ്യന്മാരെ വിമർശിക്കാനും Francis Bacon തന്റെ പുസ്തകത്തിൽ ശ്രമിച്ചിട്ടുണ്ട്. തുടർന്നുള്ള രണ്ടു നൂറ്റാണ്ടുകളിലും പെട്ടെന്നുള്ളതും, നല്ലതും, എളുപ്പമുള്ളതുമായ സുഖമരണത്തെ സൂചിപ്പിക്കാനാണ് ”എവുത്തനാസ്യാ” എന്ന വാക്ക് ഉപയോഗിച്ചത്.
19-ാം നൂറ്റാണ്ട് മുതലാണ് നല്ല മരണത്തിന് വൈദ്യസഹായം ലഭ്യമാകുന്ന രീതിയെ
സൂചിപ്പിക്കാൻ ‘എവുത്തനാസ്യാ’ (medical euthanasia or medical treatment in aid of
an early death) എന്ന പദം ഉപയോഗിക്കാൻ തുടങ്ങിയത്. 19-ാം നൂറ്റാണ്ടിന്റെ അവസാനത്തിലും 20-ാം നൂറ്റാണ്ടിന്റെ ആരംഭത്തിലുമാണ് അനുകമ്പയും ദയയും മൂലം കൊല്ലാം, ദയാവധം (mercy killing) എന്നീ പ്രയോഗവും രീതിയും ഉണ്ടായത് (homicide for mercy, homicide with consent, എന്നിങ്ങനെയുള്ള പ്രയോഗങ്ങൾ ഇക്കാലത്തെ സംഭാവനയാണ്). ചുരുക്കത്തിൽ നല്ല മരണം, മരണത്തിനായി സഹായം, നല്ല മരണത്തിനായി വധിക്കുക എന്നീ മുന്നർത്ഥങ്ങളും ചരിത്ര
വഴികളിൽ സംഭവിച്ച അർത്ഥമാറ്റവും മനുഷ്യന് ജീവനോടുള്ള സമീപനത്തിൽ സംഭ
വിച്ച മാറ്റവുമാണ്.
ജീവനെ നിഷേധിക്കുന്നതോ നശിപ്പിക്കുന്നതോ ആയ എല്ലാ പ്രവണതകളേയും
സംവിധാനങ്ങളേയും ശക്തിയുക്തം എതിർക്കുന്ന കത്തോലിക്കാസഭയുടെ പ്രബോധനത്തിലുള്ള ‘എവുത്തനാസ്യ’യുടെ നിർവ്വചനമാണ് യഥാർത്ഥത്തിൽ ആ പ്രവൃത്തിയുടെ മുഴുവൻ അർത്ഥവും വ്യക്തമാക്കുന്നത്. വേദന ഇല്ലാതാക്കാൻ ഒരാളുടെ മരണത്തിനു പ്രവൃത്തിയാലോ, ഉപേക്ഷയാലോ കാരണമാകുകയാണ് എവുത്തനാസിയ (cfr. Iura et Bona II). ചുരുക്കത്തിൽ, ഒരാളുടെ വേദനയില്ലാതാക്കാൻ പ്രവൃത്തിയിലൂടെയോ ഉപേക്ഷയിലൂടെയോ അയാളെ കൊല്ലുക. ഇവിടെ
വേദനയില്ലാതാക്കുക എന്ന ലക്ഷ്യം നല്ലതാണെങ്കിലും സ്വീകരിക്കുന്ന മാർഗ്ഗം മാരകമായ തെറ്റാണ്. കൊലപാതകം എന്ന തെറ്റ് എത്ര നല്ല ലക്ഷ്യത്തോടെ ചെയ്താലും
ന്യായീകരിക്കാനാവില്ലല്ലോ. എത്ര ഭംഗിയുള്ള പേരിട്ടു വിളിച്ചാലും (സുഖമരണം, നല്ല മരണം, അന്തസുള്ള മരണം, കാരുണ്യവധം) ഇതൊരു ക്രൂരമായ കുറ്റകൃത്യമാണ്. മറ്റു കൊലപാതകത്തിൽനിന്നും വ്യത്യസ്തമായി ഇവിടെ കൊലപാതകത്തിനു പ്രേരിപ്പിക്കുന്നത് പകയ്ക്കു പകരം ദയയാണെങ്കിലും, രോഗി ആവശ്യപ്പെട്ടിട്ടാണെങ്കിലും അല്ലെങ്കിലും ഒരാളുടെ ജീവൻ ഇല്ലാതാക്കാൻ ആർക്കും അവകാശമില്ല. അന്തസായി മരിക്കുക എന്നത് അടുത്ത കാലത്തായി പലരും വിശദീകരിക്കുന്നതു പ്രകാരം ആരും നോക്കാനില്ലാതെയും, ചികിത്സിച്ചു ഭേദമാക്കാനാവാത്ത രോഗാവസ്ഥയിലും, അബോധാസ്ഥയിൽ മരണാസന്നനായിരിക്കുമ്പോഴും, തീവ്രമായ വേദനയുള്ളപ്പോഴും അതൊന്നും അനുഭവിക്കാതെ സ്വാഭാവിക മരണത്തിനു കാത്തുനില്ക്കാതെ ദയാവധത്തിനു വിധേയമാകുന്നതോ ഡോക്ടറുടെ സഹായത്തോടെ ആത്മഹത്യ ചെയ്യുന്നതോ
(physician assisted suicide) ആയിരിക്കുന്നു. രോഗത്തിന്റെയോ വേദനയുടെയോ പേരിൽ ഒരാൾ ആവശ്യപ്പെട്ടിട്ടാണെങ്കിലും കൊല്ലുന്നത് എങ്ങനെയാണ് അന്തസുള്ള മരണമാകുന്നത്. മനുഷ്യന്റെ അന്തസ് അയാൾ രോഗിയോ വേദനയുള്ളവനോ പ്രയോജനരഹിതനോ ആകുമ്പോൾ മാഞ്ഞുപോകുമോ? അങ്ങനെയുള്ളവരെ കൊന്നുകഴിഞ്ഞാൽ മനുഷ്യന്റെ അന്തസ് വർദ്ധിക്കുമോ? രോഗാവസ്ഥയിൽ,
വാർദ്ധക്യത്തിൽ മരണമല്ല മനുഷ്യനു വേണ്ടത് സ്‌നേഹവും പരിചരണവും കരുതലുമാണ്. ദയാവധത്തെ അന്തസുള്ള മരണമെന്നു വിളിക്കുന്നത് വഞ്ചനയാണ്. മനുഷ്യജീവനെ മനഃപൂർവ്വം ഏതു കാരണത്തിന്റെ പേരിലാണെങ്കിലും ഇല്ലാതാക്കുന്നതിൽ ഒരന്തസുമില്ല. രോഗാവസ്ഥയിൽ നടത്തുന്ന തിരസ്കരണവും കയ്യൊഴിയലും അന്തസല്ല, മുഖംമൂടി ധരിച്ചെത്തുന്ന മനുഷ്യന്റെ സ്വാർത്ഥ
തയും ഉപഭോഗസംസ്‌കാരവുമാണ്. ഭ്രൂണഹത്യ നടത്താനും, ആത്മഹത്യ ചെയ്യാനും
ദയാവധം നടത്താനും അനുവാദം നൽകുന്ന നിയമങ്ങളെല്ലാം ഇന്ന് ഇന്ത്യയിൽ പ്രാബല്യത്തിലായി. പല കാരണത്താൽ തന്റെ തന്നെയോ
അപരന്റെയോ ജീവനെടുക്കാനുള്ള നിയമ സംരക്ഷണമാണ് ഇതിലൂടെ ഭാരതത്തിലെ
ജനത്തിനു കൈവന്നിരിക്കുന്നത്. ഒരു ജീവിയെപ്പോലും കൊല്ലരുതെന്നും (മാനിഷാദാ) ‘മാതാപിതാ ഗുരു ദൈവം’ എന്നും പറഞ്ഞ സംസ്‌കാരത്തിലാണ് ഉദരത്തിലുള്ള നിഷ്‌കളങ്കരായ കുഞ്ഞുങ്ങളെയും രോഗകിടക്കയിലായ വൃദ്ധരായ മാതാപിതാക്കളുൾപ്പെടെയുള്ളവരെയും വധിക്കാനുള്ള നിയമ പരിരക്ഷ ആഘോഷിക്കുന്നത്. മനുഷ്യന്റെ സ്വാർത്ഥസംസ്‌കാരത്തിന് ഇതിൽപ്പരം മറ്റെന്തു
തെളിവാണു വേണ്ടത്.
ആത്മഹത്യ മനുഷ്യൻ സ്വന്തം ജീവനെത്തന്നെ ഇല്ലാതാക്കുന്ന ക്രൂരമായ പ്രവൃത്തിയാണ് ആത്മഹത്യ. ദൈവത്തോടും അപരനോടും ചുറ്റുപാടുകളോടും തന്നോടുതന്നെയുമുള്ള സ്‌നേഹത്തെ നിഷേധിക്കലാണ് ആത്മഹത്യ. ഏതെല്ലാംതരത്തിലുള്ള സമ്മർദ്ദങ്ങളോ പ്രയാസങ്ങളോ ഉണ്ടെങ്കിലും അതിനൊക്കെയുള്ള പരിഹാരം ആത്മഹത്യയല്ല എന്ന് ബോധ്യപ്പെടുത്താൻ സമൂഹത്തിന് ചുമതലയുണ്ട്. ഒരു ആത്മഹത്യാ വാർത്തയെങ്കിലും ഇല്ലാത്ത ഒരു ദിവസംപോലും നമ്മുടെ പത്രമാധ്യമങ്ങൾക്കില്ല. ഓരോ 40 സെക്കന്റിലും ലോകത്തൊരാൾ ആത്മഹത്യ ചെയ്യുന്നുണ്ടെന്നു കണക്കാക്കുന്നു. ഭാരതത്തിലാവട്ടെ, ഓരോ 5 മിനിറ്റിലും ഒരു ആത്മഹത്യ നടക്കുന്നു. കൂടാതെ ഇവയിൽ മൂന്നിലൊന്ന് വ്യക്തികളും 15 നും 30 നും ഇടയ്ക്കു പ്രായമുള്ള യുവജനങ്ങളാണ്. ഭാരതത്തിലെ സംസ്ഥാനങ്ങളുടെ ജനസംഖ്യാനുപാതികമായി നോക്കിയാൽ ആത്മഹത്യാനിരക്ക് ഏറ്റവും കൂടുതൽ ഉള്ളത് കേരളത്തിലാണെന്ന് കാണാൻ സാധിക്കും. 2005 ലെ
കണക്കു പരിശോധിച്ചാൽ ഭാരതത്തിൽ ആ വർഷം ഉണ്ടായ 1,13,914 ആത്മഹത്യകളിൽ 8.1 ശതമാനം (9244) എണ്ണം കേരളത്തിലായിരുന്നു.
കഴിഞ്ഞ കുറെ വർഷങ്ങളായി നമ്മുടെ നാട്ടിൽ കാണുന്ന ദുഷിച്ച പ്രവണതയാണ്
‘കൂട്ട ആത്മഹത്യകൾ’ അല്ലെങ്കിൽ കുടുംബസമേതമുള്ള ആത്മഹത്യകൾ. ഒരു കുടുംബം മുഴുവൻ ദാരുണമായി ഇല്ലാതാകുന്ന അവസ്ഥ. കുഞ്ഞുങ്ങളെ വളരെ ക്രൂരമായി കൊലപ്പെടുത്തിയതിനുശേഷം മാതാപിതാക്കൾ ആത്മഹത്യ ചെയ്യുന്നതോടുകൂടി ഒരു കുടുംബം മുഴുവൻ കുരുതിക്കളമാകുന്ന സങ്കടകരമായ കാഴ്ച കേരളത്തിൽ ഇന്ന് ഏറെ പരിചിതമായിരിക്കുന്നു. മരണത്തിൽ കാണിക്കുന്ന ഈ സ്‌നേഹവും ഒത്തൊരുമയും ആത്മഹത്യ ചെയ്യാനുള്ള ധൈര്യവും പ്ലാനിംഗും ജീവിതം കരുപ്പിടിപ്പിക്കുന്നതിലും പ്ലാൻ ചെയ്യുന്നതിലും ഉണ്ടായിരുന്നെങ്കിൽ
ആത്മഹത്യാനിരക്ക് ഇത്രയും ഉയരുകയില്ല എന്ന് തോന്നിപ്പോകാറുണ്ട്.
മലയാളത്തിന്റെ പ്രിയ കവയിത്രി സുഗത കുമാരി ടീച്ചർ പറയുന്നത് മലയാളി മരണവുമായി പ്രണയത്തിലാണെന്നാണ്. ഏറ്റവും കൂടുതൽ ആത്മഹത്യകൾ നടക്കുന്ന, ഏറ്റവും അധികം മദ്യം കുടിക്കുന്ന, ഏറ്റവുമധികം റോഡപകടങ്ങളിൽ ജീവൻ പൊലിയുന്ന ഒരു നാടായി ഈ സുന്ദരനാട് മാറുന്നു എന്നുള്ളത് നമ്മെ പ്രയാസപ്പെടുത്തുന്ന യാഥാർത്ഥ്യമാണ്. അതുപോലെ തന്നെ കൂടുതൽ
തട്ടിപ്പുകൾക്ക് ഇരയാകുന്നതിലും, കപട സദാചാരബോധത്തിൽ ജീവിക്കുന്നതിലും,
രാഷ്ട്രീയാതിപ്രസരത്തിൽ പരസ്പരം പോരടിക്കുന്നതിലും, ഭക്തിമൂത്ത് വൈകാരിക ആത്മീയാനുഭൂതിക്കായി ആൾദൈവങ്ങളിലും ആരാധനാകേന്ദ്രങ്ങളിലും അമിതമായി വിശ്വസിക്കുന്നതിലും മലയാളി ഒട്ടും പിന്നിലല്ല. അതിനൊരു കാരണമായി തോന്നുന്നത് ജീവിതത്തിലെ യാഥാർത്ഥ്യങ്ങളെ അതായിരിക്കുന്ന രീതിയിൽ മനസ്സിലാക്കാൻ മലയാളി പരാജയപ്പെടുന്നതാണെന്നാണ്. ഉള്ളതുകൊണ്ട് തൃപ്തിപ്പെട്ടു ജീവിക്കാനും സഹനങ്ങളും കഷ്ടപ്പാടുകളും ജീവിതത്തിന്റെ
ഭാഗമാണെന്ന് മനസ്സിലാക്കാനും പരാജയപ്പെടുന്നു. ദുരഭിമാനവും പ്രകടനപരതയും
യഥാർത്ഥ ലോകത്തിൽ നിന്നും മാറി സാങ്കല്പിക ലോകത്തിൽ ജീവിക്കാൻ മലയാളിയെ പലപ്പോഴും പ്രേരിപ്പിക്കുന്നു. കുടുംബ പ്രശ്‌നങ്ങളും, വ്യക്തിബന്ധ
ങ്ങളിലെ പ്രശ്‌നങ്ങളും കടബാധ്യതയും, മാനസിക പ്രശ്‌നങ്ങളും, രോഗങ്ങളും, കുട്ടി
കളുടെ പ്രണയ നൈരാശ്യവും പരീക്ഷയിലെ തോൽവിയുമെല്ലാം ആത്മഹത്യയിലേക്കു നയിക്കുന്ന വിവിധ കാരണങ്ങളാണ്. ജീവിതത്തിലെ ഏതു പ്രശ്‌നങ്ങളെയും ധീരമായി നേരിടാനും അവയെ അതിജീവിക്കാനും
സഹായിച്ചുമാണ് ആത്മഹത്യയുടെ വക്കിൽ നിൽക്കുന്നവരെ തിരിച്ചുകൊണ്ടുവരേണ്ടത്. അതുപോലെ ചെറുപ്പം മുതലേ കുഞ്ഞുങ്ങളേയും ഇത്തരത്തിൽ പ്രതിസന്ധികളെയും പരാജയങ്ങളെയും നേരിടാൻ പരിശീലിപ്പിക്കുന്നതും പ്രയോജനകരമാകും. ജീവനാണ് മനുഷ്യന് ലഭിക്കുന്ന ഏറ്റവും
വലിയ ദാനം. ഒരാളുടെ ജീവനും അയാൾ സ്വന്തമായി ഉണ്ടാക്കിയെടുക്കുന്നതല്ല, അയാൾക്കത് ലഭിക്കുന്നതാണ്. ദാനമായി കിട്ടിയ ജീവനെ വളർത്താനും സംരക്ഷിക്കാനും അതു സമൂഹത്തിന്റെ നന്മയ്ക്കായി സമർപ്പിക്കാനും നന്മ ചെയ്യാനും എല്ലാ മനുഷ്യനും കടമയുണ്ട്. ജീവൻ നൽകിയ ദൈവത്തെ സ്‌നേഹിച്ചും ദൈവത്തിൽ ആശ്രയിച്ചും എല്ലാ പ്രയാസങ്ങളെയും നേരിടാനുള്ള ഒരു
ആത്മീയ ജീവിതവും ആത്മവിശ്വാസവും സ്വന്തമാക്കുന്നത് ആത്മഹത്യയ്ക്ക് ഒരു മറുമരുന്നാണ്.
ഉപസംഹാരം
ജീവനെതിരെയുള്ള വെല്ലുവിളികളെക്കുറിച്ച് പറയുമ്പോൾ കൊലപാതകം എന്ന ഒരു
പ്രത്യേക തലക്കെട്ട് നല്കാതിരുന്നത് ഭ്രൂണഹത്യയും, ദയാവധവും, ആത്മഹത്യയുമെല്ലാം ക്രൂരമായ കൊലപാതകം തന്നെയാണെന്ന
കാര്യത്തിൽ സംശയമില്ലാത്തതുകൊണ്ടാണ്. എത്ര ന്യായീകരിച്ചാലും എന്തൊക്കെ പേരിട്ടുവിളിച്ചാലും ഏതെല്ലാം നിയമത്തിന്റെ പിൻബലമുണ്ടെങ്കിലും എത്ര ഭൂരിപക്ഷം ആളുകൾ അനുകൂലിച്ചാലും സ്വന്തം ജീവനോ മറ്റൊരാളുടെ ജീവനോ മനഃപൂർവ്വം ഇല്ലാതാക്കുന്നതിന് കൊലപാതകം എന്നല്ലാതെ മറ്റൊരു പേരും ചേരില്ല.
മതതീവ്രവാദികളും വർഗ്ഗീയവാദികളും വർഗ്ഗസമരവാദികളും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പ്രത്യയശാസ്ത്രങ്ങളുടെയും പേരിൽ എത്ര ക്രൂരമായാണ് മനുഷ്യജീവനെ ഇല്ലാതാക്കുന്നതെന്ന് അടുത്ത കാലത്തെ കൊലപാതക പരമ്പരകൾ ശ്രദ്ധിച്ചാൽ മനസ്സിലാകും. തങ്ങളുടെ മതവിശ്വാസത്തിനും രാഷ്ട്രീയത്തിനുമനുസരിച്ചുമാത്രം മനുഷ്യജീവനു വില കല്പിക്കുന്ന ഇക്കൂട്ടരാണ് മനുഷ്യജീവന്റെ ഏറ്റവും വലിയ ശത്രുക്കൾ. മരണസംസ്‌കാരത്തിന്റെ ഇത്തരം വക്താക്കളാണ് ജീവന്റെ വിലയും മഹത്വവും നഷ്ടപ്പെടുത്തുന്ന എല്ലാത്തരം പ്രവണതകളിലേക്കും മനുഷ്യനെ വലിച്ചിഴയ്ക്കുന്നത്. മനുഷ്യനായിരിക്കുന്നു എന്നതുമാത്രമാണ് മനുഷ്യജീവന്റെ വില. ഏത് ജാതി, മതം, വർഗ്ഗം, വർണ്ണം, ലിംഗം, പ്രത്യയശാസ്ത്രം എന്നതൊന്നും ആത്യന്തികമായി ജീവന്റെ വില കൂടാനോ കുറയാനോ കാരണമാകാൻ പാടില്ല. എല്ലാ മനുഷ്യരും ദൈവത്തിന്റെ സൃഷ്ടിയും അവിടുത്തെ ഛായയും സാദൃശ്യവും എന്ന് തിരിച്ചറിഞ്ഞ് ദമ്പതികൾ പരസ്പരം
സ്വയം ദാനമായി നല്കുന്ന ദാമ്പത്യസ്‌നേഹത്തിലൂടെ ദൈവം നല്കുന്ന ജീവനെ സ്വീകരിക്കാനും സംരക്ഷിക്കാനും വളർത്താനും മാത്രമാണ് മനുഷ്യന് അവകാശമുള്ളത്. ആ ജീവനെ ഏതവസ്ഥയിലും പ്രത്യേകിച്ച് ഏറ്റവും
നിസ്സഹായമായ അവസ്ഥയിലും, സ്വാഭാവികമായി അവസാനിക്കുംവരെ ചേർത്തുപിടിക്കാനും സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം മനഃസാക്ഷിയുള്ള മനുഷ്യന്റെ ചുമതലയാണ്. അതാണ് യഥാർത്ഥ ജീവന്റെ സംസ്‌കാരം.
ജീവൻ പോയാൽ എല്ലാം പോയി എന്നുപറയുന്നതുപോലെ ജീവന്റെ മഹത്വവും വിലയും നഷ്ടപ്പെടുത്തിയിട്ട് എന്തെല്ലാം ഉണ്ടായിട്ടും പ്രയോജനമില്ല എന്നു തിരിച്ചറിയാൻ ദൈവം കൃപ തരട്ടെ.