
ഫാ. ഡോ. ജയിംസ് പുലിയുറുമ്പില്‍
‘ചരിത്രത്തിന്റെ പിതാവ്’ എന്നറിയപ്പെടുന്ന ഹെറൊഡോട്ടസ് (മിശിഹായ്ക്ക് മുമ്പ്
484-425) തന്റെ വിശ്വപ്രസിദ്ധമായ ‘ദി ഹിസ്റ്ററീസ്’ എന്ന ഗ്രന്ഥത്തില്‍ ഇന്ത്യയെ
വിശേഷിപ്പിക്കുന്നത് ‘ലോകത്തിന്റെ അതിര്‍ത്തിരാജ്യ’മെന്നാണ്. ഈ പുസ്തകത്തിന്റെ മൂന്നാം ഭാഗമായ ‘തലൈയ’യില്‍ ഇന്ത്യയെക്കുറിച്ചു മറ്റനേകം മഹത്കാര്യങ്ങള്‍ പറയുന്നകൂട്ടത്തിലാണ് ”അന്നറിയപ്പെടുന്ന ലോകത്തിന്റെ അതിര്‍ത്തിയില്‍, ഉദയസൂര്യനോടു ചേര്‍ന്നു കിടക്കുന്ന വലിയ, ജനനിബിഡമായ
സമ്പന്നരാജ്യമാണ് ഇന്ത്യ” എന്ന് എഴുതുന്നത് (തലൈയ, അധ്യായം ഒന്‍പത്).
മിശിഹായ്ക്ക് മുന്‍മ്പുള്ള കാലത്തെപൊതുവായ ചിന്തയായിരുന്നു, മധ്യധരണ്യാഴി പ്രദേശം ലോകത്തിന്റെ മധ്യത്തിലും ഇന്ത്യ ലോകത്തിന്റെ അതിര്‍ത്തിയിലുമാണ്
എന്നത്. ‘ജറുസേലമിലും യൂദയായിലും സമറിയായിലും ലോകത്തിന്റെ അതിര്‍ത്തികള്‍വരെയും നിങ്ങള്‍ എനിക്ക് സാക്ഷികളാകണം’ (അപ്പ. പ്രവ. 1: 8) എന്ന് ഈശോ തന്റെ ശിഷ്യരെ ഉദ്‌ബോധിപ്പിക്കുമ്പോള്‍ യൂദയായിലെ ജറുസലേത്തു തുടങ്ങി – യഹൂദചിന്തയനുസരിച്ച് ഭൂമിയുടെ കേന്ദ്രമാണു ജറുസലം – അതിര്‍ത്തിയിലുള്ള ഇന്ത്യ വരെ സുവിശേഷം പ്രസംഗിക്കപ്പെടണമെന്ന് ഈശോ ഉദ്ദേശിച്ചിരുന്നു എന്ന് അനുമാനിക്കുന്ന ചരിത്രകാരന്മാരുണ്ട്.
ഭാരതയാത്രയുടെ ആരംഭം
മിശിഹായുടെ ശിഷ്യനായ തോമസ് സുവിശേഷപ്രചാരണത്തിനായി ഇന്ത്യയിലേക്കു
വന്നപ്പോള്‍ തന്റെ ഗുരുവിന്റെ വചനങ്ങള്‍ അക്ഷരശ്ശഃ അനുവര്‍ത്തിക്കുകയായിരുന്നു. ക്രിസ്തുവര്‍ഷം 220 നും 230 നും ഇടയില്‍ രചിക്കപ്പെട്ട ‘മാര്‍തോമായുടെ നടപടികള്‍’ ഒന്നാം അധ്യായത്തില്‍ തോമായുടെ ഭാരതയാത്രയുടെ ആരംഭം കൃത്യമായി വിവരിക്കുന്നുണ്ട്. മിശിഹായുടെ സുവിശേഷം ലോകം
മുഴുവന്‍ അറിയിക്കാനുള്ള പ്രേഷിതദൗത്യം (മത്താ 28:14) അപ്പസ്‌തോലന്മാര്‍ സന്തോഷത്തോടെ ഏറ്റെടുത്തതുകൊണ്ടാണ്, പന്തക്കുസ്തായോടുകൂടി പരിശുദ്ധാത്മാവിനെ സ്വീകരിച്ച് ശക്തരായ ശിഷ്യന്മാര്‍, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു ധൈര്യപൂര്‍വം പോകുന്നത്. അങ്ങനെയാണ് പത്രോസ്
അന്ത്യേക്യായിലേക്കും റോമിലേക്കും യോഹന്നാന്‍ എഫേസൂസിലേക്കും ഫിലിപ്പോസ് സമറിയായിലേക്കും യാക്കോബ് സ്‌പെയിനിലേക്കുമൊക്കെ പോകുന്നത്.
അന്നു വടക്കേ ഇന്ത്യ ഉള്‍പ്പെടുന്ന പാര്‍ഥിയാ രാജ്യം ഭരിച്ചിരുന്ന ഗുണ്ടഫറസിന്റെ
പ്രതിനിധിയായ ഹബ്ബാന്റെ കൂടെയാണ് തോമസ് ഇന്ത്യയിലെത്തുന്നത്. ഫര്‍ക്കാര്‍ (The Apostle Thomas in India), കണ്ണിംഗ്ഹാം (Ancient Geography of India) തുടങ്ങിയ വിദേശ ചരിത്രകാരന്മാരുടെ പഠനത്തിന്റെ വെളിച്ചത്തില്‍ ക്രിസ്തുവര്‍ഷം 42 നും 49 നും ഇടയിലാണ് തോമസ് വടക്ക്-പടിഞ്ഞാറ് ഇന്ത്യയില്‍ പ്രേഷിതവേല ചെയ്തത്. ‘മാര്‍തോമായുടെ നടപടി’കളെപ്പറ്റിയുള്ള ആഴമായ പഠനത്തിന്റെയും ഗുണ്ടഫറസിന്റെ പേരില്‍ ലഭ്യമായ നാണയങ്ങളെപ്പറ്റിയുമുള്ള പഠന
ത്തിന്റെയും വെളിച്ചത്തിലാണ് ഇവരുടെ ഈ നിഗമനങ്ങള്‍. 49 -ല്‍ കുഷാനന്‍മാരുടെ ആക്രമണത്തെത്തുടര്‍ന്ന് ഗുണ്ടഫറസിന്റെ സ്ഥാനം നഷ്ടപ്പെടുകയും തോമസ് ജറുസലത്തേക്കു തിരിച്ചുപോവുകയും ചെയ്തു. ജറുസലം കൗണ്‍സിലില്‍ പങ്കെടുത്തശേഷം ക്രിസ്തുവര്‍ഷം 52-ല്‍ തോമസ് വീണ്ടും ഇന്ത്യയില്‍ കപ്പലിറങ്ങുന്നതു കൊടുങ്ങല്ലൂരാണ്. (റമ്പാന്‍ പാട്ട് 22-ാം പാദത്തില്‍ പറയുന്ന മാല്യങ്കര കൊടുങ്ങല്ലൂരാണ്). ‘മാര്‍തോമായുടെ നടപടികള്‍’ ഏഴു മുതല്‍ പതിമൂന്നു വരെയുള്ള അധ്യായങ്ങള്‍ തോമാശ്ലീഹായുടെ തുടര്‍ന്നുള്ള കേരളത്തിലെ – അന്ന് തമിഴകത്തിന്റെ ഭാഗമായിരുന്ന – പ്രേഷിത പ്രവര്‍ത്തനത്തെ വിവരിക്കുന്നുണ്ട്.
മുസിരിസ്
ക്രിസ്തുവര്‍ഷം ആദ്യനൂറ്റാണ്ടുകളില്‍ ഇന്ത്യയിലെ ഏറ്റവും പ്രധാന തുറമുഖപട്ടണമായിരുന്നു, പിന്നീട് കൊടുങ്ങല്ലൂരായി അറിയപ്പെട്ട മുസിരിസ്. അതുകൊണ്ടാണ് റോമന്‍ ചരിത്രകാരനായ പ്ലീനി (ക്രിസ്തുവര്‍ഷം 23-79) തന്റെ ‘നാച്യുറല്‍ ഹിസ്റ്ററി’ എന്ന ഗ്രന്ഥത്തില്‍ ഈ പട്ടണത്തെ ‘ഇന്ത്യയിലെ ഏറ്റവും പ്രധാനപട്ടണം’Premium Emporium Indiae) എന്നു വിശേഷിപ്പിക്കുന്നത്. അക്കാലത്തെ റോമന്‍ ചരിത്രകാരന്മാരായ സ്ട്രാബോ (ജിയോഗ്രഫി), അരിയാന്‍ (ഇന്‍ഡിക്ക), ടോളമി (ജിയോഗ്രഫി) എന്നിവരും ഈ പട്ടണത്തെക്കുറിച്ച് വിവരിക്കുന്നുണ്ട്. മുസിരിസിനെ മെഡിറ്ററേനിയന്‍ ലോകത്തെ പ്രധാന പട്ടണമായ അലക്‌സാണ്ട്രിയായു
മായി ബന്ധിപ്പിക്കുന്ന വ്യാപാരമാര്‍ഗത്തെപ്പറ്റിയും (Alexandria Muziris route) ഈ ഗ്രന്ഥ
കാരന്മാരെല്ലാം എഴുതുന്നുണ്ട്. ക്രിസ്തുവര്‍ഷം ആദ്യനൂറ്റാണ്ടില്‍ റോമും മലബാറും തമ്മിലുണ്ടായിരുന്ന വ്യാപാരബന്ധവും അന്നത്തെ കേരളത്തിലെ മുസിരിസ്,
പുറക്കാട്, നിരണം തുടങ്ങിയുള്ള വ്യാപാര കേന്ദ്രങ്ങളും വിവരിക്കുന്ന അന്നത്തെ ഒരു
പ്രധാന ഗ്രന്ഥമാണ് ‘പെരിപ്ലസ് ഓഫ് ദി എരിത്രിയന്‍ സീ’ എന്നത്. ഈ ഗ്രന്ഥങ്ങളും ‘മാര്‍ തോമായുടെ നടപടി’കളുടെ ഏഴു മുതലുള്ള അധ്യായങ്ങളും കൂട്ടിവായിക്കുമ്പോള്‍ മാര്‍ തോമാശ്ലീഹായുടെ കേരളത്തിലെ പ്രേഷിതപ്രവര്‍ത്തനം കൂടുതല്‍ വ്യക്തമാകും. ക്രിസ്തുവിനു മുമ്പ് 73-ല്‍ റോമന്‍ ചക്രവര്‍ത്തി പൊംപെയ് ജറുസലം ആക്രമിച്ച് യൂദയാ റോമാസാമ്രാജ്യത്തിന്റെ ഭാഗമാക്കിയതുമൂലം
ധാരാളം യഹൂദര്‍ റോമന്‍ വാണിജ്യബന്ധത്തിന്റെ ഭാഗമായി മുസിരിസ് തുടങ്ങിയുള്ള വ്യാപാരകേന്ദ്രങ്ങളിലുണ്ടായിരുന്നു. അവരുടെ ഇവിടെയുള്ള സാന്നിധ്യം തോമസിന്റെ പ്രേഷിതപ്രവര്‍ത്തനത്തിനു സഹായമായിട്ടുണ്ട് എന്നു മാത്രമല്ല ആദ്യത്തെ ക്രൈസ്തവരും മറ്റെല്ലാ രാജ്യങ്ങളിലെന്നതുപോലെ കേരളത്തിലും യഹൂദരായിരുന്നു. കേരളത്തിലെ തോമാശ്ലീഹായുടെ പ്രേഷിതപ്രവര്‍ത്തനത്തിന്റെ ആധികാരിക തെളിവുകള്‍ സഭാപിതാക്കന്മാരുടെ കൃതികളില്‍ (രണ്ടു മുതല്‍ ഏഴു വരെയുള്ള നൂറ്റാണ്ടുകളില്‍) കാണാനാവും. ഒരിജന്റെ (ക്രിസ്തുവര്‍ഷം 186-255) Commentary on Genesis, ഗ്രിഗറി നസിയാന്‍സന്റെ (329390) Contro Arianos, അംബ്രോസിന്റെ (333397) De Moribus Brahmanorum, ക്രിസോസ്റ്റോമിന്റെ (347407) Homily 26, അലക്‌സാണ്ട്രിയായിലെ ക്ലെമന്റിന്റെ (140215) Stromata, ടൂര്‍സിലെ വിശുദ്ധ ഗ്രിഗറിയുടെ (538593) Miraculum Liber, സെവിലിലെ ഇസിഡോറിന്റെ (560636) De Ortu et Obitu Patrem, വിശുദ്ധ അപ്രേമിന്റെ (306373) Carmina Nisibena, വിശുദ്ധ ജറോമിന്റെ (340420) De Viris Illustribus, Epistolaad Dardanum തുടങ്ങിയവയെല്ലാം ഇതിനുദാഹരണങ്ങളാണ്. തോമാശ്ലീഹായുടെ മൈലാപ്പൂരിലെ കബറിടത്തെപ്പറ്റി കൃത്യമായി വിവരിക്കുന്നവരാണു മാര്‍ അപ്രേമും വിശുദ്ധ ക്രിസോസ്റ്റോമും വിശുദ്ധ ജെറോമും വിശുദ്ധ ഗ്രിഗറിയുമൊക്കെ. തോമാശ്ലീഹായുടെ തിരുശേഷിപ്പ് എദേസായിലേക്കു കൊണ്ടുപോകുന്നതിനെപ്പറ്റി വളരെ കൃത്യമായി പ്രതിപാദിക്കുന്ന സഭാപിതാവാണു മാര്‍ അപ്രേം.
സഭാചരിത്രത്തില്‍ കാണുന്നതു ക്രൈസ്തവസമൂഹങ്ങള്‍ രൂപപ്പെടുന്നത് ആദ്യം പട്ടണങ്ങളിലാണ് എന്നാണ്. കേരളത്തിലും കൊടുങ്ങല്ലൂര്‍, കൊല്ലം, പാലയൂര്‍, നിരണം, കോക്കമംഗലം, പറവൂര്‍, നിലയ്ക്കല്‍ തുടങ്ങിയ ഏഴു പ്രധാന പട്ടണങ്ങളിലാണു ക്രൈസ്തവസമൂഹങ്ങള്‍ക്കു തോമാശ്ലീഹ രൂപം കൊടുക്കുന്നത്. ഇവിടെയെല്ലാം യഹൂദസാന്നിധ്യം ഉണ്ടായിരുന്നുവെന്നു ചരിത്രംതന്നെ തെളിയിക്കുന്നു. ഇതില്‍ കൂടുതല്‍ പട്ടണങ്ങളില്‍ ശ്ലീഹാ സഭാസമൂഹങ്ങള്‍ക്കു രൂപംകൊടുത്തിട്ടുണ്ടാകണം. എങ്കിലും വിശുദ്ധ പൗലോസ് സ്ഥാപിച്ച ഏഴു സഭകള്‍ എന്നപോലെ, ഏഴിന്റെ പ്രാധാന്യം പരിഗണിച്ച് ‘ഏഴു സഭാസമൂഹങ്ങള്‍’ എന്നു പറയുന്നതാണ്. തോമാശ്ലീഹായില്‍നിന്നു മാമ്മോദീസാ സ്വീകരിച്ച കള്ളി, കാളികാവ്, ശങ്കരപുരി, പകലോമറ്റം തുടങ്ങിയ കുടുംബക്കാര്‍ ഇപ്പോഴും നിലനില്‍ക്കുന്നത് പ്രത്യേകം എടുത്തുപറയേണ്ട കാര്യമാണ്.
മാര്‍തോമാ ക്രിസ്ത്യാനികള്‍ ‘മാര്‍തോമാ ക്രിസ്ത്യാനികള്‍’ എന്നാണ് ഇന്നാട്ടിലെ ക്രൈസ്തവര്‍ എന്നും അറിയപ്പെട്ടിരുന്നത് എന്നു കാണിക്കുന്ന പാശ്ചാത്യ മിഷനറിമാരുടെ രേഖകള്‍ ധാരാളം ലഭ്യമാണ്. ഇവയ്‌ക്കെല്ലാമുപരിയായി നിലകൊള്ളുന്ന ഏറ്റവും പ്രധാന തെളിവ് തോമാശ്ലീഹായുടെ മൈലാപ്പൂരിലെ കബറിടമാണ്. റോമില്‍ വിശുദ്ധ പത്രോസിന്റെയും സാന്റിയാഗോയില്‍ (സ്‌പെയിന്‍) വിശുദ്ധ യാക്കോബിന്റെയും കബറിടത്തിനു മുകളിലുള്ള ബസിലിക്കകള്‍ പോലെ മൈലാപ്പൂരില്‍ വിശുദ്ധ തോമാശ്ലീഹായുടെ കബറിടത്തിനു മുകളില്‍ പണിതിരിക്കുന്ന ബസിലിക്കയും ഈ അപ്പസ്‌തോലന്റെ സ്മരണ ശാശ്വതമാക്കുന്നു. മധ്യകാലഘട്ടത്തില്‍ മൈലാപ്പൂര്‍ കബറിടം സന്ദര്‍ശിക്കാനെത്തിയ വിദേശീയരുടെ നീണ്ട പട്ടിക ചരിത്രപുസ്തകങ്ങളില്‍ ലഭ്യമാണ്; മാര്‍ക്കോപോളോയും മരിഞ്ഞോളിയും കത്തലാനിയുമൊക്കെ ഇവരില്‍ പ്രമുഖരാണ്. എല്ലാ സഭകളുടെയും കലണ്ടറുകളില്‍ ഇന്ത്യന്‍ അപ്പസ്‌തോലനായ തോമാശ്ലീഹായെ അനുസ്മരിക്കുന്ന ദിവസങ്ങളും ലിറ്റര്‍ജികളില്‍ ധാരാളം പ്രാര്‍ഥനകളും കാണാനാകും. കേരളസഭയെ സംബന്ധിക്കുന്ന എല്ലാ റോമന്‍, കാല്‍ഡിയന്‍, പോര്‍ച്ചുഗീസ് രേഖകളും മാര്‍തോമാക്രിസ്ത്യാനികളുടെ ഉത്ഭവം വിശുദ്ധ തോമാശ്ലീഹായാലാണ് എന്ന് എടുത്തുപറയുന്നത് ശ്രദ്ധാര്‍ഹമായ ഒരു കാര്യമാണ്. 1972-ല്‍ തോമാശ്ലീഹായെ ഭാരതത്തിന്റെ അപ്പസ്‌തോലനായി പ്രഖ്യാപിച്ചതുവഴി തോമാശ്ലീഹായുടെ ഭാരത പ്രേഷിതത്വം മുദ്രവയ്ക്കപ്പെടുകയായിരുന്നു.