നിങ്ങൾക്കു റീത്താപ്പുണ്യവതിയെ അറിയാമോ ? അവളിലൂടെ നടന്ന അത്ഭുതങ്ങളുടെ ആധിക്യത്താൽ തിരുസ്സഭ അവളെ അസാധ്യകാര്യങ്ങളുടെ മാധ്യസ്ഥയായി (Saint of the Impossible) ആദരിച്ചു പോരുന്നു.
ഈ പുണ്യവതിയുടെ കഥ ആദ്യന്തം രോമാഞ്ച ജനകവും ഉത്തേജകജനകവുമാണ്. ഇതൊരു വീട്ടമ്മയുടെ കഥയാണ്; ഒരു വിധവയുടെ കഥയാണ്; ഒരു സന്ന്യാസിനിയുടെ കഥയുമാണ്. ഇന്നും എന്നും പ്രസക്തമായ ആ വിശുദ്ധ
ജീവിതത്തിലേക്ക് നമുക്ക് കടന്നു ചെല്ലാം.
ജനനം, ബാല്യം, വിവാഹം
ഇറ്റലിയിലെ റോക്കാ പൊറേന (Roccaporena) എന്ന സ്ഥലത്തു 1386-ൽ റീത്ത ജനിച്ചു. ‘മർഗരീത്താ’ എന്ന മാമ്മോദീസാപ്പേര് ലോപിച്ചാണ് ‘റീത്താ’ എന്ന പേരുണ്ടായത്. 1456-ൽ കാഷ്യായിൽ വച്ച് അന്തരിക്കുന്നതുവരെ ജീവിതത്തിന്റെ കനൽവഴികളിലും സുക്യതസരണികളിലും അവൾ സഞ്ചരിച്ചു.
ഒരു സന്ന്യാസിനിയാകാൻ അവൾ തീവ്രമായി അഭിലഷിച്ചിരുന്നു. അവളുടെ മാതാപിതാക്കൾ അതിനെ എതിർക്കുകയും, ക്രുരനും മദ്യപാനിയുമായ ഒരു മനുഷ്യനെക്കൊണ്ട് അവളെ വിവാഹം ചെയ്യിക്കുകയും ചെയ്തു.
കുടുംബജീവിതം
സുന്ദരിയും സുശീലയുമായ റീത്ത ഭർത്താവിൽ നിന്നുള്ള പീഡനങ്ങൾ ക്ഷമയോടെ സഹിച്ചു. അയാളുടെ മാനസാന്തരത്തിനായി അവൾ നിരന്തരം പ്രാർത്ഥിച്ചു. അവസാനം അയാൾ മാനസാന്തരപ്പെടുക തന്നെ ചെയ്തു. അധികം താമസിയാതെ ഒരു വനത്തിൽ വച്ചു അയാൾ വധിക്കപ്പെട്ടു. വിധവയായിത്തീർന്ന റീത്താ തന്റെ ഭർത്താവിന്റെ ഘാതകനോടു ക്ഷമിച്ചു. എന്നാൽ അവളുടെ രണ്ട് പുത്രന്മാർ പിതൃഘാതകനോടു പകരം വീട്ടാൻ തീരുമാനിച്ചു. ഇതറിഞ്ഞ റീത്ത കൊലപാതകം ചെയ്യും മുമ്പ് അവരെ മരിപ്പിക്കേണമേ എന്നു പ്രാർത്ഥിച്ചു. വീണ്ടും പുണ്യവതിയുടെ പ്രാർത്ഥന ഫലമണിഞ്ഞു. മക്കൾ രണ്ടും മാനസാന്തരപ്പെട്ട്-മാരക പാപം ചെയ്യാതെ-സമാധാനത്തിൽ മരിച്ചു. അവൾ ഏകാകിനിയായി, വിധവയായി, അനാഥയായി ജീവിതം തുടർന്നു.
സന്യാസജീവിതം
അന്ന് പുണ്യവതിക്ക് 30 വയസ്സുമാത്രം. കാഷ്യായിലെ അഗസ്റ്റീനിയൻ മഠത്തിൽ ചേരാൻ ആഗ്രഹിച്ചുകൊണ്ട് അവൾ ഒന്നിലധികം പ്രാവശ്യം അപേക്ഷിച്ചു. അവളുടെ അപേക്ഷകൾ അധികാരികൾ നിരസിച്ചു. വളഞ്ഞവരയിലൂടെ നേരേ എഴുതുന്ന ദൈവം ഒടുവിൽ തന്റെ ദാസിയുടെ ആഗ്രഹം നിറവേറ്റാൻ തിരുമനസ്സായി.
1417-ൽ ഒരു രാത്രി പുണ്യവതി പ്രാർത്ഥിച്ചുകൊണ്ടിരിക്കുമ്പോൾ വിശുദ്ധ അഗസ്റ്റിനും, സ്‌നാപകയോഹന്നാനും, ടൊളന്തീനോയിലെ വിശുദ്ധ നിക്കൊളോസും വന്ന് റീത്തായെ മഠം വക കപ്പേളയിലാക്കി. രാവിലെ റീത്തായെ കണ്ട മഠത്തിലെ സഹോദരിമാർ വിസ്മയഭരിതരായി. അപ്പോഴും മഠത്തിന്റെ കവാടങ്ങൾ
തുറന്നിരുന്നുമില്ല. റീത്തയുടെ വാക്കുകൾ വിശ്വസിച്ച് മഠാധിപ അവളെ മഠത്തിൽ സ്വീകരിച്ചു. നൊവീഷ്യേറ്റ് മുതൽ റീത്താ സുക്യതജീവിതത്തിൽ അസാധാരണമായ തീക്ഷ്ണതയോടെ മുന്നേറി.
മുള്ളുകൊണ്ടൊരു മുറിവ്
ഈശോയുടെ പീഡാനുഭവങ്ങളോടുള്ള ഭക്തി പുണ്യവതിക്കു ഏറ്റം പ്രിയങ്കരമായിരുന്നു. 1442-ൽ കർത്താവിന്റെ പീഡാനുഭത്തെപ്പറ്റി ധ്യാനിച്ചുകൊണ്ടിരിക്കെ മഠത്തിന്റെ ഭിത്തിയിലെ ക്രൂശിതരൂപത്തിൽ നിന്ന്
ഏതാനും രശ്മികൾ അവളുടെ നെറ്റിയിൽ പതിച്ചു. മുൾക്കിരീടത്തിൽ നിന്നു ഒരു മുള്ളു പറന്നുവന്ന് റീത്തയുടെ നെറ്റിമേൽ തറച്ചു. അതുകൊണ്ടുണ്ടായ മുറിവ് ഉണങ്ങാൻ താമസിച്ചതുകൊണ്ട് എട്ടുവർഷത്തോളം അവൾ ഏകാകിനിയായി സ്വന്തം മുറിയിൽ കഴിഞ്ഞു. മുറിവ് പഴുത്ത് ദുർഗന്ധം വമിച്ചു കൊണ്ടിരുന്നു.
1450 ഒരു വിശുദ്ധവത്സരമായിരുന്നു. അക്കൊല്ലം സീയെന്നായിലെ ബർണാർഡിന്റെ
നാമകരണത്തിന് റോമിൽ പോകാൻ അവൾ അതിയായി ആഗ്രഹിച്ചു. ഉടനടി നെറ്റിയിലെ വ്രണം കരിഞ്ഞു. 144 കിലോമീറ്റർ നടന്ന് അവൾ റോമിലെത്തി. ബൊളോഞ്ഞായിലെ വിശുദ്ധ കാഥറിൻ, വിശുദ്ധ ജോൺ കാപ്പിസ്ട്രാൻ എന്നിവരോടൊപ്പം റീത്ത നാമകരണ ചടങ്ങിൽ പങ്കെടുത്തു. അതുകഴിഞ്ഞ് ഏഴാം
വർഷം അവൾ അന്തരിച്ചു. അത്ഭുതങ്ങൾ നിരവധി നടന്നു. തിരുസ്സഭ അവളെ അസാധ്യകാര്യങ്ങളുടെ മാധ്യസ്ഥയായി ആദരിച്ചുപോരുന്നു. സ്‌പെയിൻകാർക്ക് അവളോടു പ്രത്യേക ഭക്തിയുണ്ട്
നാമകരണം
1900 മെയ് 24 ന് ലെയോ 13-ാമൻ മാർപ്പാപ്പ റീത്തായെ വിശുദ്ധ പദവിയിലേക്ക് ഉയർത്തി.
ഉപസംഹാരം
ദൈവത്തിലുള്ള അചഞ്ചലമായ വിശ്വാസവും പ്രത്യാശയും അവിടുത്തോടുള്ള നിർവാജ്യമായ സ്‌നേഹവുമാണ് റീത്തായെ വിശുദ്ധയാക്കിയത്. പാപികൾക്കുവേണ്ടി, പ്രത്യേകിച്ച് കഠിനപാപികൾക്കുവേണ്ടി, നിരന്തര പ്രാർത്ഥിക്കാൻ ദൈവസ്‌നേഹം അവളെ നിർബന്ധിച്ചു. ഫാത്തിമായിലെ കുട്ടികൾക്കു മാതാവ് വെളിപ്പെടുത്തിയത് പോലെ ആരും പ്രാർത്ഥിക്കാനില്ലാത്തതുകൊണ്ട് ഏറെപ്പേർ നാശത്തിന്റെ വക്കിലൂടെ ചരിക്കുന്നുണ്ട്. പാപികൾക്കുവേണ്ടിയുള്ള പ്രാർത്ഥന, പ്രത്യേകിച്ച് കഠിനപാപികൾക്കുവേണ്ടിയുള്ള പ്രാർത്ഥന, നമ്മുടെ പ്രേഷിത ജീവിതത്തിന്റെ ഒരു ഭാഗമായിത്തീരണം. വിശുദ്ധറീത്തയെപ്പോലെ ദൈവൈക്യത്തിലും ദൈവസ്‌നേഹത്തിലും വളരാൻ ശ്രമിച്ചാൽ നമുക്കും വിശുദ്ധരായിത്തീരാം.