
ബിനു വെളിയനാടൻ
മുരിക്കുംമൂട്ടിൽ ഔതച്ചൻ കർമ്മനിരതനായി. ആളും അർത്ഥവുമായി വേമ്പനാട് കായലിലേയ്ക്കിറങ്ങി. അഞ്ഞൂറോളം തൊഴിലാളികളുമായി തുടങ്ങിയ പരിശ്രമം, ആഴ്ചകൾക്കൊണ്ട് മൂവായിരം കടന്നു. തെങ്ങുകീറി കായലിന്റെ അടിത്തട്ടിലേക്ക് കുത്തിയിറക്കി. മുളകീറി, തെങ്ങുകൾ തമ്മിൽ ബന്ധിപ്പിച്ചു. വേമ്പനാട് കായലിൽ വേലിക്കെട്ടുകൾ തീർത്തു. ഇരുപത് അടി ഉള്ളിലേക്ക് വീണ്ടും ഇതുപോലെ വേലികെട്ടി. ഈ രണ്ടു വേലിക്കെട്ടിനിടയ്ക്ക് ചെളി നിറച്ചുകൊണ്ട് അത് ഒരു വലിയ ചിറയായി രൂപാന്തരപ്പെടുത്തി. അങ്ങനെ ഒരു വലിയപ്രദേശം ചിറ കെട്ടിയടച്ചു. തുടർന്ന് ചിറക്കുള്ളിലെ വെള്ളം വറ്റിച്ചുകൊണ്ടിരുന്നു. ഒടുവിൽ വെള്ളത്തിനടിയിലെ ഭൂമി തെളിഞ്ഞു. അപ്പോൾ മഹാരാജാവ് നേരിട്ടെത്തി നെൽവിത്തെറിഞ്ഞു. അത് അൻപതും അറുപതും നൂറും മേനിയായി വിളഞ്ഞു. ജോലിക്ക് മുടക്കം കൂടാതെ കൂലി കൊടുത്തു. തന്റെ ജോലിക്കാർക്കായി ഉച്ചയ്ക്കുള്ള ഭക്ഷണം തൊട്ടടുത്തുള്ള ആർ ബ്ലോക്കിൽ പാകപ്പെടുത്തി വള്ളത്തിൽ
എത്തിച്ചുകൊടുത്തുകൊണ്ടിരുന്നു. അങ്ങനെ ആദ്യ സംരംഭം 1941 ൽ ശ്രീ ചിത്തിരതിരുനാളിന്റെ കാലത്ത് തുടക്കമിട്ടു. അതുകൊണ്ട് 900 ഏക്കർ കായലിന് മഹാരാജാവിന്റെ പേരിട്ടു. ചിത്തിരകായൽ! രണ്ടാമത്തെ കായൽ മാർത്താണ്ഡവർമയുടെ പേരിൽ 1945 ൽ ഉയർത്തി. അത് മാർത്താണ്ഡം കായൽ! അത് 652 ഏക്കറായിരുന്നു. മാർത്താണ്ഡം കായലിൽ ആദ്യവിത്ത് വിതയ്ക്കാൻ അമ്മ മഹാറാണി നേരിട്ടെത്തി. 1950 ൽ മൂന്നാമത്തെ കായൽ കുത്തി കൃഷി ഇറക്കിയപ്പോൾ റാണി കായൽ എന്ന് പേരിട്ടു. അതിന്റെ വിസ്തീർണം 600 ഏക്കർ ആണ്. ജലനിരപ്പിനു താഴെ കൃഷി ചെയ്തുകൊണ്ടുള്ള അത്ഭുതം കുട്ടനാട്ടിലും ഹോളണ്ടിലും മാത്രമേ ഉള്ളു. മൂന്ന് പതിറ്റാണ്ടുകാലം അദ്ദേഹം കൃഷിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു. പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു, ഇന്ദിരാഗാന്ധിയോടൊപ്പം കായൽ നിലങ്ങൾ സന്ദർശിച്ച് അഭിനന്ദിക്കുകയുണ്ടായി. ആത്മസുഹൃത്തായ മേനാന്തോട്ടം എം. കെ. തോമസുമായി, കുടുംബസമേതം 1960 ൽ
റോമിൽ പോയി പോപ്പ് ജോൺ ഇരുപത്തിമൂന്നാമനെ സന്ദർശിച്ചു. മുരിക്കുംമൂട്ടിൽ
ഔതച്ചൻ പുത്തൻപുര പഞ്ചാരയിൽ ഏലിയാമ്മയെയാണ് വിവാഹം കഴിച്ചിരുന്നത്. അവർ ഏഴ് ആൺമക്കൾക്കും ഒരു പെൺകുട്ടിക്കും ജന്മംനല്കി.
കുട്ടനാട്ടിൽ വിനോദസഞ്ചാരികൾക്ക് കാര്യമായ അറിവില്ലാത്ത നിരവധി സ്ഥല
ങ്ങളുണ്ട്. അത്തരത്തിലൊന്നാണ് ഉറച്ച വിശ്വാസിയും തികഞ്ഞ കത്തോലിക്കനുമായ
മുരിക്കൻ പണികഴിപ്പിച്ച ചിത്തിരപ്പള്ളി. ഏഴര പള്ളികൾ (ഏഴു വലിയ പള്ളിയും
ഒരു ചെറിയ പള്ളിയും) നിർമ്മിച്ചുകൊടുത്ത ജോസഫ് മുരിക്കനെ മാർപാപ്പ അനുഗ്രഹിച്ചു പറഞ്ഞു: ‘ഒന്നിനും മുട്ട് വരില്ല’. അവസാന കാലത്ത് തിരുവനന്തപുരത്ത് മകന്റെ വസതിയിലായിരുന്നു മുരിക്കൻ. 1972 ഡിസംബർ 9-ന്
മെഡിക്കൽ കോളേജ് ആശുപത്രിയിലെ ജനറൽ വാർഡിൽ വച്ച് 74-ാം വയസ്സിൽ മുരിക്കൻ അന്തരിച്ചു. പാളയം സെന്റ് മേരീസ്പള്ളി സെമിത്തേരിയിൽ അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്നു.