
ജോൺ ജെ. പുതുച്ചിറ
ഈശോ സംസാരിച്ച ഭാഷ എന്നതാണ് അറമായ ഭാഷയുടെ പ്രത്യേകത. അറമായ
യുടെ ഭാഷാഭേദമാണ് സുറിയാനി. അറമായ പൈതൃകം ഇന്ന് ഏറ്റവും പ്രധാനമായി സംരക്ഷിക്കപ്പെട്ടിരിക്കുന്നത് സുറിയാനി ആരാധനാഭാഷയായി ഉപയോഗിക്കുന്ന ക്രൈസ്തവ സഭകളിലാണ്. സുറിയാനി സഭാവിശ്വാസികൾ ലോകത്തിൽ ഏറ്റവും കൂടുതൽ ഉള്ളത് കേരളത്തിലാണ്. അവരിൽത്തന്നെ മുഖ്യഗണം സീറോ
മലബാർ സഭാവിശ്വാസികളാണ്. മറ്റൊരു സുറിയാനി സമൂഹത്തിനും സീറോമലബാർ
സഭയുടേതു പോലുള്ള ആഗോള സജീവ സാന്നിദ്ധ്യം അവകാശപ്പെടാനാവില്ല. അതിനാൽത്തന്നെ അറമായ സുറിയാനി പൈതൃകത്തിൽ മറഞ്ഞു കിടക്കുന്ന അമൂല്യനിധി പുറത്തുകൊണ്ടുവരുവാനും സംരക്ഷിക്കുവാനും വളർത്തുവാനും ഏറ്റവും കൂടുതൽ ചുമതലയും സാധ്യതയുമുള്ളത് സീറോമല
ബാർ സഭയ്ക്കാണ്. സുറിയാനി പൈതൃകത്തിന്റെ മഹത്വവും
പ്രാധാന്യവും മനസ്സിലാക്കി അതിനെ സ്‌നേഹിച്ചാദരിച്ചവരായിരുന്നു ഇവിടുത്തെ പുരാതന നസ്രാണി സമൂഹം എങ്കിലും സുറിയാനി ഭാഷാ പഠനകാര്യത്തിലും അറമായ സുറിയാനി പൈതൃകത്തിലെ വിപുലമായ സമ്പത്ത്
ഖനനം ചെയ്ത് പ്രയോജനപ്പെടുത്തുന്നതിലും കാര്യമായ പുരോഗതി ഉണ്ടായില്ലെന്ന് മാത്രമല്ല, സുറിയാനി ഭാഷാപഠനം ഏതാണ്ട് നാമാവശേഷമാവുകയും ചെയ്തു. ഒറ്റപ്പെട്ട പഠനങ്ങൾ നടക്കുന്നതൊഴിച്ചാൽ സുറിയാനി പൈതൃക സമ്പത്ത് വിശ്വാസികളെ സംബന്ധിച്ചിടത്തോളം അജ്ഞതയിൽ മറഞ്ഞുകിടക്കുകയാണ്.
ഈ അവസ്ഥയിൽ നിന്നൊരു മാറ്റം ലക്ഷ്യം വച്ചുള്ള എളിയ തുടക്കമാണ് നമ്മുടെ
ഇളംതലമുറയ്ക്ക് സുറിയാനി ഭാഷ പരിചയപ്പെടുത്തിക്കൊടുക്കുന്നതിനുള്ള പ്രാരംഭന
ടപടികൾ എന്ന നിലയിൽ ചങ്ങനാശ്ശേരി അതിരൂപത ഇപ്പോൾ കൈക്കൊണ്ടിരിക്കുന്നത്. അതിരൂപതാ മതബോധനവകുപ്പിന്റെ ആഭിമുഖ്യത്തിൽ സൺഡേസ്‌കൂൾ കുട്ടികൾക്കായി രണ്ട് പാഠപുസ്തകങ്ങൾ തയ്യാറാക്കുന്നു. പ്രാരംഭക്ലാസ്സുകളിലെ കുട്ടികൾക്കായി ‘സുറിയാനിക്കളരി’ എന്ന സുറിയാനി ബാലപഠമാണ് ഇതിലൊന്ന്. തികച്ചും ശ്രമകരമായ ഈ ദൗത്യത്തിനു പിന്നിൽ പ്രവർത്തിച്ച ഫാ. ജോബിൻ പെരുമ്പളത്തുശ്ശേരി, ഫാ. ജോൺ പ്ലാത്താനം എന്നിവർ പ്രത്യേക അഭിനന്ദനം അർഹിക്കുന്നു.