ദീർഘദർശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങൾ!

ഫാ. വർഗീസ് വള്ളിക്കാട്ട്‌

‘വാക്കുകൾ കൂട്ടിച്ചൊല്ലാൻ വയ്യാത്ത കിടാങ്ങളേ ദീർഘദർശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങൾ’ എന്നു പാടിയത് കവി വൈലോപ്പിള്ളിയാണ്. വാക്കുകൾ കൂട്ടിച്ചൊല്ലാൻ പ്രായമാകുന്നതിൻ മുൻപ്, ദീർഘദർശനം ചെയ്തു ഭാവിയെന്തെന്നു വ്യക്തമാക്കുന്ന ചില സമകാലിക കാഴ്ചകൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ കാണാൻ ഇടയായി. 2022 മെയ് 21 ന് ആലപ്പുഴയിൽ നടന്ന പോപ്പുലർ ഫ്രണ്ട് റാലിയിൽ രക്ഷിതാവിന്റെ തോളിലിരുന്ന് ഒരു ബാലൻ നീട്ടി വിളിക്കുന്ന മുദ്രാവാക്യങ്ങൾ
ഈ കാലഘട്ടത്തിന്റെ നേർചിത്രം വരച്ചു കാട്ടുന്നതാണ്. അരിയും മലരും കുന്തിരിക്കവും വാങ്ങി വീട്ടിൽ സൂക്ഷിച്ചോളൂ… നിന്റെയൊക്കെകാലന്മാർ ഇതാ വരുന്നു എന്നാണ് ആവേശത്തോടെ ആ നിഷ്‌കളങ്കബാല്യം വിളിച്ചു പറയുന്നത്! ‘റിപ്പബ്ലിക്കിനെ’ രക്ഷിക്കാൻ തീരുമാനിച്ചിറങ്ങിയ ഇസ്ലാമിസ്റ്റ് യുവത അത് ഏറ്റുചൊല്ലുന്നു! എന്താണ് സംഭവം എന്ന് അത്ഭുതം കൂറേണ്ടതില്ല. ശവമടക്കിനു തയ്യാ
റായി ഇരുന്നോളൂ എന്നാണ്! ഹിന്ദുക്കളുടെയും ക്രിസ്ത്യാനികളുടെയും കാലന്മാർ ഇതാ വരുന്നു എന്ന്! ആർക്കും ഇതിൽ യാതൊരു പരിഭവവും തോന്നേണ്ട കാര്യമില്ല. പിണറായിയുടെ പൊലീസിന് ഇതൊരു കുട്ടിക്കളിയായി മാത്രമേ തോന്നിയിട്ടുള്ളൂ. യാതൊരു നടപടിയും ഇതുവരെ ഉണ്ടായതായി അറിവില്ല. ഇത്തരം ബാല്യങ്ങളെ വളർത്തിയെടുക്കുന്നതിനുള്ള ഒരു ബദൽ വിദ്യാഭ്യാസ സമ്പ്രദായം സർക്കാരിന്റെകൂടി പ്രോത്സാഹനത്തിൽ സംസ്ഥാനത്തു നടക്കുന്നുണ്ട് എന്നു
ചിലർ കുറ്റപ്പെടുത്തുന്നത് കണ്ടു. അതിൽ കഴമ്പുണ്ടോ എന്ന് ഉത്തരവാദപ്പെട്ടവർ പരി
ശോധിക്കട്ടെ. രാജ്യത്ത് അപകടകരമായ ചില പ്രവണതകൾ വളർന്നു വരുന്നുവെന്ന് പറഞ്ഞതിന് ഒരു മുൻ എം. എൽ. എ യെ പിടിച്ചു ലോക്കപ്പിലിടാൻ സംസ്ഥാനത്തെ പോലീസ്‌സേന പല ദിവസങ്ങളായി നെട്ടോട്ടം ഓടുന്നത്, ഇതിനിടയിൽ വേറിട്ടൊരു കഴ്ച തന്നെയാണ്! അതായത്, ‘അരിയും മലരും കുന്തിരിക്കവും
വാങ്ങി സൂക്ഷിച്ചോളൂ, നിന്റെയൊക്കെ കാലന്മാർ ഇതാ വരുന്നു’ എന്നു തെരുവീഥിയിൽ കൊലവിളി നടത്തുന്നത് നമ്മുടെ സംസ്ഥാനത്ത് തികച്ചും അനുവദനീയമാണ്! അതാരെങ്കിലും ചൂണ്ടിക്കാണിച്ചാൽ അവർ ‘വെറുപ്പ്’ പ്രചരിപ്പിക്കുന്നവരാണ്! അവരെ തുറുങ്കിലടക്കണം എന്നാണ് ഇടതു വലതു ഭേദമെന്യേ ഇരുപക്ഷത്തുമുള്ള രാഷ്ട്രീയ നേതാക്കളുടെ നിലപാട്! ഇതെന്തു ബനാന റിപ്പബ്ലിക്കാണ് എന്ന് ചോദിയ്ക്കാൻ ഒരു ഗബ്രിയേൽ ഗാർസിയ മാർക്വെസ് ഇന്നു ജീവിച്ചിരിപ്പില്ലല്ലോ! ആലപ്പുഴയിൽ റാലി നടത്തിയ ഇസ്ലാമിസ്റ്റ് സംഘടന അവകാശപ്പെടുന്നത്, അവർ ‘റിപ്പബ്ലിക്കിനെ’ രക്ഷിക്കാനും വീണ്ടെടുക്കാനും മറ്റും തയ്യാറെടുക്കുന്നു എന്നാണ്.
‘റിപ്പബ്ലിക്’ എന്ന വാക്ക് ജനങ്ങളുടെ പരമാധികാരത്തെ സൂചിപ്പിക്കുന്ന പദമാണ്.
എന്തുതരം റിപ്പബ്ലിക്കിനെപ്പറ്റിയാണ് അവർ പ്രസംഗിക്കുന്നത് എന്ന് വ്യക്തമല്ല. അവർ കൊണ്ടുനടക്കുന്ന ‘പൊളിറ്റിക്കൽ ഇസ്ലാമിന്റെ’ പ്രത്യയശാസ്ത്രം ‘ജനങ്ങളുടെ പര
മാധികാരത്തിൽ’ വിശ്വസിക്കുന്നുണ്ടോ? ‘തൗഹീദ് ഹക്കീമിയ്യത്’ എന്ന ഇസ്ലാമിക ആദർശം യാഥാർഥ്യമാക്കാൻ പോരാടുന്നവർക്ക്, ജനങ്ങളുടെ പരമാധികാരത്തെ
അംഗീകരിക്കാൻ കഴിയുമോ? നിയമം നിർമ്മിക്കാനുള്ള അധികാരം അല്ലാഹുവിനു മാത്രമാണെന്നു പ്രഖ്യാപിക്കുന്ന ഒരു പ്രത്യയശാസ്ത്രത്തിനു ‘പാർലമെന്ററി ജനാധിപത്യത്തെ’ സ്വീകരിക്കാൻ സാധിക്കുമോ? അല്ലാഹുവിന്റെ നിയമത്തിനു കീഴിലല്ലാത്ത മറ്റേതൊരു ഭരണസംവിധാനവും ‘ശിർക്കും’ ‘കുഫ്റും’ ആണെന്ന് പഠിപ്പിക്കുന്ന ഒരു പ്രത്യയശാസ്ത്രത്തിനു, ‘മനുഷ്യ നിർമ്മിതമായ’ ഒരു ഭരണഘടനയിൽ അധിഷ്ഠിതമായ ഒരു ‘റിപ്പബ്ലിക്കിനെ’ ഉൾക്കൊള്ളാൻ ആകുമോ? അപ്പോൾ, പിന്നെ, ഏതു ‘റിപ്പബ്ലിക്കാണ്’ അവർ വീണ്ടെടുക്കാൻ പരിശ്രമിക്കുന്നത്?
യഥാർത്ഥത്തിൽ, ഇത്തരം റാലികളുടെയും ശക്തിപ്രകടനങ്ങളുടെയും കൊലവിളികളുടെയും അർത്ഥമെന്താണ്? ക്രിസ്ത്യൻ, ഹിന്ദു തുടങ്ങിയ മതങ്ങൾക്കും മത വിശ്വാസികൾക്കും നേരെ ഉയർത്തുന്ന മുദ്രാവാക്യങ്ങൾ, അക്ഷരാർത്ഥത്തിൽത്തന്നെ, ഇന്ത്യൻ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന വൈവിധ്യത്തിനും നാനാത്വത്തിനും നേരെ ഉയരുന്ന ഭീഷണി തന്നെയാണ്. തങ്ങൾ അല്ലാത്ത ആരെയും സമാധാനത്തോടെ ഈ മണ്ണിൽ ജീവിക്കാൻ അനുവദിക്കുകയില്ല എന്ന സന്ദേശമാണ് അവർ മുന്നോട്ടു വയ്ക്കുന്നത്. ഇത്, കേവലം വാക്കുകൾ കൂട്ടിച്ചൊല്ലാൻ വയ്യാത്ത കിടാങ്ങളുടെ നിഷ്‌കളങ്കതയിൽനിന്ന് ഉയർന്നു വരുന്ന ഒരു ദീർഘദർശനമല്ല. തികച്ചും സർവ്വാധിപത്യ സ്വഭാവമുള്ള, ഫാസിസ്റ്റു സ്വരമാണ് അതിൽ മുഴങ്ങി കേൾക്കുന്നത്. ഇതിനു കുടപിടിക്കുന്ന കേരളത്തിലെ രാഷ്ട്രീയ അന്തരീക്ഷം, രാജ്യത്തിന്റെ ആരോഗ്യകരമായ ഭാവിക്കു സഹായകരമാണോ എന്ന് ഉത്തരവാദപ്പെട്ടവർ വിലയിരുത്തണം.