കൽദായവൽക്കരണം സീറോമലബാർ സഭയിൽ വീണ്ടും ചർച്ചയാകുമ്പോൾ

ഫാ. ഡോ. തോമസ് കറുകക്കളം

ഈ അടുത്തകാലത്ത് നാം ധാരാളം കേൾക്കുന്ന ഒന്നാണ് സീറോമലബാർ സഭയിൽ കൽദായ ആധിപത്യം അടിച്ചേൽപിക്കുന്നു, സീറോമലബാർ സഭയെ കൽദായ
വൽക്കരിക്കാൻ ഒരുകൂട്ടം ആളുകൾ ശ്രമിക്കുന്നു എന്നൊക്കെ. ഇത് സാധാരണ
വിശ്വാസികളെ തെറ്റിധരിപ്പിക്കാൻ ചിലർ ബോധപൂർവ്വം നടത്തുന്ന പ്രചരണമോ, എന്താണ് ‘കൽദായം’ എന്ന അടിസ്ഥാന അറിവ് ഇല്ലാത്തതിന്റെ ഫലമോ ആണ്.
ഭൂമിശാസ്ത്രപരമായി പേർഷ്യൻ ഉൾക്കടലിന്റെ വടക്കുഭാഗം ചേർന്ന് അറേബ്യൻ
മണലാരണ്യത്തിന്റെയും യുഫ്രട്ടിസ് നദിയുടേയും ഇടയ്ക്കുള്ള മദ്ധ്യപൂർവ്വ പ്രദേശമാണ് (Persion Empire) കൽദായ. അറമായ ഭാഷ സംസാരിച്ചിരുന്ന കൽദായർ മിശിഹായ്ക്ക് ഏകദേശം 1000 കൊല്ലം മുമ്പ് ബാബിലോണിയായിൽ കുടിയേറിപ്പാർത്ത് ബാബിലോണിയരുമായി ഇടകലർന്നു ജീവിച്ചു. കൽദായ
നാമം ചരിത്രരേഖകളിൽ ആദ്യമായി കാണുന്നത് AD 9-ാം നൂറ്റാണ്ടിൽ. അസീറിയൻ ചക്രവർത്തിയായ അഷൂർനസിർപാൽ (Ashurnasirpal II BC. 883-859) ന്റെ ഭരണ രേഖകളിലാണ്. പിന്നീട് അസീറയൻ സാമ്രാജ്യത്തിന്റെ തകർച്ചയ്ക്കുശേഷം നബുക്കദിനാസർ (BC. 604-561) നെയോകാൽഡിയൻ (Neo chaldean)
അല്ലെങ്കിൽ നെയോബാബിലോണിയൻ (Neobabiloniyan) സാമ്രാജ്യം സ്ഥാപിച്ചു. പിൽക്കാലത്ത് ഇവിടെ താമസിച്ചവർ കൽദായർ, ബാബിലോണിയ-കൽദായർ ബാബിലോണിയർ എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെട്ടു.
അറമായ-സുറിയാനി ഭാഷയും കൽദായ വംശജരും
പഴയനിയമ ഹിബ്രുവിനോട് സാദൃശ്യമുള്ള ഒരു സെമിറ്റിക് ഭാഷയാണ് അറമായ.
അബ്രാഹത്തിന്റെ സഹോദരനായ ഹോറിന്റെ പുത്രനായ ആരാമിൽ നിന്ന് ഉത്ഭവിച്ച ആളുകൾ വസിച്ചിരുന്ന, മെസപ്പൊട്ടോമിയായുടെ വടക്കുഭാഗം അരമേയ (അറമായ) എന്നപേരിൽ അറിയപ്പെട്ടിരുന്നു. അവരുടെ സംസാരഭാഷ, അവരുടെ പൂർവ്വപിതാവായ ആരാമിനെ അടിസ്ഥാനമാക്കി അറമായ ഭാഷ എന്ന പേര്ലഭിച്ചു. AD 539 ൽ പേർഷ്യൻ രാജാവായ സൈറസ് ബാബിലോണിയാ കീഴടക്കി തന്റെ
സാമ്രാജ്യത്തിന്റെ ഔദ്യോഗിക ഭാഷ അറമായ ഭാഷയായി അംഗീകരിച്ചു. [അദ്ദേഹത്തിന്റെ (സൈറസ്) പേരിനെ അനുസ്മരിച്ചാണ് അറമായ ഭാഷയ്ക്ക് സുറിയാനി എന്ന പേര് ലഭിച്ചത് എന്ന് അഭിപ്രായം ഇന്ന് നിലവിലുണ്ട്].
ബാബിലോണിയായിലെ പ്രബല സമൂഹമായിരുന്ന സെമിറ്റിക് വംശജരായ കൽദായർ ഇതോടുകൂടി അറമായ-സുറിയാനി ഭാഷ ഉപയോഗിച്ചുതുടങ്ങി.
പൗരസ്ത്യ സുറിയാനി ഭാഷ അഥവാ നെസ്തോറിയാൻ ഭാഷ
എ. ഡി 430 ൽ കൂടിയ ഏഫേസൂസ് കൗൺസിൽ മിശിഹാ വിജ്ഞാനിയം സംബന്ധിച്ച്
കോൺസ്റ്റാന്റിനോപ്പിൾ പാത്രിയർക്കീസായിരുന്ന നെസ്‌തോറിയാസിനെ പുറത്താക്കുകയും നെസ്‌തോറിയൻ സിദ്ധാന്തത്തെ തിരസ്‌കരിക്കുകയും ചെയ്തു. തൽഫലമായി റോമാസാമ്രാജ്യത്തിൽ നിന്നും നെസ്‌തോറിയസിന്റെ അനുയായികൾ ധാരാളം പേർഷ്യൻ സാമ്രാജ്യത്തിലേക്ക് കുടിയേറി. പേർഷ്യൻ സാമ്രാജ്യത്തിലെ നെസ്‌തോറിയൻ അനുഭാവികൾ സുറിയാനി സംസാരിക്കുന്നവരായിരുന്നു. ആരാധനക്രമത്തിനും അവർ പൗരസ്ത്യ സുറിയാനി ഭാഷ തന്നെ ഉപയോഗിച്ചു. പിൽക്കാലത്ത് റോമാസാമ്രാജ്യത്തിൽ,മദ്ധ്യപൂർവ്വദേശത്ത് പേർഷ്യൻ സാമ്രാജ്യത്തിൽ നിലനിന്നിരുന്ന പൗരസ്ത്യ സുറിയാനി ഭാഷയ്ക്ക് ‘നെസ്റ്റോറിയൻ ഭാഷ’ എന്ന പേര്
പ്രചാരത്തിലായി.
പൗരസ്ത്യ സുറിയാനി ഭാഷയും കൽദായ സഭയും
പൗരസ്ത്യ സുറിയാനി ഭാഷയുടെ ഒരു പര്യായം മാത്രമായിരുന്നു ‘കൽദായ’ എന്ന പദം. മദ്ധ്യപൂർവ്വദേശത്തെ കൽദായർ അത് ഉപയോഗിച്ചതുമൂലമാണ് ഇങ്ങനെ ഒരു
പര്യായം രൂപപ്പെട്ടത്. എങ്ങനെയാണ് കൽദായ സഭ എന്ന പേരിൽ ഒരു സഭ രൂപപ്പെട്ടത്
എന്തുകൊണ്ടാണ് ഒരു സഭയെ കൽദായ സഭ എന്ന് വിളിക്കുന്നത് എന്നതിന്റെ ചരിത്രം പരിശോധിക്കാം. 1445 ൽ സൈപ്രസിലെ മെത്രാനായിരുന്ന മാർ തിമോത്തിയുടെ നേതൃത്വത്തിൽ ഒരു വിഭാഗം നെസ്‌തോറിയൻ അനുഭാവികൾ റോമാസഭയുമായി രമ്യപ്പെട്ടു. അവർ സുറിയാനി ഭാഷ (നെസ്‌തോറിയൻ ഭാഷ)
ഉപയോഗിച്ചിരുന്നതിനാൽ അവരെ ‘നെസ്‌തോറിയൻ കത്തോലിക്കർ’ എന്നായിരുന്നു വിളിച്ചിരുന്നത്. ഭാഷയുടെ അടിസ്ഥാനത്തിൽ മാത്രം അതായത് സുറിയാനി ഭാഷയുടെ പര്യായം എന്ന അർത്ഥത്തിൽ മാത്രമാണ് ‘നെസ്‌തോറിയൻ’ എന്ന പദം ഉപയോഗിച്ചതെങ്കിലും നെസ്‌തോറിയൻ അബദ്ധ സിദ്ധാന്തത്തെ ആ പദം സൂചിപ്പിക്കുന്നതിനാൽ പൗരസ്ത്യ സുറിയാനിക്കാരായ അവർക്ക് യൂജിൻ IV -ാമൻ മാർപാപ്പ 1445ൽ, ആഗസ്റ്റ് 7 ന് ‘നെസ്‌തോറിയൻ കത്തോലിക്കർക്ക്’ ഔദ്യോഗികമായി കൽദായർ – ( സുറിയാനി ഭാഷ ഉപയോഗിച്ചതിനാൽ) എന്ന പേര് നിശ്ചയിച്ചു. പിന്നീട് 1553 ൽ ജൂലിയസ് III -ാമൻ മാർപാപ്പ ഫെബ്രുവരി 20 ന് ജോൺ സുലാക്കയെ പാത്രിയർക്കീസായി നിയമിച്ചപ്പോഴും ‘നെസ്‌തോറിയൻ’ എന്ന വിശേഷണം ഉപേക്ഷിച്ച് ‘കൽദായ സഭ’, കൽദായ പാത്രിയർക്കീസ് എന്ന് നിശ്ചയിച്ചു. ചുരുക്കത്തിൽ കൽദായ സഭ എന്ന പദം 15-ാം നൂറ്റാണ്ടിൽ മാത്രം പ്രയോഗത്തിൽ വന്ന ഒന്നാണ്. പൗരസ്ത്യ സുറിയാനി ആരാധന ഭാഷയായി ഉപയോഗിക്കുന്ന സഭ എന്ന അർത്ഥം മാത്രമേ ഇതിനുള്ളൂ.
ലത്തീനീകരണവും കൽദായവൽക്കരണവും
സീറോമലബാർ സഭയിൽ
20-ാം നൂറ്റാണ്ടുമുതൽ ആണ് ഭാരതത്തിലെ മാർത്തോമ്മാ നസ്രാണികളെ കൽദായ
കത്തോലിക്കർ, കൽദായർ എന്നൊക്കെ വിളിക്കാൻ തുടങ്ങിയത.് ഇതിനുള്ള ചരിത്ര
പരമായ കാരണം 5-6 നൂറ്റാണ്ടോടുകൂടി എദ്ദേസ്സായിൽ വളർന്നു വികസിച്ച പൗരസ്ത്യ
സുറിയാനി ആരാധനക്രമം ശ്ലൈഹിക തനിമയുള്ള ഒരു ആരാധനക്രമമായി വളർന്നു.
AD 136 ൽ സ്ഥാപിതമായ എദേസ്സ, ഗ്രീക്ക് റോമൻ സംസ്‌കാരങ്ങളുടെ സ്വാധീനവലയ
ത്തിന് ് വെളിയിൽ സെമിറ്റിക് സംസ്‌കാരം നിറഞ്ഞുനിന്ന സ്ഥലമായിരുന്നു. പൗരസ്ത്യ ജ്യോതിശാസ്ത്രജ്ഞനും (മത്താ. 2,1) പന്തക്കുസ്തായിൽ ശ്ലീഹന്മാരുടെ പ്രസംഗം കേൾക്കാനെത്തിയവരും (നടപടി 2:9) ആദ്യദിവസം തന്നെ മാമ്മോദീസ സ്വീകരിച്ചവരും (നടപടി 2:41) മെസപ്പൊട്ടാമിയയിൽ നിന്നും, എദേസ്സയിൽ നിന്നും ഉള്ളവരായിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നു. കൂടാതെ എദേസ്സായിലെ
ഭാഷ നമ്മുടെ കർത്താവ് സംസാരിച്ച അറമായഭാഷ തന്നെയായിരുന്നു. ഇതിനുപുറമേ,
വിഖ്യാതമായ ഒരു ദൈവശാസ്ത്രപീഠവും, മാർ അപ്രേമിനെ പോലെയുള്ള വിശുദ്ധ
പണ്ഡിതരും ഈ കലാലയത്തിലെ ദീപസ്തംഭങ്ങളുമായിരുന്നു ഇവിടെ വളർന്നു വികസിച്ച പൗരസ്ത്യ സുറിയാനി ആരാധനാക്രമം മാർത്തോമാശ്ലീഹായുടെ ശിഷ്യത്വം പേറുന്ന എല്ലാ സഭകളും ഒന്നുപോലെ സ്വീകരിച്ചു . ഇത് ഏതെങ്കിലും ഒരു സഭയുടെ, കൽദായ സഭയുടെതോ, സീറോമലബാർ സഭയുടേതോ മാത്രമായിരുന്നില്ല. തോമായുടെ അപ്പസ്‌തോലിക പാരമ്പര്യം പേറുന്ന എല്ലാ സഭകളുടേതുമായിരുന്നു.
എങ്ങനെയാണ് സീറോമലബാർ സഭയിൽ കൽദായവൽക്കരണം എന്ന സംജ്ഞ
ഉണ്ടായത് എന്ന് പരിശോധിക്കുന്നത് നല്ലതാണ്. പോർച്ചുഗീസ് മിഷനറിമാരുടെ വര
വിന് മുൻപ് 1-ാം നൂറ്റാണ്ടുമുതൽ മാർത്തോമ്മാനസ്രാണികൾക്ക് മദ്ധ്യപൂർവ്വദേശവു
മായി, പേർഷ്യൻ സഭയുമായി ഉണ്ടായിരുന്ന ബന്ധം ചരിത്രപരമായി തെളിയിക്കപ്പെട്ട
ഒന്നാണല്ലോ. 1599 ലെ ഉദയംപേരൂർ സുനഹദോസിനുശേഷം ലത്തീൻ ആചാരങ്ങളും
അനുഷ്ഠാനങ്ങളും നസ്രാണിസഭയിൽ അടിച്ചേൽപ്പിക്കപ്പെട്ടു. സഭാസ്‌നേഹികളായ
നമ്മുടെ പൂർവ്വപിതാക്കന്മാരുടെ പരിശ്രമഫലമായി 1887 ൽ മാർത്തോമ്മാ ക്രിസ്ത്യാനികൾക്കായി രണ്ട് വികാരിയത്തുകൾ സ്ഥാപിക്കപ്പെട്ടു. നാല് നൂറ്റാണ്ടിന്റെ വൈദേശികാധിപത്യത്തിലൂടെ നസ്രാണി സഭയ്ക്ക് പലതും നഷ്ടമായി. നാട്ടു മെത്രാന്മാരെ ലഭിച്ചെങ്കിലും നഷ്ടമായ നസ്രാണി സുറിയാനി സഭയുടെ
പാരമ്പര്യെത്ത തിരികെകൊണ്ടുവരുവാൻ മുൻകൈ എടുത്തത് മാർപാപ്പമാർ തന്നെ
യായിരുന്നു. ഈ പരിശ്രമത്തിന്റെ ഭാഗമായിട്ടാണ് 1934 ൽ 11-ാം പീയൂസ് മാർപാപ്പ സീറോമലബാർ സഭയുടെ തിരുകർമ്മങ്ങൾക്കുള്ള പൊന്തിഫിക്കൽ പുനരുദ്ധരിക്കാൻ തീരുമാനിച്ചപ്പോൾ പ്രഖ്യാപിച്ചു. ‘പരി. സിംഹാസനം ലത്തീനീകരിക്കുന്നതിന് ആഗ്രഹിക്കുന്നില്ല’ എന്ന്. ‘ലത്തിനീകരിക്കുക’ എന്ന പദം ഒരു മാർപാപ്പ ഉപയോഗിക്കുന്നത് ഇവിടെയാണ്. 21-ാം നൂറ്റാണ്ടിൽ ഇതിന് ബദലായി ഒരുപക്ഷേ,
ആരോ മെനഞ്ഞ ഒന്നായിരിക്കാം ‘കൽദായവൽകരണം’ എന്ന വാക്ക്.
പരി. സിംഹാസനം ‘കൽദായ’ എന്ന വാക്ക് ഉപയോഗിച്ചിരിക്കുന്നത് സുറിയാനി പാരമ്പര്യം എന്ന അർത്ഥത്തിലാണ്. 1774 ൽ റോമിൽ അച്ചടിച്ച സുറിയാനി തക്‌സായ്ക്ക് കൊടുത്ത പേര് തക്‌സാ കൽദായ ദ് മലബാർ എന്നായിരുന്നു. 1845 ൽ കൂദാശാക്രമങ്ങൾ റോമിൽ അച്ചടിച്ചപ്പോഴും നൽകിയ പേര്: ഓർദോ കൽദായിക്കൂസ്… എക്ലേസിയ മലബാറിക്കെ (Ordo Caldaicus Ministeri Sacramenterum Ecclesia Malabaricae) എന്നായിരുന്നു. പൗരസ്ത്യ സുറിയാനി ഭാഷ ഉപയോഗിച്ചിരുന്നവർ എന്ന അർത്ഥത്തിൽ ‘കൽദായ’ എന്ന വിശേഷണം ഭാരതത്തിലെ നസ്രാണി സഭയ്ക്ക് ഉപയോഗിക്കുക പതിവായിരുന്നു. തലശ്ശേരി കോതമംഗലം രൂപതകളുടെ സ്ഥാപനത്തിലും പാറേക്കാട്ടിൽ പിതാവിനെ എറണാകുളം മെത്രാപ്പോലീത്തയായി നിയമിച്ചുകൊണ്ടുള്ള കല്പനയിലും കൽദായ മലബാർ സഭ, കൽദായ റീത്ത് എന്ന് ഉപയോഗിച്ചിരുന്നതായി കാണാം. ജോൺപോൾ രണ്ടാമൻ മാർപാപ്പ 1990 ൽ അംഗീകരിച്ച് പ്രാബല്യത്തിൽ വന്ന പൗരസ്ത്യ പാരമ്പര്യങ്ങളെ കുറിച്ച് കാനൻ 28, 2 പറയുന്നത് ഇപ്രകാരമാണ;് (മറിച്ചു പ്രസ്താവിക്കാത്ത പക്ഷം) ഈ നിയമ സംഹിതയിൽ പ്രസ്താവിച്ചിരിക്കുന്ന റീത്തുകൾ, അലക്‌സാണ്ട്രിയൻ, അന്ത്യോക്യൻ, അർമേനിയൻ, കാൽഡിയൻ (കൽദായ) കോൺസ്റ്റാന്റിനോപ്പിൾ എന്നീ പാരമ്പര്യങ്ങളിൽ നിന്ന് ഉത്ഭവിച്ചിട്ടുള്ളതാകുന്നു. ഇങ്ങനെ പൗരസ്ത്യ സുറിയാനി റീത്തിന് ‘കൽദായ’ എന്ന സംജ്ഞ സാർവത്രിക സഭ
അംഗീകരിക്കുന്നു. ചുരുക്കത്തിൽ കൽദായ (പൗരസ്ത്യ സുറിയാനി) ഭാഷ ആരാധനാ ക്രമത്തിന് ഉപയോഗിക്കുന്നു എന്നർത്ഥമല്ലാതെ അത് ഒരു വൈദേശിക ആധിപത്യത്തെയോ, വൈദേശിക സംസ്‌കാരത്തിന്റെ അധിനിവേശത്തേയോ അല്ല സൂചിപ്പിക്കുന്നത്. അതായത് തോമാശ്ലീഹായുടെ പൈതൃകം പേറുന്ന പൗരസ്ത്യ സുറിയാനി പാരമ്പര്യത്തിലേക്കുള്ള മടക്കയാത്രയെയാണ് കൽദായവൽക്കരണമെന്ന് ചിലർ ആക്ഷേപിക്കുന്നത്.