പഞ്ചവത്സര അജപാലന പദ്ധതി അഞ്ചാം വർഷം 7 ജീവൻ: സ്വീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യേ വലിയ അനുഗ്രഹം

ജീവൻ എപ്പോൾ ആരംഭിക്കുന്നു? എന്ന ചോദ്യത്തിന് കാലിഫോർണിയ യൂണിവേഴ്‌സിറ്റി പ്രൊഫസർ ഗാരറ്റ് ഹാർഡിൻ പറയുന്നത്: ജീവൻ ഒരിക്കലും ആരംഭിക്കുന്നില്ല. അത് ഒരു കോശത്തിൽ നിന്നും മറ്റൊരു കോശത്തിലേക്ക് സഞ്ചരിക്കുക മാത്രമെയുള്ളു എന്നാണ്. നൊബേൽ സമ്മാന ജേതാവായ പ്രൊഫ. ജോഷ്വാ ലെതർബെർഗിന്റെ അഭിപ്രായത്തിൽ ജീവൻ ഒരു തുടർച്ചയാണ്, അഥവാ ജീവന് ഒരു തുടക്കമുണ്ടെങ്കിൽ ഏതാണ്ട് മൂന്ന് ബില്ല്യൻ വർഷങ്ങൾക്കുമുമ്പ്
സംഭവിച്ചതാകാം. ജീവശാസ്ത്രജ്ഞനായ തിയഡോഷ്യസ് ദൊബ്ഷാൻസ്‌കി പറയുന്നത് ജീവൻ എപ്പോഴും മുൻപുള്ള മറ്റൊരു ജീവനിൽ നിന്നു മാത്രമെ പുറപ്പെടുകയുള്ളു എന്നാണ്. ഈ പറഞ്ഞതെല്ലാം ജീവനെക്കുറിച്ചുള്ള പൊതുവായ ചിന്തകളാണ്. മനുഷ്യ ജീവന്റെ ആരംഭത്തെക്കുറിച്ച് ചോദിച്ചാലും ശാസ്ത്രലോകത്തിന് കൃത്യമായ ഒരുത്തരം എന്നതിനേക്കാൾ പൊതുവായ ചില ഉത്തരങ്ങൾ മാത്രമെ നൽകാൻ സാധിക്കൂ.
അതേസമയം നിന്റെ ജീവൻ എന്ന് ആരംഭിച്ചു എന്ന് നമ്മോട് ചോദിച്ചാൽ കൂടുതൽ
കൃത്യമായി ഉത്തരം നല്കാൻ നമുക്ക് സാധിക്കും. അമ്മയുടെ ഉദരത്തിൽ അപ്പന്റെ
ബീജവും അമ്മയുടെ അണ്ഡവും കൂടിച്ചേരുമ്പോൾ ഒരു പുതിയ ജീവൻ രൂപപ്പെടുന്നു
വെന്ന് ശാസ്ത്രലോകവും സമ്മതിക്കുന്ന സത്യമാണ്. 23 ക്രോമോസോമുകൾ വീതമുള്ള അണ്ഡവും ബീജവും ചേർന്നു കഴിയുമ്പോൾ അതുവരെ ഈ ഭൂമിയിൽ ഇല്ലാതിരുന്ന ജീവനുള്ള ഒരു പുതിയ ഓർഗനിസം ഉണ്ടാകുന്നു. ഒറ്റ കോശമായ ഈ പുതിയ ജീവന്റെ പേരാണ് സിക്താണ്ഡം (Zygote). ഈ ജീവൻ അപ്പനിൽ നിന്നും അമ്മയിൽനിന്നുമാണ് ഉത്ഭവിക്കുന്നതെങ്കിലും അതൊരു സ്വതന്ത്ര മനുഷ്യജീവനാണ്. ഈ ഒറ്റകോശമാണ് പിന്നീട് രണ്ടും, നാലും, എട്ടും, പതിനാറും കോശങ്ങളായി മൂന്നും ആറും ഒൻപതും മാസം പ്രായമായ ഭ്രൂണമായും ഗർഭസ്ഥ ശിശുവായും നവജാത ശിശുവായും ബാലനായും കൗമാരക്കാരനായും യുവാവായും മദ്ധ്യവയസ്‌കനായും വൃദ്ധനായും വർഷങ്ങൾ ജീവിക്കുന്നതും അവസാനം മരിക്കുന്നതും.
ഒറ്റക്കോശമായി ജീവിതം തുടങ്ങിയ Zygote ന് പിന്നീട് വളരാനും പൂർണ്ണമനുഷ്യ
നായി ജീവിക്കാനുമാവശ്യമായ എല്ലാ ജനിതകഘടനയും അതിൽ തന്നെ ഉണ്ടെന്നും പുറത്തുനിന്നും പിന്നീട് ഒന്നും അതിലേക്ക് കൂട്ടിച്ചേർക്കുന്നില്ലെന്നതും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ള സത്യങ്ങളാണ്. ഇങ്ങനെ ആരംഭിക്കുന്ന മനുഷ്യജീവന് അതിന്റെ തുടക്കം മുതൽ സ്വാഭാവികമായി അവസാനംവരെ ഒരേ അന്തസും അവകാശങ്ങളുമാണുള്ളത്. ഒറ്റക്കോശമായിരിക്കുമ്പോളും, 20 ആഴ്ച പ്രായമാകുന്നതിനുമുമ്പും അതിനുശേഷവും, ഏതെങ്കിലും മാരകമായ രോഗമുള്ളപ്പോഴും, കടബാധ്യതയുള്ളപ്പോഴും, കട്ടിലിൽ മരണത്തോടു മല്ലടിച്ച് കിടക്കുമ്പോഴും ജീവന്റെ മൂല്യവും മഹത്തവും ജീവിക്കാനുള്ള അവകാശവും ഒരിക്കലും കുറയുന്നില്ല എന്നത് നാം തിരിച്ചറിയേണ്ട സത്യമാണ്.
എന്നാൽ നാം ജീവിക്കുന്ന നാട്ടിൽതന്നെ വിവിധ കാരണങ്ങളുടെ പേരിൽ ആഴ്ചകളുടെ കണക്കു പറഞ്ഞ്, രോഗത്തിന്റെ തീവ്രത പറഞ്ഞ്, ജീവിത പ്രാരാബ്ധങ്ങളുടെ തുലാസിൽ ജീവനെവച്ച് അളന്ന്, മറ്റ് അസൗകര്യങ്ങളുടെ കണക്കെടുത്ത് ഭ്രൂണഹത്യയെയും, ദയാവധത്തെയും ആത്മഹത്യയെയും എല്ലാം ന്യായീകരിക്കുകയും നിയമാനുസൃതമാക്കുകയും ചെയ്യുന്ന പരിതാപകരമായ അവസ്ഥയാണ് സംജാതമായിരിക്കുന്നത്. നിർഭാഗ്യവശാൽ ജീവനെതിരെയുള്ള എല്ലാ തിന്മകളെയും ഇത്തരത്തിൽ നിയമാനുസൃതമാക്കിയ ഒരു നാടായി മാറി നമ്മുടെ രാജ്യം. ജീവനെ ഏതവസ്ഥയിലും-കോശങ്ങളായിരിക്കുമ്പോഴും, ഭ്രൂണാവസ്ഥയിലും, ആരോഗ്യമുള്ള അവസ്ഥയിലും, രോഗാവസ്ഥയിലും, മൃതപ്രായമായ അവസ്ഥയിലും- ബഹുമാനിക്കണമെന്നും, അംഗീകരിക്കണമെന്നും, സംരക്ഷിക്കണമെന്നും പഠിപ്പിക്കുകയും ബോധ്യപ്പെടുത്തുകയും ചെയ്തില്ലെങ്കിൽ ഒരു അവസ്ഥയിലും ജീവനെ ബഹുമാനിക്കുകയോ സംരക്ഷിക്കുകയോ ചെയ്യാത്ത തലമുറയും സംസ്കാരവും രൂപപ്പെട്ടുവരുമെന്ന് നിശ്ചയമാണ്. ജീവനെതിരെയുള്ള ഏതാനും വെല്ലുവിളികളെ ലളിതമായി മനസ്സിലാക്കാൻ ശ്രമിക്കാം.
ഭ്രൂണഹത്യ
അമ്മയുടെ ഉദരത്തിൽ ആയിരിക്കുന്ന ഭ്രൂണത്തെ അല്ലെങ്കിൽ മനുഷ്യജീവനെ
ബാഹ്യ ഇടപെടലുകൾകൊണ്ട് ഇല്ലാതാക്കുന്നതാണ് ഭ്രൂണഹത്യ അല്ലെങ്കിൽ ഗർഭഛിദ്രം. പ്രതിദിനം കേരളത്തിൽ ഏതാണ്ട് 1500 മുതൽ 3500 വരെയും ഇന്ത്യയിൽ 35000 മുതൽ 40000 വരെയും ലോകത്തിൽ ഒന്നരലക്ഷം മുതൽ രണ്ടുലക്ഷം വരെയും ഭ്രൂണഹത്യകൾ നടക്കുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ആദ്യത്തെ ആഴ്ചകളിൽ ഭ്രൂണം മനുഷ്യജീവനാണോ, വ്യക്തിയാണോ, വെറും കോശങ്ങളുടെ കൂട്ടമല്ലേ, വൈകല്യമുളള കുഞ്ഞുങ്ങൾ ജനിക്കാൻ അനുവദിക്കുന്നതിനേക്കാൾ നശിപ്പിക്കുന്നതല്ലേ നല്ലത്, ഭ്രൂണം സ്ത്രീയുടെ ശരീരത്തിന്റെ ഭാഗമാകയാൽ സ്ത്രീയുടെ അവകാശമല്ലേ ഭ്രൂണഹത്യ തുടങ്ങി ഭ്രൂണഹത്യയെ ന്യായീകരിച്ചുകൊണ്ടുള്ള വാദഗതികൾ നിരവധിയാണ്.
നിരവധി നുണകളാണ് ഭ്രൂണഹത്യാവാദികൾ ഗർഭാവസ്ഥയിലുള്ള ജീവനെതിരെ
പ്രചരിപ്പിക്കുന്നത്. ഇതിൽ ഏറ്റവും വലിയ നുണയാണ് ആരംഭത്തിൽ ഭ്രൂണം ഒരു മനു
ഷ്യവ്യക്തിയല്ല വെറും കോശങ്ങളുടെ കൂട്ടമാണ് എന്നുള്ളത്. ഭ്രൂണത്തിന്റെ ആദ്യകാലത്തെ വളർച്ചയെ സംബന്ധിച്ച വൈദ്യശാസ്ത്ര പഠനങ്ങൾ ഇന്നു വളരെയധികം പുരോഗമിച്ചിട്ടുണ്ട്. ഇരുപത്തിരണ്ടാം ദിവസം കുഞ്ഞിന്റെ ഹൃദയമിടിക്കാൻ തുടങ്ങുമെന്നും ശരീരത്തിൽ രക്തചംക്രമണം കുഞ്ഞിന്റേതു
തന്നെയായിരിക്കുമെന്നും അമ്മയുടെ അല്ലെന്നും പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്.
എട്ടാമത്തെ ആഴ്ചയിൽ തന്നെ ഏതാണ്ട് എല്ലാ അവയവങ്ങളും നിർദ്ദിഷ്ഠ സ്ഥാനങ്ങളിൽ രൂപപ്പെടും, എല്ലുകളും കൈരേഖകൾ പോലും പ്രത്യക്ഷപ്പെടും. കേൾവിശക്തി
പോലും സാധ്യമാകും. ഇതെല്ലാം ആദ്യത്തെ 2-3 മാസങ്ങളിൽ നടക്കുന്ന കാര്യങ്ങളാണ്. ഈ ലോകത്തിൽ ഇന്നു ജീവിക്കുന്ന എല്ലാ മനുഷ്യരും ഒരേ ഒരു കോശത്തിലാണ് ജീവൻ ആരംഭിച്ചത്. Zygote എന്ന ഒറ്റ കോശമാണ് പിന്നീട് വളരുന്നത്. ഈ കോശം മനുഷ്യ ജീവന്റെ ആദ്യത്തെ രൂപമാണ്, ആദ്യത്തെ ഘട്ടമാണ്. എല്ലാ മനുഷ്യജീവനും ആദ്യത്തെ ഈ ഒറ്റ കോശം മുതൽ മനുഷ്യവ്യക്തിയായിട്ടാണ് ബഹുമാനിക്കപ്പെടേണ്ടത്. പുതിയ ജീവൻ രൂപപ്പെട്ടു കഴിഞ്ഞാൽ അത് അമ്മയുടെ ശരീരത്തിലെ ഒരു അവയവമല്ല, ഏതാനും കോശങ്ങളുടെ കൂട്ടമല്ല, മാതാപിതാക്കളുടെ സ്വത്തല്ല, മറിച്ച് എല്ലാ മനുഷ്യരെയുംപോലെ ജീവിക്കാനും വളരാനും എല്ലാ അവകാശവുമുള്ള ഒരു സ്വതന്ത്ര വ്യക്തിയായിട്ടാണ് പരിഗണിക്കപ്പെടേണ്ടത്. മാതാവിന്റെയോ പിതാവിന്റെയോ സൗകര്യമോ അസൗകര്യമോ അനുസരിച്ച് സ്വന്തമാക്കാനോ വളർത്താനോ നശിപ്പിക്കാനോ ഇഷ്ടംപോലെ കൈകാര്യം ചെയ്യാനോ ഉള്ള ഒരു വസ്തുവല്ല ഭ്രൂണാവസ്ഥയിലുള്ള മനുഷ്യജീവൻ. എല്ലാ മനുഷ്യജീവന്റെയും മഹത്ത്വം അത് ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ടു എന്നുള്ളതാണ്; ദൈവം ദാനമായി ജീവൻ നൽകി എന്നുള്ളതാണ്.
മനുഷ്യാവകാശങ്ങളിൽ ഏറ്റവും അടിസ്ഥാനപരമായതാണ് ജീവിക്കാനുള്ള അവ
കാശം. അതാരെങ്കിലും – രാജ്യമോ, ഭരണകർത്താക്കളോ-ഔദാര്യപൂർവ്വം നൽകു
ന്നതോ, സ്വന്തം കഴിവുകൊണ്ടു നേടിയെടുക്കുന്നതോ, ഒരു നിശ്ചിത പ്രായത്തിനു
ശേഷം ഉണ്ടാകുന്നതോ, ഏതെങ്കിലും മതത്തിന്റെയോ ജാതിയുടെയോ ഭാഗമാകുന്നതു കൊണ്ടോ, കുടുംബ മഹിമകൊണ്ടോ ലഭിക്കുന്നതല്ല. ഒരാൾ മനുഷ്യനാണ് എന്നതു മാത്രമാണ് അടിസ്ഥാന മനുഷ്യാവകാശത്തിനുളള മാനദണ്ഡം. ആ മനുഷ്യൻ രോഗിയാണോ, ഉദരത്തിലാണോ, സമ്പന്നനാണോ, ജോലിയുണ്ടോ മരണകിടക്കയിലാണോ എന്നൊന്നുംഅനുസരിച്ചല്ല മനുഷ്യാവകാശവും ജീവിക്കാനുള്ള അവകാശവും നിർണ്ണയിക്കപ്പെടുന്നത്.
സഭയുടെ ആരംഭം മുതൽ ഏറ്റവും കൃത്യമായും ശക്തമായും പഠിപ്പിക്കുന്നതാണ് മനഃപൂർവ്വം നടത്തുന്ന ഗർഭഛിദ്രം മാരകമായ തിന്മയാണെന്നുള്ളത്. ഉരുവാക്കപ്പെടുന്ന നിമിഷം മുതൽ വ്യക്തിയുടെ എല്ലാ അവകാശങ്ങളുമുള്ള നിരപരാധിയും നിസ്സഹായനുമായ ഭ്രൂണാവസ്ഥയിലുള്ള മനുഷ്യജീവന്റെ ജീവിക്കാനുള്ള അവകാശം അലംഘനീയമാണ്. ഒരു സാഹചര്യത്തിലും ഈ അവകാശം നഷ്ടപ്പെടില്ല. ഇന്ത്യ ഉൾപ്പെടെയുള്ള പല രാജ്യങ്ങളിൽ ഭ്രൂണഹത്യ അനുവദിക്കുന്ന നിയമങ്ങൾ പാസാക്കിയിട്ടുണ്ട്. സാമൂഹ്യ, സാമ്പത്തിക ആരോഗ്യകാരണങ്ങൾ അതായത്, ബലാത്സംഗം, അമ്മയുടെ ആരോഗ്യം,
കുഞ്ഞിന്റെ ഗൗരവമായ വൈകല്യങ്ങൾ, സാമ്പത്തിക പ്രയാസങ്ങൾ തുടങ്ങിയ നിരവധി കാരണങ്ങളാണ് ഉദരത്തിലെ ജീവനെ നശിപ്പിക്കാൻ അനുവദിക്കുന്ന നിയമത്തിലുള്ളത്. മറ്റുള്ളവരുടെ സൗകര്യത്തിനും സുരക്ഷിതത്വത്തിനുംവേണ്ടി നിഷ്‌കളങ്കജീവനെ ഇല്ലാതാക്കുന്ന മരണ നിയമങ്ങളാണ് ഇത്തരം നിയമങ്ങൾ എന്നുള്ളത് മനസ്സാക്ഷിയുള്ള ആർക്കും മനസ്സിലാക്കുന്ന കാര്യമാണ്.
ഭ്രൂണഹത്യ എന്ന തിന്മയുടെയും കൊല്ലപ്പെട്ട നിരപരാധിയോടു ചെയ്യുന്ന ക്രൂരതയു
ടെയും ആഴം വ്യക്തമാക്കാൻ കാനോനികമായി ‘മഹറോൻ’ ശിക്ഷയാണ് ഈ അപരാധത്തിനു കല്പിച്ചിരിക്കുന്നത്. അതായത് ‘പൂർണ്ണമായ ഗർഭഛിദ്രം മനഃപൂർവ്വം നടത്തുന്ന വ്യക്തി അതിനാൽതന്നെ, അതായത് ആ പ്രവൃത്തി ചെയ്യുന്നതുകൊണ്ടുതന്നെ കാനൻ നിയമത്തിൽ പറഞ്ഞിരിക്കുന്ന വ്യവസ്ഥകൾക്കു വിധേയമായ മഹറോനു വിധേയനാകുന്നു’ (cfr CIC 1398, 1314, 1323-1324).
ജീവിക്കാനുള്ള അവകാശം രാഷ്ട്രമോ, സമൂഹമോ, മാതാപിതാക്കളോ നൽകുന്ന സൗജന്യമല്ല. അതു മനുഷ്യപ്രകൃതിയുടെ ഭാഗമാണ്. വ്യക്തിക്കു ജന്മം ലഭിക്കുന്ന സൃഷ്ടികർമ്മത്തിന്റെ ശക്തിയാൽതന്നെ അവന്റെ സ്വന്തമാണ്, സഹജമാണ്. അതു സംരക്ഷിക്കാനും അതിന്റെ സമഗ്രതയിൽ സൂക്ഷിക്കാനുമാണ് രാഷ്ട്രവും സമൂഹവും മാതാപിതാക്കളും ശ്രദ്ധിക്കേണ്ടത് (CCC 2272- 2273). (തുടരും)