
ഫാ. ജോസഫ് ഈറ്റോലിൽ
പഴയനിയമത്തിൽ വേരുകളൂന്നി പുതിയനിയമത്തിലേക്ക് ശാഖകൾ വിരിച്ചു
സഭാജീവിതത്തിൽ ഫലങ്ങൾ ചൂടുന്ന തിരുനാളാണ് പന്തക്കുസ്ത. അൻപതാം ദിവസം
എന്നാണ് ഈ വാക്കിന്റെ അർത്ഥം. പഴയനിയമത്തിലും പുതിയനിയമത്തിലും വ്യത്യസ്തമായ രീതികളിൽ ഈ അൻപതാം ദിനത്തെ മനസിലാക്കുന്നു. യഹൂദർക്കും ക്രിസ്ത്യാനികൾക്കും വളരെ പ്രധാനപ്പെട്ട തിരുനാളാണ് പന്തക്കുസ്ത. എന്നാൽ യഹൂദർ ആചരിക്കുന്ന പന്തക്കുസ്ത അല്ല ക്രിസ്ത്യാനികൾ ആചരിക്കുന്ന പന്തക്കുസ്ത എന്നതും അടിസ്ഥാനപരമായി ഓർത്തിരിക്കേണ്ട വസ്തുതയാണ്.
പന്തക്കുസ്താ പഴയനിയമത്തിൽ
പഴയനിയമത്തിലെ ആഴ്ചകളുടെ തിരുനാളാണ് പന്തക്കുസ്താതിരുനാൾ ആചരണ ത്തിന്റെ ഏറ്റവും പ്രാഗ്രൂപം. ആഴ്ചകളുടെ തിരുനാളിനു ഗ്രീക്ക് ഭാഷയിൽ വിളിച്ചിരുന്ന പേരാണ് പന്തക്കുസ്ത തിരുനാൾ. യഹൂദരുടെ ഏറ്റവും പ്രധാനപ്പെട്ട മൂന്നു തിരുനാളുകളിൽ ഒന്നായിരുന്നു പന്തക്കുസ്ത. പെസഹാ തിരുനാളും കൂടാരത്തിരുനാളുമാണ് മറ്റു രണ്ടു തിരുനാളുകൾ. ഈ തിരുനാളുകളുടെ അവസരങ്ങളിൽ യഹൂദർ ജറുസലേമിലേക്ക് ദൈവാലയത്തിൽ ആരാധനക്കായി പോയിരുന്നു. പഴയനിയമത്തിൽ രണ്ടു തവണ പന്തക്കുസ്ത എന്ന വാക്ക് ഉപയോഗിച്ചിട്ടുണ്ട്. അത് തോബിത് 2:1-2 മക്കബായർ 12:32 എന്നീ ഭാഗങ്ങളിൽ ആണ്. യഹൂദർക്കുതന്നെ പന്തക്കുസ്താതിരുനാൾ പ്രധാനമായും രണ്ടർത്ഥങ്ങൾ ഉൾക്കൊണ്ടിരുന്നു. ഒന്നാമതായി വാർഷികവിളവെടുപ്പുമായി ബന്ധപ്പെട്ടും രണ്ടാമതായി മോശക്ക് നിയമം നല്കപ്പെട്ടതിന്റെ ഓർമയും. പുറപ്പാട് 23:14-17;
നിയമവാർത്തനം 16:16 പുറപ്പാട് 34:18-24 എന്നീ പഴയനിയമ ഭാഗങ്ങളിൽ ആഴ്ചകളുടെ തിരുനാൾ എങ്ങനെ ആചരിക്കണം എന്നതിന്റെ നിർദേശങ്ങൾ നമുക്ക് കാണാം. പുറപ്പാട് 23:16 ഇതിനെ വിളവെടുപ്പിന്റെ തിരുനാൾ എന്നും സംഖ്യ 28:16 ഇതിനെ ആദ്യഫലങ്ങളുടെ തിരുനാൾ എന്നും വിശേഷിപ്പിക്കുന്നു. ലേവ്യരുടെ പുസ്തകത്തിൽ 23 -ാം അധ്യായത്തിൽ ഇസ്രായേൽക്കാരോട് വർഷംതോറും കാർഷികവിളവെടുപ്പിന്റെ ഒരു തിരുനാൾ അൻപതാം ദിവസം ആചരിക്കണം എന്നൊരു കല്പന നൽകുന്നുണ്ട്. ഈ തിരുനാളോടനുബന്ധിച്ചു വിപുലമായ ബലിയർപ്പണം പതിവായിരുന്നു. ഇസ്രായേലിലെ കർഷകർ തങ്ങളുടെ ആദ്യഫലങ്ങൾ സമർപ്പിക്കാൻ ജെറുസലേമിലേക്ക് പോയിരുന്നതും ഈ തിരുനാളിനോട് ചേർന്നാണ്. രണ്ടാമതായി, പെസഹായുടെ അൻപതാം ദിവസം മോശയ്ക്ക് ദൈവം സീനായ് മലമുകളിൽ കല്പനകൾ നൽകിയതിന്റെ ഓർമ്മയാണ് പഴയനിയമത്തിലെ ആഴ്ചകളുടെ തിരുനാളായ പന്തക്കുസ്ത. ബി സി രണ്ടാം നൂറ്റാണ്ടിന്റെ പകുതിയോടെ മോശയ്ക്ക് നിയമം നൽകിയതിന്റെ ഓർമ്മയാചരണത്തിനു കൂടുതൽ പ്രാധാന്യം ലഭിച്ചുതുടങ്ങി.
പന്തക്കുസ്ത പുതിയനിയമത്തിൽ
നമ്മുടെ കർത്താവിന്റെ മഹത്വപൂർണമായ ഉത്ഥാനത്തിനുശേഷം അൻപതാം
ദിവസം സെഹിയോൻ ശാലയിൽ ധ്യാനിച്ചിരുന്ന ശിഷ്യരുടെമേൽ റൂഹാദ്ഖുദ്ശാ ഇറങ്ങിവന്നതിന്റെ ഓർമ്മയാണ് പുതിയ നിയമത്തിലെ പന്തക്കുസ്ത. അത്ഭുതങ്ങൾ
ചെയ്യാനും, പ്രവചിക്കാനും ഭാഷാവരത്തിൽ സംസാരിക്കാനും പ്രബോധനം നൽകാനും ശ്ലീഹന്മാരെ ശക്തിപ്പെടുത്തിയത് പന്തക്കുസ്താ ദിവസത്തിലെ റൂഹായുടെ ആവാസമാണ്. നടപടി പുസ്തകം രണ്ടാം അധ്യായത്തിലാണ് പന്തക്കുസ്താനുഭവത്തിന്റെ വിവരണം നാം കാണുന്നത്. മോശയ്ക്ക് ദൈവം കല്പനകൾ നൽകുമ്പോൾ ദൃശ്യമായ അഗ്‌നിയായാണ് പന്തക്കുസ്താദിവസം റൂഹാ ആവസിക്കുന്നത്. സീനായ് മലയിൽ ഒരു ചെറിയ സമൂഹവുമായി ദൈവം നടത്തിയ ഉടമ്പടി ലോകത്തിലെ സർവ ജനപദങ്ങളിലേക്കും വ്യാപിപ്പിക്കുന്ന ദിനമാണ് പന്തക്കുസ്ത. വിശുദ്ധഗ്രന്ഥത്തിൽ ദൈവത്തിന്റെ പ്രത്യക്ഷവത്കരണങ്ങളുടെ ഒരു പൊതുപ്രതീകമാണ് അഗ്‌നി. റൂഹാ കാലത്തിനും ദേശത്തിനും അപ്പുറം
പ്രവർത്തിക്കുന്നവനാണ് എന്നതിന്റെ തെളിവാണ് നടപടി പുസ്തകത്തിലെ പന്തക്കുസ്ത സംഭവത്തിന്റെ വിവരണം. പാർത്തിയാക്കാരും മേദിയാക്കാരും എലാമിയക്കാരും
മെസപ്പൊട്ടാമിയൻ നിവാസികളും യൂദയായിലും കപ്പദോക്കിയയിലും പോന്തസിലും
ഏഷ്യയിലും താമസിക്കുന്നവരും ഫ്രീജിയയിലും പാംഫീലിയയിലും ഈജിപ്തിലും കിറെനയുടെ ലിബിയാപ്രദേശങ്ങളിലും നിവസിക്കുന്നവരും റോമായിൽനിന്നുള്ള സന്ദർശകരും യഹൂദരും യഹൂദമതം സ്വീകരിച്ചവരും ക്രേത്യരും അറേബ്യരും മാർ ശിമയോൻ കേപ്പായുടെ അന്നത്തെ പ്രബോധനം ശ്രവിച്ചു എന്ന് ലൂക്ക സുവിശേഷകൻ സാക്ഷ്യപ്പെടുത്തുന്നു (നടപടി 2:9-11) ഈയൊരു വിവരണം റൂഹായുടെ പ്രവർത്തനം കേവലം ചില പ്രദേശങ്ങളിലോ സമയത്തോ ഒതുക്കി നിർത്താവുന്നതല്ല എന്നത് വെളിവാക്കുന്നുണ്ട്. അന്ന് അറിവായിരുന്ന ഭൂമിശാസ്ത്രപരമായ പ്രദേശങ്ങളെയെല്ലാം ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു വിവരണമാണിത്. അതോടൊപ്പം കാലത്തിനും അപ്പുറമാണ് റൂഹായുടെ പ്രവർത്തനം എന്നതിനും ഈ വചനത്തിൽ സൂചനകളുണ്ട്.
പാർത്തിയ, എലാമിയ എന്നീ പ്രദേശങ്ങൾ പന്തക്കുസ്ത തിരുനാൾ ദിനത്തിനും കാലങ്ങൾക്കു മുൻപേ ഇല്ലാതായ പ്രദേശങ്ങളാണ്. റൂഹാ പന്തക്കുസ്തക്കു മുൻപും പ്രവർത്തിക്കുന്നുണ്ടായിരുന്നു എന്നതിന്റെ സൂചനയാണിത്. ക്രേത്യർ, അറേബ്യർ എന്നിവർ പന്തക്കുസ്താദിനത്തിൽ കേവലം ജനപദങ്ങളായിരുന്നു. പിന്നീടാണ് അവർ പേരെടുത്തു പരാമർശിക്കാൻ പറ്റുംവിധം ഒരു രാജ്യമായത്. ഇത് ആ ദിനത്തിന് ശേഷവും റൂഹായുടെ പ്രവർത്തനം തുടരുമെന്നതിന്റെ സൂചനയാണ്. ഇങ്ങനെ എല്ലാ സമയങ്ങളിലും റൂഹാ പ്രവർത്തനസജ്ജമാണ് എന്ന് ലൂക്കാ പറയുന്നു. വിശ്വാസം സ്വീകരിച്ച സമരിയക്കാരിലേക്കും വിജാതീയരിലേക്കും റൂഹാ വർഷിക്കപ്പെടുന്നത് നടപടി 8, 14-17; 10, 16-48 എന്നീ ഭാഗങ്ങളിൽ നമുക്ക് കാണാം. എല്ലാ മതപാരമ്പര്യങ്ങളിൽനിന്നും സത്യവിശ്വാസത്തിലേക്ക് കടന്നുവരുമ്പോഴുള്ള റൂഹായുടെ അഭിഷേകത്തിന്റെ സൂചനയാണ്. ജോയേൽ പ്രവാചകന്റെ വാക്കുകളുടെ പൂർത്തീകരണമാണ് പന്തക്കുസ്ത എന്നത് ലൂക്കാ സുവിശേഷകൻ തന്നെ രേഖപ്പെടുത്തുന്ന കാര്യമാണ്. അവസാനദിവസങ്ങളിൽ എല്ലാ മനുഷ്യരുടെയും മേൽ എന്റെ ആത്മാവിനെ ഞാൻവർഷിക്കും. നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും. നിങ്ങളുടെ യുവാക്കൾക്കു ദർശനങ്ങളുണ്ടാകും. നിങ്ങളുടെ വൃദ്ധന്മാർ
സ്വപനങ്ങൾ കാണും. എന്റെ ദാസന്മാരുടെയും ദാസിമാരുടെയും മേൽ ഞാൻ എന്റെ ആത്മാവിനെ വർഷിക്കും. അവർ പ്രവചിക്കുകയും ചെയ്യും. (ജോയേൽ 2, 28-32). ഈ പ്രവചനത്തിലും നമുക്ക് കാണാൻ സാധിക്കുന്നത് ആത്മാവിന്റെ വർഷം പ്രായഭേദമോ ലിംഗഭേദമോ കൂടാതെ എല്ലാവരിലേക്കുമായിരിക്കും എന്നതാണ്. ഇതാണ് ആദ്യ പന്തക്കുസ്ത ദിവസം പൂർത്തീകരിക്കപ്പെട്ടതായി നാം കാണുന്നത്.
പന്തക്കുസ്ത : സഭയുടെ കൂട്ടായ്മയുടെ പ്രകാശനം
പന്തക്കുസ്താത്തിരുന്നാൾ സഭയുടെ കൂട്ടായ്മയുടെ പ്രകാശനം കൂടിയാണ്. നടപടി 2, 1 ഇങ്ങനെ പറയുന്നു, ‘പന്തക്കുസ്താദിവസം സമാഗതമായപ്പോൾ അവരെല്ലാവരും ഒരുമിച്ചുകൂടിയിരിക്കുകയായിരുന്നു’. ഒരുമിച്ചുകൂടിയ ശിഷ്യസമൂഹത്തിന്മേലാണ്
റൂഹാദ്ഖുദ്ശാ പറന്നിറങ്ങിയത്. ഈ കൂട്ടായ്മയുടെ പുറത്തേക്ക് അന്ന് റൂഹാദ്ഖുദ്ശായുടെ
ആവാസമുണ്ടായില്ല. ഇത് സഭയോടും സഭാകൂട്ടായ്മയോടും ചേർന്ന് നിൽക്കേണ്ടതിന്റെ ആവശ്യകത നമുക്ക് മനസ്സിലാക്കിത്തരുന്നുണ്ട്.
CCC 2623 സഭയുടെ കൂട്ടായ്മയിലാണ് റൂഹായുടെ അഭിഷേകം നൽകപ്പെടുന്നത്. ശ്ലീഹന്മാരുടെ പ്രബോധനം ശ്രവിച്ചു വിശ്വാസത്തിലേക്ക് കടന്നുവന്ന സകലർക്കും റൂഹായെ ലഭിക്കുന്നത് നടപടി പുസ്തകത്തിൽ കാണാം. എന്നാൽ സ്വാർത്ഥതയോടെ പണം കൊടുത്തും മറ്റും റൂഹായെ സ്വന്തമാക്കാം എന്ന് ചിന്തിക്കുന്നത് മൗഢ്യമാണ്. (നടപടി 8:18-23) പന്തക്കുസ്ത പരിശുദ്ധ ത്രിത്വത്തിന്റെ പൂർണ വെളിപ്പെടുത്തലിന്റെ ദിനം കൂടിയാണ് (CCC 732). പരിശുദ്ധ ത്രിത്വത്തിൽ പിതാവും പുത്രനും റൂഹാദ്ഖുദശായും ഒന്നായിരിക്കുന്നതുപോലെ നാമും ഒന്നായിരിക്കാനുള്ള ആഹ്വാനമാണ് പന്തക്കുസ്ത നമുക്ക് നൽകുന്നത്. പന്തക്കുസ്ത ബാബേലിൽ
ചിതറിക്കപ്പെട്ട മനുഷ്യഭാഷകളെ റൂഹായുടെ വരവോടെ ഒന്നിപ്പിക്കുന്ന തിരുനാളാണ്. പരസ്പരം മനസ്സിലാക്കിയിരുന്ന മനുഷ്യർ ദൈവത്തോളം ഉയരാതിരിക്കാൻ ഭാഷയിൽ ചിതറിക്കപ്പെട്ട അവസ്ഥയിൽനിന്നും കേൾക്കുന്നവർക്ക് താന്താങ്ങളുടെ ഭാഷയിൽ കേൾക്കാൻ സാധിക്കുന്ന ഒരുമയിലേക്ക് റൂഹാ നയിക്കുന്ന ദിനമാണ് പന്തക്കുസ്ത. ഭാഷകളുടെ ഈ സംയോജനം സഭയുടെ കൂട്ടായ്മ്മയുടെ പ്രകാശനം തന്നെയാണ്. ഇത്തരത്തിൽ പന്തക്കുസ്താതിരുനാളിന്റെ പ്രധാനപ്പെട്ട ചിന്ത
യാണ് സഭയുടെ കൂട്ടായ്മ. സഭ ഏതെങ്കിലും ഒരു പ്രദേശത്തിന്റെയോ, ഭാഷയുടെയോ, വർഗ്ഗത്തിന്റെയോ, വർണത്തിന്റെയോ സ്വന്തമല്ലെന്നും, സഭയുടെ കാതോലികത എന്നത് എല്ലാവരെയും ഉൾക്കൊള്ളുന്നതാണെന്നും പന്തക്കുസ്ത നമ്മെ ഓർമിപ്പിക്കുന്നു.
സഭയിൽ ഇന്നും പ്രവർത്തിക്കുന്നത് റൂഹായാണ്. ആഴത്തിന് മീതെ ചരിച്ചുകൊണ്ടിരുന്ന ദൈവത്തിന്റെ ചൈതന്യം ഇന്നും രൂപരഹിതമായ നമ്മുടെ ജീവിതങ്ങളെ ക്രമവത്കൃതമാക്കുന്നുണ്ട്. അവസാനനാളുകളിൽ എല്ലാ മനുഷ്യരുടെയുംമേൽ എന്റെ ആത്മാവിനെ ഞാൻ വർഷിക്കുമെന്ന ജോയേൽ
പ്രവാചകന്റെ വാക്കുകളിൽ വിശ്വസിച്ചു റൂഹായുടെ അഭിഷേകത്തിനായി നമുക്ക്
വിശ്വാസത്തോടെ കാത്തിരിക്കാം. പ്രാരംഭകൂദാശകളിലൂടെ നമ്മിൽ പ്രവർത്തനമാരം
ഭിച്ച റൂഹാ ഈ തിരുനാളിൽ നമ്മിൽ ദൈവികാഗ്‌നിയായി കടന്നുവന്നു വാസമുറപ്പിക്കട്ടെ.