അറിയാനുള്ള നമ്മുടെ അവകാശം നാം ഉപയോഗിക്കണ്ടേ ?

0
174
ആൻറണി ആറിൽചിറ

ഭാരതത്തിൽ ജനാധിപത്യം കൂടുതൽ കാര്യക്ഷമമായും ഊർജസ്വലമായും മുന്നേറാനും, സ്വതന്ത്രരും, പ്രബുദ്ധരുമായ ഒരു പൗരാവലിയെ രൂപപ്പെടുത്തുന്നതിനും, ഭരണത്തിൽ സുതാര്യത ഉറപ്പാക്കുന്നതിനും ലക്ഷ്യം വച്ചും, അഴിമതിയെ നിയന്ത്രിക്കുന്നതിനുമായി ഇന്ത്യ സ്വതന്ത്ര റിപ്പബ്ലിക്കായതിന്റെ 56-ാം വർഷത്തിൽ ഇന്ത്യൻ പാർലമെന്റിൽ വിവരാവകാശ നിയമം പാസ്സാക്കി. വിപ്ലവകരമായ മാറ്റങ്ങൾ സാമൂഹ്യ ഭരണ രംഗത്ത് വരുത്തുവാൻ ഈ നിയമത്തിന് സാധിച്ചു
എന്നത് ഒരു വസ്തുത ആയി നമ്മുടെ മുന്നിൽ നിലനില്ക്കുന്നു. ജനാധിപത്യത്തിൽ തങ്ങളുടെ നികുതിപ്പണം കൊണ്ട് സർക്കാരും ഭരണകർത്താക്കളും എന്ത് ചെയ്യുന്നു എന്ന് അറിയാൻ ഏതൊരു ഇന്ത്യൻ പൗരനും അവകാശമുണ്ട് എന്ന് ഈ നിയമം വിളിച്ച് പറയുന്നു.
ചരിത്രം:
നിരക്ഷരരായ ഒരു പറ്റം ഗ്രാമീണ സ്ത്രീതൊഴിലാളികൾ രാജസ്ഥാനിൽ സംഘടിതമായി നടത്തിയ പോരാട്ടമാണ് വിവരാവകാശമെന്ന പൗരാവകാശത്തെപറ്റി ദേശീയ തലത്തിൽ ഒരു സംവാദത്തിനും, പൊതുചർച്ചക്കും തുടക്കം കുറിക്കാൻ കാരണമായത്. സൂപ്രീംകോടതിയുടെ നിരീക്ഷണത്തിൽ വിവരാവകാശം എന്നത് ഭരണഘടനയുടെ 21 -ാം അനുഛേദം പ്രകാരമുള്ള ജീവിക്കാനുള്ള അവകാശത്തിൽ ഉൾപ്പെടുന്നതാണ്. അതുപോലെ തന്നെ ഭരണഘടനയുടെ 19 -ാം അനുഛേദം പൗരന്റെ ആശയ പ്രകാശന സ്വാതന്ത്ര്യത്തെപ്പറ്റിയും പറയുന്നു. ഇത് ഫലപ്രദമായ
രീതിയിൽ ഉപയോഗിക്കാൻ കഴിയണം എങ്കിൽ യഥാർത്ഥ വിവരങ്ങൾ അവന് ലഭ്യമാകണം.
ബ്രിട്ടീഷ് ഇന്ത്യയിൽ സ്വാതന്ത്ര്യ സമരത്തെ അടിച്ചമർത്താനും, ബ്രിട്ടീഷുകാരുടെ താത്പര്യ സംരക്ഷണത്തിനും വേണ്ടിയാണ് ഔദ്യോഗികരഹസ്യ നിയമം നിർമ്മിച്ചത്. സ്വതന്ത്ര ഇന്ത്യയിലും ഇത് തുടർന്നുപോന്നു. രാജ്യരക്ഷയെ ഹനിക്കാത്ത സാധാരണ വിവരങ്ങൾ പോലും ഈ നിയമത്തിന്റെ പേരിൽ പൊതു സമൂഹത്തിൽ നിന്നും മറയ്ക്കപ്പെട്ടിരുന്നു. അതിന് ഒരു മാറ്റം എന്ന നിലയിൽ 2002 ൽ ഇന്ത്യൻ പാർലമെന്റ് വിവര സ്വാതന്ത്ര്യ നിയമം പാസ്സാക്കി. രാഷ്ട്രപതി അതിൽ ഒപ്പുവച്ചു എങ്കിലും ഔദ്യോഗികമായി വിജ്ഞാപനം ചെയ്യാതിരുന്നതിനാൽ നിയമമായില്ല.
അതിനെ തുടർന്ന് 2005 -ൽ സർക്കാർ വിവരാവകാശ നിയമം നടപ്പിലാക്കി. 2005 ഒക്ടോബർ 12 -ന് പ്രാബല്യത്തിൽ വന്ന ഈ നിയമം ‘വിവരാവകാശ നിയമം 2005’ എന്ന് വിളിക്കപ്പെടുന്നു.
ലഭ്യമാകുന്ന വിവരങ്ങൾ:
വിവരങ്ങൾ എന്നാൽ രേഖകൾ, പ്രമാണങ്ങൾ, പത്രക്കുറിപ്പുകൾ, അറിയിപ്പുകൾ, കരാറുകൾ, ഉദ്യോഗസ്ഥരുടെ യാത്രകൾ, മാതൃകകൾ, പകർപ്പുകൾ എന്ന് തുടങ്ങി ഏതുതരം വിവരങ്ങളും ഇതിൽ ഉൾപ്പെടും. ഒരു പൊതുഅധികാരിക്ക് ലഭിക്കുന്നതും അയാൾ സൂക്ഷിച്ച് വച്ചിരിക്കുന്നതുമായ എല്ലാ രേഖകളും റിക്കാർഡുകളും ഈ നിയമത്തിലെ വിവരങ്ങളുടെ പരിധിയിൽ ഉൾപ്പെടുന്നതാണ്. സർക്കാർ ഓഫിസുക
ളിലും പൊതുസ്ഥാപനങ്ങളിലും കയറിച്ചെന്ന് രേഖകളും പ്രമാണങ്ങളും നിയമാനു
സൃതമായി പരിശോധിക്കാനും വസ്തുതകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ലഭിക്കുന്നതിനും ഈ നിയമം ഒരു പൗരന് അവകാശം നല്കുന്നു.
ലഭ്യമാകാത്ത വിവരങ്ങൾ:
വിവരാവകാശ നിയമം നിർമ്മിച്ചിരിക്കുന്നതുതന്നെ പരമാവധി വിവരങ്ങൾ നല്കുകയും, വളരെ കുറച്ച് വിവരങ്ങൾ മാത്രം വെളിവാക്കാതിരിക്കുകയും ചെയ്യുക എന്ന നയത്തിന്റെ അടിസ്ഥാനത്തിലാണ്. ഒരു പൗരന് അറിയാനുള്ള അവകാശം പോലെ തന്നെ പ്രധാനമാണ് രാഷ്ട്രത്തിന്റെ സുരക്ഷയും, അഖണ്ഡതയും നിലനിർത്തുക എന്നത്. രാജ്യസുരക്ഷയും, അഖണ്ഡതയേയും ദോഷമായി ബാധിക്കുന്ന വിവരങ്ങൾ ലഭിക്കാൻ പൗരന് അവകാശമില്ലാത്തതാണ്. അതുപോലെ തന്നെ പാർലമെന്റിന്റെയോ, നിയമസഭയുടെയോ സവിശേഷ അവകാശത്തെ ഹനിക്കുന്ന വിവരങ്ങൾ, കുറ്റാന്വേഷണം സംബന്ധിച്ച വിവരങ്ങൾ എന്നിവ
ലഭിക്കാനും അവകാശമില്ല. പൊതുതാത്പര്യം ഇല്ലാത്തതും ഒരാളിന്റെ സ്വകാര്യതയെ ഹനിക്കുന്നതുമായ വിവരവും നിയമപരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
പൊതുഅധികാരി:
പൊതുഅധികാരി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഭരണഘടനാപ്രകാരമോ,
നിയമസഭയുടേയോ ലോക്‌സഭയുടേയോ നിയമം വഴിയോ, സർക്കാർ വിജ്ഞാപനം
വഴിയോ നിലവിൽ വന്നതും രൂപീകരിക്കപ്പെട്ടതുമായ സ്ഥാപനത്തെ ആണ് ഉദ്ദേശിക്കുന്നത്. സർക്കാരിൽ നിന്ന് ഏതെങ്കിലും തരത്തിലുള്ള ധനസഹായം കൈപ്പറ്റുന്ന സർക്കാരിതര സംഘടനകളും പൊതുഅധികാരിയുടെ നിർവ്വചനത്തിൽ ഉൾപ്പെടും.
വിവരാവകാശം:
ഒരു പൊതുഅധികാരിയുടെ കൈവശത്തിലും നിയന്ത്രണത്തിലുള്ളതുമായ വിവരങ്ങൾ ലഭിക്കാൻ ഏതൊരു പൗരനും അവകാശം ഉണ്ട് .അതോടൊപ്പം തന്നെ രേഖകൾ പരിശോധിക്കുക, രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ലഭിക്കുക, ഏത് പദാർത്ഥങ്ങളുടേയും സാക്ഷ്യപ്പെടുത്തിയ സാമ്പിളുകൾ ലഭിക്കുക, ഇലക്ട്രോണിക് രൂപത്തിൽ സൂക്ഷിച്ചിരിക്കുന്ന വിവരങ്ങൾ സി.ഡി./ഫ്ളോപ്പിടേപ്പുകൾ മുതലായ രൂപത്തിൽ ലഭിക്കുക എന്നത് ഈ നിയമപ്രകാരം
ഒരു പൗരന്റെ അവകാശമായി മാറിയിരിക്കുന്നു. വിവരാവകാശ നിയമപ്രകാരം എല്ലാ
ഇന്ത്യൻ പൗരൻമാർക്കും അറിയാനുള്ള അവകാശമുണ്ട്. ഇന്ത്യൻ പൗരൻമാരായ വ്യക്തികൾക്കാണ് പൗരാവകാശ നിയമപ്രകാരം വിവരങ്ങൾ ലഭിക്കുന്നത്.
എല്ലാ പൊതുഅധികാരികളും തങ്ങളുടെ അധികാര പരിധിയിലും അധീനതയിലും ഉൾപ്പെട്ട കാര്യങ്ങൾ ക്രമീകരിച്ച് സൂക്ഷിക്കാനും ഏത് അവസരത്തിലും ആവശ്യപ്പെട്ടാൽ യഥാസമയം വിവരം നല്കാനും ബാധ്യസ്ഥനാണ്.
അതുപോലെ തന്നെ ഓഫിസിനെ സംബന്ധിച്ച അടിസ്ഥാന വിവരങ്ങളും, അവിടെ ലഭിക്കുന്ന സേവനങ്ങൾ, അധികാരങ്ങൾ, ജീവനക്കാരുടെ വിവരങ്ങൾ, ലഭിക്കുന്ന ഫണ്ട്, ചിലവഴിക്കുന്ന മാർഗങ്ങൾ തുടങ്ങി വിശദമായ വിവരങ്ങൾ യഥാസമയം പുതു
ക്കുകയും ആയത് ഇന്റർനെറ്റ് ഉൾപ്പടെയുള്ള വിനിമയ മാർഗ്ഗങ്ങളിലൂടെ പൊതുജനത്തിന് ലഭ്യമാക്കുകയും വേണം. അതോടൊപ്പം തന്നെ രേഖയായി സൂക്ഷിക്കുകയും ചെയ്യണം.
പബ്‌ളിക് ഇൻഫർമേഷൻ ഓഫിസർ:
വിവരാവകാശ പരിധിയിൽ വരുന്ന എല്ലാ പൊതു ഓഫിസുകൾക്കും സ്ഥാപനങ്ങൾക്കും പൗരൻമാരിൽ നിന്നും അപേക്ഷകൾ സ്വീകരിക്കുന്നതിനും, അവയുടെ മറുപടി ശേഖരിക്കുന്നതിനും, യഥാസമയം നിശ്ചിത ഫീസ് ഈടാക്കി മറുപടി നല്കുന്നതിനുമായി ചുമതലപ്പെട്ട ഉദ്യോഗസ്ഥനാണ് അവിടുത്തെ
പബ്‌ളിക് ഇൻഫർമേഷൻ ഓഫിസർ. ആവശ്യപ്പെടുന്ന വിവരങ്ങൾ യഥാസമയം ലഭ്യമാക്കാൻ സാധിക്കുന്നില്ല എങ്കിൽ അതിന്റെ കാര്യകാരണസഹിതം അപേക്ഷകനെ രേഖാമൂലം അറിയിക്കേണ്ടതും, ആയത് മറ്റ് എവിടെ എങ്കിലും ലഭ്യമാണെങ്കിൽ ആ വിവരവും കക്ഷിയെ അറിയിക്കേണ്ടതുമാണ്. എന്നാൽ
ആവശ്യപ്പെട്ട വിവരം ഒരു പൊതു അധികാരിയിൽ നിന്ന് ലഭ്യമാക്കാൻ സാധിക്കുമെങ്കിൽ അത് ലഭ്യമാക്കുവാൻ പബ്‌ളിക് ഇൻഫർമേഷൻ ഓഫിസർക്ക് ബാധ്യതയുണ്ട്. എന്നാൽ ആവശ്യപ്പെട്ട രേഖകളോ വിവരങ്ങളോ ഒന്നിലധികം പൊതു അധികാരികളിൽ നിന്ന് ലഭിക്കേണ്ടതാണ് എങ്കിൽ ആ വിവരം കാണിച്ച് ആ ഓഫിസുകളിൽ അപേക്ഷ സമർപ്പിക്കാൻ അപേക്ഷകനെ രേഖാമൂലം അറിയിക്കേണ്ടതാണ്.
ഫീസ്:
വിവരാവകാശ നിയമപ്രകാരം നിശ്ചയിച്ചിരിക്കുന്ന ഫീസ് ഒടുക്കാൻ അപേക്ഷകൻ ബാധ്യസ്ഥനാണ് എന്നാൽ അപേക്ഷകൻ ഫീസ് അടച്ചില്ല എന്ന കാരണത്താൽ അപേക്ഷ നിരസിക്കാൻ പാടില്ലാത്തതും, ഫീസ് അടയ്ക്കാൻ രേഖാമൂലം അപേക്ഷകനെ അറിയിക്കാൻ പബ്‌ളിക് ഇൻഫർമേഷൻ ഓഫിസർ ബാധ്യസ്ഥനുമാണ്. ഫീസ് ഒടുക്കുന്ന തിയതി മുതൽ മാത്രമേ അപേക്ഷയുടെ സമയ പരിധി കണക്കാക്കുകയുള്ളു. അപേക്ഷകൻ ദാരിദ്ര്യരേഖക്ക് താഴെയുള്ള ആളാണെങ്കിൽ ബന്ധപ്പെട്ട രേഖകൾ ഹാജരാക്കിയാൽ ഫീസ് ഒഴിവാക്കാവുന്നതാണ്.
സമയപരിധി:
വിവരാവകാശ നിയമപ്രകാരം സമർപ്പിക്കപ്പെടുന്ന അപേക്ഷയിൽ ആവശ്യപ്പെടുന്ന വിവരങ്ങൾ കഴിവതും വേഗം നല്കാൻ ഉദ്യോഗസ്ഥർ ബാധ്യസ്ഥരാണ്. പരമാവധി 30 ദിവസത്തിനകം വിവരങ്ങൾ നല്കിയിരിക്കണം. ഒരുപക്ഷേ ഒരു വ്യക്തിയുടെ ജീവനേയോ, സ്വാതന്ത്ര്യത്തേയോ ബാധിക്കുന്ന വിവരങ്ങളാണെങ്കിൽ 48 മണിക്കൂറിനകം മറുപടി നല്‌കേണ്ടതാണ് എന്നും നിഷ്‌കർഷിച്ചിട്ടുണ്ട്. നിശ്ചിത
സമയ പരിധിക്കുള്ളിൽ വിവരം നല്കാതിരിക്കുകയോ, അപേക്ഷയിൽ തീരുമാനം എടുക്കാതിരിക്കുകയോ ചെയ്താൽ അപേക്ഷ നിരസിച്ചതായി കണക്കാക്കും.
അപ്പീൽ നടപടികൾ:
ഇൻഫർമേഷൻ ഓഫിസർക്ക് സമർപ്പിക്കുന്ന അപേക്ഷകളിൻമേൽ യഥാസമയം തീരുമാനം എടുക്കാതിരിക്കുമ്പോഴും, ലഭിച്ച മറുപടിയിൽ തൃപ്തി ഇല്ലാതെ വന്നാലും അപേക്ഷകർക്ക് ബന്ധപ്പെട്ട ആപ്പിൽ അധികാരികളെ സമീപിക്കാവുന്നതാണ്. ഇൻഫർമേഷൻ ഓഫിസർ തീരുമാനം എടുക്കേണ്ട തീയതി/ മറുപടി ലഭിച്ച തീയതി എന്നിവയ്ക്ക് 30 ദിവസത്തിനകം ഒന്നാം അപ്പീൽ അധികാരിക്ക് അപേക്ഷ നല്കിയിരിക്കണം. മതിയായ കാരണം ഉണ്ട് എന്ന് ബോധ്യപ്പെട്ടാൽ 30 ദിവസത്തിന് ശേഷവും അപ്പീൽ സ്വീകരിക്കാവുന്നതാണ്. ഒന്നാം അപ്പീൽ 30 ദിവസത്തിനകം തീർപ്പാക്കണം എന്നാൽ ഒഴിച്ച് കൂടാനാവാത്ത കാരണങ്ങളാൽ 45 ദിവസം വരെ നീണ്ടേക്കാം. ഒന്നാം അപ്പീൽ അധികാരി യഥാസമയം തീരുമാനം എടുക്കാതിരിക്കുകയോ, തീരുമാനം തൃപ്തികരമല്ലാതെ വരുകയും ചെയ്യുന്ന സാഹചര്യത്തിൽ രണ്ടാം അപ്പീൽ അധികാരിയെ സമീപിക്കാവുന്നതാണ്. രണ്ടാം അപ്പീൽ 90 ദിവസങ്ങൾക്കകം നല്കിയിരിക്കണം. വളരെ അടിയന്തിര കാരണങ്ങൾ ഉണ്ടങ്കിൽ മാത്രമെ 90 ദിവസത്തിന് ശേഷം രണ്ടാം അപ്പീൽ പരിഗണിക്കു.
പിഴ:
ന്യായമായ കാരണങ്ങൾ ഇല്ലാതെ അപേക്ഷ നിരസിക്കുക, നിശ്ചിത സമയ പരിധിക്കകം മറുപടി നല്കാതിരിക്കുക, തെറ്റായതും അപൂർണ്ണമായതുമായ മറുപടി നല്കുക, ആവശ്യപ്പെട്ട വിവരങ്ങൾ നശിപ്പിക്കുക, വിവരങ്ങൾ നല്കുന്നത് തടയുക തുടങ്ങിയ വീഴ്ചകൾക്ക് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് പിഴശിക്ഷ ലഭിക്കാവുന്നതാണ്. ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ പേരിൽ വകുപ്പുതല അച്ചടക്ക നടപടിക്കും സാധ്യത ഉണ്ട്. ഒരു ദിവസം 250 രൂപാ എന്ന നിരക്കിൽ 25000 രുപാ വരെ പിഴ ചുമത്താൻ വിവരാവകാശ കമ്മിഷന് അധികാരം ഉണ്ട്.
വിവരാവകാശ നിയമം 2005 ന്റെ അടിസ്ഥാനത്തിൽ എല്ലാ പൊതു ഓഫിസുകളിലും
അസി: ഇൻഫർമേഷൻ ഓഫിസർ, പബ്‌ളിക് ഇൻഫർമേഷൻ ഓഫിസർ എന്നിവരെ നിശ്ചയിച്ച് അവരുടെ പേര്, ഉദ്യോഗപേര് എന്നിവ പൊതുജനങ്ങൾക്ക് കാണത്തക്കവിധം പ്രദർശിപ്പിച്ചിട്ടുണ്ട്. അതോടൊപ്പം അപ്പീൽ അധികാരികളുടെ വിവരങ്ങളും പ്രദർശിപ്പിച്ചിട്ടുണ്ടാവും. വിവരാവകാശ നിയമത്തിന്റെ മുഖ്യ ലക്ഷ്യം പൗരൻമാർക്ക് വിവരങ്ങൾ ലഭ്യമാക്കണം എന്നതാണ്. ഭരണ സംവിധാനത്തോട്
പൗരൻമാരുടെ വിശ്വാസ്യത ഉറപ്പ് വരുത്തുക, ജനാധിപത്യത്തെ ശക്തിപ്പെടുത്തുക, അഴിമതി കുറയ്ക്കുക, ഉത്തരവാദിത്വം ഉറപ്പാക്കുക എന്നിവയും ഇതിന്റെ നേർഫലങ്ങളാണ്. വളരെ ദീർഘവീക്ഷണത്തോടെയും വിശാലതയോടെയും രൂപപ്പെടുത്തിയ ‘വിവരാവകാശ നിയമം 2005’ ഇന്ത്യയിൽ സുതാര്യ ഭരണ, ഉദ്യോഗനിർവ്വഹണത്തിനും, വലിയ മാറ്റങ്ങൾ വരുത്തിയിരിക്കുന്നു. ഈ നിയമം
ഇനിയും ഒത്തിരിയേറെ മാറ്റങ്ങൾക്ക് കാരണമാകും എന്നും നമ്മുക്ക് പ്രത്യാശിക്കാം.
അറിയാൻ നമ്മുക്ക് അവകാശമുണ്ട് ആ അവകാശം ശരിയായ കാര്യങ്ങൾക്ക് വേണ്ടി നാം ഉപയോഗിക്കണം അപ്പോൾ മാത്രമേ അതിന്റെ അർത്ഥത്തിൽ ആ നിയമം ഉപയോഗിക്കപ്പെടുകയുള്ളൂ.