എടത്വാപള്ളി വീണ്ടും തിരുനാൾ പ്രഭയിൽ

ജോൺ ജെ. പുതുച്ചിറ

വിശുദ്ധ ഗീവർഗീസിന്റെ മദ്ധ്യസ്ഥതയിൽ അഭയം തേടുന്ന അനേകായിരങ്ങൾക്ക്
ആശ്വാസമരുളുന്ന ഭാരതത്തിലെ അതിപ്രശസ്തമായ തീർത്ഥാടന കേന്ദ്രങ്ങളിൽ
ഒന്നാണ് എടത്വാ സെന്റ് ജോർജ് ഫൊറോനാപള്ളി. എടത്വാപള്ളിയിൽ നിന്ന് തന്റെ മദ്ധ്യസ്ഥശക്തി ആശ്രിതർക്കെല്ലാം അനുഭവവേദ്യമാക്കിയ ഗീവർഗീസ് സഹദായെക്കുറിച്ചുള്ള കീർത്തി നാടെങ്ങും പരന്നു. കേരളത്തിന്റ വിവിധ ഭാഗങ്ങളിൽ നിന്നും തമിഴ്‌നാട്, ആന്ധ്രപ്രദേശ്, കർണാടക തുടങ്ങിയ അയൽസംസ്ഥാനങ്ങളിൽ നിന്നും ശ്രീലങ്ക പോലുള്ള അയൽരാജ്യങ്ങളിൽ നിന്നുവരെ പതിനായിരക്കണക്കിന് തീർത്ഥാടകർ ഇവിടേയ്‌ക്കെത്തുന്നു. പമ്പയാറിന്റെ തീരത്ത് ആത്മീയ തേജസ്സിന്റെയും നിർമ്മാണ കലാസൗകുമാര്യത്തിന്റെയും സമന്വയമായി എടത്വാപള്ളി നിലകൊള്ളുന്നു.
1810 സെപ്റ്റംബർ 28-ാം തീയതിയാണ് പ്രശസ്തമായ ഈ ദേവാലയത്തിന്റെ ശിലാസ്ഥാപനം നടക്കുന്നത്. ദേവാലയത്തിന്റെ നിർമ്മാണം പൂർത്തിയാക്കി അധികം താമസിയാതെ വിശുദ്ധ ഗീവർഗീസിന്റെ രൂപം അവിടെ പ്രതിഷ്ഠിച്ചു. ഇടപ്പള്ളി പള്ളിയിൽ നിന്നുമാണ് തിരുസ്വരൂപം കൊണ്ടുവന്നത്.
വിശുദ്ധന്റെ പെരുന്നാൾ എടത്വായിൽ ആഘോഷിക്കുന്നത് മേടമാസത്തിൽ ആയതിനാൽ പ്രാദേശികമായി ‘മേടപെരുന്നാൾ’ എന്നാണ് അറിയപ്പെട്ടിരുന്നത്. ഏപ്രിൽ 27 മുതൽ മെയ് 7 വരെയാണ് തിരുനാൾ ദിനങ്ങൾ. 1980-ൽ ഫാ. സിറിയക് കോട്ടിയിലിന്റെ (Sr.) കാലത്താണ് എട്ടാമിടം എന്ന പേരിൽ പിന്നെയും ഒരാഴ്ചത്തെ ആഘോഷം ആരംഭിച്ചത്. മെയ് 14 ന് കൊടിയിറക്കു തിരുനാളോടെ
പെരുന്നാൾ സമാപിക്കും. ജാതിമതഭേദമന്യേ എടത്വാക്കാർക്ക് മുഴുവൻ ഉത്സവകാലമാണിത്. ഇവിടെയെത്തുന്ന ജനലക്ഷങ്ങളിൽ മലയാളികളെ കൂടാതെ തമിഴനും കന്നഡക്കാരനും ആന്ധ്രാക്കാനുമെല്ലാമുണ്ട്. അന്യസംസ്ഥാനക്കാർ ഏറ്റവും കൂടുതൽ പങ്കെടുക്കുന്ന കേരളത്തിലെ പെരുന്നാളുകളിൽ ഒന്നാണിത്.
ദേവാലയ പരിസരത്തിനു പുറത്ത് ആഘോഷങ്ങളുടെ ആരവങ്ങൾ ഉയരുമ്പോഴും ദേവാലയത്തിനുള്ളിലെ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തിരുക്കർമ്മങ്ങൾ
നടന്നുകൊണ്ടിരുന്നു. ഒരുകാലത്ത് സുറിയാനിയിലും ലത്തീനിലുമുള്ള കുർബാനകൾ
നിശ്ചിതസമയത്ത് ഉണ്ടായിരുന്നുവെങ്കിൽ ഇന്ന് മലയാളത്തിലും തമിഴിലും സീറോ മലബാർ, സീറോ-മലങ്കര, ലത്തീൻ ക്രമങ്ങളിൽ വിശുദ്ധ കുർബാനയും പ്രസംഗങ്ങളുമാണ്. അതിവേഗം എടത്വാപള്ളി ഒരു തീർത്ഥാടന കേന്ദ്രമായി മാറി: ഇടവകാംഗങ്ങളും തീർഥാടകരും വർദ്ധിച്ചതോടെ ഒരു വലിയ
ദേവാലയം ആവശ്യമായി വന്നു. ഇന്നു നാം കാണുന്ന ശില്പ മനോഹരമായ ബൃഹദ് ദേവാലയത്തിന്റെ ശിലാസ്ഥാപനം 1839 നവംബറിൽ നടന്നു. പിന്നീട് വിവിധ വൈദികരുടെ നേതൃത്വത്തിൽ വിവിധ ഘട്ടങ്ങളിലായിട്ടാണ് എടത്വാപള്ളി ഇന്നത്തെ ഭംഗി കൈവരിച്ചത്. 1977-87 കാലഘട്ടത്തിൽ വികാരിയായിരുന്ന ഫാ. സിറിയക് കോട്ടയിൽ (Sr) ഇടവകയുടെ സമസ്തമേഖലകളിലും മുന്നേറ്റം ഉളവാക്കി. എടത്വാ സെന്റ് അലോഷ്യസ് കോളേജിന്റെ പുതിയ ബഹുനില മന്ദിരം നിർമ്മിച്ചത് ഇദ്ദേഹത്തിന്റെ കാലത്താണ്. ഫാ.തോമസ് കിഴക്കേടത്തിന്റെ കാലത്താണ് സെന്റ് മേരീസ് ഹൈസ്‌കൂളിനും ജോർജിയൻ പബ്ലിക് സ്‌കൂളിനും പുതിയ ബഹുനില മന്ദിരങ്ങൾ നിർമ്മിച്ചത്. 1985 – ൽ ഇടവകയുടെ സ്ഥാപനത്തിന്റെ 175-ാം വാർഷികത്തിന് വിശിഷ്ടാതിഥി അന്ന് ഉപരാഷ്ട്രപതിയായിരുന്ന ആർ. വെങ്കിട്ടരാമനായിരുന്നു. ജൂബിലിയോട് അനുബന്ധിച്ച് നിർധന യുവതികളുടെ സമൂഹവിവാഹം, ഇടവകയിലെ വൈദികരുടെ സമൂഹബലി തുടങ്ങിയവയും ഉണ്ടായിരുന്നു. ക്രിസ്തീയമായ സാമൂഹിക പ്രതിബദ്ധതയാൽ പ്രചോദിതമായി എടത്വാപള്ളിക്കാര്യത്തിൽ നിന്ന് സമാരംഭിച്ച വിദ്യാഭ്യാസ പ്രവർത്തനങ്ങൾ നഴ്‌സറി സ്‌കൂൾ മുതൽ ഒന്നാം ഗ്രേഡ് കോളേജ് വരെയുള്ള സ്ഥാപനങ്ങളും,
പള്ളിയുടെ പങ്കാളിത്തത്തോടെ ഈശോ സഭക്കാരുടെ ചുമതലയിൽ ആരംഭിച്ച ഒരു ഐറ്റിസിയും എടത്വായ്ക്കു ലഭ്യമാക്കി. അത് എടത്വായെ കുട്ടനാടിന്റെ വൈജ്ഞാനിക തലസ്ഥാനമാകുവാൻ സഹായിക്കുകയും ചെയ്തു.
സെന്റ് മേരിസ് എൽ.പി.സ്‌കൂൾ, സെന്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്‌കൂൾ, സെന്റ് അലോഷ്യസ് എൽപി സ്‌കൂൾ, പാണ്ടങ്കരി എൽപി സ്‌കൂൾ, സെന്റ് മേരീസ്
ഗേൾസ് ഹൈസ്‌കൂൾ, ജോർജ്ജിയൻ പബ്ലിക് സ്‌കൂൾ, പയസ് ടെൻത് ഐറ്റിസി ഇവയൊക്കെയാണ് പള്ളിയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ. കൂടാതെ 1965-ൽ മാർ കാവുകാട്ട് പിതാവ് ഉദ്ഘാടനം ചെയ്ത സെന്റ് അലോഷ്യസ് കോളേജ് ആണ് പള്ളിയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രമുഖം.
എടത്വാപള്ളിയുടെ മാനേജ്‌മെന്റിൽ ഉള്ളതല്ലെങ്കിലും നാടിന്റെ തിലകക്കുറിയായ മഹാജൂബിലി മെമ്മോറിയൽ ഹോസ്പിറ്റലിനെയും ഇവിടെ പരാമർശിക്കാതിരിക്കാനാവില്ല. അമേരിക്കയിൽ സേവനം അനുഷ്ഠിച്ചിരുന്ന മോൺ. ജയിംസ് പറപ്പള്ളി തന്റെ ശ്രമഫലമായി ക്രിസ്തു ജയന്തി രണ്ടായിരമാണ്ടിൽ തന്റെ ജന്മനാടിനു നൽകിയ അമൂല്യ സമ്മാനമാണ് ഈ ഹോസ്പിറ്റൽ. ഇപ്പോൾ ആരാധനാ സന്യാസിനീ സമൂഹത്തിന്റെ പ്രധാന ചുമതലയിലാണ് ഈ ആശുപത്രി.
മതാനുഷ്ഠാനങ്ങളിൽ എടുത്വാ ഇടവകാംഗങ്ങൾ എന്നും മുൻപന്തിയിലായിരുന്നു. ഇടവകയുടെ ആദ്ധ്യാത്മിക ചൈതന്യത്തിന്റെ ഉത്തമ നിദർശനമാണ് പുത്തൻപറമ്പിൽ തൊമ്മച്ചൻ എന്ന അത്മായപ്രേഷിതൻ.
സുവിശേഷ പ്രഘോഷണത്തിനും ഭക്താനുഷ്ഠാനങ്ങൾക്കും മുൻതൂക്കം നൽകി
ആദ്ധ്യാത്മിക ഉണർവിന് വഴി തെളിച്ച പലവൈദികരും ഇടവകയിൽ സേവനം അനു
ഷ്ഠിച്ചിട്ടുണ്ടെങ്കിലും ഏറെ ശ്രദ്ധേയരായ രണ്ടുപേർ അക്കൂട്ടത്തിലുണ്ട്. പിൽക്കാലത്ത്
ചങ്ങനാശ്ശേരി മെത്രാനായ മാർ തോമസ് കുര്യാളശ്ശേരിയാണ് അവരിലൊരാൾ. അദ്ദേഹം പുത്തൻപറമ്പിൽ തൊമ്മച്ചന്റെ ജീവിതത്തിന്റെ സായംസന്ധ്യയിൽ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്കു ശക്തമായ പിന്തുണനൽകുകയും അദ്ദേഹത്തിന്റെ സഹകരണത്തോടെ ദിവ്യകാരുണ്യ ആരാധനാ സഭയുടെ സ്ഥാപനത്തിനു വേണ്ട പ്രാരംഭപ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്തു.
കൂടാതെ പിന്നാക്ക സമുദായത്തിൽപ്പെട്ട നിരവധിപേരെ ക്രിസ്തുമതത്തിൽ ചേർത്തു.
ഫാ. ജോൺ തലോടിയാണ് രണ്ടാമത്തെയാൾ. ഈ ഇടവകയിൽ മരിയൻ
സോഡാലിറ്റിയും അൾത്താരബാലസഖ്യവും സ്ഥാപിച്ചത് അദ്ദേഹമാണ്. കൊച്ചു
കുട്ടികൾക്കു വേണ്ടി തിരുബാലസഖ്യവും ഏർപ്പെടുത്തി. ഇടവകയിലെ അംഗങ്ങളായ
ഒട്ടേറെ ബാലികാബാലന്മാർ ദൈവവിളി സ്വീകരിച്ചു വൈദികരും കന്യാസ്ത്രീകളുമായി. സെന്റ് ജോർജ് ദേവാലയത്തിന്റെ ആവിർഭാവത്തോടെ എടത്വായുടെ ചരിത്രം പള്ളിയുടെ ചരിത്രത്തിൽ ലയിച്ചു. നാടിന്റെ വികസനത്തിന് എടത്വാ പള്ളി വഹിച്ച പങ്ക് സമാനതകളില്ലാത്തതാണ്. സ്വാഭാവികമായും അത് ആസൂത്രിതമായിരുന്നില്ല. കാലാകാലങ്ങളിലെ ആവശ്യം എന്തെന്നറിഞ്ഞ വികസന
ത്തിന്റെ പാതയിലൂടെ നാടിനെ കൈപിടിച്ചു നടത്തുകയാണ് പള്ളി ചെയ്തത്.
കോവിഡ് മൂലം കഴിഞ്ഞ രണ്ട് വർഷങ്ങളിൽ എടത്വാപള്ളി പെരുന്നാൾ ആഘോ
ഷിക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ഈ ഏപ്രിൽ 27 മുതൽ മെയ് 14 വരെ പഴയ പ്രതാപത്തോടെ പെരുന്നാൾ ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് എടത്വായിലെ ഭക്തജനങ്ങൾ. ഇടവക വികാരിയായ ഫാ. മാത്യു ചൂരവടിയുടെ നേതൃത്വത്തിൽ അതിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിക്കഴിഞ്ഞിരിക്കുന്നു.