കർത്താവിനെ കണ്ടവരും കണ്ടുമുട്ടിയവരും

ഫ്രാൻസിസ് പാപ്പ തന്റെ അജപാലന ദർശനത്തിന്റെ മാഗ്‌നാകാർട്ടായെന്നു വിശേഷിപ്പിക്കാവുന്ന സുവിശേഷത്തിന്റെ ആനന്ദം എന്ന സിനഡനന്തര ശ്ലൈഹിക പ്രബോധനം ആരംഭിക്കുന്നത് ഇപ്രകാരമാണ്. ‘സുവിശേഷത്തിന്റെ സന്തോഷം ഈശോയെ കണ്ടുമുട്ടുന്ന എല്ലാവരുടെയും ഹൃദയത്തിലും മുഴുജീവിതത്തിലും നിറയുന്നു. അവിടുത്തെ രക്ഷ സ്വീകരിക്കുന്നവർ പാപം, ദുഃഖം, ആന്തരിക ശൂന്യത, ഏകാന്തത എന്നിവയിൽനിന്ന് സ്വതന്ത്രരാക്കപ്പെടുന്നു’. പീഡാനുഭവ ആഴ്ചയിൽ ഈശോയുടെ പീഡാനുഭവത്തെയും മരണത്തെയും തുടർന്ന് ഉത്ഥാനത്തെയും നാം ധ്യാനിക്കുകയായിരുന്നു. ഇതിലൂടെ അവിടുന്ന് മനുഷ്യകുലത്തിനു നേടിയ
രക്ഷയുടെ അനുഭവം സ്വന്തമാക്കാൻ നാം പരിശ്രമിക്കുകയായിരുന്നു. അവിടുത്തോടൊത്തുള്ള ജറുസലേം യാത്രയിൽ ഈശോയെ കണ്ടവരും കണ്ടുമുട്ടിയവരും നൽകിയ വ്യത്യസ്തമായ അനുഭവങ്ങളും വിശ്വാസ
ജീവിത കാഴ്ചപ്പാടുകളും നമ്മുടെ പ്രാർത്ഥനയുടെ വിഷയവുമായിരുന്നു. ഈ കാണലും
കണ്ടുമുട്ടലും നൽകുന്ന പാഠമാണ് നമ്മുടെ ചിന്താവിഷയം.
കർത്താവിനെ കണ്ടവർ
ഈശോയുടെ പരസ്യ ജീവിതകാലത്ത് അവിടുത്തെ കണ്ടവർ ധാരാളമുണ്ട്. ഇക്കൂട്ടത്തിൽ അവിടുത്തെ വചനം കേട്ടവരും, അത്ഭുതങ്ങൾ കണ്ടവരും, രോഗശാന്തി നേടിയവരും, അപ്പം ഭക്ഷിച്ചു തൃപ്തരായവരും ശിഷ്യത്വജീവിതം ആഗ്രഹിച്ച് അവിടുത്തെ സന്നിധിയിൽ വന്നവരും ഈശോയെ കാണാൻ പ്രത്യേക ആഗ്രഹത്തോടെ വന്ന ഗ്രീക്കുകാരും (യോഹ. 12:20-26) ഭരണാധികാരിയായ ഹേറോദേസും ഉൾപ്പെടും (ലൂക്ക 23: 6-12). പഴയനിയമത്തിലും ദൈവത്തിന്റെ ഇടപെടലുകളും അത്ഭുതങ്ങളും കണ്ടവർ ധാരാളമുണ്ട്. ഫറവോപോലും ഇസ്രായേലിനുവേണ്ടിയുള്ള കർത്താവിന്റെ ശക്തമായ ഇടപെടലുകളും അത്ഭുതപ്രവർത്തനങ്ങളും കണ്ടതാണ്. പഴയനിയമത്തിലും പുതിയ നിയമത്തിലും കർത്താവിനെ കാണുകമാത്രം ചെയ്തവരുടെ സവിശേഷതകൾ ധാരാളമുണ്ട്. അവർക്ക് കർത്താവിൽ വിശ്വസിക്കുവാനോ ആ വിശ്വാസം ഏറ്റുപറയുവാനോ സാധിച്ചില്ല. കർത്താവിന്റെ വചനം അവർക്കു കഠിനമായിരുന്നതുകൊണ്ട് അവിടുത്തെ ഉപേക്ഷിച്ചുപോയി. അവർ ദൈവത്തിന്റെ പ്രീതിയെക്കാൾ മനുഷ്യരുടെ പ്രീതിതേടിയവരായിരുന്നു. അപ്പം ഭക്ഷിച്ച് തൃപ്തരായവർക്കും അവിടുത്തെ ദൈവത്വം കാണാൻ സാധിച്ചില്ല. മോശയിലൂടെ ദൈവത്തെ ‘കണ്ട’
ജനമാണ് കാളക്കുട്ടിയെ ഉണ്ടാക്കി ആരാധിക്കുന്നത്. ഇനിയും ഈശോയെ കണ്ടു
മുട്ടിയിട്ടില്ലാത്ത സെബദീപുത്രന്മാരാണ് വലത്തും ഇടത്തും ഇരിക്കാൻ ആഗ്രഹിച്ചത്. ഈശോയെ കാണുകമാത്രം ചെയ്തവർക്ക് അവിടുത്തെ ശിഷ്യത്വം സ്വീകരിക്കാനും രക്ഷയുടെ അനുഭവം സ്വന്തമാക്കാനും സാധിച്ചില്ല.
കർത്താവിനെ കണ്ടുമുട്ടിയവർ
കാണലും കണ്ടുമുട്ടലും നടക്കുന്നത്, അതു വസ്തുക്കളെയാണെങ്കിലും വ്യക്തിക
ളെയാണെങ്കിലും, സമയത്തിലും സ്ഥലത്തിലുമാണ്. (Time & Space). എന്നാൽ ഇവ തമ്മിൽ വ്യത്യാസങ്ങളുണ്ട്. പഞ്ചേന്ദ്രിയങ്ങൾക്കൊണ്ട് കാണുന്നതിനപ്പുറത്തേക്ക് കണ്ടുമുട്ടലുകൾ ഒരു വ്യക്തിയെ നയിക്കുന്നു. അഥവാ കാഴ്ചയ്ക്കപ്പുറത്തേക്ക് കണ്ടുമുട്ടൽ ഒരുവനെ പ്രവേശിപ്പിക്കുന്നു. അതാണ് വിശ്വാസത്തിന്റെ തലവും ദൈവദർശനത്തിന്റെ മേഖലയും. പഴയനിയമത്തിലാണെങ്കിലും
പുതിയ നിയമത്തിലാണെങ്കിലും അവിടുത്തെ കണ്ടുമുട്ടിയവരുടെ സവിശേഷതകൾ സമാനങ്ങളാണ്.
1. അവർ ദൈവത്തിൽ വിശ്വസിച്ചു
ഈ കണ്ടുമുട്ടലിന്റെ പഴയനിയമസാക്ഷ്യങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് പൂർവ്വ
പിതാക്കൻമാർ നൽകുന്നതുതന്നെയാണ്. ദൈവത്തിൽ വിശ്വാസമർപ്പിച്ചതിന്റെ അവികലമായ സാക്ഷ്യമാണ് അബ്രാഹവും ഇസഹാക്കും യാക്കോബും നൽകുന്നത്. (ഉൽപ 15:6). ദൈവത്തിലുള്ള വിശ്വാസത്തിന്റെ ഫലം ദൈവം കൽപിക്കുന്നത് ചെയ്യുക എന്നതാണ്. മറ്റൊന്നും അവരെ നയിക്കുന്നില്ല. തന്റെ ഏകപുത്രനെ ബലിയർപ്പിക്കാൻ കർത്താവ് കൽപ്പിക്കുമ്പോഴും മറിച്ചൊന്നും
പറയാതെ പൂർണ്ണമായി അനുസരിക്കുന്ന അബ്രാഹംതന്നെ ഏറ്റവും വലിയ സാക്ഷ്യം
(ഉൽപ 17:23). ദൈവത്തെ കണ്ടുമുട്ടുന്നവർക്ക് സംശയങ്ങളില്ല. ദൈവത്തിന്റെ വചനവും കൽപനകളുംതന്നെ ജീവിതനിയമവും പ്രമാണവും. പുറപ്പാട് അനുഭവത്തിൽ ജനം ഏറ്റുപറയുന്നതും ഇതു തന്നെ. കർത്താവ്
കൽപ്പിച്ചതെല്ലാം ഞങ്ങൾ അനുസരിക്കും (പുറ 24: 7).
2. ദൈവത്തെ ആരാധിക്കുന്നു
ദൈവത്തെ കണ്ടുമുട്ടുന്നവർ ദൈവത്തെ ആരാധിക്കുന്നവരാകുന്നു എന്നതാണ്
മറ്റൊരു സവിശേഷത. ശരിയായ വിശ്വാസം ആരാധനയിലേയ്ക്ക് നയിക്കുന്നു. ഇതും നാം പൂർവ്വപിതാക്കളുടെ ജീവിതത്തിൽ കാണുന്ന കാര്യമാണ്. അബ്രാഹമും ഇസഹാക്കും യാക്കോബും ദൈവത്തിനു ബലിപീഠം നിർമ്മിച്ച് ബലിയർപ്പിച്ചവരാണ്. കാനാൻകാരുടെ ദേശമായ ഷെക്കേമിലും ബഥേലിലും ദൈവത്തിനു ബലിപീഠം നിർമ്മിച്ച് ബലിയർപ്പിക്കുന്ന അബ്രാഹം (ഉല്പത്തി 12: 7-9). ഇസഹാക്കിനെ ബലിയർപ്പിക്കാൻ കൊണ്ടുപോയ മോറിയായിൽ (ഉല്പത്തി 22:9) അബ്രാഹമും ബഥേലിൽ യാക്കോബും ആരാധനയർപ്പിക്കുന്നു (ഉല്പത്തി 35:3, 28:17).
വിശ്വാസികളുടെ പ്രഥമവും പ്രധാനവുമായ ദൗത്യം കർത്താവിനെ ആരാധിക്കുക എന്നുള്ളതാണ്. കർത്താവിനെ കണ്ടുമുട്ടുന്നവരുടെ ജീവിതത്തിലും ഈ ആരാധന
യുടെ ചൈതന്യമാണ് നാം കാണുന്നത്. ഏശയ്യായ്ക്കുണ്ടായ അനുഭവത്തിലും (ഏശ 6)
തോമാശ്ലീഹായുടെ വിശ്വാസ പ്രഖ്യാപനത്തിലും – എന്റെ കർത്താവും ദൈവവും –
നാം കാണുന്നത് ഇതുതന്നെ. ഈ ആരാധന കർത്താവ് ആവശ്യപ്പെടുന്നതും പ്രതീക്ഷി
ക്കുന്നതുമായ കാര്യമായി നമുക്ക് കാണാം. പുറപ്പാടനുഭവത്തിൽ ജനത്തെ വിട്ടയയ്ക്കുന്നതിന് കാരണമായി പറയുന്നത് ദൈവാരാധനയാണ് (പുറ 8:1, 8:20, 10:24).
3. അചഞ്ചലമായ ദൈവാശ്രയത്വം
കർത്താവിനെ കണ്ടുമുട്ടുന്നവരുടെ ജീവിതത്തിൽ ഉണ്ടാകുന്ന സമാനതകളില്ലാത്ത
ദൈവാശ്രയത്വമാണ് മറ്റൊരു പ്രത്യേകത. യൗസേപ്പിതാവിന്റെയും പരി. അമ്മയുടെയും ജീവിതത്തിൽ നാം കാണുന്നത് ഇതാണ്. അവർ ബുദ്ധിയാൽ നയിക്കപ്പെടുന്നതിനേക്കാൾ വിശ്വാസത്താൽ നയിക്കപ്പെടുന്നു:
യൗസേപ്പിതാവിന്റെ ജീവിതാനുഭവം നോക്കിയാൽ മാതാവിനെ ഭാര്യയായി സ്വീകരിക്കുന്നതുമുതൽ ഈജിപ്തിലേക്കുള്ള പലായനത്തിലും ഈശോയുടെ പരസ്യജീവിതകാലത്തുണ്ടായ നിഷേധാത്മക അനുഭവങ്ങളിലുമെല്ലാം പൂർണ്ണ ദൈവാശ്രയത്വം ഏറ്റുപറയുന്നതാണ് നാം കാണുക. പരിശുദ്ധ അമ്മയുടെ
സ്‌തോത്രഗീതവും തുടർന്നുള്ള ജീവിതവും ദൈവാശ്രയത്തിന്റെ ഒരു തീർത്ഥാടനമാണ് (ലൂക്കാ 12, 46-55). തനിക്കുണ്ടായിരുന്ന സമ്പത്തുമുഴുവനും
തന്റെ ആരോഗ്യവും സൗന്ദര്യവും എല്ലാം നഷ്ടപ്പെട്ടപ്പോഴും ദൈവവിശ്വാസം മുറുകെ
പ്പിടിക്കുന്ന, കർത്താവിലുള്ള ആശ്രയത്വം ഏറ്റുപറയുന്ന ജോബിനെയാണ് നാം പിന്നീട് കാണുന്നത്. ജോബിന്റെ പല പ്രഖ്യാപനങ്ങളും നമ്മൾ ആവർത്തിക്കുന്നതാണെങ്കിലും (1:21, 2:10) അധികം ആവർത്തിക്കപ്പെടാത്ത ഒരു
വിശ്വാസ പ്രഖ്യാപനമാണ് ജോബിന്റെ പുസ്തകം 19 -ാം അധ്യായത്തിൽ നാം കാണുന്നത്.
”എനിക്കു ന്യായം നടത്തിതരുന്നവൻ ജീവിക്കുന്നെന്നും അവസാനം അവിടുന്നു എനിക്കുവേണ്ടി നിലകൊള്ളുമെന്നും ഞാൻ അറിയുന്നു. എന്റെ ചർമ്മം അഴുകി ഇല്ലാതായാലും എന്റെ മാംസത്തിൽനിന്നു ഞാൻ ദൈവത്തെ കാണും (19:25-26).
ഈ കാലഘട്ടത്തിലും ഇപ്രകാരമുള്ള തികഞ്ഞ ദൈവാശ്രയത്വത്തിന്റെ സാക്ഷ്യ
ങ്ങൾ നമുക്കു കാണാം. (വി. മദർ തെരേസയും വിയറ്റ്‌നാം ഗവൺമെന്റിന്റെ ഏകാന്ത തടവറയിൽ 20 -ഓളം വർഷങ്ങൾ കഴിയേണ്ടിവന്ന കാർഡിനൽ വാൻ തുവാനും ഇതേ സാക്ഷ്യമാണ് നല്കുന്നത്.
4. ദൈവാത്മാവിനാൽ നയിക്കപ്പെടുന്ന പുതിയ സൃഷ്ടികൾ
കർത്താവിനെ കണ്ടുമുട്ടുന്നവരുടെ ജീവിതത്തിൽ നാം കാണുന്ന മറ്റൊരു സവിശേഷത ഈ ദൈവാനുഭവം അവരെ പുതിയ സൃഷ്ടികളാക്കുന്നു എന്നതാണ്. സ്വന്തം പദ്ധതികളും പ്ലാനുകളും നടപ്പാക്കുന്നവരെന്നതിലുപരി ദൈവത്തിന്റെ വക്താക്കളും സാക്ഷികളുമായി അവർ മാറുന്നു. ”ആരെ ഞാൻ അയയ്ക്കും” എന്ന ചോദ്യത്തിന് ”ഇതാ ഞാൻ” എന്ന് ഏറ്റുപറഞ്ഞ ഏശയ്യായും ”ഇതാ
കർത്താവിന്റെ ദാസി” എന്നേറ്റുപറഞ്ഞ പരിശുദ്ധ അമ്മയും ”ഇനിമേൽ ഞാനല്ല മിശിഹാ എന്നിൽ ജീവിക്കുന്നു”വെന്നും ”ഞങ്ങൾ കർത്താവിന്റെ സ്ഥാനപതികളാണെന്നു” പ്രഘോഷിച്ച പൗലോസ് ശ്ലീഹായും
കർത്താവിൽ പുതിയ സൃഷ്ടികളായവരുടെ പ്രതിനിധികളാണ്. അവർ പിന്നീട് അവനിൽ വേരുറപ്പിക്കപ്പെട്ടും പണിതുയർത്തപ്പെട്ടും വിശ്വാസത്തിൽ ദൃഢത പ്രാപിച്ചും അനർഗ്ഗളമായ കൃതജ്ഞതാ പ്രകാശനത്തിൽ മുഴുകുന്ന
വരാകുന്നു (കൊളോ 2, 7). മിശിഹായിൽ യഥാർത്ഥ സ്വാതന്ത്ര്യത്തിലേക്ക് വിളിക്കപ്പെടുന്ന അവരെ സംബന്ധിച്ചിടത്തോളം (ഗലാ 5, 1-6) ജഡത്തിന്റെ വ്യാപാരങ്ങൾക്ക് ഇനി പ്രസക്തി ഇല്ല (ഗലാ. 5, 16-26) മറിച്ച്, അവർ
ദൈവാത്മാവിനാൽ നയിക്കപ്പെടുന്നവരാകുന്നു.
5. എമ്മാവൂസ് അനുഭവത്തിന്റെ ഉടമകൾ
ജീവിതത്തിൽ കർത്താവിനെ കണ്ടുമുട്ടുന്നവരും ഉത്ഥാന അനുഭവത്തിൽ പങ്കുചേരുന്നവരും എമ്മാവൂസ് അനുഭവം പുനർജീവിക്കുന്നവരാകുന്നു. എമ്മാവൂസ് പരിശുദ്ധ കുർബാനയുടെ അനുഭവം പ്രദാനം ചെയ്യുന്നു; ഒരേ സമയം അപ്പവും വചനവും ലഭിക്കുന്നിടമാണ് പരിശുദ്ധ കുർബാന. കിഴക്കിന്റെ
വെളിച്ചം എന്ന ശ്ലൈഹിക പ്രബോധനത്തിന്റെ വെളിച്ചത്തിൽ ചിന്തിച്ചാൽ വിശാലമായ അർത്ഥത്തിൽ വചനപീഠത്തിലും ബലിപീഠത്തിലും പങ്കുവയ്ക്കപ്പെടുന്ന വചനവും അപ്പവും സ്വീകരിച്ച് തങ്ങളുടെ ജീവിതം മിശിഹായുടെ അനുയായികൾ
പൂർത്തിയാക്കുന്നു. എമ്മാവൂസ് അനുഭവം ഒരേ സമയം ഹൃദയത്തെ ജ്വലിപ്പിക്കുന്നതും കർത്താവിനെ തിരിച്ചറിയുന്നതിന് ഇടയാക്കുന്നതുമാകുന്നു. അവർ ഇനി പഴയനിയമത്താലും പഴയ ഉടമ്പടിയാലും നയിക്കപ്പെടുന്നവരല്ല. മറിച്ച് മിശിഹായുടെ സ്‌നേഹത്തിന്റെ നിയമത്താലും സ്വന്തം ജീവിതം തന്ന് അവിടുന്ന് ഉറപ്പിച്ച രക്ഷയുടെ പുതിയ ഉടമ്പടിയാലും നയിക്കപ്പെടുന്നവരാണ്.
പൗലോസ് ശ്ലീഹാ എഴുതും: അവർക്കിനി പഴയജീവിതരീതി ഇല്ല (റോമാ 1:18-32) എന്തെന്നാൽ ആത്മാവിന്റെ പുതിയനിയമത്താൽ അവർ നയിക്കപ്പെടുന്നു. നമുക്ക് നല്കപ്പെട്ടിരിക്കുന്ന പരിശുദ്ധാത്മാവിലൂടെ ദൈവത്തിന്റെ സ്‌നേഹം നമ്മുടെ ഹൃദയ
ങ്ങളിലേക്കു ചൊരിയപ്പെട്ടിരിക്കുന്നു (റോമാ 5:5). അതുപോലെതന്നെ ശ്ലീഹാ ഓർമ്മപ്പെടുത്തുന്നു: ”ഇത് ആത്മാവിന്റെ പുതുമയിൽ, നിയമത്തിന്റെ പഴമയിലല്ല, നാം ശുശ്രൂഷ ചെയ്യുന്നതിനുവേണ്ടിയാണ്” (റോമാ 7:6).
6. സഭാത്മക ജീവിതം
കർത്താവിനെ കണ്ടുമുട്ടുന്ന ഉത്ഥാനാനുഭവം നമ്മെ പങ്കുകാരാക്കുന്നത് സഭാത്മക ജീവിതത്തിലാണ്. കർത്താവിനോടൊത്ത് മരിച്ച് സംസ്‌ക്കരിക്കപ്പെട്ട് ഉയിർപ്പിന്റെ അനുഭവത്തിലേക്കു വരുന്നവർ മാമ്മോദീസായിലൂടെ സഭയുടെ കൂട്ടായ്മയിലേക്കാണ് ഉൾചേർക്കപ്പെടുന്നത്. സഭയിലൂടെ സ്വീകരിക്കപ്പെടുന്ന വിവിധ കൂദാശകളിലൂടെ, ദൈവവചനത്തിലൂടെ, വിശ്വാസത്തിലും പ്രത്യാശയിലും പങ്കുവയ്ക്കലിലും അധിഷ്ഠിതമായ ഒരു ആരാധനാ സമൂഹമായി തങ്ങളെത്തന്നെ രൂപപ്പെടുത്തുകയും ചെയ്യുന്നു. അങ്ങനെ കർത്താവിനെ കാണുകയും അത്ഭുതങ്ങൾക്കു സാക്ഷ്യം വഹിക്കുകയും അപ്പം ഭക്ഷിച്ചു തൃപ്തരാകുകയും ചെയ്‌തെങ്കിലും
അവിടുന്നിൽ വിശ്വസിക്കാനോ അവിടുത്തേക്കു സാക്ഷ്യം വഹിക്കാനോ സാധിക്കാതിരുന്ന ആൾക്കൂട്ടത്തിൽനിന്നും വ്യത്യസ്തമായി കണ്ടുമുട്ടിയവർ മാറുന്നു. കർത്താവിൽ വിശ്വസിക്കുകയും ആ വിശ്വാസം ഏറ്റു പറയുകയും അത് ആരാധനയിൽ ആഘോഷിക്കുകയും അടുത്ത തലമുറയ്ക്കു കൈമാറു
കയും ചെയ്യുന്ന യഥാർത്ഥ ആരാധനയാകുന്നു, ആത്മാവിലും സത്യത്തിലുമുള്ള ആരാധന. ഈ ആരാധകരുടെ ജീവിതത്തിൽ പാപം, ദുഃഖം, ആന്തരിക ശൂന്യത, ഏകാന്തത എന്നിവയിലല്ല, മറിച്ച് അവർ ആത്മാവിൽ നിറഞ്ഞവരായി മിശിഹായിൽ ജീവിക്കുന്നവരാകുന്നു.