ജോസഫ് മുരിക്കൻ (1)

ബിനു വെളിയനാടൻ

കുട്ടനാടിന്റെ കർഷക രാജാവായി. വേമ്പനാട് കായലിനൊരു യജമാനൻ ഉണ്ടായിരുന്നു… ‘മുരിക്കൻ’ എന്ന ചുരുക്കനാമത്തിൽ അറിയപ്പെട്ടിരുന്ന മുരിക്കുംമൂട്ടിൽ ജോസഫ്. ഔതച്ചൻ എന്നായിരുന്നു വീട്ടിലെ പേര്. ഔതച്ചന്റെ പിതാവ് തൊമ്മൻ ലൂക്കാ, വൈക്കത്തിനടുത്ത് കുലശേഖരമംഗലം കരയിൽ അഴീക്കൽ വീട്ടിൽ നിന്നും ഫലഭൂഷ്ടിയുള്ള കൃഷിയിടം തേടി കാവാലത്ത് വന്ന് താമസം തുടങ്ങി. ഔതച്ചൻ ജനിച്ചത് 1900 ത്തിൽ ആയിരുന്നു. അരിയാഹാരം കഴിച്ചു ശീലിച്ച തിരുവിതാംകൂറുകാർ 1940 കളിൽ അരിക്ഷാമം നേരിട്ടകാലത്ത്, പരന്നു കിടക്കുന്ന വേമ്പനാട് കായലിലെ വെള്ളപ്പരപ്പിനു താഴെ ഭൂമിയുണ്ടാക്കി നെൽകൃഷിയിറക്കി മധ്യതിരുവതാംകൂറിനെ അന്നമൂട്ടിയ അന്നദാന പ്രഭുവായിരുന്നു ജോസഫ് മുരിക്കൻ.
കായലുമായുള്ള സമ്പർക്കത്തിൽ നിന്ന് കിട്ടിയതാകാം എന്നും ശാന്തമായ മുഖത്തോടുകൂടി മാത്രമേ കുട്ടനാടും വേമ്പനാട് കായലും ജോസഫ് മുരിക്കനെ കണ്ടിട്ടുള്ളു. തന്റെ ‘എലിയാസ്’ എന്ന ബോട്ടിൽ വേമ്പനാട് കായലിലൂടെ നിരന്തരം സഞ്ചരിച്ച മുരിക്കന് ബോട്ടിലിട്ടിരുന്ന തുണികൊണ്ടുള്ള ചാരുകസേരയായിരുന്നു ആർഭാടം. വെള്ളച്ചീട്ടി തുണിയുടെ ഒറ്റമുണ്ടും ഷർട്ടും ധരിച്ച് മുരിക്കുംമൂട്ടിൽ ഔതച്ചൻ കാലൻകുട കുത്തി ജീവിതത്തിലൂടെ നടന്നുകയറി. മുതലാളി എന്ന് വിളിക്കപ്പെടാൻ ഇഷ്ടപ്പെടാത്ത അദ്ദേഹത്തെ കുട്ടനാട്ടുകാർ സ്‌നേഹപൂർവ്വം ‘അച്ചായൻ’ എന്ന് വിളിച്ചു.
അരിക്ഷാമം നേരിടുന്ന യുദ്ധകാലം. ബർമയിൽ നിന്നെത്തിയ അരിയും വരാതായി. ബജറ, ഗോതമ്പ്, ഉണക്കക്കപ്പ തുടങ്ങിയവ കൊണ്ട് വിശപ്പകറ്റാൻ നാടാകെ പരിശ്രമിക്കുന്ന കാലം. പട്ടിണിയുടെയും വറുതിയുടെയും കാലം. അന്ന് ശ്രീചിത്തിര
തിരുനാൾ മഹാരാജാവ് വേമ്പനാട് കായൽ കുത്തിയെടുത്തു കൃഷി ഇറക്കാൻ ആഹ്വാനം ചെയ്തു. അക്കാലത്തു ജോസഫ് മുരിക്കൻ മഹാരാജാവിനൊരു ഉറപ്പു കൊടുത്തു. വേമ്പനാട് കായലിൽ നിന്ന് മദ്ധ്യതിരുവതാംകൂറിന് ആവശ്യമുള്ള നെല്ലുൽപ്പാദിപ്പിക്കാം! കായൽ നിലങ്ങളിൽ അങ്ങനെ നെല്ലറ സൃഷ്ടിച്ചു. മഹാരാജാവും റീജന്റ് റാണിയും മുരിക്കനൊപ്പം നിന്നു. കായലിൽ നിന്ന് കുത്തിയെടുക്കുന്ന ഭൂമിക്ക് അഞ്ചു വർഷത്തേക്ക് കരം ഒഴിവാക്കിക്കൊടുക്കാം എന്ന് വാഗ്ദാനവും ചെയ്തു.
(തുടരും)